മഞ്ഞപ്പല്ലെന്നു പറഞ്ഞു കളിയാക്കിയവരെ ഒന്ന് അമ്പരപ്പിക്കാം! പരിഹാരം വീട്ടിൽ തന്നെ
Mail This Article
എന്തും സഹിക്കാം. പക്ഷേ ചിരിക്കുമ്പോൾ മഞ്ഞപ്പല്ല് കാണുന്നതു മാത്രം സഹിക്കാൻ പറ്റില്ല അല്ലേ?നന്നായി പല്ല് തേച്ചാലും മഞ്ഞ നിറം പോകില്ല. പുകവലി അല്ലെങ്കിൽ അമിതമായ കാപ്പി കുടിക്കൽ പോലുള്ള ശീലങ്ങൾ പല്ലിൽ കറ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പല്ലിന്റെ ആരോഗ്യസംരക്ഷണത്തില്‍ വളരെയധികം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മളുണ്ടാക്കുന്ന ചെറിയ അശ്രദ്ധയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ വര്‍ധിപ്പിക്കുന്നത്. എന്നാൽ ഇനി മഞ്ഞപ്പല്ലോർത്ത് ടെൻഷൻ അടിക്കേണ്ട. പ്രതിവിധി അടുക്കളയിൽ തന്നെയുണ്ട്.
വെളിച്ചെണ്ണ
പല്ലുകൾ ആരോഗ്യകരവും തിളക്കമുള്ളതുമാക്കാൻ വെളിച്ചെണ്ണയ്ക്ക് കഴിയും. ഇതിനായി ഏതാനും തുള്ളി വെളിച്ചെണ്ണ നിങ്ങളുടെ വിരലുകളിൽ എടുത്ത് 4 മിനിറ്റ് പല്ലിൽ തടവുക. ഇത് കുടിക്കാൻ പാടില്ല. എന്നിട്ട് പല്ല് തേച്ച് വെള്ളത്തിൽ കഴുകുക. ദിവസവും പരീക്ഷിച്ചാൽ നല്ല മാറ്റം കാണാൻ സാധിക്കും.
ആപ്പിൾ സിഡാർ വിനഗർ
മുടിയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ആപ്പിൾ സിഡെർ വിനെഗറും പല്ല് വെളുപ്പിക്കാൻ ഉപയോഗിക്കാം. ആപ്പിൾ സിഡെർ വിനെഗറിന് പശുവിന്റെ പല്ലുകളെ പോലും വെളുപ്പിക്കാനുള്ള കഴിവുണ്ടെന്ന് സിച്ചുവാൻ യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബേക്കിങ് സോഡയും നാരങ്ങാ നീരും
പല്ലിന്റെ മഞ്ഞ കളയാൻ മികച്ചതാണ് ബേക്കിങ് സോഡയും നാരങ്ങാ നീരും. ഇതിനായി ഒരു ടീസ്പൂൺ ബേക്കിങ് സോഡയെടുത്ത് 1 ടേബിൾ സ്പൂൺ നാരങ്ങ നീരു ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ടൂത്ത് ബ്രഷ് ഉപയോഗിച്ച് പേസ്റ്റ് നിങ്ങളുടെ പല്ലുകളിൽ തുല്യമായി പുരട്ടി ഉണങ്ങാൻ അനുവദിക്കുക. തുടർന്ന് നിങ്ങളുടെ സാധാരണ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുക.
പഴത്തൊലി
ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള ധാതുക്കളും മഗ്നീഷ്യവും പല്ലിന്റെ ആരോഗ്യത്തിനു വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിനു വെളുപ്പു നിറം നല്‍കുന്നതിനു സഹായിക്കുന്നു. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. മാറ്റം കണ്ടറിയാം.
ഉപ്പ്
പല്ലിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിങ് സോഡയും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ മഞ്ഞ കളയാൻ സഹായിക്കും.
ആര്യവേപ്പ്
ആര്യവേപ്പിന്റെ ഇലയിൽ ആരോഗ്യഗുണം മാത്രമല്ല മഞ്ഞപ്പല്ലിനെ വെളുപ്പിക്കുന്നതിനും ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തെ ഒത്തിരി സഹായിക്കുന്നു. മാത്രമല്ല ആര്യവേപ്പിന്റെ തണ്ട് കൊണ്ട് രണ്ട് നേരവും പല്ല് തേക്കുന്നത് എല്ലാവിധ മോണപ്രശ്നങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും മികച്ചതാണ്.