ADVERTISEMENT

സ്നേഹത്തിന്റെ കരുത്തിൽ വിധിയെ തോൽപ്പിച്ച ദീപുവിന്റെയും അർച്ചനയുടെയും കഥ മലയാളികൾ നെഞ്ചിലേറ്റിയിരുന്നു. നട്ടെല്ലിന് പരുക്കേറ്റ്, ശരീരം തളർന്ന് വീൽചെയറിൽ ശിഷ്ടകാലം ജീവിക്കേണ്ട സാഹചര്യത്തില്‍ എതിർപ്പുകളെ തോൽപ്പിച്ച് ദീപുവിനൊപ്പം ജീവിക്കാനായിരുന്നു അർച്ചനയുടെ തീരുമാനം. ആ സ്വപ്നം അവർ സാക്ഷാത്കരിക്കുകയും ചെയ്തു. 

ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ നേരിട്ട വെല്ലുവിളികൾ നിരവധിയാണ്. ശക്തമായി തന്നെ ഇരുവരും പോരാടി. പ്രതിസന്ധികളിൽ കൈവിടാതെ, കാവലായി കൂടെ നിന്ന ആ സ്നേഹം വെളിപ്പെടുത്തുകയാണ് ദീപുവിന്റെ ബന്ധുവായ ശ്രീകാന്ത് എസ്.

ശ്രീകാന്ത് പങ്കുവച്ച കുറിപ്പ് വായിക്കാം;

വിധിയെ തോൽപിച്ച് അവർ ഒന്നിച്ചു. ഈ പ്രണയകഥ നിങ്ങൾ അറിയാതെ പോകരുത്. ഇവരുടെ പ്രണയാരംഭം മുതൽ അവർ ഒന്നിച്ചതുവരെ എല്ലാം അറിയുന്ന, ഏക സാക്ഷിയാകാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. എന്നെക്കാൾ 3 വയസ്സിനു മുതിർന്നതാണേലും കോളേജിൽ ജൂനിയർ ആയി പഠിച്ച എന്റെ കസിൻ ആണ് ദീപു. ഞാൻ ബികോമിലും പുള്ളി ബിഎ ഇക്കണോമിക്സിലും. ദീപുച്ചേട്ടന്റെ ക്ലാസിൽ ഒപ്പം പഠിച്ച അർച്ചനയാണ് ഈ പ്രണയ കഥയിലെ നായിക. 

കോളേജ് പഠനകാലത്ത് ആരംഭിച്ച പ്രണയം ആരുമറിയാതെ മുന്നോട്ടു പോയി. പഠനം കഴിഞ്ഞു കലാലയത്തിന്റെ പടികൾ ഇറങ്ങിയെങ്കിലും അവരുടെ പ്രണയം തുടർന്നു. ആ നാളിലാണ് ഞങ്ങളുടെ കുടുംബത്തെ മുഴുവനും കണ്ണീരിൽ ആഴ്ത്തിയ ഒരു അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാൻ പോയ ദീപുച്ചേട്ടൻ വെള്ളത്തിൽ വീണ് നട്ടെല്ലിന് പരുക്കേറ്റു. 

ശരീരം മുഴുവൻ തളർന്ന ചേട്ടന് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഡോക്ടർമാർ വിധി എഴുതി. ചികിത്സകൾ മുറ പോലെ നടന്നു. മരുന്നിനെകാൾ വലിയ ശക്തി മനസ്സിനാണ് എന്നു ചേട്ടൻ തെളിയിച്ചു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽചെയർ വരെയെത്തി. എങ്കിലും പഴയ ജീവിതത്തിലേക്കു മടങ്ങിവരാൻ സാധിച്ചില്ല. ആ നിമിഷങ്ങളിലെല്ലാം അർച്ചന കൂടെ ഉണ്ടായിരുന്നു. അവരുടെ പ്രണയവും. 

വർഷങ്ങൾ മുന്നോട്ടു പോയി. പ്രണയം അർച്ചനയുടെ വീട്ടുകാർക്ക് അംഗീകരിക്കാൻ ആകുമായിരുന്നില്ല. പക്ഷേ, ഒരുമിച്ച് ജീവിക്കാൻ അവർ തീരുമാനിച്ചിരുന്നു. പഴയ ജീവിതത്തിലേക്ക് തിരികെ പോയി നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ ഉടനെ ചേട്ടന് സാധിക്കില്ല എന്നറിയാവുന്ന അർച്ചന സ്വയം ഒരു തീരുമാനം എടുത്തു. പഠിച്ചൊരു ജോലി വാങ്ങാൻ. ആ ദൃഢനിശ്ചയം അവളെ ഇന്നൊരു വനിതാ പോലീസ് ഉദ്യോഗസ്ഥ ആക്കി . ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയ ശേഷം ഇന്നലെ അവർ വിവാഹിതരായി.... എല്ലാത്തിനും സാക്ഷിയാകാൻ എനിക്കും ഭാഗ്യം ലഭിച്ചു. 

ഇത് വെറും ഒരു പ്രണയ കഥയല്ല. വിധിയെ പോലും മനോബലം കൊണ്ടു കീഴടക്കിയ 2 പോരാളികളുടെ കഥ കൂടിയാണ്. ഒരുപാടു പേർക്കു പ്രചോദനം നൽകുന്ന ഒരു കഥ. ഇത് എല്ലാവരും അറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com