ADVERTISEMENT

വിശുദ്ധ അൽഫോൻസാമ്മ ഇൗ ലോകത്തോടു വിട പറഞ്ഞിട്ടു 75 വർഷം. ജൂലായ് 28 നാണു പ്രധാന തിരുനാൾ. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതപുണ്യം ലോകമെമ്പാടുമുള്ള ക്രൈസ്തവർ ധ്യാനിക്കുന്ന  പുണ്യസമയമാണിത്. കോവിഡ് നിയന്ത്രണങ്ങളോടെയാണു ഭരണങ്ങാനത്തു വി.അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ തിരുകർമങ്ങൾ.ലോകമെമ്പാടുമുള്ള വിശ്വാസികൾക്കായി ഓൺലൈനിലും തിരുകർമ്മങ്ങളുടെ പ്രക്ഷേപണമുണ്ട്. 

സഹനത്തിന്റെയും വേദനയുടെയും പടവുകളിലൂടെ നടന്നപ്പോഴും തെല്ലും വിശ്വാസം കൈവിടാതെ അവസാനംവരെ വിശ്വാസത്തിൽ ഉറച്ചു മാതൃകാപരമായ ജീവിതം നയിച്ചു എന്നതാണു അൽഫോൻസാമ്മയുടെ മഹത്വം.

ജീവിതത്തിലെ കുഞ്ഞുകാര്യങ്ങളിൽ പോലും അൽഫോൻസാമ്മ കാണിച്ച ധീരതയും മാതൃകയും ഏവരും പ്രശംസിക്കുന്നു.

alphonasa-5

∙അൽഫോൻസാമ്മയുടെ ജീവിതത്തിലെ ചില സംഭവങ്ങൾ

എട്ടുമാസം ഗർഭിണിയായ അനുജത്തി മറിയത്തെ കാണാൻ കുടമാളൂർ എത്തിയതായിരുന്നു അന്നമ്മ. ഗർഭത്തിന്റെ ആലസ്യത്തിലും ക്ഷീണത്തിലുമാണു മറിയം. അവളെ കാണണം, ആശ്വസിപ്പിക്കണം. സാധിക്കുന്നത്ര ശുശ്രൂഷിക്കണം. ഇതാണു അന്നമ്മയുടെ സന്ദർശന ലക്ഷ്യം.

മുട്ടുചിറയിലെ പ്രശസ്ത പുതുക്കരി കുടുംബത്തിലെ അവകാശികളാണ് ഇരുവരും. മറിയത്തെ കല്യാണം കഴിച്ചിരിക്കുന്നതു മുട്ടത്തുപാടത്ത് പഴൂപ്പറമ്പിൽ യൗസേപ്പ്.

എവിടെ നിന്നാണെന്ന് അറിയില്ല. ഒരു ചേരപ്പാമ്പ് ഇഴഞ്ഞുവന്നു മറിയത്തിന്റെ ദേഹത്തുകയറി. ദൂരെ കണ്ടാൽ തന്നെ ആർക്കും പേടി തോന്നിപ്പിക്കുന്ന ഇഴജന്തു. അതു ദേഹത്തു കയറിയാലുള്ള സ്ഥിതിയോ. മറിയം പേടിച്ചു വിറച്ചു. ഭയാക്രാന്തയായ അവൾ നിലവിളിയോടെ പാമ്പിനെ കുടഞ്ഞെറിഞ്ഞു. ധീരതയോടെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ മറിയം ബോധം കെട്ടു. ഗർഭത്തിന്റെ പ്രയാസത്തിനിടയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായതു ഏവർക്കും ആകെ വിഷമമായി. മൂന്നാംദിവസം, അതായത് 1910 ഓഗസ്റ്റ് 19 നു മറിയം മാസം തികയാത്ത ഒരു കുഞ്ഞിനു ജന്മം നൽകി. മാലാഖക്കുട്ടിയെ പോലുള്ളൊരു പെൺകുഞ്ഞ്. ആരു കണ്ടാലും ഓമനിക്കാൻ കയ്യിലെടുക്കും. അതയും തേജസ്സാണു മുഖത്ത്. എന്നാൽ ആ തങ്കക്കുടത്തിനെ ഭൂമിയിൽ തനിച്ചാക്കി മൂന്നുമാസത്തിനുശേഷം അമ്മ മറിയം മരിച്ചു. അമ്മിഞ്ഞപ്പാൽ കുടിക്കാനും പെറ്റമ്മയുടെ വാൽസല്യം നുകരാനും പോലും ഭാഗ്യം ലഭിക്കാത്തവളായി ആ പെൺകുഞ്ഞ്. അവൾക്കു അന്നക്കുട്ടി എന്നു പേരിട്ടു. വിശുദ്ധ അൽഫോൽസാമ്മയുടെ ആദ്യപേര്.

