സിനിമയ്ക്ക് എന്നെ വേണ്ടാതായാലും എനിക്ക് സിനിമ വേണം: പൊന്നമ്മ ബാബു
Mail This Article
പൊന്നമ്മ ബാബു എന്ന പേരു കേൾക്കുമ്പോഴേ, പ്രേക്ഷകരുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിയും. കണ്ണു നനയിക്കുന്ന കഥാപാത്രങ്ങൾ ഏറെ ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ മനസിൽ പൊന്നമ്മ ബാബു ചിരിയുടെ പൊന്നിൻകുടമാണ്. ജനിച്ചപ്പോൾ പൊന്നിന്റെ നിറമായതുകൊണ്ടാണ് 'പൊന്നമ്മ' എന്ന പേരു വിളിച്ചതെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ടെന്ന് പറയുമ്പോഴും മുഖത്തൊരു കുസൃതിച്ചിരി. പേരിൽ മാത്രമല്ല, ആ മനസും തനിത്തങ്കമാണെന്ന് പൊന്നമ്മ ബാബുവിനെ അടുത്തറിയുന്നവർക്കറിയാം.
ഇഷ്ടമുള്ള വ്യക്തിയുടെ കയ്യും പിടിച്ച് സ്വന്തം വഴി ഇതാണെന്ന് ഉറപ്പിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ പൊന്നമ്മയ്ക്ക് പ്രായം വെറും 17 വയസ്. അന്നു വരെ ജീവനായി കൊണ്ടു നടന്നിരുന്ന നൃത്തവും അഭിനയവും എല്ലാം മാറ്റി വച്ച്, ആദ്യമായി പ്രണയം പറഞ്ഞ ആലുപ്പഴക്കാരൻ ബാബുവിനൊപ്പം ജീവിതം തുടങ്ങാൻ പൊന്നമ്മ തീരുമാനിക്കുകയായിരുന്നു. പക്ഷേ, വീട്ടുകാർ എതിർത്തു. എങ്കിലും പൊന്നമ്മ പിന്മാറിയില്ല. 'ബാവുചേട്ടൻ' എന്നു സ്നേഹപൂർവം വിളിക്കുന്ന ബാബുവിനൊപ്പം ഭരണങ്ങാനത്തു നിന്നു ആലപ്പുഴയിലേക്ക്. വിവാഹത്തിനു ശേഷം നീണ്ട 13 വർഷങ്ങൾ വീട്ടമ്മയായി ജീവിതം. അതിനിടയിൽ മൂന്നു മക്കളുണ്ടായി. ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൂടി. അപ്രതീക്ഷിതമായി ഭർത്താവിന്റെ ബിസിനസ്, തകർച്ചയെ നേരിട്ടപ്പോൾ അഭിനയത്തിലേക്ക് പൊന്നമ്മ ഒരു തിരിച്ചു വരവ് നടത്തി. നാടകത്തിൽ നിന്നും സിനിമയിലും പിന്നീട് ടെലിവിഷനിലും സ്റ്റേജ് ഷോകളിലും സജീവമായ 'പൊന്നമ്മ ബാബു' എന്ന അഭിനേത്രി പരുവപ്പെടുന്നത് അങ്ങനെയാണ്.
സ്വന്തം അഭിനയജീവിതത്തെക്കുറിച്ചും ഈയടുത്തു നടത്തിയ മെയ്ക്കോവറിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ നിന്നു നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെക്കുറിച്ചും പൊന്നമ്മ ബാബു മനോരമ ഓൺലൈനിലെ 'സീ റിയൽ സ്റ്റാർ' എന്ന പരിപാടിയിൽ തുറന്നു പറയുന്നു.
വീട്ടിൽ ഞാൻ സിനിമാക്കാരിയല്ല
സിനിമയിൽ ഞാൻ വേറെ ഒരാളും, വീട്ടിൽ വന്നു കഴിഞ്ഞാൽ വേറെ ഒരാളും ആണ്. അങ്ങനെയാണ് ഞാൻ ജീവിക്കുന്നത്. വീട്ടിൽ സിനിമയൊന്നും ഇല്ല. സിനിമാചർച്ചകളും ഇല്ല. ഗോസിപ്പുകളെക്കുറിച്ചു പോലും ചർച്ചയുണ്ടാകാറില്ല. അതുകൊണ്ട്, പിള്ളേർക്കൊന്നും അതിനെക്കുറിച്ച് അറിയില്ല. ഞാൻ ഒന്നും പറയാറുമില്ല. അതെന്റെ ജോലി അല്ലേ!
