സൗഹൃദം പ്രണയത്തിലേക്കു വഴിമാറുമെന്ന് പേടിയുണ്ടോ ?
Mail This Article
പ്രണയവും സൗഹൃദവും തമ്മിൽ ഒരു തലനാരിഴയുടെ വ്യത്യാസമേ ഉള്ളൂ എന്നു പലരും പറയാറുണ്ട്. ആത്മാർഥ സുഹൃത്തിനെ കല്യാണം കഴിക്കുന്നവരും കല്യാണം കഴിച്ചശേഷം പങ്കാളിയെ ആത്മാർഥ സുഹൃത്താക്കുന്നവരും കുറവല്ല. പ്രണയത്തിൽ പലപ്പോഴും വില്ലനായി വരുന്നതും ഈ ‘ബെസ്റ്റ് ഫ്രണ്ട്’ തന്നെ. നമ്മുടെ കാമുകനോ കാമുകിക്കോ കൂടുതൽ അടുപ്പം അവരുടെ ബെസ്റ്റ് ഫ്രണ്ടുമായിട്ടാണെന്നു തോന്നുകയും അതിൽ നിന്നുണ്ടാകുന്ന അസൂയയും ഈഗോയും പ്രണയ ബന്ധങ്ങളുടെ തകർച്ചയിലേക്കു വരെ വഴിവെക്കാറുണ്ട്. ബെസ്റ്റ് ഫ്രണ്ടിനെയും പ്രണയിക്കുന്ന ആളെയും ഒന്നിച്ചു കൊണ്ടുപോകുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യം വേറെ ഇല്ലെന്നു പലരും സമ്മതിക്കാറുണ്ട്. ചിലർക്കാകട്ടെ ബെസ്റ്റ് ഫ്രണ്ടിനെത്തന്നെ തന്റെ ജീവിത പങ്കാളി ആക്കിയാൽ കൊള്ളാമെന്നു തോന്നും. എന്നാല്‍ ഇതു സൗഹൃദം തന്നെ ഇല്ലാതാക്കുമോ എന്ന പേടി കാരണം ഉള്ളിലുള്ള ആഗ്രഹം പലരും പുറത്തുപറയാറില്ലെന്നു മാത്രം. ഇങ്ങനെ സൗഹൃദം പ്രണയത്തിലേക്ക് തെന്നിവീഴുമോ എന്നു പേടിക്കുന്നവർക്കായി ശ്രദ്ധിക്കാൻ 5 കാര്യങ്ങൾ ഇതാ.
∙ ആ വര മറികടക്കരുത്
സൗഹൃദത്തിലും പ്രണയത്തിലും പൊതുവായ ചില കാര്യങ്ങളുണ്ട്. അതിനാൽ അവ വേർതിരിച്ചു നിർത്തുന്നത് ഒരു വരയാണ് എന്നു മനസ്സിലാക്കുക. അതിന് ഇപ്പുറം സൗഹൃദവും അപ്പുറം പ്രണയവുമാണെന്ന് എപ്പോഴും ഓർത്തിരിക്കുക. ആ വര മനസ്സിലാക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ പിന്നെ പ്രണയത്തെക്കുറിച്ച് നോ ടെൻഷൻ. പറയാൻ എളുപ്പമാണെങ്കിലും ആ വര മനസ്സിലാക്കിയെടുക്കാൻ പ്രയാസമാണ്. നിങ്ങളെയും സുഹൃത്തിനെയും നന്നായി വിശകലനം ചെയ്താൽ മാത്രമേ അതിനെക്കുറിച്ച് നിങ്ങൾക്കൊരു ധാരണ കിട്ടൂ.