മരണകിടക്കയിലും മകളെ കുറിച്ചായിരുന്നു മറിയത്തിന്റെ ആശങ്ക. അതുകൊണ്ട് അന്നക്കുട്ടിയുടെ സംരക്ഷണം കണ്ണടയ്ക്കും മുൻപു സഹോദരിയെ ഏൽപിച്ചിരുന്നു മറിയം. അങ്ങനെ അന്നക്കുട്ടി, അമ്മയുടെ സഹോദരിയുടെ കൂടെ മുട്ടുചിറയിലേക്കു പോന്നു. പഴയപുരയിൽ മുരിക്കൻ പൈലോച്ചനായിരുന്നു അന്നമ്മയെ വിവാഹം കഴിച്ചിരുന്നത്. പിതാവിനു മകളെ കാണാൻ തോന്നുമ്പോൾ അന്നക്കുട്ടിയെ മുട്ടുചിറയിലേക്കു കൊണ്ടുപോകും. മുലപ്പാൽപോലും ആവശ്യത്തിനു ലഭിക്കാത്തതു കൊണ്ടാവും. രോഗവും പീഡകളും ദുരിതംനിറച്ചൊരു ബാല്യമായിരുന്നു അന്നക്കുട്ടിയുടേത്. വൃദ്ധയായ വല്യമ്മച്ചിയായിരുന്നു കൂട്ട്. വല്യമ്മച്ചി പറയുന്നതാകട്ടെ വിശുദ്ധന്മാരുടെ ജീവിതസംഭവങ്ങൾ. അതായിരുന്നു അന്നക്കുട്ടിയുടെ ആശ്വാസം.തന്റെ ചെറിയവേദനകളെ, വല്യമ്മച്ചി പറയുന്ന പുണ്യജീവിതങ്ങളുടെ വലിയവേദനകളോടു ചേർത്തുവച്ചാണു അന്നക്കുട്ടി ആശ്വാസം കണ്ടത്. അതുകൊണ്ടുതന്നെ ആർപ്പുക്കര തൊണ്ണൻകുഴി സ്‌കൂളിലെ സഹപാഠികൾക്ക് അന്നക്കുട്ടി മാതൃകയായി.

യൗസേപ്പും മറിയവും. യേശുക്രിസ്തുവിന്റെ വളർത്തുപിതാവും അമ്മയും. പിന്നീടു സഹനപാതയിൽ വളർന്നു വിശുദ്ധയായ അൽഫോൻസാമ്മ എന്ന അന്നക്കുട്ടിയുടെ മാതാപിതാകളുടെ പേരും അങ്ങനെയായതു വെറുതെയല്ല. അന്നക്കുട്ടി വലിയ മരിയ ഭക്തയായാണു വളർന്നത്. ശനിയാഴ്ചകളിൽ ദിവ്യകാരുണ്യം മുടങ്ങാതെ സ്വീകരിക്കുന്ന പതിവും അന്നക്കുട്ടി ആരംഭിച്ചു. അതൊരു തുടക്കമായിരുന്നു.

alphonasa-3

∙സഹോദരിക്കു നൽകിയ വാഗ്ദാനം നിറവേറ്റുന്ന വിധമാണ് അന്നക്കുട്ടിയെ മുരിക്കൻ വീട്ടിൽ വച്ചു അന്നമ്മ പരിപാലിച്ചത്. വിലയേറിയ വസ്ത്രങ്ങളും കസവുകവണിയും അലങ്കാര വസ്ത്രങ്ങളുമെല്ലാം വാങ്ങി നൽകും. സുന്ദരിയായി അണിയിച്ചൊരുക്കിയാണു പള്ളിയിലടക്കം കൊണ്ടുപോകുക. താൻ പോറ്റമ്മയായതു കൊണ്ടാവാം അന്നക്കുട്ടിക്കു ഒരു കുറവും വരുത്തരുത്– ഇതായിരുന്നു ചിന്ത. അന്നമ്മയ്ക്കു മറ്റൊരു ശീലമുണ്ട്. പുറത്തുപോകുമ്പോൾ വഴിയിലും മറ്റു കാണുന്ന പെൺകുട്ടികളൊയൊക്കെ സൂക്ഷ്മമായി വീക്ഷിക്കും. അവർ ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയൊക്കെ. തന്റെ അന്നക്കുട്ടിക്ക് ഇല്ലാത്തതു വല്ലതും മറ്റുള്ളവർക്ക് ഉണ്ടോ എന്നാണു നോട്ടം.

മെച്ചമായത് എന്തെങ്കിലും കണ്ടാൽ വീട്ടിലുള്ളവരോട് അതേയിനം അന്നക്കുട്ടിക്കും വാങ്ങിക്കൊടുക്കാൻ കൽപിക്കും. ശാരീരികമായി മാത്രമല്ല, ബൗദ്ധികമായും നല്ല പരിപാലനം അന്നക്കുട്ടിക്കു ലഭിച്ചു.

