89-ാം വയസ്സില്‍ അച്ഛനായി; ഒരു കുഞ്ഞ് കൂടി വേണമെന്ന് ബെർണി എക്ലേസ്റ്റോൺ
Mail This Article
ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം വെളിപ്പെടുത്തി ഫോർമുല വൺ മത്സരങ്ങളുടെ മുന്‍ തലവനും ബിസിനസുകാരനുമായ ബെർണി എക്ലസ്റ്റോൺ. 89 വയസ്സുകാരനായ ബെർണിക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഒരു ആൺകുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷം പങ്കുവയ്ക്കുമ്പോഴാണ് ബെര്‍ണി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.
മൂന്നാം ഭാര്യ ഫാബിയാനയിലാണ് ബെർണിയ്ക്ക് മകൻ പിറന്നത്. ജൂലൈ 1ന് ആയിരുന്നു പ്രസവം. ഏസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ബിസിനസിൽ നിന്നു വിട്ടു നിൽക്കുന്നതിനാൽ കൂടുതൽ സമയം മകനൊപ്പം ചെലവഴിക്കാനാകുമെന്നും അവന് ഒരു ഇളയ സഹോദരനോ, സഹോദരിയോ ഉണ്ടായേക്കാമെന്നുമാണ് ബെർണി ദ് സണ്ണിനോട് പ്രതികരിച്ചത്.
2012 ലായിരുന്നു ബെർണിയുടേയും 44 കാരി ഫാബിയാനയുടേയും വിവാഹം. പ്രണയത്തിലായിരുന്ന സമയത്ത് കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹം ഫാബിയാന പ്രകടിപ്പിച്ചിരുന്നെന്നും താൻ സമ്മതം അറിയിച്ചിരുന്നതായും ബെര്‍ണി പറഞ്ഞു. ആ ആഗ്രഹം സാധ്യമായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
മുൻ വിവാഹങ്ങളിലായി ഡിബോറ (65), തമാറ (36) പെട്ര (31) എന്നീ മൂന്നു പെൺമക്കളാണുള്ളത്. അഞ്ച് പേരക്കുട്ടികളുമുണ്ട്.
ഇംഗ്ലണ്ടിലെ സഫോക്കിൽ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായാണ് ബെർണിയുടെ ജനനം. 16–ാം വയസ്സിൽ പഠനം അവസാനിപ്പിച്ച് ഇദ്ദേഹം പല മേഖലകളിലും ജോലി ചെയ്തു. പിന്നീട് ബിസിനസ് രംഗത്തെ അതികായനായി വളരുകയായിരുന്നു. നിലവിൽ 2.5 ബില്യൻ യൂറോയുടെ ആസ്ഥിയാണുള്ളത്.
English Summary : Bernie Ecclestone wants to become dad once more