ഇടതൂർന്ന മുടി വേണോ? വീട്ടിൽ സിംപിളായി ചെയ്യാം ഒരു ഹെയർസ്പാ
Mail This Article
നീണ്ട് ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ദൈനംദിന ജീവിതത്തിലെ തിരങ്ങുകൾക്കിടയിൽ മുടിക്ക് കൂടുതൽ ശ്രദ്ധനൽകാൻ പലപ്പോഴും നമുക്ക് കഴിയാറില്ല. മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി മാസത്തിലൊരിക്കലെങ്കിലും നൽകാവുന്ന മികച്ച പരിചരണമാണ് സ്പാ ട്രീറ്റ്മെന്റുകൾ. മുടിയുടെ വരൾച്ച തടയാനും മുടി വളരാനും ഹെയർ സ്പാ ഒരു പരിധി വരെ സഹായിക്കും. സ്പാ ചെയ്യുന്നതിനായി എപ്പോഴും ബ്യൂട്ടി പാർലറുകളിലേക്ക് പോകേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് മുടിവളരാനുള്ള നല്ലൊരു ഹെയർസ്പാ ചെയ്യാം.
മുടി വൃത്തിയാക്കി ഓയിൽ മസാജ്
സ്പാ ചെയ്യുന്നതിനു മുന്നോടിയായി ആദ്യം തന്നെ മുടി വൃത്തിയായി ചീകിയൊതുക്കണം. അതിനായി പല്ലുകൾ വിട്ടു വിട്ടുള്ള ചീർപ്പ് ഉപയോഗിക്കാം. മുടിയിലെ ജഡ കളഞ്ഞ് വിടർത്തിയെടുക്കണം. അതിനുശേഷം മുടി നന്നായി ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യാം. മസാജ് ചെയ്യാനായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ബദാം ഓയിൽ എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാം. മുടിയിൽ മുഴുവനായി എണ്ണ പിടിക്കുന്നതു വരെ മസാജ് ചെയ്യണം. മുടിയിഴകൾ ഓരോ ഭാഗങ്ങളാക്കി വേർതിരിച്ച് വേണം മസാജ് ചെയ്യാൻ. മുടിയുടെ അഗ്രഭാഗത്തും നന്നായി ഓയിൽ മസാജ് ചെയ്യണം. കുറഞ്ഞത് 30 മിനിറ്റെങ്കിലും തലയിൽ എണ്ണ പിടിപ്പിക്കുക.
ഹെയർ മാസ്ക് ഉപയോഗിക്കുക
നന്നായി ഓയിൽ മസാജ് ചെയ്ത ശേഷം ഏതെങ്കിലും ഹെയർ മാസ്ക് ഉപയോഗിക്കാം. മാസ്ക് തലയിൽ തേച്ച് പിടിപ്പിച്ച് എല്ലാ ഭാഗങ്ങളിലും ആയെന്ന് ഉറപ്പു വരുത്തണം. തലയിൽ മാസിക്കിട്ടതിനു ശേഷം ചീർപ്പ് ഉപയോഗിച്ച് മുടി ചീകുന്നത് മാസ്ക് എല്ലാ ഭാഗങ്ങളിലേക്കും എത്താൻ സഹായിക്കും. തുടർന്ന് മുടി ആവികൊള്ളിക്കുകയാണു വേണ്ടത്. ഇതിനായി സ്റ്റീമർ ഉപയോഗിക്കാം. അല്ലെങ്കിൽ വെള്ളം ചൂടാക്കിയതിന് ശേഷം അതിൽ ടവൽ മുക്കി അത് തലയിൽ പൊതിഞ്ഞു വെക്കാം. 10–20 മിനിറ്റിന് ശേഷം മുടി കഴുകാം.
മുടികഴുകാൻ വീര്യം കുറഞ്ഞ ഷാംപൂ
മുടിയിലെ മാസ്കും എണ്ണയും പൂർണമായും പോകുന്നതുവരെ വൃത്തിയായി കഴുകണം. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാം. കണ്ടീഷനർ ഉപയോഗിക്കാൻ മറക്കരുത്. കഴുകിയതിനു ശേഷം വൃത്തിയായി മുടി ഉണക്കാം. മുടി ഉണക്കാനായി എയർ ഡ്രൈ അല്ലെങ്കിൽ ബ്ലോ ഡ്രൈ എന്നിവ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഉപയോഗിക്കുകയാണെങ്കിൽ അത് കുറഞ്ഞ ചൂടിലാണെന്ന് ഉറപ്പു വരുത്തണം. ശേഷം ഏതെങ്കിലും ഹെയർ സെറം ഉപയോഗിക്കുന്നതും നല്ലതാണ്.