ഫോർട്ട് കൊച്ചിയിലെ വയലിനിസ്റ്റ് അലോഷ്യസിന്റെ ജീവിതം ; വിഡിയോ
Mail This Article
ഇത് ഫോർട്ട് കൊച്ചിയിലെ അലോഷ്യസ് സെബാസ്റ്റ്യൻ ഫെർണാണ്ടസ്. വിനോദസഞ്ചാരികൾക്കായി തെരുവിൽ വയലിൻ വായിച്ചാണ് അലോഷ്യസ് ജീവിക്കുന്നത്. താമസിക്കാൻ പ്രത്യേകിച്ച് വീടൊന്നുമില്ല. രാത്രി ബോട്ടു ജെട്ടിയിൽ കിടന്നുറങ്ങും. സന്നദ്ധപ്രവർത്തകർ എത്തിച്ചു നൽകുന്ന ഭക്ഷണം കഴിച്ചാണ് ഇപ്പോഴത്തെ ജീവിതം. ഫോർട്ടുകൊച്ചിയിലേക്കു വരുന്നതിനു മുൻപെ പാസഞ്ചർ തീവണ്ടികളിൽ വയലിൻ വായിച്ചായിരുന്നു ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്.
ഇങ്ങനെയൊന്നുമായിരുന്നില്ല അലോഷ്യസ് ഒരു കാലത്ത്. മുംബൈയിൽ സീനിയർ എയർക്രാഫ്റ്റ് ടെക്നീഷ്യനായിരുന്നു. സ്വദേശം കൊല്ലം. ഒൻപതു വർഷം മുംബൈയിൽ ജോലി ചെയ്തു. ചീട്ടുകളിയിൽ കമ്പം കയറി ജോലി നഷ്ടപ്പെട്ടു. പിന്നീട് വിദേശത്തേക്കു പോയി. ബഹ്റിനിൽ കുറച്ചുകാലം ജോലി ചെയ്തു. ആ സമ്പാദ്യം കൊണ്ട് രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചു. പിന്നീട് ബെംഗളൂരുവിലായിരുന്നു ജീവിതം. അതിനിടയിൽ വയലിൻ വായിക്കാൻ പഠിച്ചു. പിന്നെ, അതുമായി നാടു ചുറ്റാൻ ഇറങ്ങുകയായിരുന്നു. ഇപ്പോൾ തെരുവിലാണ് അലോഷ്യസിന്റെ ജീവിതം. സഞ്ചാരികൾക്കു മുന്നിൽ വയലിൻ വായിച്ചാൽ ദിവസം മുന്നൂറു രൂപയോളം ലഭിക്കുമായിരുന്നു. ലോക്ഡൗൺ ആയതിനാൽ ആ വരുമാനം നിലച്ചു. സന്നദ്ധപ്രവർത്തകർ ഭക്ഷണം എത്തിച്ചു നൽകുന്നതിനാൽ പട്ടിണി അല്ല.
ജീവിക്കാൻ ഇതൊക്കെ മതി എന്നാണ് അലോഷ്യസിന്റെ നിലപാട്. വിശക്കുമ്പോൾ ഭക്ഷണം കഴിക്കണം... ഉറങ്ങാൻ തോന്നുമ്പോൾ എവിടെയെങ്കിലും ചുരുണ്ടു കൂടണം. എങ്കിലും, സഞ്ചാരികളെ ഒരുപാടു മിസ് ചെയ്യുന്നുണ്ട് അലോഷ്യസ്. കോവിഡ് ലോക്ഡൗൺ അവസാനിച്ച് സഞ്ചാരികൾ ഫോർട്ടുകൊച്ചിയിൽ തിരികെ എത്തുന്നതും കാത്ത് ഫോർട്ടുകൊച്ചിയിലെ തെരുവിൽ കഴിയുകയാണ് അലോഷ്യസ്. ഇടയ്ക്കിടെ അകലങ്ങളിലെ സഞ്ചാരികൾക്കായി വയലിനിൽ ഇഷ്ടമുള്ള വരികൾ വായിക്കും. കേൾക്കാൻ ആരുമില്ലെങ്കിലും വയലിൻ വായിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്ന് അലോഷ്യസ് പുഞ്ചിരിയോടെ പറയുന്നു.
English Summary : life of Violinist Aloysious at Fort Kochi