നരയ്ക്കുന്നതിൽ ഇനി ടെൻഷൻ വേണ്ട; മുടി കറുപ്പിക്കാം പ്രകൃതിദത്ത മാർഗത്തിലൂടെ
Mail This Article
ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് ഇപ്പോൾ സർവസാധാരണമാണ്. മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന വസ്തുക്കളുടെയോ ക്ലോറിൻ കലർന്ന വെള്ളത്തിന്റെ സ്ഥിരമായ ഉപയോഗമോ മുടി വളരെ പെട്ടെന്നു നരയ്ക്കുന്നതിനു കാരണമാകുന്നു. വീര്യം കൂടിയ പലതരം ഡൈകളും മാർക്കറ്റിൽ സുലഭമാണ്. പക്ഷേ, ഇവയുടെ നിരന്തര ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സന്ദർഭത്തിൽ പ്രകൃതിദത്തവും ഏറെ ഫലപ്രദവുമായ വഴികളെ കുറിച്ച് അറിയണം. യാതൊരുവിധ പ്രത്യാഘാതങ്ങളുമില്ലാത്ത തികച്ചും പ്രകൃതിദത്തമായ ചില മാർഗങ്ങളുണ്ട്. വീട്ടിലുള്ള സിംപിളായ വസ്തുക്കൾ കൊണ്ട് ഏത് നരച്ചമുടിയും കറുപ്പിക്കാം.
ബീറ്റ്റൂട്ട്
പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുള്ള കിഴങ്ങാണ് ബീറ്റ്റൂട്ട്. ചർമ സംരക്ഷണത്തിനൊപ്പം മുടിയുടെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് അത്യുത്തമമാണ്. മുടി കൊഴിച്ചിൽ, നര എന്നിവയെല്ലാം ഒഴിവാക്കാൻ ബീറ്റ്റൂട്ടിനു സാധിക്കും. മുടി തഴച്ചു വളരുന്നതിനൊപ്പം മുടിയിലെ താരനകറ്റാനും ബീറ്റ്റൂട്ടിനു സാധിക്കും. കൂടാതെ മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും ബിറ്റ്റൂട്ട് ഉപയോഗിക്കാം.
നീലയമരി
മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് നീലയമരി. മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന പല ഉത്പ്പന്നങ്ങളിലും നീലയമരി ഉപയോഗിക്കാറുണ്ട്. മുടിയുടെ നര മാറ്റാൻ ഉപയോഗിക്കുന്നതിൽ പ്രധാനിയാണ് നീലയമരി. കെമിക്കൽ ഹെയർ ഡൈകൾക്ക് പകരം ഇത് ഉപയോഗിക്കാവുന്നതാണ്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ഹെയർ ഓയിലിലും അതുപോലെ പായ്ക്കുകളിലും ധാരാളമായി ഇത് ഉപയോഗിക്കാറുണ്ട്.
തേയില
ചായയിൽ അടങ്ങിയിരിക്കുന്ന കാറ്റെച്ചിനുകളും പോളിഫെനോളുകളും രോമകൂപങ്ങളെ ഉള്ളിൽ നിന്ന് ശക്തിപ്പെടുത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ചായയിലെ ആന്റിഓക്സിഡന്റുകൾ തലയോട്ടിയെ ശമിപ്പിക്കുകയും വീക്കം കുറയ്ക്കുകയും താരൻ, തലയോട്ടിയിലെ പ്രകോപനം തുടങ്ങിയ അവസ്ഥകൾ ലഘൂകരിപ്പിക്കുകയും ചെയ്യുന്നു. ചായയിൽ അടങ്ങിയിരിക്കുന്ന കഫീൻ തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
മുടി കറുപ്പിക്കുന്നതിനായുള്ള പായ്ക്ക് തയാറാക്കുന്നവിധം
ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം തേയില വെള്ളം ചേർത്ത് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കണം. സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് പാത്രത്തിൽ ആവശ്യമായ നീലയമരിപ്പൊടി എടുക്കുക. ശേഷം ബീറ്റ്റൂട്ട് പേസ്റ്റ് ഇതിലേയ്ക്ക് ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ഇത് മുടിയിൽ തേച്ച് ഒരു മണിക്കൂർ ഇരിക്കുക. ഒരുപാട് മുടി നരച്ചിരിക്കുന്നവർ മൂന്ന് ദിവസം തുടർച്ചയായി ഇത് ചെയ്താൽ എല്ലാമുടിയും കറുക്കും. മാസത്തിൽ ഒരിക്കൽ ഈ മാസ്ക് ഇടുന്നത് വളരെ നല്ലതാണ്.