ADVERTISEMENT

ലോക്ഡൗണിലായി വീട്ടിലിരിക്കുമ്പോഴും മലയാളികളുടെ പ്രിയതാരം അനീഷ് രവി തിരക്കിലാണ്. എല്ലാ ദിവസവും ഫെയ്സ്ബുക് ലൈവിലെത്തി മറ്റുള്ളവർക്ക് പ്രചോദനമേകാനാണ് അനീഷിന്റെ ശ്രമം. കൊച്ചു കൊച്ചു കഥകളും ചോദ്യങ്ങളും സമ്മാനങ്ങളുമായി സമയം ചെലവിടുമ്പോൾ ഒരു ലക്ഷ്യം മാത്രം, വീട്ടിലിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുക.

എല്ലാം നഷ്ടപ്പെട്ടാലും വീണ്ടും തുടങ്ങണം എങ്കിലേ തിരിച്ചുവരാനാകൂ എന്നാണ് ജീവിത സാഹചര്യങ്ങളെ കുറിച്ചോർത്ത് ദുഃഖിച്ചിരിക്കുന്നവരോട് അനീഷിന് പറയാനുള്ളത്. മനുഷ്യർ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന ഈ കാലത്ത് അനീഷിന് പറയാൻ ഇനിയുമേറെ കഥകളുണ്ട്. 

ദൈവത്തിന്റെ കാൽപ്പാടുകൾ

‘‘ഒരാൾ മരിച്ച് സ്വർഗത്തില്‍ എത്തി. അവിടെ ഒരു പുസ്തകവുമായി ദൈവം കാത്തിരിക്കുന്നുണ്ടായിരുന്നു. ഇതുവരെ അയാള്‍ സഞ്ചരിച്ച വഴികൾ ആ പുസ്തകത്തിലുണ്ട്. തന്റെ കാൽപ്പാടുകൾ അയാൾ അതിൽ കണ്ടു. ഒപ്പം തന്നെ പിന്തുടരുന്ന മറ്റൊരാളുടെ കാൽപ്പാടുകളും. ഇതാരുടെ കാൽപാടുകളാണ് എന്ന ചോദ്യത്തിന് നിനക്കൊപ്പം ഞാന്‍ എന്നുമുണ്ടായിരുന്നു എന്നാണ് ദൈവം മറുപടി നൽകിയത്. അതു കേട്ടതോടെ അയാൾക്ക് സന്തോഷം തോന്നി. എന്നാൽ പെട്ടെന്ന് എന്തോ ചിന്തയിൽ മുഴുകിയ അയാൾ പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ ദൈവത്തോട് ആവശ്യപ്പെട്ടു. ജീവിതത്തിലെ ഏറ്റവുമധികം കഷ്ടപ്പെട്ട സമയത്ത കാൽപാടുകളാണ് അയാൾ തേടിയത്. ആ പേജുകളിലേക്ക് നോക്കിയപ്പോൾ ഒരാളുടെ കാൽപാടുകൾ മാത്രമേ കാണാനുള്ളൂ. അയാൾ ദുഃഖിതനായി. ‘കണ്ടില്ലേ, ഞാൻ വളരെയേറെ കഷ്ടപ്പെട്ട സമയത്ത് അങ്ങ് എന്റെ കൂടെ ഉണ്ടായിരുന്നില്ല’ എന്നു ദൈവത്തോടു പറഞ്ഞു. എന്നാൽ ആ കാൽപ്പാടുകൾ സൂക്ഷിച്ച് നോക്കാൻ ദൈവം അയാളോട് ആവശ്യപ്പെട്ടു. ‘മകനേ, അത് എന്റെ കാൽപ്പാടുകളാണ്. കഷ്ടപ്പാടുകളിൽ നിന്നെ തോളിലേറ്റിയാണ് ഞാൻ നടന്നത്. അതുകൊണ്ടാണ് നിന്റെ കാൽപ്പാടുകൾ കാണാത്തത്’ എന്നും അയാളോട് പറഞ്ഞു.’’ ലോക്ഡൗണിന്റെ പ്രതിസന്ധിയിൽ തളർന്നു പോയവരോട് എനിക്ക് പറയാനുള്ളത് ഈ കഥയാണ്. ഇനിയെന്ത് എന്നാലോചിച്ച് ദുഃഖിച്ചിരിക്കാതെ, ഉറച്ച വിശ്വാസത്തോടെ പോരാടാൻ തയാറാവണം. ജോലി, വരുമാനം, ലോൺ തുടങ്ങി നിറയെ കാര്യങ്ങൾ മനസ്സിലേക്ക് കടന്നു വരും. എന്നാൽ നമുക്കു തോറ്റു കൊടുക്കാനാവില്ല. പോരാടിയാൽ മാത്രമേ ഇതെല്ലാം മറികടക്കാനാകൂ.

