കെട്ടിക്കാൻ പ്രായമായ മകളോ?, നിയാസ് ബക്കറിനോട് മമ്മൂട്ടി
Mail This Article
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ചിരിയുടെ ആൾരൂപമാണ് നിയാസ് ബക്കർ എന്ന മറിമായം കോയയും ശീതളനും. നർമത്തിന്റെ മർമം അറിഞ്ഞ് പ്രേക്ഷകരെ വലയിലാക്കാൻ കെൽപുള്ള നടൻ! സ്ക്രീനിൽ ചിരി പടർത്തുന്ന ഈ അഭിനേതാവിന്റെ ഉള്ളിൽ അധികമാരും അറിയാത്ത നാട്യങ്ങളില്ലാത്ത സത്യസന്ധനായ ഒരു മനുഷ്യനുണ്ട്. വിവാഹം കഴിഞ്ഞ് മകൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ കണ്ണു നിറഞ്ഞുപോകുന്ന സാധാരണക്കാരനായ ഒരാൾ. മകൾ യാത്ര പറഞ്ഞിറങ്ങിയപ്പോൾ കണ്ണ് നിറഞ്ഞല്ലോ എന്നു ചോദിച്ചവരോട് നിയാസ് ബക്കറിന് മറുചോദ്യമുണ്ട്, 'അങ്ങനെയൊരു നിമിഷത്തിൽ ആർക്കാണ് സങ്കടം ഇല്ലാതിരിക്കുക?'
നിനക്ക് കെട്ടിക്കാൻ പ്രായമായ മകളോ?
മകളുടെ വിവാഹം ക്ഷണിക്കാൻ മമ്മൂട്ടിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ചെന്നപ്പോൾ അദ്ദേഹം എന്നെ കാരവനിലേക്ക് വിളിച്ച് ഇരുത്തി. കുടുംബകാര്യങ്ങളൊക്കെ അന്വേഷിച്ചു. ‘നിനക്ക് കല്ല്യാണം കഴിക്കാറായ മോളൊക്കെ ആയോ’ എന്നായിരുന്നു ചോദ്യം. ഇരുപത്തിയൊന്നു വയസായി മോൾക്ക് എന്നു പറഞ്ഞപ്പോൾ ‘കല്ല്യാണപ്രായമൊന്നും ആയിട്ടില്ല, നീ പിടിച്ച് കെട്ടിച്ചുവിടുന്നതാണ്’, എന്ന് തമാശയായി മമ്മൂക്ക പറഞ്ഞു. വിവാഹം എറണാകുളത്ത് ആയിരുന്നതിനാൽ വരാൻ ശ്രമിക്കാമെന്നേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. പക്ഷേ, കല്യാണദിവസം ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മമ്മൂക്ക വന്നു. എന്റെ മകൾക്ക് നൽകാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമായിരുന്നു അത്.
എന്റെ ജോലി അഭിനയമാണ്
പല ആളുകളും അഭിനയത്തെ ഒരു തൊഴിൽ ആയല്ല കാണുന്നത്. ഒരു നേരമ്പോക്കിന് ചെയ്യുന്ന ഒരു പരിപാടി!. പക്ഷേ, ഞാനെന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്തത് കലാരംഗത്തെ വരുമാനം കൊണ്ടാണ്. കലാരംഗത്ത് ജോലി ചെയ്താണു ഞാനെന്റെ കുടുംബം പുലർത്തുന്നത്. സ്വന്തമായി ഒരു വീടു പോലും ഇല്ലാത്ത ആർടിസ്റ്റുകൾ ഉണ്ട്. വളരെ വേദനയുണ്ടാക്കുന്ന കാര്യമാണത്. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക കാലഘട്ടം മാത്രമായിരിക്കും ഇതിനകത്തുണ്ടാകുക. ആ സമയത്ത്, സസൂക്ഷ്മം കാര്യങ്ങൾ നീക്കേണ്ടി വരും. പിന്നെ വലിയ ദുരന്തങ്ങൾ ഒന്നും വന്നു ഭവിക്കാതിരിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ജീവിച്ചു പോകാൻ കഴിയൂ. കാരണം, അഭിനേതാക്കൾക്ക് പ്രത്യേകിച്ച് പെൻഷൻ ഒന്നും ഇല്ലല്ലോ!
