ADVERTISEMENT

കഴുത്തിനു ചുറ്റിലും കണ്ണിനു താഴെയുമുള്ള കറുപ്പുനിറം ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങൾ നീക്കം ചെയ്യുന്നതിനായി പലപ്പോഴും മേക്കപ്പിനു പോലും പരിമിതിയുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും പലര്‍ക്കും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. സൂര്യപ്രകാശം അധികസമയം ഏല്‍ക്കുന്നതും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതും സ്‌കിന്‍കെയര്‍ പ്രൊഡക്ട്‌സിന്റെ കെമിക്കലുമെല്ലാം ഇത്തരം കറുപ്പു നിറത്തിന് കാരണമാകാം. കൂടാതെ അമിത വണ്ണക്കാരിലും പ്രമേഹ രോഗികളിലും ഫംഗസ് ഇന്‍ഫെക്ഷന്‍, എക്സിമ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവരിലും കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കാരണം എന്ത് തന്നെയായാലും ഇതെങ്ങനെ പരിഹരിക്കാം എന്നു നോക്കാം. വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ പരീക്ഷിച്ച് ഇതിനു പ്രതിവിധി കണ്ടെത്താം. 

മുന്‍‍പന്തിയിലുണ്ട് മഞ്ഞൾ

ചർമത്തിനു തിളക്കമേകാൻ സഹായിക്കുന്ന സാധനങ്ങളിൽ മുൻപന്തിയിലുണ്ട് മഞ്ഞൾ. തൈരും മഞ്ഞളും ചേർത്ത മിശ്രിതം കഴുത്തിനു ചുറ്റുമുള്ള ചർമ്മത്തിൽ പുരട്ടുക. 30 മിനിട്ടുകൾക്കു ശേഷം കഴുകിക്കളയാം. ഈ മിശ്രിതം മുഖത്തു പുരട്ടുന്നതും നല്ലതാണ്. കണ്ണിനു താഴെയുള്ള കറുപ്പുനിറവും മുഖക്കുരുവും അകറ്റാൻ ഈ മിശ്രിതം ഉപകരിക്കും. മുഖം തിളങ്ങുന്നതിനും മികച്ചതാണ്. 

കറ്റാര്‍വാഴയാണ് കേമൻ

ചര്‍മസംരക്ഷണത്തിന് യാതൊന്നും നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍ വാഴ ജെല്‍. സൗന്ദര്യ സംരക്ഷണത്തിന് ഇത്രയധികം ഉപയോഗിക്കപ്പെടുന്ന മറ്റൊന്നുണ്ടാകില്ല. കറ്റാര്‍ വാഴയുടെ ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് ഇതുപയോഗിച്ച് കഴുത്തിന് ചുറ്റും മസാജ് ചെയ്യാം. പത്തു മിനുട്ടോളം ഇങ്ങനെ ചെയ്ത ശേഷം കഴുകിക്കളയാം. കറ്റാര്‍ വാഴയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ കഴുത്തിനു ചുറ്റുമുള്ള കറുപ്പിനെ ഇല്ലാതാക്കുന്നു. ഒരാഴ്ച സ്ഥിരമായി ചെയ്താല്‍ തന്നെ കഴുത്തിലെ കറുപ്പ് നന്നായി കുറയും. കറ്റാര്‍വാഴ ജെല്ലിനൊപ്പം ഒരു സ്പൂണ്‍ തൈരും കൂടി ചേര്‍ത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇത് പരീക്ഷിക്കാം.

Image Credit: Martysjahlushyk/ Istock
Image Credit: Martysjahlushyk/ Istock

തൈരും ചെറുനാരങ്ങയും ധാരാളം

ചര്‍മത്തിന് നിറം നല്‍കുന്ന പ്രകൃതിദത്ത എന്‍സൈമുകളാല്‍ സമ്പന്നമാണ് തൈര്. തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴുത്തിലെ കറുപ്പ് കളയാനൊരു മരുന്നുണ്ടാക്കാം. ഇതിലേക്ക് അല്‍പ്പം അരിപ്പൊടി കൂടി ചേര്‍ത്താല്‍ ഒന്നുകൂടെ കളറായി. ഇതു മൂന്നും നന്നായി മിക്‌സ് ചെയ്ത ശേഷം ഈ മിശ്രിതം കഴുത്തില്‍ കറുപ്പുനിറമുള്ള ഭാഗത്ത് പുരട്ടാം. പത്ത് മിനുട്ടിനു ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും ഈ വിദ്യ പരീക്ഷിക്കുകയാണെങ്കില്‍ മികച്ച റിസല്‍ട്ട് ലഭിക്കുമെന്നതില്‍ സംശയമില്ല. 

തൈരിനൊപ്പം പപ്പായ ചേര്‍ത്താലും പരിഹാരം

തൈരിനൊപ്പം പഴുത്ത പപ്പായ ഉടച്ചു ചേര്‍ത്ത് മിശ്രിതം തയാറാക്കാം. ഇത് കഴുത്തിനു ചുറ്റും പുരട്ടുക. പിന്നീട് കഴുകിക്കളയാം. കറുപ്പുനിറമകറ്റാന്‍ നല്ലൊരു മരുന്നാണിത്. കണ്ണിനു താഴെയുള്ള കറുപ്പു നീക്കാനും ഇത് നല്ലതാണ്. മാത്രമല്ല, മുഖത്തിന് നല്ല നിറം കിട്ടാനും സഹായിക്കും. തൈരിനൊപ്പം കാരറ്റ് ജ്യൂസ് ചേര്‍ത്താലും ഇതേ ഗുണം തന്നെ ലഭിക്കും. ചര്‍മത്തെ മോയ്സ്ചറൈസ് ചെയ്യാനും കൂടുതല്‍ മൃദുവാക്കാനും തൈര് സഹായകമാകും.

Image Credit: apomares/ Istock
Image Credit: apomares/ Istock

ആരോഗ്യമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനം

ചര്‍മ സൗന്ദര്യം നിലനിർത്തുന്നതിൽ ആരോഗ്യവും പ്രധാനമാണ്. ഇതിനായി പോഷകഗുണമുള്ള ആഹാരം കഴിക്കണം. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. ചർമത്തിന്റെ ആരോഗ്യത്തിനായി വൈറ്റമിൻ ബി, വൈറ്റമിൻ സി, വൈറ്റമിൻ ഇ, ഒമേഗ–3 ഫാറ്റിആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കണം. 

English Summary:

Brighten Your Complexion with These Proven Home Remedies for Dark Spots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com