ADVERTISEMENT

ബ്രെയിൻ ട്യൂമറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലാണ് നടി ശരണ്യ. മാർച്ച് 15ന് ശരണ്യയുടെ ജന്മദിനമായിരുന്നു. കാൻസറിനോട് പോരാടുന്ന നന്ദു മഹാദേവയെ കാണാൻ അവസരം ഒരുക്കിയാണ് ശരണ്യയ്ക്ക് നടി സീമ ജി.നായർ സർപ്രൈസ് നൽകിയത്. അതിജീവനത്തിന്റെ രാജകുമാരനും രാജകുമാരിയും എന്നാണ് സീമ ഇവരെ വിശേഷിപ്പിക്കുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തമാണ് ഇതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സീമ പറയുന്നു

സീമ ജി. നായരുടെ കുറിപ്പ് വായിക്കാം; 

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു. എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു. ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു. പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും എളുപ്പമായ പാഠങ്ങളും. ഈ ജീവിതം അങ്ങനെ ആണ്.  

ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു. അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ.... എല്ലാവരും പ്രിയപ്പെട്ടവർ. പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു. അതിജീവനത്തിന്റെ രാജകുമാരി. 

എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ ‘രാജകുമാരനു’മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു. പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അദ്ഭുതവും വിവരിക്കാൻ പറ്റില്ല. ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽനിന്നും അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നു. എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമ്മയാവും ഇത്. എനിക്ക് മാത്രം അല്ല, അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്.‌ 

നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠപുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും. അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ. അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം. വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും. അമൂല്യമായ രണ്ട് രത്നങ്ങൾ. അപൂർവമായ രണ്ട് നക്ഷത്രങ്ങൾ. നന്ദുമോന്റെ ഭാഷ കടമെടുത്താൽ, ‘‘പുകയരുത് ജ്വലിക്കണം...’’

ഈ അപൂർവ കൂടികാഴ്ച്ചയ്ക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു.

English Summary : Actress Sharanaya Sasi got big surprise from Seema G Nair on birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com