കാര്യങ്ങൾ പറഞ്ഞു തരാന്‍ ആരുമില്ലായിരുന്നു
ഞാൻ തിരക്കുള്ള നടനൊന്നും അല്ല. അത്യാവശ്യം സിനിമയിലും സീരിയലിലും അവസരങ്ങളുണ്ട്. ഇതുവച്ചു ജീവിക്കാൻ ഒരു പ്രയാസവും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പക്ഷേ, ഈ മേഖലയിലേക്ക് കടന്നു വന്ന സമയത്ത് വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അന്നു, സ്റ്റേജ് പരിപാടികളോടായിരുന്നു താത്പര്യം കൂടുതൽ! സിനിമയും സ്റ്റേജ് പരിപാടികളും മാറി മാറി ചെയ്തു നടന്നിരുന്ന കാലം. പല സിനിമകൾക്കും വിളിച്ചിട്ടു പോകാതെ സ്റ്റേജ് പരിപാടികൾക്കും പോകും. ഇതൊക്കെ പറഞ്ഞു തരാൻ ആരുമില്ല. സിനിമയിൽ തന്നെ നിൽക്കാനൊന്നും അന്ന് ശ്രമിച്ചില്ല. അങ്ങനെ ഒരുപാടു സിനിമകൾ നഷ്ടപ്പെട്ടു. അമേരിക്ക ട്രിപ്പ്, ഗൾഫ് ട്രിപ്പ് എന്നൊക്കെ പറഞ്ഞു വരുമ്പോൾ ഒരു സന്തോഷത്തിൽ അതിനു പോകും. അത് എന്റെ സിനിമകളെ ബാധിച്ചു. പക്ഷേ, മറിമായം എന്ന പരിപാടിയുടെ ഭാഗമായതോടെ കാര്യങ്ങൾ മാറി. മറിമായം ചെയ്തു തന്ന സഹായങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതു തന്നെ വലിയൊരു മറിമായമാണ്.
ലളിതമായി ജീവിക്കാൻ അറിയാം
ഇപ്പോൾ സീരിയലും സിനിമകളുമുണ്ട്. എന്നാൽ, ഒരു ഘട്ടം കഴിഞ്ഞാൽ എന്തു ചെയ്യും എന്നൊരു ചോദ്യം പലരും ഉന്നയിക്കാറുണ്ട്. അഭിനയത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നു മാറി നിൽക്കേണ്ട സാഹചര്യം വരുമ്പോൾ ജീവിതം കൈവിട്ടു പോകുന്ന പലരേയും കാണുന്നതുകൊണ്ടാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. സത്യത്തിൽ, അങ്ങനെയൊരു കാലഘട്ടത്തെക്കുറിച്ച് ഞാനും ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഒന്നെനിക്കറിയാം, എനിക്ക് ഏറ്റവും ലളിതമായി ജീവിക്കാൻ അറിയാം. രണ്ടു രൂപക്ക് റേഷനരി കിട്ടുന്നുണ്ടെങ്കിൽ എനിക്ക് പേടിയൊന്നുമില്ല. ഞാൻ അതുകൊണ്ടു ജീവിക്കും. അതാണ് എന്റെ ആത്മവിശ്വാസം. കോടികളൊന്നും ഉണ്ടാക്കി വച്ചിട്ടില്ല.
