വ്യത്യസ്ത രാഷ്ട്രീയമുള്ളവർ ജീവിത പങ്കാളികളാകുമ്പോൾ
Mail This Article
‘ആള് കുറച്ച് രാഷ്ട്രീയ പ്രവർത്തനമൊക്കെയുള്ളയാളാ. പക്ഷേ നല്ല സ്വഭാവം, ആ നാട്ടിലെ സാമൂഹ്യ പ്രവർത്തനത്തിലൊക്കെ ഓടിനടന്ന് പങ്കെടുക്കുന്നയാൾ. എന്താ നോക്കുകയല്ലേ’, അമ്മുവിനോട് അമ്മാവന്റെ ചോദ്യമാണ്. വീട്ടിൽ കല്യാണാലോചനകളുടെ പ്രളയമാണ്, എങ്കിലും അമ്മുവിന് നല്ലയാളെന്നു തോന്നുന്നയാളെ മാത്രമേ കല്യാണം കഴിപ്പിക്കുവെന്ന് അമ്മയും അച്ഛനും അവൾക്കു വാക്കും കൊടുത്തിരുന്നു. ഒന്നാലോചിച്ച് അമ്മു ചോദിച്ചു. ഏതു പാർട്ടിയാ? അമ്മാവൻ പാർട്ടിയേതെന്നു പറഞ്ഞപ്പോൾ അമ്മുവിനു സംശയം. ആ പാർട്ടിക്കാരുടെ ആശയങ്ങളോട് എതിർപ്പുള്ളയാളാണ് അമ്മു. കല്യാണം കഴിച്ച് ജീവിതത്തിലേക്കു കടക്കുമ്പോൾ അവിടെ പങ്കാളികളുടെ രാഷ്ട്രീയം പ്രശ്നമാകുമോ?
അമ്മുവിന്റെ സംശയം ജീവിതപങ്കാളിയെ തേടുന്ന യുവതീയുവാക്കൾക്ക് ഒരിക്കലെങ്കിലും തോന്നിയേക്കാവുന്ന ഒന്നാണ്. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന എന്നാൽ വളരെ നന്നായി വിവാഹജീവിതം നയിച്ച ചില പ്രശസ്ത ദമ്പതിമാർ നമുക്കു മുന്നിൽ ഉദാഹരണമായുണ്ട്. എന്നാൽ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ യുവതീയുവാക്കളിൽ മിക്കവരും രാഷ്ട്രീയച്ചേർച്ചയും നോക്കാറുണ്ട്. ഉദാഹരണത്തിന് ഡേറ്റിങ് ആപ്പുകളിൽ തന്റെ രാഷ്ട്രീയം പ്രൊഫൈലിൽ തന്നെ വ്യക്തമാക്കുന്നവർ അനവധിയാണ്. ചിലർ ഒരു പടി കൂടി കടന്ന് തന്റെ രാഷ്ട്രീയത്തോടു യോജിക്കുന്നവരെ മാത്രമേ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നുള്ളൂ എന്നു വ്യക്തമാക്കാറുണ്ട്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ രാഷ്ട്രീയം നോക്കേണ്ട കാര്യമുണ്ടോ? രാഷ്ട്രീയ വ്യത്യാസമുള്ളവർ വിവാഹം കഴിച്ചാൽ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടോ?
അടുത്തകാലത്ത് ബ്രിട്ടനിൽ നടന്ന ഒരു പ്രതിഭാസത്തെ പറ്റി പറയാം. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിക്കണമോ വേണ്ടയോ എന്നതു സംബന്ധിച്ച് ബ്രിട്ടിഷ് ജനത രണ്ടു തട്ടായി തിരിഞ്ഞു. ഈ രാഷ്ട്രീയ വ്യത്യാസം 16 ലക്ഷം ബ്രിട്ടിഷ് കുടുംബങ്ങളിൽ പ്രശ്നങ്ങൾക്കു കാരണമായി എന്നാണ് പിന്നീട് പുറത്തുവന്ന കണ്ടെത്തൽ. ബ്രെക്സിറ്റിനെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസം ലക്ഷക്കണക്കിനു ബന്ധങ്ങൾ തകരാൻ കാരണമായി എന്നത് ഞെട്ടിക്കുന്ന കണക്കായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടത്തിയ പഠനങ്ങളിൽ യുവതീയുവാക്കൾക്ക് സ്വന്തം രാഷ്ട്രീയത്തോട് അനുഭാവം കാണിക്കാത്തവരോട് കൂട്ടു കൂടാൻ മടി ഉള്ളതായി കണ്ടെത്തിയത് ഇതിനോടു ചേർത്തു വായിക്കാം.
