തിരിച്ചറിവിന്റെ 7 ഘട്ടങ്ങള് ; പുരുഷന്മാർ ബ്രേക്കപ്പിനെ അതിജീവിക്കുന്നത് ഇങ്ങനെ
Mail This Article
പുരുഷന്മാർ പലപ്പോഴും പല രീതിയിലാണ് ബ്രേക്കപ്പിനോട് പ്രതികരിക്കുന്നത്. ചിലർ ബ്രേക്കപ്പിനു ശേഷം വളരെ വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരും. മറ്റു ചിലരാകട്ടെ വളരെ അസ്വസ്ഥത പ്രകടിപ്പിക്കും. ഇതിലൊന്നും പെടാത്ത ചിലർ വികാരങ്ങളെ ഉള്ളിലടക്കി ഒന്നും സംഭവിക്കാത്തതു പോലെ സ്വാഭാവികമായി പെരുമാറും. വളരെ സോഷ്യലായ പുരുഷന്മാർക്ക് പൊതുവേ മറ്റുള്ളവരെ ഒരു പരിധിയിൽക്കൂടുതൽ ആശ്രയിക്കാനുള്ള പ്രവണതയുണ്ടായിരിക്കും. ഉള്ളിൽ ഒരു കൂട്ടുവേണമെന്ന് ആഗ്രഹിക്കുമ്പോഴും പുറമെ വികാരങ്ങളെ പ്രകടിപ്പിക്കാതെ ധൈര്യത്തിന്റെ മൂടുപടം ധരിക്കുന്നവരുമുണ്ട്. ഒരു മോശം ബ്രേക്കപ്പിലൂടെ കടന്നു പോകുന്ന പുരുഷന്മാർ ഏഴുഘട്ടങ്ങളിലൂടെയാണ് ജീവിതത്തെ തിരികെപ്പിടിക്കുന്നതെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. അത് എങ്ങനെയാണെന്ന് നോക്കാം.
1. ബന്ധം തകരുമ്പോൾ ഈഗോയുടെ കെട്ട് താനേ അഴിയും
ചില പുരുഷന്മാർക്ക് അതിഭയങ്കരമായ ഈഗോയുണ്ട്. കഷ്ടകാലത്തിന്, അവരെ ഭരിക്കുന്ന സ്വഭാവമുള്ള ഒരു പങ്കാളിയെയാണ് കിട്ടുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞു മറിയും. ഇത്തരം പുരുഷന്മാർ ബന്ധങ്ങളേക്കാൾ പ്രാധാന്യം അവരുടെ ഈഗോയ്ക്കാണ് നൽകുന്നത്. പക്ഷേ ബന്ധം തകർന്നാൽ അവരുടെ ഈഗോയുടെ കെട്ടും താനേ തകരും. ഉള്ളിൽ കരഞ്ഞുകൊണ്ട് അവർ ജീവിതത്തിലെ ഓരോ നിമിഷത്തെയും അപാരമായി സ്നേഹിച്ചു തുടങ്ങും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ബ്രേക്കപ് ആകാനും അതിനെ അതിജീവിക്കാനും ഈഗോ ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്.
2. വേദന മറക്കാൻ സാമൂഹിക ജീവിതത്തിൽ സജീവമാകും
ഒരു പ്രണയഭംഗം ഉണ്ടായെന്നു കരുതി എപ്പോഴും കരഞ്ഞു നിലവിളിച്ചിരിക്കാൻ പുരുഷന്മാർ തയാറല്ല. ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് അവർ സാമൂഹിക ജീവിതത്തിൽ സജീവമാകും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ രീതി കുറച്ച് പ്രയാസമേറിയതായിരിക്കും. സംഭവിച്ചതൊന്നും അത്രയെളുപ്പം മറക്കാൻ അവർക്ക് കഴിയണമെന്നില്ല. പുരുഷന്മാർ പങ്കാളിയെപ്പറ്റി മറക്കാനായി പുതിയ സൗഹൃദങ്ങൾ തേടും. ഫോൺവിളിയും സന്ദേശങ്ങളുമായി മറ്റുള്ളവരുമായി നിരന്തരം ആശയവിനിമയം പുലർത്താൻ അവർ ശ്രമിച്ചുകൊണ്ടേയിരിക്കും. ഇങ്ങനെ ചെയ്യുന്നത് വളരെ വേഗം ഒരു പുതിയ പ്രണയം കണ്ടെത്താനല്ല. മറിച്ച് മനസ്സിനെ തിരക്കാക്കി നിർത്തി പങ്കാളിയെ തനിക്ക് മിസ്സ് ചെയ്യുന്നില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.