ഉമ്മയെക്കുറിച്ച് പറഞ്ഞാൽ തീരില്ല
ഞങ്ങൾ ഇന്നു ഇങ്ങനെ നിലനിൽക്കുന്നത് ഉമ്മ ഉണ്ടായിരുന്നതുകൊണ്ടാണ്. വാപ്പ (നടൻ അബൂബക്കർ) കലാകാരനായിരുന്നെങ്കിലും അദ്ദേഹത്തിന് ഞങ്ങളുടെ കലാരംഗത്തുള്ള വളർച്ചയിൽ ഉമ്മയോളം പങ്കുചേരാൻ കഴിഞ്ഞിട്ടില്ല. യുവജനോത്സവങ്ങൾക്ക് ഞങ്ങൾ പോയിരുന്ന കാലം മുതൽ ഉമ്മ ഞങ്ങൾക്ക് ഭക്ഷണമൊക്കെ പൊതികെട്ടി തന്ന് ഉത്സവത്തിനു പോകുന്ന പോലെയാണ് യാത്രയാക്കിയിരുന്നത്. വലിയൊരു കാലം വാപ്പ അഭിനയജീവിത്തിൽ നിന്നും പൂർണമായി വിട്ടു നിന്നിരുന്നു. അന്നു ഞങ്ങളെ വളർത്താൻ ഏറ്റവും കഷ്ടപ്പെട്ടത് ഉമ്മയാണ്. ആ കടമൊന്നും ഞങ്ങൾക്കു വീട്ടാനാവില്ല.
നല്ലപാതി ഹസീന
വീട്ടിൽ ഞങ്ങൾ മൂന്നു ആൺകുട്ടികളാണ്. അവിടേക്ക് കടന്നു വന്ന ആദ്യത്തെ പെണ്ണാണ് ഹസീന. വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ ഉമ്മ നോക്കുന്ന പോലെ തന്നെ ഹസീനയും ചെയ്യും. ഞാൻ തിരക്കിലായാലും എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ഹസീന ചെയ്യാറുണ്ട്. എല്ലാ കുടുംബിനികളുടെയും പോലെ ശമ്പളമില്ലാത്ത ജോലിയാണ് ഹസീനയുടെത്. എന്റെ എല്ലാ വിഷമസന്ധികളിലും ഹസീനയുണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഒരു മധുവിധു യാത്ര പോലും എനിക്ക് ഹസീനയെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. പല കാരണങ്ങൾ കൊണ്ടു യാത്രകൾ മുടങ്ങി. ഞങ്ങൾ ഏറ്റവും അധികം പോയിട്ടുള്ളത് അതിരപ്പിള്ളിയിലേക്കാകും. അതു കണ്ട് മടുത്തു കാണും. മകൾ ജസീലയുടെ വിവാഹം കഴിഞ്ഞു. മകൻ താഹ പത്തിലാണ് പഠിക്കുന്നത്. വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തുന്നത് ഹസീനയാണ്. എനിക്ക് വീട്ടിലെ കാര്യങ്ങളോർത്ത് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. അതൊക്കെ ഒരു തരത്തിൽ ഭാഗ്യമാണ്.
ആദ്യ സിനിമ വെങ്കലം
മാള അരവിന്ദന്റെ നാടകത്തിലാണ് ഒരു പ്രഫഷണൽ അഭിനേതാവ് എന്ന നിലയിൽ ഞാൻ തുടങ്ങുന്നത്. വാപ്പയുടെ മരണത്തിനു ശേഷമായിരുന്നു സിനിമയിലെത്തിയത്. ആദ്യം അഭിനയിച്ചത് ഭരതന്റെ വെങ്കലം. വടക്കാഞ്ചേരി, ഷൊർണൂർ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഞങ്ങൾ ഷൂട്ട് കാണാൻ പോകും. അബൂബക്കറിന്റെ മക്കൾ എന്ന പരിഗണന ഞങ്ങൾക്ക് ലഭിക്കാറുണ്ട്. ഒഴിവു സമയത്ത് ഞാനും നവാസും (കലാഭവൻ നവാസ്) വെങ്കലത്തിന്റെ സെറ്റിൽ ഒരു മോണോ ആക്ട് ചെയ്തു. അത് എല്ലാവർക്കും ഇഷ്ടമായി. അങ്ങനെ വെങ്കലത്തിൽ ഒരു നാടകത്തിന്റെ റിഹേഴ്സൽ കാണിക്കുന്ന രംഗത്തിൽ ഞങ്ങൾക്കു വേഷം ലഭിച്ചു. ഭാഗ്യവശാൽ എനിക്ക് ഒരു ഡയലോഗും കിട്ടി. ആ രംഗത്തിൽ എന്റെ ഒരു മിഡ് ക്ലോസ് ഉണ്ട്. ഒരു കത്തി പിടിച്ച് മനോജ്. കെ.ജയനോടു പറയുന്ന ഒരു ഡയലോഗായിരുന്നു അത്. വളരെ ശ്രദ്ധിക്കപ്പെടുന്ന രംഗമായിരുന്നു അത്. അങ്ങനെയാണ് സിനിമയിൽ മുഖം കാണിച്ചത്.
