ബ്രേക്കപ്പിൽ വേണം മാന്യത, ഇതാ നിയമങ്ങൾ !
Mail This Article
ഏതൊരു ബന്ധത്തിലുമെന്നതു പോലെ സന്തോഷങ്ങളും ദുഖങ്ങളും പ്രണയത്തിലുമുണ്ടാകും. എന്നാൽ പ്രണയത്തിലൂടെ ദുഃഖം മാത്രമാണ് നിങ്ങൾക്കു ലഭിക്കുന്നതെങ്കിൽ, എന്നും കരയാനാണ് വിധിയെങ്കിൽ ബ്രേക്കപ്പിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ബ്രേക്കപ് എന്നാൽ മോശം കാര്യമാണ് എന്ന ധാരണ ഇപ്പോളും വച്ചു പുലർത്തുന്നുണ്ട്. വഴക്കും കുറ്റപ്പെടുത്തലും ഭയവുമൊക്കെയാണ് പ്രണയം നൽകുന്നതെങ്കിൽ ബ്രേക്കപ്പിനേക്കാൾ വലിയ ശരിയില്ല. സമാധാനവും സന്തോഷവും നിലനിർത്താനുള്ള സാധ്യതകൾ പരാജയപ്പെടുകയാണെങ്കിൽ വേണം ബന്ധത്തിന് ബ്രേക്ക് ഇടാൻ. ഒരുപാട് ചിന്തിച്ച്, എന്നാൽ ഒട്ടും വൈകാതെ എടുക്കേണ്ട തീരുമാനം എന്ന് ബ്രേക്കപ്പിനെ വിശേഷിപ്പിക്കാം.
ഒരു തമാശക്കളിയല്ല ബ്രേക്കപ്. അതിന് ചില നിമയങ്ങളുണ്ട്. വെറുപ്പും നശീകരണ ചിന്തയുമൊന്നും ബാക്കിയാക്കാതെ പരസ്പര ബഹുമാനത്തോടെ പിരിയാൻ ഈ നിമയമങ്ങൾ സഹായിക്കും.
ഏതു ബന്ധത്തിലായാലും സത്യസന്ധത ആവശ്യമാണ്. ബ്രേക്കപ്പിലും ഇതു വേണം. എന്തുകൊണ്ടാണ് ബ്രേക്കപ് വേണ്ടി വരുന്നതെന്ന കാര്യം സത്യസന്ധമായി തുറന്നു പറയുക. കൂടുതൽ ആശയക്കുഴപ്പവും പ്രതിസന്ധികളും ഇതൊഴിവാക്കും. ഒപ്പം പ്രശ്നം സത്യസന്ധമാണെങ്കിൽ പരിഹാരത്തിനുള്ള ചെറിയൊരു സാധ്യതയും അവിടെ അവേശിഷിക്കുന്നു.
പങ്കാളിയെ അപമാനിക്കുകയോ പരിഹസിക്കുകയോ പ്രകോപിക്കകയോ ചെയ്യുന്ന ഒന്നും തന്നെ ബ്രേക്കപ്പിന്റെ സമയത്ത് ഉണ്ടാകരുത്. സംയമനം പാലിച്ച് നിങ്ങളുടെ തീരുമാനം പറയുക.
പങ്കാളി നിങ്ങളോട് ബ്രേക്കപ് ആവശ്യപ്പെടുകയാണെങ്കിൽ അതിന്റെ കാരണം മനസ്സിലാക്കാൻ ശ്രമിക്കുക. ഭയപ്പെടുത്തിയോ, ഭീഷണി മുഴക്കിയോ ഒരിക്കലും ബന്ധങ്ങൾ നിലനിർത്താനകില്ല എന്ന് തിരിച്ചറിയണം. ഒരു ബന്ധം തകരുമ്പോൾ രണ്ടുപേർക്കും വേദനിക്കും എന്നു മനസ്സിലാക്കി വേണം പെരുമാറാൻ.
പങ്കാളിക്ക് പറയാനുള്ളത് കേൾക്കുക. അതിനിടയിൽ സ്വയം ന്യായീകരിക്കാനോ, തടസ്സപ്പെടുത്താനോ ശ്രമിക്കരുത്. ബ്രേക്കപ്പിലേക്ക് കാര്യങ്ങൾ എത്തുന്നത് മനസ്സിലെ ഇഷ്ടം നഷ്ടമാകുമ്പോളാണ്. മനസ്സിൽ പ്രണയമില്ലാത്ത ഒരാളെ കൂടെ കൂട്ടിയിട്ട് അർഥമില്ല. ജീവിതത്തിലെ ഒരു ഘട്ടമെന്ന ബോധ്യത്തോടെ എല്ലാം കേൾക്കുകയും മനസ്സിലാക്കുകയും വേണം.
ബ്രേക്കപ് ഒരിക്കലും പൊതുസ്ഥലങ്ങളിൽ വേണ്ട. കാരണം അക്കാര്യം കേൾക്കുമ്പോൾ മനസ് തുറന്ന് സംസാരിക്കാൻ സാധിക്കാതെ പോകാം. അതുകൊണ്ട് സ്വകാര്യമായ ഒരിടം കണ്ടെത്തി കാര്യങ്ങൾ സംസാരിക്കുക.
ബ്രേക്കപ് സംഭവിച്ചാലും എനിക്ക് ഒന്നുമില്ല, ഞാൻ സന്തുഷ്ടനാണ് എന്നെല്ലാം മുൻ പങ്കാളിയെ ബോധിപ്പിക്കാൻ ശ്രമിക്കുന്നവരുണ്ട്. ചിലപ്പോൾ തൊട്ടടുത്ത ദിവസം പുതിയൊരു ബന്ധം ആരംഭിക്കും. എന്നാൽ അതെല്ലാം ഒഴിവാക്കുക. വികാരത്തിന് അടിമപ്പെട്ടു കഴിഞ്ഞാൽ ജീവിതത്തിൽ തിരിച്ചുവരവ് ബുദ്ധിമുട്ടേറിയതാകും. പ്രണയം മാത്രമല്ല ജീവിതം. പ്രണയവും കൂടിച്ചേർന്നതാണ് ജീവിതം എന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.
English Summary : Break up rules