കലാകാരന്മാരും പ്രതിസന്ധിയിലാണ്

ഉത്സവകാലമാണ് ഇത്. മിമിക്രിയും ഗാനമേളയും അവതരിപ്പിക്കുന്ന എത്രയോ കലാകാരന്മാരുടെ ജീവിത മാർഗമാണ് അടഞ്ഞു പോയത്. സിനിമയുടെയും സീരിയലിന്റെയും അണിയറയിൽ പ്രവർത്തിക്കുന്ന എത്രയോ പേരുണ്ട്. 400ഉം 500ഉം രൂപയ്ക്ക് പണിയെടുക്കുന്നവർ മുതൽ അക്കൂട്ടത്തിലുണ്ട്. അവരെല്ലാം വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഏതെങ്കിലുമൊരു തരത്തില്‍ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും പ്രതിസന്ധിയിലാണ്. പക്ഷേ, നമുക്ക് മുന്നോട്ടു പോയേ തീരൂ.

മനസ്സും ഭൂമിയുമൊക്കെ ഫ്രഷ് ആകാനുള്ള ഒരു സമയമായി ഇതിനെ കരുതിയാല്‍ മതി. അര ഭാഗം വെള്ളമുള്ള ഒരു ഗ്ലാസിൽ നോക്കി ഇതിൽ ‘അര ഗ്ലാസ് വെള്ളമേ ഉള്ളൂ’ എന്നു ദുഃഖിക്കാതെ ‘ആഹ് ഇതിൽ അര ഗ്ലാസ് വെള്ളമുണ്ടല്ലോ’ എന്നു ചിന്തിക്കാൻ നമുക്ക് ശ്രമിക്കാം. ‘കൊറോണയാണ്, പ്രതിസന്ധിയാണ്, ജോലിയില്ല, എല്ലാം നശിച്ചു’ എന്നു പറഞ്ഞു കൊണ്ടിരുന്നാൽ ഒന്നും മാറില്ല. ക്രിയാത്മകമായി ഈ സമയം പ്രയോജനപ്പെടുത്താം. ബന്ധങ്ങൾ പുതുക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കാം. പുതിയ കാര്യങ്ങൾ പരിശീലിക്കാം.

തിരിച്ചുവരില്ലെന്നു കരുതിയ നിമിഷങ്ങൾ

ദൂരദർശനിലെ ‘മോഹനം’ എന്ന സീരിയലിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘ജ്വാലയായ്’ വന്നു. സീരിയൽ മേഖലയിൽ തിരക്കായി. ഒരേ ദിവസം രണ്ടു സീരിലുകൾ വരെ ചെയ്തിരുന്നു. എന്നാൽ ഏറെ വൈകാതെ അഭിനയത്തിന് ഒരു ബ്രേക് വന്നു. അവസരങ്ങൾ ലഭിക്കാതായി. തിരുവനന്തപുരത്ത് വീടു വാടകയ്ക്കെടുത്താണ് ഞാനും സുഹൃത്ത് മനോജും താമസിച്ചിരുന്നത്. വാടക കൊടുക്കാനാവാതെ വന്നതോടെ അഡ്വാൻസിൽ നിന്നു പിടിക്കാൻ തുടങ്ങി. അന്നൊരു കാർ ഉണ്ട്. പക്ഷേ, അതിൽ പെട്രോൾ അടിക്കാൻ പണമില്ല. അത്രയും തകർന്നു പോയിരുന്നു. മ്യൂസിയത്തിന്റെ അവിടെ വന്ന് ആകാശം നോക്കി കിടക്കും. അതായിരുന്നു ജീവിതം. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നൊക്കെ അന്നു ചിന്തിച്ചിട്ടുണ്ട്.