3. ഇനി ഒറ്റയ്ക്കാണെന്ന തിരിച്ചറിവ്
ഇനി ഒറ്റയ്ക്കാണെന്ന തിരിച്ചറിവാണ് ബ്രേക്കപ്പിനു ശേഷം പുരുഷന്മാരെ മുന്നോട്ടു നയിക്കുന്നതെന്നാണ് ടെക്സസ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. മാനസികനില മെച്ചപ്പെടുത്താൻ വേണ്ട എന്തും അവർ ഈ ഘട്ടത്തിൽ ചെയ്യും. മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തി അവർ വൈകാരികമായ തകർച്ചയെ അതിജീവിക്കാൻ ശ്രമിക്കും. ഇതൊക്കെ സംഭവിക്കണമെങ്കിൽ വൈകാരികമായി തളർന്നിരിക്കുകയാണെന്ന ഉത്തമബോധ്യവും തിരിച്ചറിവും അവർക്ക് ഉണ്ടായിരിക്കണമെന്നു മാത്രം.
തന്റെ ഈഗോയെ തൃപ്തിപ്പെടുത്താൻ ഏതറ്റംവരെയും അവർ പോകും. സന്തോഷവാനാണെന്നു ഭാവിച്ച് സുഹൃത്തുക്കൾക്കൊപ്പം കൂടും, തമാശകൾ പറയും. ശൃംഗാരച്ചുവയിൽ മറ്റുള്ള സ്ത്രീകളോട് സംസാരിക്കും. ജോലിയിൽ ഉഴപ്പുകാട്ടും. ഇതെല്ലാം ചെയ്യുമ്പോൾ ബ്രേക്കപ്പിൽനിന്ന് വളരെ വേഗം താൻ പുറത്തു കടക്കുന്നു എന്ന തോന്നലായിരിക്കും അവർക്ക്. പക്ഷേ ആ തിരിച്ചറിവിന്റെ നിമിഷത്തിലാണ് അവർ യഥാർഥത്തിൽ ബ്രേക്കപ്പിനെ അതിജീവിച്ചു തുടങ്ങുന്നത്.
4. ദേഷ്യവും സങ്കടവും
തിരിച്ചറിവ് എന്ന മൂന്നാംഘട്ടം കഴിഞ്ഞാൽ പിന്നെ കുറേ ചോദ്യങ്ങളാകും മനസ്സിൽ അവശേഷിക്കുക. പ്രണയഭംഗത്തിലേക്കു നയിച്ച കാരണങ്ങളെപ്പറ്റിയൊക്കെ കുറേ ചോദ്യങ്ങൾ മനസ്സിലുയരും അത് മനസ്സിനെ നയിക്കുക അടക്കാനാകാത്ത സങ്കടത്തിലേക്കും ദേഷ്യത്തിലേക്കുമായിരിക്കും. മനസ്സിലുണ്ടാകുന്ന വികാരങ്ങളെ പുറത്തു വിടുന്നതിലൂടെ മനസ്സ് ശാന്തമാകും. കാരണം ആ സമയത്ത് അവരെ മനസ്സിലാക്കാൻ അവർക്കു മാത്രമേ സാധിക്കൂ. മനസ്സിൽ അത്രകാലവും കെട്ടിക്കിടന്ന വിഷമങ്ങളെയും സങ്കടങ്ങളെയും പുറത്തു വിടുന്നതിലൂടെ ബ്രേക്കപ്പിനെ അതിജീവിക്കാനുള്ള ക്ഷമതയും കൂടും.