നല്ല വിദ്യാഭ്യാസം നൽകുന്നതിനും വളർത്തമ്മ ശ്രദ്ധിച്ചു. സമീപത്തുള്ള സ്കൂളിൽ ചേർത്തു പഠിക്കാൻ നിർബന്ധിച്ചു. അതിനു പ്രോൽസാഹനം നൽകി. ആർപ്പുക്കര സ്കൂളിൽ നിന്നു മൂന്നാംക്ലാസ് വിജയിച്ചിരുന്ന അന്നക്കുട്ടി അങ്ങനെ മുട്ടുചിറയിൽ വിദ്യാഭ്യാസം തുടർന്നു. അടിപൊളി വസ്ത്രവും ആഭരണവുമെല്ലാം കിട്ടിയിരുന്നുവെങ്കിലും കിട്ടുന്ന അടിയുടെ കാര്യത്തിലും അന്നക്കുട്ടിക്കു കുറവൊന്നുമില്ലായിരുന്നു.

എന്നെ ശാസിച്ചും നല്ലപോലെ ശിക്ഷിച്ചുമാണു വളർത്തിയത്. ചെറുപ്പത്തിൽ കിട്ടിയ ശിക്ഷണമാണ് എന്നെ ഈ വിധമാക്കിയത് – അൽഫോൻസാമ്മ പിന്നീട് ഇങ്ങനെ എഴുതി.

∙ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോൾ ചെറുപ്പത്തിൽ അൽഫോൻസാമ്മയ്ക്കു വല്ലാത്തൊരു പേടി തോന്നുമായിരുന്നു. അമ്മയോടൊന്നിച്ചിരുന്നു ഭക്ഷണം കഴിക്കണമല്ലോയെന്ന പേടി. അമ്മയോടൊപ്പമിരിക്കുന്നതു സന്തോഷം തന്നെയായിരുന്നു. പക്ഷേ, പേടിക്കു കാരണം മറ്റൊന്നായിരുന്നു.അതു വളരെ രസമുള്ളതും ത്യാഗത്തിന്റെ രുചിയുള്ളതുമായ ഒരു സംഗതിയാണ്.

ഇഷ്ടംപോലെ നല്ലവസ്ത്രങ്ങളും ആഭരണങ്ങളും മറ്റും ചെറുപ്പത്തിൽ ലഭിച്ച അന്നക്കുട്ടി ആഡംബരപൂർണമായ ജീവിതമാണു നയിച്ചതെന്നു തെറ്റിദ്ധരിക്കേണ്ട. സാധിക്കുന്നത്ര ത്യാഗപ്രവർത്തികൾ ചെയ്യുക. ചെറുപ്പം മുതൽ അന്നക്കുട്ടി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നതാണിത്.

ശനിയാഴ്ചകളിൽ മുടങ്ങാതെ കുർബാനയിൽ പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കാൻ ശ്രദ്ധിച്ചിരുന്നപോലെ അൽഫോൻസ മറ്റൊരു ശീലം കൂടി ചെറുപ്പത്തിലെ തുടങ്ങി. ഉപവാസവും ചില ഭക്ഷണങ്ങളുടെ വർജനവും. ഉപവാസദിവസങ്ങളിൽ മോരും മീനുമൊന്നും കഴിക്കുമായിരുന്നില്ല.

ഭക്ഷണ സമയമാകുമ്പോൾ അമ്മ അന്നക്കുട്ടി എന്നു നീട്ടി വിളിക്കും. അന്നക്കുട്ടിയൊടൊപ്പം ഭക്ഷണം കഴിച്ചാലേ അമ്മയ്ക്കു തൃപ്തിവരു. ചില ഭക്ഷണങ്ങൾ തൃജിക്കാൻ ആഗ്രഹിച്ചിരിക്കുന്ന അവൾ വിഷമത്തിലായി. അമ്മയോടൊപ്പം കഴിക്കാനിരുന്നാൽ അതു സാധിക്കില്ല എന്നതുതന്നെ കാരണം. ചില വിദ്യകൾ കാട്ടി രക്ഷപെടാൻ അൽഫോൻസ ശ്രമിക്കും. എഴുതാനും സ്‌കൂളിലേക്കു ചെയ്യാനുള്ള മറ്റു ജോലികളുടെ തിരക്കും നടിച്ചു സമയം ചെലവിടും. പുസ്തകം വായിക്കുന്നതായും നടിക്കും. അമ്മ വിളിക്കുമ്പോഴൊക്കെ ഇതാ വരുന്നേ, തുടങ്ങിക്കോ ഓടിവരാം... എന്നൊക്കെ പറയും. പിന്നെയും എന്തൊക്കയോ ചെയ്തു കഴിയുന്നത്ര സമയം പോക്കും.

ഒടുവിൽ പരമാവധി സമയം പഠനമുറിയിലും മറ്റും ചെലവിട്ടിട്ടാവും അമ്മയുടെ അടുത്തു ചെല്ലുക. കാത്തിരുന്നു മടുത്ത അമ്മ അപ്പോഴേക്കും ഭക്ഷണം കഴിച്ചു തീരാറായിട്ടുണ്ടാകും. വൈകാതെ എണിറ്റുപോകുകയും ചെയ്യും.

