‘രാത്രി കാണാം എന്നായിരുന്നു ശബരി അവസാനമായി പറഞ്ഞത്’
Mail This Article
മലയാള ടെലിവിഷൻ ലോകത്തെ ഞെട്ടിച്ചായിരുന്നു സീരിയൽ താരം ശബരീനാഥിന്റെ വിയോഗം. ഹൃദയാഘാതത്തെത്തുടർന്ന് 45–ാം വയസ്സിൽ ശബരീനാഥ് വിടവാങ്ങുമ്പോൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അത് അപ്രതീക്ഷിതവും അവിശ്വസനീയവുമായിരുന്നു. ജീവിതം എത്രമാത്രം പ്രവചനാധീതമാണെന്ന് തിരിച്ചറിഞ്ഞ ദിവസം എന്നാണ് ശബരീനാഥിന്റെ അടുത്ത സുഹൃത്തും നടനുമായ സാജൻ സൂര്യ ആ ദിവസത്തെ വേദനയോടെ ഓർമിക്കുക. ഏതാവശ്യത്തിനും ഓടിയെത്തുന്ന, ഒരുപാട് ഓർമകൾ സമ്മാനിച്ച ആത്മാർഥ സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് സാജൻ സൂര്യ മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.
ശബരിയും ഞാനും എംജി കോളജിലാണ് പഠിച്ചത്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അവൻ ഡിഗ്രിക്ക് ആയിരുന്നു. ആ സമയത്ത് പരസ്പരം അറിയാം എന്നതിലപ്പുറം സൗഹൃദം ഒന്നുമില്ലായിരുന്നു. 2006–07 കാലഘട്ടത്തിൽ നിർമാല്യം എന്നൊരു സീരിയൽ ചെയ്തു. അതിൽ ഞാൻ നായകനും അവൻ വില്ലനും ആയിരുന്നു. ആ സെറ്റിൽവച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതും ശക്തമാകുന്നതും. ഒരേ നാട്ടിൽ നിന്നുള്ളവര്‍, സമാനമായ ജീവിത സാഹചര്യങ്ങളുള്ളവർ എന്നതൊക്കെയാകാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. നന്നായി കുടംബം നോക്കുന്നത് വലിയൊരു ഗുണമായി കാണുന്ന ആളാണ് ഞാൻ. അങ്ങനെയുള്ളവർ നല്ലവരായിരിക്കും എന്നാണ് എന്റെ വിശ്വസം. ശബരി അങ്ങനെ ഒരാളായിരുന്നു. അതും സൗഹൃദം ശക്തമാകാൻ കാരണമായി.
ഏതു പാതിരാത്രി വിളിച്ചാലും ഒന്നാമത്തെയോ രണ്ടാമത്തെയോ റിങ്ങിൽ അവൻ ഫോൺ എടുക്കും. ശബരിയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് മാത്രമല്ല, അവനെ അറിയുന്ന ആർക്കും ആദ്യമായി ഓർമ വരുന്ന കാര്യം ഇതായിരിക്കും. ആരെയെങ്കിലും സഹായിക്കാന്‍ സമയമോ സാഹചര്യമോ ഒന്നും ശബരിക്ക് പ്രശ്നമല്ല. ഞാൻ വീട്ടിലില്ലാത്ത സാഹചര്യത്തിൽ പെട്ടെന്നൊരു ആവശ്യം വന്നാൽ ഓടിയെത്തുന്ന ആൾ അവനായിരിക്കും. തിരിച്ചും അങ്ങനെ ആയിരുന്നു. ഒന്നര കിലോമീറ്റർ അകലത്തിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.
രാത്രി കാണാം സാജാ
അവൻ നമ്മളെ വിട്ടു പോയ ദിവസം ഉച്ചയ്ക്ക് ഒരു 12 മണി സമയത്താണ് അവസാനമായി സംസാരിക്കുന്നത്. ഞാന്‍ അവന്റെ ഭാര്യയുടെ കാർ എന്റെ ഭാര്യയ്ക്കു വേണ്ടി വിലയ്ക്ക് വാങ്ങിയിരുന്നു. അതിന്റെ ടാക്സുമായി ബന്ധപ്പെട്ട പേപ്പറും മറ്റു ചില സാധനങ്ങളും കൂടി കിട്ടാനുണ്ടായിരുന്നു. അവന്റെ അരുവിക്കരയുള്ള വീട്ടിലായിരുന്നു അത്. അവൻ അവിടെ പോയി അതെല്ലാം എടുത്തുവച്ചിരുന്നു. രാത്രി അതുമായി എന്റെ വീട്ടിലേക്ക് വരാമെന്നായിരുന്നു പറഞ്ഞത്. രാത്രി കാണാം എന്നു പറഞ്ഞ് ഫോണ്‍വെച്ച ആൾ പിന്നെ ഒരിക്കലും തിരിച്ചുവരാനാകാത്ത ഇടത്തേയക്ക് പോയി. ജീവിതം അവിശ്വസനീയവും പ്രവചനാധീതവുമാണെന്ന് അറിയാം. പക്ഷേ അത് ഞാൻ അനുഭവിച്ചത് അവന്റെ കാര്യത്തിലായിരുന്നു.
ബാഡ്മിന്റൻ കളിച്ചതു കൊണ്ടല്ല
ശബരിയുടെ മരണത്തിനുശേഷം നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുകയുണ്ടായി. ചിലർ ആരോഗ്യസംരക്ഷണത്തിലൊന്നും കാര്യമില്ലെന്നായി. മറ്റു ചിലർ ബാഡ്മിന്റൻ കളിച്ചതുകൊണ്ടാണ് മരിച്ചതെന്നായി. അതുകൂടെ വേറെയും പല കഥകൾ പ്രചരിച്ചു. ശബരിയ്ക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഓഗസ്റ്റിൽ ചെക്കപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പുറമേയ്ക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാതിരുന്നതിനാലും കോവിഡ് വ്യാപനം രൂക്ഷമായതിനാലും സെപ്റ്റംബറിലോ ഒക്ടോബറിലോ ചെയ്യാമെന്നു കരുതി. എന്നാൽ അകത്ത് വലിയ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് തിരിച്ചറിയുന്നതിന് മുമ്പ് അവൻ പോയി. ഈ അവസ്ഥയില്‍ ഉള്ളയാൾ ബാഡ്മിന്റൻ കളിക്കാൻ പാടില്ലായിരുന്നു. അല്ലാതെ ബാഡ്മിന്റൻ കളിച്ചതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയുന്നത് തെറ്റാണ്. പിന്നെ ആരോഗ്യം സംരക്ഷിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ല എന്നു പറയുന്നതിന്റെ യുക്തിയും മനസ്സിലാകുന്നുമില്ല.
English Summary : Sajan Surya on friendship with late actor Sabarinath