‘ഓപ്പോൾ’ എന്ന സീരിയലിനിടെ എനിക്ക് തീ പൊള്ളലേറ്റു. ആ സീരിയലിലെ എന്റെ ആദ്യ ദിവസമായിരുന്നു അത്. വീടിനു തീ പിടിക്കുന്ന രംഗമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. തീ അണയ്ക്കാൻ വന്ന അയൽക്കാരനായിരുന്നു ഞാൻ. വെള്ളമൊഴിച്ച് തീ അണച്ചു കൊണ്ടിരിക്കുകയായിരുന്നു. വീട് കത്തിച്ചശേഷം കുറച്ച് പെട്രോൾ മാറ്റിവച്ചിരുന്നു. ആർട് അസിസ്റ്റന്റ് വെള്ളമാണെന്നു കരുതി അതെടുത്ത് തീയിലേക്ക് ഒഴിച്ചു. ബോംബ് പൊട്ടുന്നതു പോലെ തീ ആളി കത്തി. എന്റെ പുറകു വശത്തു തീ പിടിച്ചു. ഞാൻ വേഗം ഓടി. എന്നിട്ട് വസ്ത്രമൊക്കെ ഊരി എറിഞ്ഞു.  പുറകു വശമാകെ പൊള്ളി. ഞാനവിടെ കുഴഞ്ഞു വീണു. ശരീരത്തിന്റെ 30 ശതമാനം പൊള്ളലേറ്റിരുന്നു.  27 ദിവസം ആശുപത്രിയിൽ കിടന്നു. അതുകഴിഞ്ഞപ്പോഴാണ് തീ പിടിച്ചുള്ള ഓട്ടത്തിൽ എന്റെ വലതു കാലിന്റെ ലിഗ്മെന്റ് പൊട്ടിയിരുന്നു എന്നു മനസ്സിലാക്കുന്നത്. പിന്നെ അതിന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി വേറൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നും കരുതിയിട്ടുണ്ട് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന്. പക്ഷേ, ആ കാലവും കടന്നു പോയി.

10 മിനിറ്റ് ഒന്നിച്ചിരിക്കാം

അപ്രതീക്ഷിതമായി മനസ്സിലെത്തിയ ആശയമാണ് ലൈവിൽ വരുന്നതും കഥ പറയുന്നതും ചോദ്യം ചോദിക്കുന്നതും. 21 ദിവസത്തേക്കാണ് പ്ലാൻ ചെയ്തത്. വിജയികളുടെ കൂടെ ഒരു സ്നേഹവിരുന്നായിരുന്നു സമ്മാനം. അതിനിടയിൽ എന്റെ ഒരു സുഹൃത്ത്  സമ്മാനിക്കാൻ സ്വർണനാണയം നൽകാമെന്നു പറഞ്ഞു. വിഷുവിന്റെ അന്ന് ഒരു മണിക്കൂർ വരെ ലൈവ് നീണ്ടു. സമയവും കാഴ്ചക്കാരും കൂടി. സമ്മാനം നൽകാൻ തയാറായി വേറെയും ചിലർ എത്തി. 

ലോക്ഡൗൺ നീട്ടിയതോടെ പരിപാടിയും നീട്ടി. അവസാനം വിജയികൾ ഒത്തു കൂടുന്ന ദിവസം ക്ലീനിങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവരെ ആദരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നമ്മൾ ഒന്നിച്ച് ഇതെല്ലാം മറികടക്കും എന്നു തന്നെയാണ് വിശ്വാസം.

English Summary : Actor Aneesh Ravi on Lock Down Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com