∙ വികാരങ്ങളെ ശ്രദ്ധിക്കുക
നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും ഏറ്റവുമധികം നിങ്ങൾ പങ്കുവയ്ക്കുന്നത് നിങ്ങളുടെ ആത്മ മിത്രത്തോടായിരിക്കും. ആ സുഹൃത്ത് എതിർ ലിംഗത്തിൽപ്പെട്ട ആളാണെങ്കിൽ വികാരങ്ങൾ ഒന്നു കൂടി വിശാലമാകും. അതുകൊണ്ടുതന്നെ സ്വന്തം വികാരങ്ങൾക്ക് പരിധി നിശ്ചയിക്കുക. ഒരാളോടു മാത്രം മനസ്സുതുറക്കുന്നത് പതിയെ നമ്മൾ അയാളിലേക്ക് ഒതുങ്ങുന്നതിനു കാരണമാകും. അതുകൊണ്ടുതന്നെ ആത്മ സുഹൃത്തിനോടു മാത്രം എല്ലാം പങ്കുവയ്ക്കുന്ന രീതി ഒഴിവാക്കുക.
∙ സ്വകാര്യതകളാവാം
നമ്മളെക്കുറിച്ച് നമ്മൾ മാത്രം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നമ്മുടെ സ്വകാര്യതയ്ക്കുള്ളിൽ തന്നെ നിർത്തുന്നതാണ് നല്ലത്. പലപ്പോഴും ഒരു ആശ്വാസത്തിനുവേണ്ടി നമ്മൾ പങ്കുവയ്ക്കുന്ന കാര്യങ്ങൾ പിന്നീട് നമുക്ക് അവരോടുള്ള അടുപ്പം കൂട്ടുന്നതിനും അത് ഒഴിച്ചുകൂടാനാവാത്ത ബന്ധമായി വളരുന്നതിനും കാരണമായേക്കാം. അതുകൊണ്ടുതന്നെ സ്വകാര്യതയുടെ ലോകത്തേയ്ക്ക് മറ്റാർക്കും അനാവശ്യമായ സ്വാതന്ത്ര്യം അനുവദിക്കാതിരിക്കരുത്.
∙ അരുത് ലഹരി
ലഹരിക്കും ബന്ധങ്ങൾക്കും എന്തു ബന്ധം എന്നു ചിന്തിക്കുന്നവരുണ്ടാകാം. ചില ബന്ധങ്ങളും ഇഷ്ടങ്ങളും കൂച്ചുവിലങ്ങിട്ട് നമ്മൾ ഉള്ളിന്റെ ഉള്ളിൽ സൂക്ഷിക്കുന്നവയായിരിക്കും. അത് അണപൊട്ടി പുറത്തേക്കൊഴുകാൻ ലഹരിയുടെ ഉപയോഗം ചിലപ്പോൾ കാരണമായേക്കാം. നമ്മൾ ഉളളിൽ ഒളിപ്പിച്ച ഇഷ്ടങ്ങളും വികാരങ്ങളും മറ്റൊരാളിലേക്കെത്താക്കാൻ ലഹരിക്കു സാധിക്കും. അതിനാൽ സുഹൃത്തുക്കൾക്കൊപ്പമുള്ള ലഹരി സൽകാരങ്ങളിൽ സ്വയം നിയന്ത്രിക്കുക.
∙ പ്രണയ ചർച്ചകൾ ഒഴിവാക്കാം
നിങ്ങളുടെ പ്രണയ പരാജയത്തെക്കുറിച്ച് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടുമായി ചർച്ചചെയ്യുന്നത് ഒഴിവാക്കാം. ഇത്തരം ചർച്ചകൾ അവരിൽ ഒരു സഹതാപം ഉണ്ടാക്കുകയും അതു പിന്നീട് നിങ്ങളോടുള്ള പ്രണയത്തിൽ കലാശിക്കുകയും ചെയ്തേക്കാം. പ്രണയത്തെക്കുറിച്ചുള്ള ടിപ്സുകളും കൈമാറുന്നത് ചിലപ്പോൾ പരസ്പര പ്രണയത്തിൽ കലാശിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബെസ്റ്റ് ഫ്രണ്ടിനൊപ്പമുള്ള പ്രണയ ചർച്ചകൾ ഒഴിവാക്കാം.
English Summary : best friend to lovers