ശ്രദ്ധ നേടിയ മെയ്ക്കോവർ
പഴയ രീതികളൊക്കെ മാറണമെന്ന് എല്ലാവരും പറയാറുണ്ട്. സിനിമ തന്നെ മാറിയില്ലേ? അതുകൊണ്ട്, സ്വയമൊന്നു മാറിയേക്കാമെന്നു കരുതി. എനിക്കൊരുപാടു മുടിയുണ്ടായിരുന്നു. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിട്ടില്ല. അമ്മവേഷങ്ങൾ ആകുമ്പോൾ എപ്പോഴും മുടി കെട്ടി വയ്ക്കുന്ന രീതിയാകും. സത്യത്തിൽ എനിക്ക് ഒത്തിരി മുടിയുള്ള കാര്യം ആർക്കും തന്നെ അറിയില്ല. വെട്ടിക്കഴിഞ്ഞപ്പോൾ എല്ലാവരും ചോദിച്ചു. ഇവരൊക്കെ ഇതു ശ്രദ്ധിച്ചിരുന്നെന്ന് അപ്പോഴാണ് മനസിലായത്. പക്ഷേ, സ്റ്റൈലിഷ് രീതിയിലുള്ള മെയ്ക്കോവർ എല്ലാവർക്കും ഇഷ്ടമായി. 'മമ്മിക്ക് ഇതൽപം നേരത്തെ ആകാമായിരുന്നില്ലേ' എന്നാണ് മക്കൾ ചോദിച്ചത്. പിന്നെ, ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നണമല്ലോ! എനിക്ക് ഇപ്പോഴാണ് ആ തോന്നലുണ്ടായത്.
എനിക്ക് ആരോടും പിണക്കമില്ല
ഉള്ളിൽ തട്ടി ഞാൻ പറഞ്ഞ കാര്യത്തെ ആളുകൾ തെറ്റായി വ്യാഖ്യാനിച്ചപ്പോഴും എഴുതിയപ്പോഴും എനിക്ക് സങ്കടം തോന്നി. പക്ഷേ, എനിക്ക് ആരോടും പിണക്കം ഒന്നുമില്ല. ആ സമയത്ത് അവരുടെ ഒരു ആവേശത്തിന് എഴുതിയത് ആയിരിക്കാം. പിന്നീട്, അവർക്ക് അതിന്റെ സത്യാവസ്ഥ അറിഞ്ഞിരിക്കാം. ഓൺലൈൻ മാധ്യമങ്ങൾ സത്യത്തിൽ വളരെ നല്ലതാണ്. എല്ലാ കാര്യങ്ങളും പെട്ടെന്ന് അറിയിക്കുന്നത് അവരാണ്. സിനിമാക്കാരെപ്പറ്റി എഴുതാൻ എല്ലാവർക്കും വലിയ താൽപര്യമാണ്. അവരെക്കുറിച്ച് വേണ്ടതും വേണ്ടാത്തതും എഴുതിയാലും കുറെപ്പേർ വായിക്കുമല്ലോ! പക്ഷേ, അതൊന്നും ദീർഘകാലം നിലനിൽക്കില്ല. എന്നെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ അവർ എന്നോടൊന്നു വിളിച്ചു ചോദിച്ചില്ലല്ലോ എന്നതാണ് എന്നെ വേദനിപ്പിച്ചത്. ആരെങ്കിലും എന്തെങ്കിലും എഴുതിയപ്പോൾ, പ്രേക്ഷകരും അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ വേദനിപ്പിക്കുന്ന കമന്റുകളിട്ടു.
