ആർട്ടിഫിഷ്യൽ നെയിൽ ഫിക്സിങ് സുരക്ഷിതമോ?: ഗായത്രി അരുൺ പറയുന്നു
Mail This Article
സൗന്ദര്യസംരക്ഷണത്തിൽ കൂടൂതൽ ശ്രദ്ധനൽകുന്നവരുടെയെല്ലാം സ്വപ്നമാണ് നീണ്ട് സുന്ദരമായ നഖങ്ങൾ. എത്രയൊക്കെ ശ്രദ്ധിച്ചാലും പെട്ടെന്നു തന്നെ നഖങ്ങൾ പൊട്ടിപ്പോകുന്നതാണ് പലരും നേരിടുന്ന പ്രശ്നം. ഇത്തരം സന്ദർഭങ്ങളിലാണ് നമ്മൾ ആർട്ടിഫിഷ്യൻ നെയിൽ ഫിക്സിങ്ങിനെ ആശ്രയിക്കുന്നത്. എന്നാൽ ആർട്ടിഫിഷ്യൽ നഖങ്ങൾ ഉപയോഗിക്കുന്നത് യഥാർഥ നഖങ്ങള്‍ക്കു പ്രശ്നമാകുമോ എന്ന ആശങ്കയുള്ളവരാണ് ഏറെയും. ആർട്ടിഫിഷ്യൽ നെയിൽ ഫിക്സിനെയും നെയിൽ ആർട്ടിനെയും കുറിച്ച് വിശദീകരിക്കുകയാണ് നടിയും ‘നെയിൽ ഇറ്റ്’ എന്ന ബ്യൂട്ടി സ്ഥാപനത്തിന്റെ ഉടമയുമായ ഗായത്രി അരുൺ.
ആർട്ടിഫിഷ്യൽ നെയിൽ എക്സ്റ്റൻഷൻ എങ്ങനെ?
ഒന്നരമണിക്കൂർ എടുക്കുന്ന പ്രക്രിയയാണ് നെയിൽ എക്സ്റ്റൻഷൻ. ആർട്ടിഫിഷ്യൽ നഖങ്ങൾ വയ്ക്കുന്നതിനായി നമ്മുടെ യഥാർഥ നഖങ്ങളെ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്ന കാര്യം. നെയിൽ എക്സറ്റൻഷൻ ചെയ്യുമ്പോൾ ആദ്യം നഖങ്ങൾ നന്നായി വൃത്തിയാക്കണം. അഗ്രങ്ങളെല്ലാം വെട്ടുകയും ഡെഡ്സ്കിൻസ് വൃത്തിയാക്കുകയും വേണം. അതിനു ശേഷം നഖം ഫയൽ ചെയ്ത് പുഷ് ചെയ്യും. അക്രലിക്കായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അക്രലിക് കുറച്ച് സമയം എടുക്കുന്നതും നഖത്തിനു കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുന്ന പ്രക്രിയയുമാണ്. ജെൽ എക്സ്റ്റൻഷനാണ് ഇപ്പോൾ എല്ലാവരും തിരഞ്ഞെടുക്കുന്നത്.നമ്മുടെ യഥാർഥ നഖത്തിനു ചേരുന്ന ടിപ്സ് വയ്ക്കുകയാണ് പിന്നീടു ചെയ്യുന്നത്. അതിനു ശേഷം നമുക്ക് വേണ്ട നീളത്തിലേക്കും ഷേപ്പിലേക്കും നഖം മാറ്റും. ആൽമണ്ട്,യു,സ്ക്വയർ എന്നിങ്ങനെയുള്ള ആകൃതികളിലേക്ക് മാറ്റുന്നു. അതിനുശേഷം ആർട്ടിഫിഷ്യൽ നഖത്തിനു പുറത്ത് ജെൽ ഇടും. തുടർന്ന് യുവി ലൈറ്റിൽ വച്ച് അത് ഡ്രൈ ആക്കും. വളരെ എക്സ്പീരിയൻസ്ഡ് ആയ നെയിൽ ടെക്നിഷ്യൻസ് ചെയ്താൽ അത് ഒറിജിനൽ നഖമാണെന്നു തന്നെ തോന്നും.
നെയിൽ ആർട്ടിലെ ആകർഷണീയമായ ഡിസൈനുകൾ ഏതെല്ലാം?