പിന്നെ മെല്ലെ അൽഫോൻസ ഭക്ഷണം കഴിക്കാനിരിക്കും. അമ്മയുടെ ശ്രദ്ധപതിയാത്ത വിധം വേഗത്തിൽ കറികൾ ഒഴിവാക്കി ഭക്ഷണം കഴിക്കും. കറികൾ കളയില്ല. കാരണം അവ സ്‌നേഹത്തോടെ അമ്മ പാചകം ചെയ്തവയാണല്ലോ. കറികൾ ഉപയോഗിക്കാതെ ഭക്ഷണം കഴിച്ചുതീർത്ത അൽഫോൻസമ്മ വേഗം വേലക്കാരുടെ സമീപത്തു ചെല്ലും. മിച്ചം വന്നതെന്ന മട്ടിൽ കറികളെല്ലാം സ്‌നേഹത്തോടെ അവർക്കു നൽകും.

അവരുടെ മുഖം സന്തോഷം കൊണ്ടു വിടരുന്നതു കാണും. നല്ല ഭക്ഷണവും രുചികരമായ കറികളുമൊക്ക പലപ്പോഴും അന്നു സാധുജനങ്ങൾക്ക് അന്യമായിരുന്നു. അപ്പോഴാണു സ്വന്തം പാത്രത്തിൽ വിളമ്പിക്കിട്ടിയവ മാറ്റിവച്ചു കുഞ്ഞൽഫോൻസ അവ വേലക്കാർക്കു സമ്മാനിച്ചിരുന്നത്.

ഈ ത്യാഗം പരിശുദ്ധ കന്യാമറിയത്തിനു സമർപ്പിച്ചായിരുന്നു അൽഫോൻസ ചെയ്തിരുന്നത്. രുചികരമായ ഭക്ഷണം മറ്റുള്ളവർക്കു കൊടുക്കുന്ന അൽഫോൻസ മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുക്കുകയും ചെയ്യുമായിരുന്നു. സഹോദരങ്ങൾക്കോ ബന്ധുക്കൾക്കോ മറ്റും സംഭവിക്കുന്ന തെറ്റുകളും അവരുടെ കുറ്റങ്ങളും ഏറ്റെടുത്തു അവരെ രക്ഷിക്കാനും അന്നക്കുട്ടി എന്ന അൽഫോൻസ ശ്രദ്ധിച്ചിരുന്നു. പ്രാർത്ഥനാ മുറി അലങ്കരിക്കുക, വിശുദ്ധരുടെ രൂപങ്ങൾ മനോഹരമാക്കുക തുടങ്ങിയവയായിരുന്നു കൊച്ചുവിശുദ്ധയുടെ മറ്റൊരു ഹോബി. ഇതെല്ലാം സ്വയം ഏറ്റെടുത്തു ചെയ്യുന്നതിനും ഒരു മടിയും ഉണ്ടായിരുന്നുമില്ല.

∙പതിമൂന്ന് വയസ്സ് കഴിഞ്ഞതേ ഉളളൂ. അന്നക്കുട്ടിക്കു പലഭാഗത്തുനിന്നും കല്യാണാലോചനകൾ വന്നു തുടങ്ങി. കാരണം അത്രമാത്രം സുന്ദരിയായിരുന്നു അവൾ.  ആഭരണവും പണവുമൊന്നും വേണ്ട. അന്നക്കുട്ടിയെ കെട്ടിച്ചുതന്നാൽ മതി. ഇതായിരുന്നു മിക്കവരുടെയും ആവശ്യം.വളർത്തമ്മ അന്നമ്മയ്ക്കു ഇതുകേൾക്കുമ്പോൾ വല്ലാത്ത സന്തോഷം. നല്ലൊരു കുടുംബത്തിലേക്കു അന്നക്കുട്ടിയെ സ്വർണാഭരണ വിഭൂഷിതയായി കെട്ടിച്ച് അയയ്ക്കുക. എല്ലാ അമ്മമാരേയും പോലെ ഇതായി അവരുടെ സ്വപ്നം.