ഞാൻ സംസാരിച്ചത് ആത്മാർത്ഥമായി
എന്നെ അറിയാവുന്നവർക്കറിയാം, ഞാനെന്താണെന്നുള്ളത്. പ്രേക്ഷകർക്ക് എന്നെ അടുത്തറിയാത്തതുകൊണ്ടായിരിക്കാം അവർ തെറ്റിദ്ധരിച്ചത്. സേതുലക്ഷ്മി ചേച്ചിയോടു ഞാൻ സംസാരിച്ചത് ആത്മാർത്ഥമായിട്ടാണ്. ചേച്ചിയുെട കരഞ്ഞുകൊണ്ടുള്ള വിഡിയോ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ചേച്ചിയെ എനിക്ക് ഇന്നും ഇന്നലെയും കണ്ട പരിചയമല്ല. വർഷങ്ങൾക്കു മുൻപെ അറിയാം. ചേച്ചിയുടെ മകൾ എന്റെ കൂടെ നാടകത്തിന് അഭിനയിച്ചിട്ടുണ്ട്. അന്നേരത്തെ എന്റെ മനസ് നിങ്ങൾക്കു പറഞ്ഞാൽ മനസിലാകില്ല. ഞാനും ഒരു അമ്മയാണ്. പിന്നെ, ഞാൻ 'ഒ പൊസിറ്റീവ്' ആണ്. ചേച്ചിയുടെ മകനും 'ഒ പൊസിറ്റീവ്' ആണ്. എനിക്ക് ഷുഗറും കൊളസ്ട്രോളും കുറച്ചുണ്ടെന്നും ഞാൻ പറഞ്ഞിരുന്നു. ഇക്കാര്യം തൽക്കാലം പുറത്താരോടും പറയേണ്ടെന്നും സൂചിപ്പിച്ചിരുന്നു. പക്ഷേ, അതു വലിയൊരു വാർത്തയായി. വലിയ ചർച്ചയായപ്പോൾ എന്റെ മക്കൾ പറഞ്ഞു, മമ്മിയുടെ വലിയ മനസാണ് അങ്ങനെ പറയാൻ പ്രേരിപ്പിച്ചതെന്ന്. ഒരു കാര്യം കൂടി പറഞ്ഞു... ഇപ്പോൾ ആഘോഷിക്കുന്ന ആളുകൾ തന്നെ കുറച്ചു കഴിയുമ്പോൾ താഴേക്കിടും. അതും കൂടി നേരിടാൻ തയ്യാറാകണം എന്ന്. അതുപൊലെ തന്നെ സംഭവിച്ചു. സത്യത്തിൽ, അതൊന്നും ആരെയും അറിയിക്കാൻ വേണ്ടി പറഞ്ഞതല്ല. കുറെ ആൾക്കാർ എന്നെ കുറ്റപ്പെടുത്തി... എഴുതി. എൺപതു ശതമാനം നല്ലത് ഞാനെന്റെ ചെവിയിൽ കേട്ടു. ഇരുപതു ശതമാനം മോശവും ഞാനെന്റെ ചെവിയിൽ കേട്ടു. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മുകളിലിരിക്കുന്ന ഈശ്വരന് അറിയാം. എന്റെ കുഞ്ഞുങ്ങൾക്കറിയാം. എന്റെ കുടുംബത്തിന് അറിയാം.
എനിക്ക് എല്ലാം തന്നത് സിനിമ
എനിക്ക് എല്ലാം തന്നത് സിനിമയാണ്. സിനിമയ്ക്ക് നാളെ എന്നെ വേണ്ടാതാകാം. പക്ഷേ, എനിക്ക് ജീവിക്കണമെങ്കിൽ സിനിമ വേണം. മരണം വരെ എനിക്ക് സിനിമ വേണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ വന്നത് നായിക ആയിട്ടില്ല, ക്യാരക്ടർ റോൾ ചെയ്തിട്ടാണ്. പടനായകൻ എന്ന ചിത്രത്തിൽ രാജൻ പി ദേവിന്റെ ഭാര്യ ആയിട്ടാണ് സിനിമയിൽ എന്റെ തുടക്കം. ക്യാരക്ടർ വേഷങ്ങൾ ചെയ്യുന്നതു കൊണ്ട് ഞാൻ ഇപ്പോഴും മലയാള സിനിമയിൽ ഉണ്ട്. ഏകദേശം അഞ്ഞൂറോളം സിനിമകൾ ചെയ്തു. മക്കൾ മൂന്നു പേരെയും പഠിപ്പിച്ചു. അവർ ഇന്ന് വിദേശത്ത് ജോലി ചെയ്യുന്നു. രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചു. അവർക്കു മക്കളായി. ഞാനിന്ന് എല്ലാം കൊണ്ടും സന്തോഷവതിയാണ്. സിനിമയിൽ പല വേഷങ്ങൾ ചെയ്തു. അവാർഡിനൊക്കെ പരിഗണിക്കാവുന്ന തരത്തിലൊരു വേഷം ചെയ്യുക എന്നതാണ് ഇനിയുള്ള ആഗ്രഹം. അങ്ങനെയൊരു ആഗ്രഹമില്ലാത്ത ഏത് അഭിനേതാവാണുള്ളത്? സ്വതസിദ്ധമായ കുസൃതിച്ചിരിയോടെ പൊന്നമ്മ ബാബു ചോദിക്കുന്നു.
English Summary: Ponnamma Babu Interview