മാതാപിതാക്കളെ സന്തോഷിപ്പിക്കണം, പിന്നീട് വിഷമിച്ചിട്ട് കാര്യമില്ല: അമ്മയെ ഓര്മിച്ച് സാഗർ സൂര്യ
Mail This Article
മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യണമെന്നും അതിനുള്ള അവസരം ലഭിച്ചില്ലെന്നോർത്തു പിന്നീട് വിഷമിച്ചിട്ട് കാര്യമില്ലെന്നും നടൻ സാഗർ സൂര്യ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ ഓർമപ്പെടുത്തൽ.
2020 ജൂൺ 11ന് ആയിരുന്നു സാഗറിന്റെ അമ്മ മിനിയുടെ വിയോഗം. അമ്മയെ താൻ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരമൊരു ഓർമപ്പെടുത്തൽ നടത്തുന്നതെന്നും സാഗർ പറഞ്ഞു.
സാഗറിന്റെ വാക്കുകളിലൂടെ:
‘‘നമ്മുടെ പാരന്റ്സിനെ ഏതൊക്കെ രീതിയിൽ ഹാപ്പി ആക്കാൻ പറ്റുമോ അതൊക്കെ നമ്മൾ ചെയ്യണം. ഒരുപക്ഷേ നമുക്ക് കിട്ടുന്ന സാലറിയും കാര്യങ്ങളുമൊക്കെ വളരെ കുറവായിരിക്കും. എന്നാൽ കൂടി നമ്മുടെ പരിമിധികളിൽ നിന്നുകൊണ്ട് പറ്റുന്ന രീതിയിൽ, എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ പറ്റൂമോ അതെല്ലാം ചെയ്തു കൊടുക്കാം. അവരുടെ ബെർത് ഡേ ആണെങ്കിലും വെഡ്ഡിങ് ആനിവേഴ്സറി ആണെങ്കിലും ഇഷ്ടപ്പെട്ട കൊച്ചു കൊച്ചു കാര്യങ്ങളാണെങ്കിലും നമുക്ക് ചെയ്തു കൊടുക്കാം. കാരണം അവരെ നഷ്ടപ്പെട്ടു കഴിഞ്ഞ് അച്ഛനും അമ്മയ്ക്കും വേണ്ടി ഒന്നും ചെയ്തുകൊടുക്കാൻ പറ്റിയില്ലല്ലോ എന്നുള്ളൊരു വിഷമം നമുക്ക് തോന്നരുത്. നമ്മുടെ കരിയറിന്റെ വളർച്ച എങ്കിലും അവർക്ക് കാണിച്ചു കൊടുക്കാൻ പറ്റണം.
എനിക്ക് പേഴ്സനലായി പലതും മിസ്സിങ് തോന്നുന്നതുകൊണ്ടാണ് ഇതിപ്പോൾ പറയാൻ കാരണം. എന്റെ ലൈഫിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് എന്റെ അമ്മയാണ്. എന്റെ പരിപാടികളെല്ലാം റെഗുലർ ആയി കണ്ട് കാര്യങ്ങളെല്ലാം വ്യക്തമായി പറയുന്നത് അമ്മയായിരുന്നു. എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്തിരുന്നതും അമ്മയായിരുന്നു. ഇന്ന് സ്വയം മോട്ടിവേറ്റ് ചെയ്യുന്നു, ഇഷ്ടപ്പെടുന്നവരും എന്നെ പിന്തുണയ്ക്കുന്നു. എങ്കിലും അമ്മയെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്’’– സാഗർ പറഞ്ഞു.
English Summary : Actor Sagar Surya on the importance of making parents happy