ADVERTISEMENT

വീണ്ടും ഒരു പ്രണയദിനം കടന്നു വന്നിരിക്കുന്നു. പ്രണയം തുറന്നു പറയാനും ബന്ധങ്ങൾക്കു കരുത്തേകാനും ഒരു പ്രഖ്യാപിത ദിനം.  ഈ ദിവസം നൽകിയ ഓർമകളും പ്രണയത്തിന്റെ കരുത്തും പങ്കുവയ്ക്കുകയാണ് സീരിയൽ രംഗത്തെ പ്രമുഖതാരങ്ങൾ. അവരുടെ ഓർമകളിലൂടെ...

കടം കൊടുത്തത് ആയിരം രൂപ, തിരികെ കിട്ടിയത് കടലോളം സ്നേഹം!

സംഗീത വിനു

sangeetha-sivan

ഞാനും വിനുവും കോളജിൽ നല്ല സുഹൃത്തുക്കളായിരുന്നു. ഒരു വാലന്റൈൻസ് ഡേയ്ക്കാണ് വിനു എന്നെ ഇഷ്ടമാണെന്നു പറയുന്നത്. അതിലെ തമാശ എന്താണെന്നാൽ സീരിയസ് ആയിട്ടല്ല വിനു അന്ന് ഇഷ്ടമാണെന്നു പറഞ്ഞത്. വിനു 1000 രൂപ കടം വാങ്ങിയിരുന്നു. ഇഷ്ടമാണെന്നു പറഞ്ഞിട്ട് ഞാൻ സമ്മതിച്ചാൽ 1000 രൂപ തിരിച്ചു തരേണ്ടല്ലോ. ഇനി 'നോ' എന്നാണ് പറയുന്നതെങ്കിൽ പിന്നെ ഞാൻ ആയിരം രൂപയും ചോദിച്ച് ചെല്ലില്ലല്ലോ. പക്ഷേ , ഞാൻ യെസ് പറഞ്ഞു. പ്രണയവും തുടങ്ങി. 

പിറ്റേ വർഷത്തെ വാലന്റൈൻസ് ഡേയ്ക്കാണ് വിനു എന്നോട് ഈ 1000 രൂപ രഹസ്യം പറഞ്ഞത്. അതുകൊണ്ടു തന്നെ വാലന്റൈൻസ് ഡേ എന്നു കേൾക്കുമ്പോഴേ എനിക്ക് ദേഷ്യം വരും.

പിന്നീട് ഞങ്ങൾ വിവാഹിതരായി. സന്തോഷമായി ജീവിക്കുന്നു. ഇപ്പോ വിനു എനിക്കു വേണ്ടി പല ആയിരങ്ങൾ ചിലവാക്കിക്കൊണ്ടിരിക്കുന്നു. എന്നാലും വാലന്റൈൻസ് ഡേ എന്നു കേൾക്കുമ്പോൾ പഴയ ആയിരത്തിന്റെ കഥ മനസ്സിലേക്കു വരും.

മറക്കാനാവാത്ത തീയതി

സ്റ്റെഫി ലിയോൺ

stephy
സ്റ്റെഫിയും ഭര്‍ത്താവ് ലിയോണും

വാലന്റൈൻസ് ഡേ എന്നൊക്കെ അറിയുന്നതിനും ആലോഷിക്കുന്നതിനുമൊക്കെ മുമ്പ് എന്റെ മനസ്സിൽ വല്ലാതെ സ്പർശിച്ച ഒരു തീയതിയാണ് ഫെബ്രുവരി 14. കാരണം ജോസ് മോൻ എന്നു വിളിക്കുന്ന എന്റെ പ്രിയ ഭർത്താവും ഡയറക്ടറുമായ ലിയോൺ.കെ.തോമസിനെ ഞാൻ ആദ്യം കാണുന്നത് ഒരു ഫെബ്രുവരി 14ന് ആണ്.

അന്ന്, കോഴിക്കോട് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു ഞാൻ. അവിടെ വച്ച് ഞങ്ങൾ പരിചയപ്പെട്ടു, സുഹൃത്തുക്കളായി. പിറ്റേ വർഷം, ഫെബ്രുവരി 14ന് ലിയോൺ വീട്ടുകാരെയും കൂട്ടി ഒരു മുന്നറിയിപ്പുമില്ലാതെ എന്റെ വീട്ടിൽ വന്നേക്കുന്നു.

എന്നെ പെണ്ണ് ചോദിക്കാൻ. എങ്കിൽ പിന്നെ ഈ മനുഷ്യനെ തന്നെ കെട്ടിയേക്കാം എന്നു ഞാനും കരുതി. എല്ലാവരുടെയും അനുവാദത്തോടെ കല്യാണം നടന്നു. ഈശ്വരാനുഗ്രത്താൽ സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ഫെബ്രുവരി 14 ഞങ്ങൾക്ക് ഒരു സ്പെഷൽ ഡേയാണ്.

