ADVERTISEMENT

ചർമത്തിന്റെ നിറവ്യാത്യാസവും കരിവാളിപ്പും പിഗ്മന്റേഷനുമെല്ലാം ഭൂരിഭാഗം പേരും  നേരിടുന്ന പ്രശ്നങ്ങളാണ്. വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിച്ച് പലരും ഇതിനു പരിഹാരം നേടാൻ ശ്രമിക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് വിപരീതഫലം ചെയ്യും. ഇത്തരം സൗന്ദര്യ വർധക വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ത്വക്ക് രോഗത്തിനും മറ്റുപ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. എന്നാൽ തികച്ചും പ്രകൃതിദത്തമായ മാർഗത്തിലൂടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താം. ചർമ പ്രശ്നങ്ങൾക്കു പരിഹാരമായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മാസ്കാണിത്. കാപ്പിപ്പൊടിയും അരിപ്പൊടിയും തക്കാളി നീരുമാണ് ഈ മാസ്ക് തയാറാക്കുന്നതിനായി ആവശ്യമുള്ള വസ്തുക്കൾ

കാപ്പിപ്പൊടി

കാപ്പിപ്പൊടിക്ക് സൗന്ദര്യസംരക്ഷണത്തിൽ വലിയ സ്ഥാനമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഫാറ്റി ആസിഡും ച‍ർമത്തിന് വളരെ നല്ലതാണ്. ചർമത്തിലെ ജലാംശം വീണ്ടെടുക്കാനും നന്നായി മോയ്ചറൈസ് ചെയ്യാനും കാപ്പിപൊടി സഹായിക്കുന്നു. നല്ലൊരു ആന്റി ഓക്സിഡന്റായി പ്രവർത്തിക്കുകയും ചർമത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. മുഖക്കുരുവും മുഖക്കുരു മൂലമുള്ള പാടുകളും മാറ്റാനും കാപ്പിപ്പൊടി വളരെ നല്ലതാണ്. മാത്രമല്ല കൊളാജൻ കൂട്ടാനും കാപ്പിപൊടിക്കു കഴിയും.

അരിപ്പൊടി

അരിപ്പൊടി മികച്ചൊരു സ്ക്രബാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. ചർമത്തിലെ അമിതമായ എണ്ണമയം ഇല്ലാതാക്കാനും അരിപ്പൊടി സഹായിക്കും. ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും കളയാൻ അരിപ്പൊടി വളരെ മികച്ചതാണ്. ചർമത്തിലെ കരിവാളിപ്പ് ഇല്ലാതാക്കുന്നതിനും അരിപ്പൊടി നല്ലതാണ്.

തക്കാളി

ചർമത്തിനാവശ്യമായ വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. മൃതകോശങ്ങളെ പുറന്തള്ളി ചർമത്തിനു പുനരുജ്ജീവൻ നൽകാൻ തക്കാളി സഹായിക്കും. അമിതമായ എണ്ണമയം, മുഖക്കുരു എന്നീ പ്രശ്നങ്ങളും ഇല്ലാതാക്കാൻ തക്കാളി നല്ലതാണ്. തക്കാളി നീര് ഉപയോഗിക്കുന്നത് ചർമത്തിന്റെ നിറവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കും.

ചർമസംരക്ഷണ മാസ്ക് തയാറാക്കുന്ന വിധം

ഒരു ചെറിയ പാത്രത്തിലേക്ക് 1 ടേബിൾ സ്പൂൺ കാപ്പിപൊടിയും അതേ അളേവിൽ തക്കാളി നീരും അരിപ്പൊടിയുമെടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം, മുഖം വൃത്തിയായി കഴുകിയ ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഏകദേശം 20 മിനിറ്റിനു ശേഷം മുഖം കഴുകി വൃത്തിയാക്കാം. മാസ്ക് മാറ്റിയ ശേഷം മോയ്ചറൈസറും ഉപയോഗിക്കണം.

English Summary:

Banish Skin Discoloration Naturally with This Homemade Mask

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com