നെയിൽ ആർട്ടിൽ തന്നെ വ്യത്യസ്തമായ ഡിസൈനുകൾ ഉണ്ട്. ഓംറെ, ക്രോം, ക്യാറ്റ് ഐ, ഗ്ലിറ്റർ, ബ്രാസ് ഡിസൈൻസ് ഇതെല്ലാമാണ് ട്രെൻഡിങ്ങായ ഡിസൈനുകൾ. നെയിൽ പോളിഷ് വച്ചും ഡിസൈനുകൾ ചെയ്യാറുണ്ട്. കാർട്ടുൺ കഥാപാത്രങ്ങളുടെയും മറ്റും നെയിൽ പോളിഷ് വച്ചുള്ള ഡിസൈനുകള്‍ പലരും തിരഞ്ഞെടുക്കാറുണ്ട്.
നെയിൽ എക്സറ്റൻഷൻ എത്രകാലം നിലനിൽക്കും?
നഖങ്ങൾ സംരക്ഷിക്കുന്നതു പോലെയാണ് അവയുെട നിലനിൽപ്പ്. പരമാവധി ഒരുമാസത്തോളം യാതൊരു പ്രശ്നമുമില്ലാതെ നിൽക്കും. ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. നാച്ചുറൽ നഖങ്ങൾ വളർന്നു വരുമ്പോൾ അതിനിടയിൽ ഒരു വിടവു വരുമെന്നല്ലതാതെ സംരക്ഷിച്ചാൽ പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കുറവാണ്.
ആർട്ടിഫിഷ്യൽ നെയിൽ ഫിക്സിങ്ങിലൂടെ സാധാരണ നഖങ്ങള്‍ക്ക് കേടുപാടുകൾ സംഭവിക്കുമോ?
ആർട്ടിഫിഷ്യൽ നെയിൽ ഫിക്സിങ്ങിന്റെ ഒരു വലിയ റൂമർ എന്നു പറയുന്നത് അത് സാധാരണ നഖത്തിനു കേടുവരുത്തുമെന്നതാണ്. നമ്മൾ എന്ത് ട്രീറ്റ്മെന്റ് എവിടെ എങ്ങനെ ചെയ്യുന്നു, അതിനു ശേഷം എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെല്ലാം ആശ്രയിച്ചിരിക്കും. സ്ഥിരമായി കുറേകാലം നെയിൽ എക്സ്റ്റൻഷൻ ചെയ്യുമ്പോൾ എപ്പോഴും പരിചയമുള്ള ടെക്നീഷ്യൻസ് അല്ലെങ്കിൽ അത് നമ്മുടെ സാധാരണ നഖങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ക്യൂട്ടിക്കൽ ഓയിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. ഒരിക്കൽ ചെയ്ത് ഒന്ന് ബ്രേക്ക് എടുത്തു ചെയ്യാൻ ശ്രദ്ധിക്കണം.
നഖങ്ങൾ പൊട്ടിപ്പോകാതിരിക്കാൻ സാധാരണയായി ക്യൂട്ടിക്കൽ ഓയിലുകളും ക്രീമുകളും ഉപയോഗിക്കാവുന്നതാണ്. നെയിൽപോളിഷിടുമ്പോഴും ചിലകാര്യങ്ങൾ ശ്രദ്ധിക്കണം. അതിന് ആദ്യം ബേസ്കോട്ട് ഇട്ട ശേഷം നെയിൽ പോളിഷ് ഇടണം. നെയിൽ പോളിഷിലെ കെമിക്കല്‍സിൽ നിന്നുള്ള പ്രൊട്ടക്ഷനാണ് ബേസ്കോട്ട്. അത് ഡ്രൈ ആയ ശേഷം ടോപ്പ് കോട്ട് ചെയ്യണം. നെയിൽപോളിഷ് റിമൂവ് ചെയ്യുമ്പോൾ നഖങ്ങൾക്ക് ഒരു മഞ്ഞ നിറം വരാറുണ്ട്. അതുവരാതിരിക്കാനുള്ള മാർഗം ഈ മൂന്ന് രീതികള്‍ തുടരുക എന്നതാണ്. മാനിക്യൂർ ചെയ്ത് പ്രൊട്ടക്ട് ചെയ്യേണ്ടതാണ്.