ഒരു തിരുവനന്തപുരം - മംഗലാപുരം സമ്മാന സർവീസ്!

renjith-raj
രഞ്ജിത്തും ഭാര്യ ധന്യയും

രഞ്ജിത് രാജ്

പ്രണയദിനത്തിൽ സ്നേഹിക്കുന്ന പെൺകുട്ടിക്ക് ഒരു ഗിഫ്റ്റ് കൊടുക്കാൻ കാത്തുന്ന ആളായിരുന്നു ഞാൻ. വാലന്റൈൻസ് ഡേയുടെ തലേന്ന് രാത്രി ഗിഫ്റ്റുമായി തിരുവന്തപുരത്തു നിന്നു ഞാൻ തിരിക്കും. കാരണം എന്റെ പ്രണയിനി ധന്യ പഠിച്ചിരുന്നത് മംഗലാപുരത്താണ്. രാവിലെ കാണാം എന്നൊക്കെ ധന്യയോട് പറഞ്ഞുറപ്പിച്ചാണ് യാത്ര തിരിക്കുന്നത്. പക്ഷേ അവിടെ എത്തുമ്പോഴേക്കും വൈകും. അവൾക്ക് ക്ലാസ്സും തുടങ്ങിയിരിക്കും.

പിന്നെ വൈകുന്നേരം വരെ ഞാൻ അവിടൊക്കെ ചുറ്റിക്കറങ്ങും. എന്നിട്ട് വൈകിട്ട് അവളെ കണ്ടു ഗിഫ്റ്റും കൊടുത്ത് ഒരു ഐസ്ക്രീം ഒക്കെ കഴിച്ചു തിരിച്ചുപോരും. ഈ വാലന്റൈൻസ് ഡേയ്ക്ക് ഗിഫ്റ്റുമായി എങ്ങും പോകണ്ട. അവള്‍ എന്റെ ഒപ്പമുണ്ട്. എന്റെ ഭാര്യയായി എന്റെ വീട്ടിൽ. കഴിഞ്ഞ മെയ് എട്ടിന് ആയിരുന്നു ഞങ്ങളുടെ വിവാഹം!

ഹനുമാൻ സ്വാമി കാണിച്ച് തന്നു; ഗണപതി ഭഗവാൻ ക്ലിയറാക്കി

സന്തോഷ് ശശിധരൻ

santhosh-sasidharan
സന്തോഷും ഭാര്യ ദേവിയും

പ്രണയത്തെപ്പറ്റി പറയുമ്പോൾ സ്കൂളിൽ വച്ചു തകർന്നു തരിപ്പണമായ ആദ്യ പ്രണയമാണ് മനസ്സിൽ ഓടി വരുന്നത്. 10–ാം ക്ലാസുകാരനും എട്ടാം ക്ലാസുകാരിയും തമ്മിലുള്ള പൊരിഞ്ഞ പ്രണയം. ഒടുക്കം, അത് പതിനാറ് നിലയിൽ പൊട്ടി. അതോടെ ജീവിതത്തിൽ ഇനി പ്രണയമേ വേണ്ട എന്നു ദൃഢപ്രതിജ്ഞ എടുത്തു.

അതുകൊണ്ട് തന്നെ പ്രീഡിഗ്രിക്കും ഡിഗ്രിക്കും പഠിക്കുമ്പോൾ പലരോടും ഇഷ്ടം തോന്നിയെങ്കിലും പ്രേമിക്കാൻ ധൈര്യമില്ലായിരുന്നു. അങ്ങനെ, മുമ്പോട്ടു പോവുമ്പോൾ, കൃത്യമായി പറഞ്ഞാൽ 15 വർഷം മുമ്പ്, ഒരു സുഹൃത്തുമൊന്നിച്ച് തിരുവനന്തപുരത്തെ ഒരു എൻട്രൻസ് കോച്ചിങ് ക്യാംപിൽ പോവാൻ ഇടയായി.

അവിടെ വച്ച് ഒരു മിന്നായം പോലെയാണ് ദേവിയെ കാണുന്നത്. കണ്ടപ്പഴേ എന്തിനെന്നറിയാത്ത ഒരു ആന്തൽ മനസ്സിലുണ്ടായി. ‘ഇതാണ് എന്റെ ആൾ’ എന്ന് ഉള്ളിലിരുന്ന് ആരോ പറയും പോലെ. ഒരു വിധം പേരൊക്കെ സംഘടിപ്പിച്ചു. പക്ഷേ, പിന്നീട് ദേവിയെ കണ്ടിട്ടേയില്ല. എങ്ങനെ കാണും എന്ന ചിന്ത മനസ്സിനെ അസ്വസ്ഥതപ്പെടുത്തി. അന്നും ഇന്നും ഞാൻ മുടങ്ങാതെ എല്ലാ വ്യാഴാഴ്ചയും നിയമസഭയ്ക്ക് അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ പോവാറുണ്ട്. ഒരു വ്യാഴാഴ്ച അവിടെ വച്ച് അവിചാരിതമായി ദേവിയെ കണ്ടു.

പിന്നീട്, മിക്ക വ്യാഴാഴ്ചകളിലും അവിടെ വച്ച് ദേവിയെ കാണാൻ തുടങ്ങി. എന്നാൽ ഇഷ്ടം പറയാനുള്ള ധൈര്യമില്ലായിരുന്നു. ഒരു തവണ ചിരിച്ച് കാണിച്ചപ്പോൾ പുച്ഛം നിറഞ്ഞ നോട്ടം ആയിരുന്നു മറുപടി. അതോടെ വാശിയായി. ആറു മാസം പുറകെ നടന്നു. ഒടുക്കം വഴുതക്കാട്ടുള്ള ഗണപതി അമ്പലത്തിൽ വച്ച് ഇഷ്ടം തുറന്നു പറഞ്ഞു. എന്നെ ഞെട്ടിച്ചുകൊണ്ടു പോസിറ്റീവായ മറുപടിയും കിട്ടി. പിന്നെ, അഞ്ചു വർഷം നീണ്ട പ്രണയം. കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ പത്ത് വർഷം ആവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com