alphonasa-4

അന്നൊരു ദിവസം പറമ്പിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. പതിവില്ലാതെ മറ്റൊരു കന്യാസ്ത്രീയെ അന്നക്കുട്ടി കണ്ടുമുട്ടി.ആ കന്യാസ്ത്രി അവളോടു പറഞ്ഞതും ഉപദേശിച്ചതും മറ്റൊന്നല്ല. അവളുടെ മനസ്സിലുള്ളതു തന്നെ. മഠത്തിൽ ചേർന്നു കന്യാസ്ത്രിയായി വിരക്തജീവിതം നയിക്കാനുള്ള നിർദേശം. ആ കന്യാസ്ത്രീയുടെ വാക്കുകൾ വല്ലാത്തൊരു ആത്മധൈര്യം അന്നക്കുട്ടിക്കു സമ്മാനിച്ചു. ഇതോടെ അവൾ തന്റെ തീരുമാനം ഉറപ്പിച്ചു. അൽപസമയം കഴിഞ്ഞപ്പോഴാണു അന്നക്കുട്ടിക്കു മറ്റൊരു ചിന്ത വന്നത്. സാധാരണ കന്യാസ്ത്രികൾ അക്കാലത്ത് ഒറ്റയ്ക്കു സഞ്ചരിക്കാരില്ല. അപ്പോൾ താൻ പറമ്പിൽ വച്ചു കണ്ടത് ആരാവും.. ആ കന്യാസ്ത്രിയുടെ മുഖം അവൾ ഒന്നൂകൂടെ മനസ്സിൽ കണ്ടു. സംശയം പെട്ടെന്നു മാറി. അതു മറ്റാരുമായിരിക്കില്ല. അതു വിശുദ്ധ കൊച്ചുത്രേസ്യ തന്നെ. കാരണം അവൾക്കു കൊച്ചുതേസ്യാ പുണ്യവതിയെ അത്രമാത്രം ഇഷ്ടമായിരുന്നു. മനസ്സിലുള്ള ആശങ്ക മാറ്റാൻ ദൈവത്തിന്റെ ദൂതുമായി തന്നെ തേടി വന്നതും ആശ്വസിപ്പിച്ചതും സ്വർഗത്തിൽ നിന്നു തന്റെ പുണ്യവതി തന്നെ. വീട്ടുകാർ അപ്പോഴും കല്യാണ ആലോചനകളുമായി  മുന്നേറുകയാണ്. പരിചയമുള്ള കുടുംബത്തിലെ ഒരു അംഗത്തിന് ഏറെക്കുറെ വാക്കു കൊടുക്കുന്ന ഘട്ടത്തിലുമെത്തി. കല്യാണത്തിനുള്ള ആഭരണങ്ങളുടെ നിർമാണം ഏറെക്കുറെ ആരംഭിച്ചു. ഇതോടെ അന്നക്കുട്ടിയുടെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി. മഠത്തിൽ പോകണമെന്നാണ് അവൾക്കു കലശലായ ആഗ്രഹം. എന്നാൽ അതു തന്നെ കഷ്ടപ്പാടു സഹിച്ചു പോറ്റിവളർത്തിയ അമ്മയോടു പറയാൻ ധൈര്യം വരുന്നില്ല. മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടോടെയാണു അന്നക്കുട്ടി വീട്ടിൽ നടക്കുന്ന ഒരുക്കങ്ങളെ കാണുന്നത്.

പതിവുപോലെ അന്നക്കുട്ടി പ്രാർത്ഥനയിൽ അഭയം തേടി. എല്ലാ പ്രതിസന്ധികളിലും താങ്ങായെത്തിയിരുന്ന കന്യകാമറിയത്തെ അഭയം പ്രാപിച്ചു. രാത്രിയും പകലും പ്രാർഥന. മറ്റൊന്നുമല്ല, തന്നെ മഠത്തിലയയ്ക്കാൻ വീട്ടുകാർക്കു മനസ്സ് വരുത്തണേ എന്ന പ്രാർഥന.ജീവിതപ്രതിസന്ധികളിൽ അപ്പൻ ചെയ്യുന്ന ഒരു കാര്യം അവൾ കണ്ടിരുന്നു. മണലിൽ മുട്ടുകുത്തി നിന്നു കൈകൾ വിരിച്ചുളള പ്രാർഥന. മണിക്കൂറുകളോളം അവൾ പ്രാർഥന തുടർന്നു.

ഒടുവിൽ രണ്ടും കൽപിച്ച് അവൾ വളർത്തപ്പനെ സമീപിച്ചു. പേരപ്പൻ എന്നാണ് അവൾ വിളിച്ചിരുന്നത്. തന്റെ ആഗ്രഹം അവൾ തുറന്നു പറഞ്ഞു. പേരപ്പാ...എന്നെ വിവാഹത്തിനു നിർബന്ധിക്കരുതേ..മഠത്തിൽ അയയ്ക്കാൻ മനസാകണേ. ഇതു പറഞ്ഞ് അവൾ തളർന്നു വീണു. ഈ സംഭവത്തോടെ വളർത്തപ്പൻ സമ്മതിച്ചു. 

∙മഠത്തിൽ ചേരാൻ നിശ്ചയിച്ചുറപ്പിച്ചിട്ടും ഒന്നിനുപിറകെ ഒന്നായി കല്യാണാലോചന വന്നുകൊണ്ടിരിക്കുന്നു.

ഒടുവിൽ അന്നക്കുട്ടിക്ക് ഒരു കാര്യം മനസ്സിലായി. കന്യാസ്ത്രീയായി മഠത്തിൽ ചേരുക എന്ന തന്റെ സ്വപ്‌നത്തിന് ഏറ്റവും വിലങ്ങുതടിയാകുന്നതു തന്റെ സൗന്ദര്യമാണ്. അതു വാസ്തവവുമായിരുന്നു. ആർക്കും ഇഷ്ടം തോന്നുന്ന രൂപസൗകുമാര്യം ദൈവം അന്നക്കുട്ടിക്കു നൽകിയിരുന്നു. സൗന്ദര്യം വാരിക്കോരി ചൊരിഞ്ഞാണു ദൈവം അവളെ അനുഗ്രഹിച്ചിരുന്നത്.