എന്നാൽ രാഷ്ട്രീയമെന്നത് ആർക്കു വോട്ടു ചെയ്യും എന്നതിൽ നിന്ന് ഒരുപാടു വളർന്ന കാലത്താണ് നാം ജീവിക്കുന്നത്. ഒരു പ്രത്യയശാസ്ത്രത്തോടുള്ള അനുഭാവം എത്രത്തോളം ആഴത്തിലുള്ളതാണെന്നും അത് നിത്യജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ തക്കതാണോ എന്നുള്ളത് പ്രധാനമാണ്. കുട്ടികൾക്കു പേരിടുന്നതു മുതൽ അവരെ വളർത്തുന്ന രീതിയും അവർക്കു നൽകുന്ന വിദ്യാഭ്യാസത്തിലും വരെ മാതാപിതാക്കളുടെ രാഷ്ട്രീയത്തിനു പ്രധാനപങ്കുണ്ട്. കുട്ടികൾ വളർന്നു വരുമ്പോൾ അവരെടുക്കുന്ന തീരുമാനങ്ങളിലും അവർ നടത്തുന്ന അഭിപ്രായപ്രകടനങ്ങളിലും മാതാപിതാക്കളുടെ രാഷ്ട്രീയം ചെലുത്തുന്ന സ്വാധീനം വലുതാണ്. എന്നാൽ പ്രായപൂർത്തിയായതിനു ശേഷം അവർ കടന്നു പോകുന്ന സാഹചര്യങ്ങൾ, ജീവിതാനുഭവങ്ങൾ, വായന തുടങ്ങിയ കാര്യങ്ങൾ അവരുടെ രാഷ്ട്രീയ ചിന്തകളെ മാറ്റിമറിച്ചേക്കാം. ഉദാഹരണത്തിനു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ഒരു കുട്ടി മുതിർന്നതിനുശേഷം ഒരു പുരോഗമനചിന്താഗതിക്കാരനായി മാറുന്നത് ഇതിന്റെ ഉദാഹരണമാണ്.
കുട്ടികളെ വളർത്തുന്ന ഉത്തരവാദിത്തം സ്ത്രീകൾക്കും അതേ സമയം കുടുംബത്തിനു മുന്നോട്ടുപോകാൻ വേണ്ട ധനലഭ്യത ഉറപ്പുവരുത്തേണ്ടതു പുരുഷനുമാണെന്ന ചിന്താഗതി വച്ചുപുലർത്തുന്ന കുടുംബങ്ങൾ കേരളത്തിൽ ഇന്നും ധാരാളമുണ്ട്. സ്ത്രീ സ്വന്തം കാലിൽ നിൽക്കുന്നവളാകണമെന്നും ജോലി വേണമെന്നും അഭിപ്രായമുള്ള ഒരു സ്ത്രീക്ക് ഇത്തരം ചുറ്റുപാടിൽ മുന്നോട്ടു പോകാൻ കഴിയില്ല.
രാഷ്ട്രീയ പാർട്ടികളുടെ പേരിൽ നടക്കുന്ന സംവാദങ്ങളും ചിലപ്പോൾ പങ്കാളികൾ തമ്മിലുള്ള അലോസരങ്ങൾക്കു കാരണമായേക്കാം. രാഷ്ട്രീയ ചർച്ചകൾ പരിധി വിടുമ്പോൾ പങ്കാളികൾ തമ്മിലുള്ള പരസ്പരബഹുമാനം അപ്രത്യക്ഷമായേക്കാം. അതിനാൽ തീവ്രരാഷ്ട്രീയ നിലപാടുള്ളവരുമായി യോജിച്ചു പോകാൻ വിപരീത രാഷ്ട്രീയമുള്ള പങ്കാളിക്ക് കഴിയണമെന്നില്ല.
ഇത്തരം ഘട്ടങ്ങളിൽ പങ്കാളികളുടെ കമ്യൂണിക്കേഷൻ സ്കിൽസിന് പ്രധാന പങ്കുവഹിക്കാനുണ്ടെന്നു ബ്രിട്ടിഷ് സൈക്കോളജിസ്റ്റായ ദാരിയ കസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സംവാദം പരസ്പരമുള്ള പഴിചാരലിലേക്ക് വഴിവയ്ക്കാതെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ദാരിയ കസിന്റെ അഭിപ്രായം. ഒന്നിച്ചുള്ള ജീവിതം തുടങ്ങുന്നതിനു മുൻപു തന്നെ തന്റെ രാഷ്ട്രീയവും കാത്തു സൂക്ഷിക്കുന്ന പ്രത്യയശാസ്ത്രവും വ്യക്തമാക്കി, കുടുംബജീവിതത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടാകില്ല എന്നുറപ്പു വരുത്തുന്നതാണ് നല്ലതെന്നും ദാരിയ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതുദ്ദേശിക്കുന്നത് സന്ദേശം സിനിമയിൽ ശ്രീനിവാസന്റെ കഥാപാത്രം പെണ്ണുകാണലിന് പറയുന്നതുപോലെ കാര്യങ്ങൾ അവതരിപ്പിക്കണമെന്നുമല്ല. രാഷ്ട്രീയ നിലപാടുകളുണ്ടോ എന്നു ചോദിച്ചറിയുകയും തന്റെ രാഷ്ട്രീയം വ്യക്തമാക്കുകയുമാണ് വേണ്ടത്.