മണികണ്ഠൻ പട്ടാമ്പിയിലൂടെ മറിമായത്തിലേക്ക്
ഞാൻ സ്വപ്നസഞ്ചാരി എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ ഒരു ആദിവാസിയായ കഥാപാത്രമായാണ് ചെയ്തത്. അവരുടെ ഭാഷയിലായിരുന്നു ഡയലോഗും. മണികണ്ഠേട്ടൻ (മറിമായം ഫെയിം മണികണ്ഠൻ പട്ടാമ്പി)ഈ സിനിമ കണ്ടിട്ട് ഇത് ആരാണെന്നു അന്വേഷിച്ച് എന്നിലേക്ക് എത്തുകയായിരുന്നു. ആ സമയത്ത് മറിമായത്തിലേക്ക് ഒരു ആർടിസ്റ്റിനെ തേടി നടക്കുകയായിരുന്നു. മറിമായം എനിക്ക് നൽകിയൊരു മാറ്റം വളരെ വലുതായിരുന്നു. ഇത്രയധികം സിനിമ ചെയ്തിട്ടും, പ്രേക്ഷകർ എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് മറിമായത്തിലൂടെയാണ്. സത്യത്തിൽ എന്റെ പ്രേക്ഷകർ എന്നു പറയുന്നത് മറിമായത്തിന്റെയാണ്. കോയയോടും ശീതളനോടും പ്രേക്ഷകർ കാണിക്കുന്ന ഇഷ്ടം വളരെ വലുതാണ്. മറിമായത്തിലെ എല്ലാ ആർടിസ്റ്റുകളും ഒന്നിനൊന്നു മെച്ചമാണ്. ചെയ്യാൻ ആഗ്രഹമുള്ള നിരവധി കഥാപാത്രങ്ങൾ മറിമായത്തിലൂടെ യാഥാർഥ്യമാക്കാൻ കഴിഞ്ഞു. പല പ്രായത്തിലും രൂപത്തിലുമുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിക്കുന്നത് വലിയൊരു ഭാഗ്യമാണ്.
മറിമായം എന്റെ രണ്ടാമത്തെ കുടുംബം
മാസത്തിൽ അഞ്ചു ദിവസങ്ങൾ മറിമായത്തിന്റെ ഷൂട്ടിനു വേണ്ടി വരുന്നത് സ്വന്തം തറവാട്ടിലേക്കു വരുന്നതു പോലെയുള്ള അനുഭവമാണ്. മറിമായത്തിന്റെ ടീം എന്നു പറയുന്നത് ഒരു കുടുംബം പോലെയാണ്. എല്ലാവരുടെയും കാര്യങ്ങൾ എല്ലാവർക്കും അറിയാം. വേദനകളും സന്തോഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. എന്റെ മോളുടെ വിവാഹം കഴിഞ്ഞു. സത്യത്തിൽ എന്റെ നാട്ടിലെ സ്വനം എന്ന ഗ്രൂപ്പും മറിമായം ടീമുമാണ് അതിന് ചുക്കാൻ പിടിച്ചത്. മറിമായത്തിന്റെ ദൈർഘ്യം എത്രയാണെന്ന് അറിഞ്ഞുകൂടാ. ഇപ്പോൾ ഏഴു വർഷമായി. പ്രേക്ഷകർ എത്ര കാലം അതു സ്വീകരിക്കുമോ അത്രയും കാലം ഞങ്ങളുണ്ടാകും. ഞങ്ങളെ പറഞ്ഞുവിടുന്നതു വരെ!