ഒടുവിൽ അന്നക്കുട്ടിയുടെ മനസ്സിൽ ഒരു ആശയം ഉദിച്ചു. തന്റെ ആഗ്രഹം സഫലമാകണമെങ്കിൽ തന്റെ സൗന്ദര്യത്തിനു ഒരു കുറവു വരണം.ശരീരത്തിനു എന്തെങ്കിലും വൈരൂപ്യം സംഭവിക്കണം. അങ്ങനെയെങ്കിൽ ശാരീരിക സൗന്ദര്യത്തിൽ ആകൃഷ്ടരായി തന്നെ സ്‌നേഹിക്കാൻ വരുന്നവർ തനിയെ പിന്നാക്കം പോകും.

alphonasa-2

വീടിനു സമീപത്തു നെല്ലിന്റെ കൊയ്ത്തുകഴിഞ്ഞ കച്ചിയും പതിരുമെല്ലാം കൂട്ടിയിട്ടു കത്തിക്കുന്ന പതിവുണ്ടായിരുന്നു. ചുറ്റും മതിലുകെട്ടി കുഴിയാക്കി അതിനുള്ളിലാണ് ഈ ഉമിക്കരി കത്തുക. രാവിലെ എഴുന്നേറ്റു അതിനു സമീപത്തേക്കു അന്നക്കുട്ടി ചെന്നു. കച്ചിയും പതിരുമെല്ലാം അപ്പോഴും കെടാതെ അതിൽ കത്തിയെരിയുന്നുണ്ട്. അൽപംകൂടി സമീപത്തേക്ക് അടുത്തു. കുഴിയുടെ വക്കത്തു ചേർന്നുനിന്നു. അന്നക്കുട്ടി ഒരു കാൽ കത്തുന്ന കച്ചിയിലേക്കു നീട്ടി വച്ചു. പെട്ടെന്നാണതു സംഭവിച്ചത്. കാൽ ഉദേശിച്ചതിലും കൂടുതൽ തെന്നിത്താണു. കത്തുന്ന കച്ചിയിലേക്ക് അന്നക്കുട്ടി അരയോളം ഭാഗം താഴ്ന്നുപോയി. കാലുമുതൽ ശരീരം വെന്തു കയറുന്നു. അസഹ്യമായ വേദനയും പൊള്ളലും. രക്ഷപെടാനുളള വെപ്രാളത്തിൽ അതിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി.

ഒടുവിൽ ഒരുവിധമാണു തീപടർന്ന കുഴിയിൽ നിന്നു കരകയറിയത്. ആരോ വന്നു രക്ഷപെടുത്തിയപോലെ. പക്ഷേ, അപ്പോഴേക്കും കാലിലുണ്ടായിരുന്ന തള ചുട്ടുപഴുത്ത് ഉരുകിയിരുന്നു. മുടി കത്തിക്കരിഞ്ഞു. വസ്ത്രങ്ങൾ വെന്തെരിഞ്ഞു.

പൊള്ളലിന്റെ വേദനയിൽ ഏന്തിയേന്തി ഒരു വിധം എങ്ങനെയോ തിരികെ മുറിയിലേക്കു ചെന്നു. കാലു പൊള്ളിയത് ആരും കാണാതിരിക്കാൻ കാൽപാദം വരെ മൂടുന്ന വസ്ത്രമെടുത്തു ധരിച്ചു.

പതിവില്ലാത്ത സമയത്തു അന്നക്കുട്ടി വസ്ത്രം മാറുന്നതു കണ്ടു അന്നമ്മ സമീപത്തേക്കു ചെന്നു. ആ കാഴ്ച കണ്ടു ഞെട്ടി. കാൽവിരലുകളടക്കം വെന്തു ഒട്ടിച്ചേർന്നിരിക്കുന്നു. നീണ്ട തൊണ്ണൂറു ദിവസത്തെ ചികിൽസ കൊണ്ടാണു കാലടക്കം പൊള്ളിയ ശരീരഭാഗങ്ങൾ ഒരുവിധം സുഖമായത്. എഴുന്നേറ്റു നടക്കാനാകുമെന്നു കരുതിയിരുന്നില്ല. എന്നാൽ എല്ലാം ഒരുവിധം ഭേദമായി. സ്വയം പൊള്ളലേൽപ്പിച്ചതാണെന്നു വീട്ടുകാർക്കു മനസ്സിലായിരുന്നില്ല. ഒരു ഗുണം ഉണ്ടായി. വിവാഹാലോചനകൾ തൽക്കാലത്തേക്കു നിലച്ചു. അന്നക്കുട്ടിക്കു മഠത്തിൽ ചേരാൻ സാഹചര്യം ഒത്തുകിട്ടി. എന്നാൽ അതുകൊണ്ടു തീരുന്നതായിരുന്നില്ല പുണ്യവതി നേരിട്ട പരീക്ഷകൾ..

