എന്തുകൊണ്ട് എലീനയോട് പ്രണയം തോന്നി ? മനസ്സ് തുറന്ന് രോഹിത് പ്രദീപ്
Mail This Article
മലയാളികളുടെ പ്രിയ താരം എലീന പടിക്കൽ വിവാഹിതയാകുകയാണ്. കോഴിക്കോട് സ്വദേശി രോഹിത് ആണ് വരൻ. ഒരുപാട് ‘നോ’കളെ മറികടന്നാണ് രോഹിത് എലീനയുടെ പ്രണയം നേടിയെടുത്തത്. എന്തുകൊണ്ടാണ് എലീനയോട് പ്രണയം തോന്നിയത് ? ആദ്യമായി എലീനയ്ക്ക് നൽകിയ വാലന്റൈൻസ് ഡേ ഗിഫ്റ്റ് എന്തായിരുന്നു ? ഈ പ്രണയ ദിനത്തിൽ രോഹിത് മനോരമ ഓൺലൈനോട് മനസ്സ് തുറക്കുന്നു.
എലീന എപ്പോഴും ഹാപ്പി
2014 ൽ ആണ് എലീനയെ പരിചയപ്പെടുന്നത്. അന്നു ഞാൻ ഡിഗ്രി രണ്ടാം വർഷമാണ്. ചെന്നൈയിലാണ് പഠിക്കുന്നതെങ്കിലും എന്റെ കസിനും ഏതാനും സുഹൃത്തുക്കളും ബെംഗളുരൂ ക്രൈസ്റ്റിലാണ് പഠിച്ചിരുന്നത്. അവരെ കാണാനായി പോയപ്പോൾ യാദൃച്ഛികമായാണ് സുഹൃത്തിന്റെ സുഹൃത്തായ എലീനയെ കാണുന്നതും പരിചയപ്പെടുന്നതും.
എലീന ഫുൾടൈം ഹാപ്പി ആണ്. ഒരു പാവം കുട്ടി. നല്ലൊരു വൈബ് ആണ് ആളുടെ സാന്നിധ്യം നൽകുക. എലീന കുറേ സംസാരിക്കുന്ന ആളാണെങ്കിൽ ഞാൻ നന്നായി കേട്ടിരിക്കുന്ന ആളാണ്. അങ്ങനെ എലീനയുടെ സ്വഭാവത്തിന്റെ നേരെ ഓപ്പോസിറ്റാണ് എന്റേത്. അങ്ങനെയുള്ളവർ നന്നായി യോജിച്ചു പോകുമല്ലോ. എനിക്ക് പറ്റിയ ആളാണ് എന്നു തോന്നിയപ്പോൾ പ്രണയം പറഞ്ഞു. പക്ഷേ കുറേ ആള് സമ്മതിച്ചില്ല. ആ ശ്രമം തുടർന്നപ്പോഴാണ് ഒടുവിൽ ‘യെസ്’ എന്ന മറുപടി കിട്ടിയത്.
വാലന്റൈൻസ് ഡേ
പ്രണയം തുടങ്ങിയ സമയത്തെ ഒരു വാലന്റൈൻസ് ഡേയ്ക്ക് ഒരു ഷോപീസ് സമ്മാനമായി നൽകിയിരുന്നു. ജന്മദിനത്തിനോ, മറ്റ് അവസരങ്ങളിൽ കാണുമ്പോഴോ ഒക്കെയാണ് സാധാരണ സമ്മാനങ്ങൾ കൊടുക്കാറുള്ളത്. വാലന്റൈൻസ് ഡേയ്ക്ക് കാണുന്നത് കുറവായതുകൊണ്ട് സമ്മാന കൈമാറ്റം കുറവാണ്. എന്തായാലും ഓഗസ്റ്റിൽ കല്യാണമാണല്ലോ. അതുകഴിഞ്ഞു വരുന്ന വാലന്റൈൻസ് ഡേകൾ ഗംഭീരമായി ആഘോഷിക്കാനാണ് പ്ലാൻ.
വീട്ടുകാരുടെ സമ്മതം
വീട്ടിൽ എതിർപ്പ് ശക്തമായിരുന്നു. പിന്നെ ലോക്ഡൗൺ ആയത് വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കാൻ സഹായകരമായി. ആ സമയത്ത് ഞാൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ആദ്യം എന്റെ അമ്മയെ ആണ് സമ്മതിപ്പിച്ചത്. അമ്മ വഴി അച്ഛനെയും. അങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. എലീനയുടെ വീട്ടിലും പതിയെ ആ സമയത്ത് എതിർപ്പ് കുറഞ്ഞു വന്നു. അങ്ങനെ എല്ലാം സെറ്റ് ആയി. വിവാഹനിശ്ചയം ഭംഗിയായിയിരുന്നു. ഓഗസ്റ്റ് 30ന് ആണ് വിവാഹം.
English Summary : Alina padikkal's fiancé Rohit Pradeep's Valentines day special Interview