‘ഇനി പെങ്ങളുട്ടി എന്ന വിളി ഇല്ല’; നടൻ മണി മായമ്പിള്ളിക്ക് ആദരാഞ്ജലി അർപ്പിച്ച് ഉമ നായർ
Mail This Article
അന്തരിച്ച നടൻ മണി മായമ്പിള്ളിക്ക് ആദരാഞ്ജലി അർപ്പിച്ച് സീരിയൽ താരം ഉമ നായരുടെ ഓർമക്കുറിപ്പ്. നിഷ്കളങ്കമായി ജീവിച്ച കലാകാരനാണെന്നും ഒരു വല്യേട്ടനെയാണ് തനിക്ക് നഷ്ടമായെതെന്നും ഉമ സമൂഹമാധ്യമത്തിൽ കുറിച്ചു. മണി മായമ്പിള്ളിക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പ്രഷനൽ നാടക– സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു മണി മായമ്പിള്ളി. ജൂലൈ 2ന് വൈകീട്ട് പറവൂർ ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടിലായിരുന്നു അന്ത്യം. 47 വയസ്സായിരുന്നു. 2015-16 വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകനടനുള്ള അവാർഡ് നേടിയിട്ടുണ്ട്. കുങ്കുമപ്പൂവ്, ഇന്ദുലേഖ, ചന്ദനമഴ, ദേവീ മാഹാത്മ്യം, ഭാഗ്യജാതകം, നിലവിളക്ക് എന്നിങ്ങനെ നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചു.
ഉമ നായരുടെ കുറിപ്പ് വായിക്കാം;
ആദരാഞ്ജലികൾ മണി ചേട്ടാ.
വിടപറയാൻ വാക്കുകൾ കിട്ടുന്നില്ല. പ്രായം നോക്കാതെ എല്ലാവരെയും മേനോനെ എന്നു വിളിച്ചുകൊണ്ട്, എപ്പോഴും ഘനഗംഭീര ശബ്ദത്തിൽ തമാശപറഞ്ഞ്, എല്ലാവരോടും സ്നേഹത്തോടെ നിറഞ്ഞു നിന്നു. മുഖം നോക്കാതെ ചിലപ്പോൾ പെരുമാറും. കുറച്ചു കഴിഞ്ഞാൽ പറയും അപ്പോൾ അങ്ങനെ പറഞ്ഞു പോയി, ഒന്നും മനസ്സിൽ വയ്ക്കരുത്. അങ്ങനെ നിഷ്കളങ്കമായി ജീവിച്ച പാവം കലാകാരൻ. മറുപടി കൊടുത്തില്ലെങ്കിലും എന്നും വിളിച്ചും മെസേജ് അയച്ചും കൂടെ ചേർന്നു നിന്ന വല്യേട്ടൻ പോയി. ഇനി പെങ്ങളുട്ടി എന്ന വിളി ഇല്ല.
English Summary : Actress Uma Nair's facebook post on late actor Mani Mayampilly