∙അങ്ങനെ ആ സുദിനം വന്നെത്തി. 1927 ലെ പന്തക്കുസ്താ തിരുനാൾ ദിനത്തിൽ അന്നക്കുട്ടി ഭരണങ്ങാനത്തെ ക്ലാരമഠത്തിൽ ചേർന്നു. മദർ ഉർസുലാമ്മ ആയിരുന്നു അന്നു ക്ലാര മഠത്തിന്റെ അമ്മ. അന്നക്കുട്ടിയുടെ അപ്പൻ, മകളെ ഉർസുലാമ്മയുടെ കൈകളിലാണ് ഏൽപ്പിച്ചത്. ഇവൾക്കു എന്നും ഒരു അമ്മയായിരിക്കണേ എന്ന അഭ്യർഥനയോടെയായിരുന്നു ആ കൈമാറ്റം. പെറ്റമ്മയുടെ വിയോഗദുഖം പരമാവധി അറിയിക്കാതെ ആയായിരുന്നല്ലോ അതുവരെ അന്നക്കുട്ടിയെ അപ്പനടക്കമുളളവർ വളർത്തിയത്. '' ഇനി അന്നക്കുട്ടി ഞങ്ങളുടെ കുഞ്ഞാണ്. അവളെ ഓർത്തു വിഷമിക്കേണ്ട. ഞങ്ങൾ നല്ല പോലെ അവളെ സംരക്ഷിച്ചു കൊള്ളാം.'' വിഷമത്തോടെ തൊണ്ടയിടറി മുന്നിൽ നിൽക്കുന്ന അപ്പന് ഉർസുലാമ്മ ഈ ഉറപ്പു നൽകി.

ആശ്വാസത്തോടെ അപ്പൻ മടങ്ങി. അന്നക്കുട്ടി ഏഴാംക്ലാസ് ( ഇന്നത്തെ എസ്എസ്എൽസിക്കു സമം) പഠനം തുടർന്നു.

സൗന്ദര്യം മാത്രമല്ല, മറ്റു നിരവധി കഴിവുകളുമുള്ള മിടുക്കിക്കുട്ടിയായിരുന്നു അന്നക്കുട്ടി. നല്ല മനോഹരമായ കയ്യക്ഷരം, പ്രസംഗത്തിലും രചനകൾ നിർവഹിക്കുന്നതിനുമുള്ള അസാമാന്യ കഴിവ്, നല്ല ഓർമശക്തി. മാത്രമല്ല, അങ്ങേയറ്റം സത്യസന്ധവും ആത്മാർഥത നിറഞ്ഞതുമായ പെരുമാറ്റം. ഇതെല്ലാമായിരുന്നു അന്നക്കുട്ടിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ഏവർക്കും പ്രിയപ്പെട്ടവളായി അന്നക്കുട്ടി മാറാൻ അധികം ദിവസങ്ങൾ വേണ്ടി വന്നില്ല.

തൊട്ടടുത്ത വർഷം ഓഗസ്റ്റ് രണ്ടിനു മഠത്തിലെ കപ്പേളയിൽ വച്ചു മറ്റു രണ്ടുപേർക്കൊപ്പം ശിരോവസ്ത്രം സ്വീകരിച്ചു. അൽഫോൻസ് ലിഗോരി എന്ന വിശുദ്ധന്റെ നാമമാണു സ്വീകരിച്ചത്. അന്നക്കുട്ടി അന്നുമുതൽ അൽഫോൻസ ആയി മാറി. 1929 ൽ അൽഫോൻസ വാഴപ്പള്ളി എംഎച്ച് സ്‌കൂളിലെത്തി. മലയാളം ഹയർ പരീക്ഷയ്ക്കു പഠിക്കാൻ വേണ്ടിയായിരുന്നു ആ യാത്ര. ആരോടും ദേഷ്യപ്പെടാതെയും ഏതു പ്രതിസന്ധിയിലും മനസാനിധ്യം കൈവിടാതെയും മറ്റുള്ളവരെ പരമാവധി സഹായിച്ചുമായിരുന്ന അൽഫോൻസ ജീവിച്ചത്. 

∙പലവിധ പ്രതിസന്ധികളെ നേരിട്ടു അൽഫോൻസ സ്വന്തം സ്വപ്‌നം സഫലമാക്കി. ഭരണങ്ങാനം ഫൊറോനപള്ളിയിൽ വച്ചു 1930 മെയ് 19 നു ബിഷപ് ജയിംസ് കാളാശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിച്ചു. മറ്റു ഏഴുസഹസന്യാസികളും ഒപ്പമുണ്ടായിരുന്നു. വിവാഹത്തിനൊരുങ്ങുന്ന മണവാട്ടിമാരെപോലെ വസ്ത്രങ്ങൾ ധരിച്ചാണു അൽഫോൻസയടക്കമുള്ളവർ സഭാവസ്ത്ര സ്വീകരണത്തിന് എത്തിയത്. കർമങ്ങളുടെ ഭാഗമായി കല്യാണവസ്ത്രം മാറി നവസന്യാസിനികളുടെ വസ്ത്രം ധരിക്കും. യേശുക്രിസ്തു കുരിശിൽ മൂന്ന് ആണികളിൽ തൂങ്ങിക്കിടക്കുന്ന രൂപവും സ്വീകരിക്കും. പിന്നീടായിരുന്നു പരിശീലനത്തിലെ പ്രധാനഘട്ടമായ നൊവിഷ്യേറ്റ് എന്ന കടമ്പ. ഓരോ ഗുരുവിന്റെ മേൽനോട്ടത്തിൽ സന്യസ്തജീവിതരീതികൾ പരിശീലിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന ഘട്ടമാണിത്. ഈ ഘട്ടത്തിന് പ്രവേശനത്തിനു ആഗ്രഹിച്ച് ഒരുങ്ങിയിരിക്കുകയാണ് അൽഫോൻസ.

