മേരിക്കുട്ടി മറക്കാനാവില്ല, വിജയങ്ങൾക്ക് ഊർജം ജയസൂര്യ; സരിത
Mail This Article
നടനും നിർമാതാവുമായ ജയസൂര്യയുടെ ഭാര്യ എന്ന പേരിൽ ഒതുങ്ങാതെ സ്വന്തം മേഖലയിൽ മികവു തെളിയിച്ച വ്യക്തിത്വമാണ് സരിത ജയസൂര്യ. എറണാകുളത്തെ പനമ്പിള്ളി നഗറിൽ സരിതയ്ക്കു ഡിസൈനിങ് സ്റ്റുഡിയോ ഉണ്ട്. സിനിമയില്‍ കോസ്റ്റ്യൂം ഡിസൈനറായി തിളങ്ങുന്നു. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ജയസൂര്യ ചെയ്ത കഥാപാത്രത്തിനു വസ്ത്രാലങ്കാരം നടത്തി സരിത കയ്യടി നേടി. ചിത്രത്തിലെ അഭിനയത്തിനു ജയസൂര്യ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കുകയും ചെയ്തു.
മേരിക്കുട്ടിക്കു വേണ്ടി ജയസൂര്യയെ ഒരുക്കാനായത് വലിയൊരു അനുഭവമായിരുന്നുവെന്ന് സരിത. ആ രണ്ടു മാസങ്ങൾ ഒരിക്കലും മറക്കാനാവില്ല. വനിതാ ദിനത്തോട് അനുബന്ധിച്ച് മനോരമ ന്യൂസ് നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സരിതയുടെ പ്രതികരണം.
ജയസൂര്യയുടെ ഭാഗത്തു നിന്നുള്ള പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാം ചെയ്യാനുള്ള ഊർജമെന്നു സരിത വ്യക്തമാക്കുന്നു. ആഗ്രഹങ്ങളെ പിന്തുടരുക എന്ന ഉപദേശമാണ് വളർന്ന വരുന്ന പെൺകുട്ടികൾക്ക് നൽകുന്നത്. ‘‘എന്താണ് നമ്മുടെ മനസ്സിലെ ആഗ്രഹം അത് പിന്തുടരുക. നമുക്ക് ഒരിക്കലും ഒറ്റയ്ക്കു നിലനിൽക്കാനാവില്ല. പുരുഷനായാലും സ്ത്രീയായാലും പരസ്പരം അഭിനന്ദിക്കുന്നു എന്നതിലാണ് വിജയം. എന്റെ ജീവിതത്തില്‍ നിന്ന് എടുത്തു പറയാനാവുന്ന കാര്യമാണ്. പരസ്പര സഹകരണവും സഹായങ്ങളും പിന്തുണയുമില്ലാതെ ഒന്നും ചെയ്യാനാകില്ല.’’– സരിത പറഞ്ഞു.