5. സത്യത്തെ അംഗീകരിക്കാൻ പഠിക്കും
ബ്രേക്കപ് എന്ന സത്യത്തെ അംഗീകരിക്കാൻ പഠിക്കുന്ന സമയമാണിത്. അപ്പുറത്തുള്ള ആളിൽനിന്നു കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലാത്ത അവസ്ഥ. പ്രണയം തിരിച്ചു പിടിക്കാനായി നിങ്ങൾ ആ ആളെ ഫോണിൽ വിളിച്ചിട്ടുണ്ടാകും. കാണാൻ ശ്രമിച്ചിട്ടുണ്ടാകും. പ്രണയകാലത്ത് ആരും കൊതിക്കുന്നതുപോലെ പ്രണയിച്ചിട്ടുമുണ്ടാകും. പക്ഷേ അതൊക്കെ കഴിഞ്ഞു പോയി എന്ന സത്യം അംഗീകരിക്കാൻ പഠിക്കുന്ന ഘട്ടമാണിത്. ആത്മാർഥമായി ശ്രമിച്ചിട്ടും പ്രണയം തിരിച്ചു പിടിക്കാൻ പറ്റില്ലെന്ന് ആ ഘട്ടത്തിൽ മനസ്സിലാകും.
6. നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കും, ഒപ്പം പ്രത്യാശയ്ക്കും വകയുണ്ട്
പ്രണയഭംഗം നിങ്ങളിലും പങ്കാളിയിലുമുള്ള വിശ്വാസം നിങ്ങൾക്ക് നഷ്ടപ്പെടുത്തും. അത് ഒരു സ്വയം മൂല്യനിർണയത്തിനുള്ള വഴിയൊരുക്കും. എന്തൊക്കെയാണ് നിങ്ങൾക്കു വേണ്ടത് എന്നതിനെപ്പറ്റിയൊക്കെ ഒരു ധാരണയുണ്ടാകുന്ന ഘട്ടമാണിത്. പങ്കാളി ഒപ്പമില്ലാതെയും ജീവിതം മുന്നോട്ടു പോകുമെന്ന തിരിച്ചറിവു ലഭിക്കുന്ന, സംഭവിച്ച അബദ്ധങ്ങളിൽനിന്ന് പുതിയ പാഠങ്ങൾ പഠിക്കുന്ന സമയം. ഇത് നല്ല ക്ഷമയും സഹനശക്തിയും പുരുഷന്മാർക്ക് സമ്മാനിക്കും.
7. ഇനിയുമൊരു പ്രണയമാകാം
ഈ ഘട്ടത്തിലേക്കെത്താൻ മാസങ്ങളോ വർഷങ്ങളോ വേണ്ടി വന്നേക്കാം. മറ്റൊരു ബന്ധത്തിലേക്ക് കടക്കാൻ മനസ്സ് ഒരുക്കം തുടങ്ങുന്ന ഘട്ടം കൂടിയാണിത്. എന്താണ് ഇനി വേണ്ടത് എന്നതിനെക്കുറിച്ച് പുരുഷന്മാർക്ക് വ്യക്തത വരുന്ന സമയമാണിത്. ചിലർ മറ്റൊരു പങ്കാളിയെ കണ്ടെത്തുമ്പോൾ ചിലർ മുന്നോട്ടുള്ള ജീവിതത്തിൽ ഇനി തനിച്ചു മതി എന്ന തീരുമാനമെടുക്കും. ബ്രേക്കപ്പുമായി ബന്ധപ്പെട്ട് എതെങ്കിലും തരം ഇൻഹിബിഷൻസ് ഉണ്ടെങ്കിൽ അതെല്ലാം ഈ ഘട്ടത്തിൽ മാറിക്കിട്ടും. എന്താണ് പഴയജീവിതത്തിൽ സംഭവിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുന്നതിനോടൊപ്പം പഴയ കാര്യങ്ങൾ മറക്കാനുള്ള കരുത്തും കിട്ടും.
ഓരോരുത്തരുടെയും സ്വഭാവമനുസരിച്ചേ എത്രസമയമെടുത്താണ് അവർ പ്രണയഭംഗത്തിന്റെ വേദനയിൽനിന്നു മോചനം നേടുന്നത് എന്നൊക്കെ പറയാനാവൂ. ഒരു സങ്കടവും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കില്ല. അതിജീവിക്കാനെടുക്കുന്ന കാലതാമസത്തിൽ മാത്രമേ വ്യത്യാസമുണ്ടാകൂ.
English Summary : 7 Stages All Men Go Through While Recovering From A Tough Breakup