alphonasa-6

ഈ സമയത്തുപലവിധ വെല്ലുവിളികൾ നേരിട്ടു. ഗുരുതരമായ അസുഖങ്ങളും രക്തസ്രാവും ആയിരുന്നു പ്രധാനം. അസുഖം മൂർച്ഛിച്ചു. ശസ്ത്രക്രിയയും അനുബന്ധ ചികിൽസകളും അൽഫോൻസയ്ക്കു അളവില്ലാത്ത വേദന സമ്മാനിച്ചു. 1932 ൽ വാകകാട്ട് എന്ന സ്ഥലത്തെ പ്രൈമറി സ്‌കൂളിൽ താൽക്കാലിക അധ്യാപികയായി നിയമിക്കപ്പെട്ടു. ഈ സമയത്തും അസുഖങ്ങൾ വേട്ടയാടി. എങ്കിലും കുട്ടികളോടും സഹ അധ്യാപകരോടും മാതൃകാപരമായി തന്നെ പെരുമാറി. പഠിപ്പിക്കുന്നതിനൊപ്പം പ്രധാനധ്യാപികയെ സാധിക്കുന്ന വിധം സഹായിച്ചു. മനോഹരമായ കയ്യക്ഷരം സ്വന്തമായുള്ളതു കൊണ്ടു രേഖകളും റിക്കാർഡുകളും പകർത്തിയെഴുതുന്നതു അൽഫോൻസ ആയിരുന്നു. താൽക്കാലിക അധ്യാപക നിയമന കാലാവധി തീർന്നപ്പോൾ രോഗപീഡമൂലം അൽഫോൻസ ഭരണങ്ങാനത്തേക്കു തന്നെ മടങ്ങി. ശ്‌സ്ത്രക്രിയ ചെയ്തിട്ടും മാറാത്ത അസുഖം വീണ്ടും വേട്ടയാടാൻ തുടങ്ങി. നിൽക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥ. ഉറക്കമില്ലാത്ത രാത്രികൾ. ഒരു കഷണം ഭക്ഷണംപോലും കഴിക്കാനാവാത്ത ദിനരാത്രങ്ങൾ എല്ലാം അൽഫോൻസ സഹിച്ചു. അസഖങ്ങളുടെ ആധിക്യംമൂലം ആദ്യസംഘത്തിനൊപ്പം നൊവിഷ്യേറ്റ് പരിശീലനം ആരംഭിക്കാൻ അൽഫോൻസയ്ക്കു കഴിഞ്ഞില്ല. ഒരു വർഷം വൈകിയാണു അൽഫോൻസ പരിശീലനം ആരംഭിച്ചത്. ചങ്ങനാശേരിയിലായിരുന്നു പരിശീലനം.പക്ഷേ, രോഗങ്ങൾ പൂർവാധികം ശക്തിയോടെ വേട്ടയാടാൻ തുടങ്ങി. കാലിൽ ഭയങ്കരമായ വ്രണം ഉണ്ടായി. വായിൽക്കൂടിയും മൂക്കിൽകൂടിയും രക്തസ്രാവവും. നിൽക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥ. പരിശീലനം മുടങ്ങുമോ എന്ന സാഹചര്യം അൽഫോൻസയെ അതീവ ദുഖിതയാക്കി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോടുള്ള നൊവേനയടക്കം തുടങ്ങി. ഏറെ വൈകാതെ അൽഫോൻസയുടെ കാലിലെ വ്രണം കരിഞ്ഞു. തനിയെ ചാപ്പലിൽ പോയി തിരുകർമ്മങ്ങളിൽ സംബന്ധിച്ചു. ഏലിയാസച്ചന്റെ മധ്യസ്ഥം വഴി അദ്ഭുത രോഗശാന്തി ലഭിച്ച സംഭവമായിരുന്നു അത്. 

അൽഫോൻസാമ്മയുടെ ജീവിതം സംബന്ധിച്ചു നിരവധി പഠനങ്ങളാണു ദൈവശാസ്ത്രജ്ഞർ നടത്തുന്നത്. കൊച്ചുകേരളത്തിൽ ചെറിയൊരു കാലഘട്ടത്തിൽ ജീവിച്ചു ലോകത്തിനു വെളിച്ചം പകർന്ന വിശുദ്ധ. ആ വിശുദ്ധ വരച്ചു കാണിച്ച സ്വർഗത്തിലേക്കുള്ള വഴി. ആ വഴികളെ കുറിച്ചു ചിന്തിക്കാനുള്ള ദിവ്യ അവസരമാണ് ഈ തിരുനാൾ ദിനങ്ങൾ.

English Summary : 75th death anniversary of St.Alphonsa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com