ADVERTISEMENT

ജൂൺ മാസമായെങ്കിലും തുടക്കത്തിലുണ്ടായിരുന്ന ആവേശം മഴയ്ക്ക് പിന്നീടില്ലായിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ വീണ്ടും മഴ ശക്തമാകും എന്നാണ്. ഈ മഴക്കാലത്ത് അൽപം സൗന്ദര്യ സംരക്ഷണം കൂടെ ആയാലോ? ചർമത്തിനും മുടിയ്ക്കും പോഷണകാലമാണ് മഴക്കാലം. വേനൽക്കാലത്ത് ചൂടും പൊടിയും കൊണ്ട് പറ്റിയ കേടുപാടുകൾ തീർക്കാനുള്ള സമയം. ഒപ്പം ഇൗർപ്പം അധികം തങ്ങിനിന്ന് ദോഷമുണ്ടാകാതെ ശ്രദ്ധിക്കുകയും വേണം. വെയിൽകൊണ്ട് ചർമത്തിനേറ്റ കരുവാളിപ്പ് മാറാനും പോയ തിളക്കം വീണ്ടെടുത്ത് മിനുക്കിയെടുക്കാനും പറ്റിയ കാലമാണ് മഴക്കാലം.

വരൾച്ചയ്ക്ക് 
മഴക്കാലത്ത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നതു മൂലം ചർമത്തിൽ എണ്ണമയം കുറഞ്ഞ് വലിച്ചിലുണ്ടാകും. എള്ളെണ്ണയും വെളിച്ചെണ്ണയും സമമെടുത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പാടുകൾ അകറ്റി ചർമത്തിന് ആകർഷണീയതയുണ്ടാക്കും. കുളി കഴിഞ്ഞാലുടൻ ചർമത്തിൽ മോയ്സചറൈസർ പുരട്ടാം. ചോക് ലേറ്റ് ഫേഷ്യലോ അലോവേര ഫേഷ്യലോ കൊക്കോ ബട്ടർ ഫേഷ്യലോ ഗുണകരമാണ്.

Representative image. Photo Credit: fizkes/istockphoto.com
Representative image. Photo Credit: fizkes/istockphoto.com

മുടി മിനുങ്ങാൻ 
മഴക്കാലത്ത് മുടി ദിവസത്തിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ കഴുകേണ്ട. നന്നായി ഉണങ്ങിയ ശേഷംമാത്രം മുടി കെട്ടി വെക്കുക. ഇല്ലെങ്കിൽ എണ്ണമയവും ഇൗർപ്പവുംകൂടി താരൻ വർധിക്കും. താരൻ നശിപ്പിക്കാൻ ആഴ്ച്ചയിൽ രണ്ടുദിവസം മുടിയിൽ ഓയിൽ മസാജ് ചെയ്ത് ആവികൊള്ളിക്കുക. ഇടയ്ക്ക് ഹെയർസ്പാ ചെയ്യുന്നത് ഉത്തമമാണ്.

പ്രതീകാത്മക ചിത്രം: brizmaker/ Istock
പ്രതീകാത്മക ചിത്രം: brizmaker/ Istock

കാലുകൾ 
കാലുകളാണ് മഴക്കാലത്ത് സവിശേഷശ്രദ്ധ അർഹിക്കുന്നത്. കുളി കഴിഞ്ഞാൽ അല്ലെങ്കിൽ മഴ നനഞ്ഞ് പുറത്തുനിന്ന് കയറിവന്നാൽ കാലുകളുടെ വിരലുകളുടെ ഇടയിൽ നിന്ന് ഇൗർപ്പം തുടച്ചുമാറ്റുക. കുഴിനഖം പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ പെഡിക്യൂർ ചെയ്യുന്നതും നെയിൽ പോളിഷ് ഇടുന്നതും നല്ലതാണ്. പെഡിക്യൂർ ചെയ്യുമ്പോൾ പ്രഷർ പോയിന്റുകളിൽ മസാജ് നൽകുന്നതുകൊണ്ട് കാലുവേദന അകലും.

പ്രതീകാത്മക ചിത്രം∙ Emilija Randjelovic/ Istock
പ്രതീകാത്മക ചിത്രം∙ Emilija Randjelovic/ Istock

മേക്കപ്പ് 
വാട്ടർപ്രൂഫ് മേക്കപ്പ് തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. കടുംനിറങ്ങൾ ഒഴിവാക്കി ചർമത്തിന്റെ നിറത്തോടു ചേർന്നു നിൽക്കുന്ന നിറങ്ങൾ ഉപയോഗിക്കുന്നതാകും നല്ലത്. എഷൊഡോയും എലൈനറുമൊക്കെ പൗഡർ രൂപത്തിലുള്ളത് ഒഴിവാക്കി ജെൽ അഥവാ ക്രീം രൂപത്തിലുള്ളത് തിരഞ്ഞെടുക്കുക. മഴക്കാലമാണല്ലോ വെയിലില്ലെന്ന് കരുതി സൺസ്ക്രീൻ ലോഷൻ വേണ്ടെന്ന് വയ്ക്കരുത്. പുറത്തിറങ്ങുമ്പോഴും വീടിനകത്ത് ഇരിക്കുമ്പോഴും സൺസ്ക്രീൻ ലോഷൻ പുരട്ടാം.

red-lipstick

മാറ്റ് ലിപ്സ്റ്റിക്കുകൾ 
സോഫ്റ്റ് മാറ്റ് ലിപ്സ്റ്റിക്കുകളാണ് മഴയത്ത് താരം. നേർത്ത പിങ്ക്, ബ്രൗൺ നിറങ്ങളിലുള്ള ലിപ് ടിന്റുകൾ ഉപയോഗിക്കാം. ക്രീം, ഗ്ലോസ് തുടങ്ങിയവയെല്ലാം തത്ക്കാലത്തേക്ക് ഉപേക്ഷിക്കാം. ഹൈലൈറ്ററുകളുടെ ആവശ്യം മഴക്കാലത്തില്ല. ബ്രഷുകള്‍ക്കു പകരം സ്പോഞ്ചുകൾ ഉപയോഗിക്കാം. ഇത്തരം ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഴക്കാല മേക്കപ്പും പെർഫക്ടാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com