ടെലിവിഷൻ പരമ്പരകൾക്ക് ബജറ്റ് പരിമിതം; മാറ്റം വരണമെങ്കിൽ പ്രേക്ഷകർ കൂടി വിചാരിക്കണം: ഇന്ദുലേഖ
Mail This Article
ഇന്ദുലേഖയെന്ന പേരിനെക്കാൾ പരിചിതമാണ് കുടുംബപ്രേക്ഷകർക്ക് ഇന്ദുലേഖയുടെ മുഖം. ദൂരദർശൻ കാലം മുതലേ കണ്ടുവരുന്ന ഈ മുഖത്തിന് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രേക്ഷകർ പറയും. 27 വർഷങ്ങളായി ഇന്ദുലേഖ അഭിനയരംഗത്തുണ്ട്. പഠനം, നൃത്തം, വിവാഹം, ജോലി എന്നിങ്ങനെ ജീവിതത്തിൽ സമാന്തരമായി പല കാര്യങ്ങളും സംഭവിച്ചപ്പോഴും ഇന്ദുലേഖ അഭിനയം ഉപേക്ഷിച്ചില്ല. ലഭിച്ച വേഷങ്ങൾ മികവോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടി. അതിനൊപ്പം സീരിയലിന്റെ പിന്നണിയിലും കഴിവ് തെളിയിച്ചു. ഇടക്കാലത്ത് മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പല അന്യഭാഷാ സീരിയലുകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഇന്ദുലേഖയായിരുന്നു. അപ്രതീക്ഷിതമായി വന്ന കോവിഡ് സീരിയലുകളുടെ ചിത്രീകരണം മുടക്കിയപ്പോൾ ആ കാലഘട്ടത്തെ തരണം ചെയ്യാൻ ഇന്ദുലേഖയ്ക്ക് കരുത്തായതും ഈ മൊഴിമാറ്റ ജോലികളായിരുന്നു. പുതിയ വിശേഷങ്ങളുമായി ഇന്ദുലേഖ മനോരമ ഓൺലൈനിൽ.
∙ അഭിനയം അവിചാരിതം
എന്റെ നാട് എറണാകുളമാണ്. ബാലതാരമായിട്ടാണ് അഭിനയരംഗത്ത് എത്തിയത്. ഇപ്പോൾ 27 വർഷം കഴിഞ്ഞു. ദൂരദർശനിലെ സീരിയലായിരുന്നു തുടക്കം. അതു കുട്ടികളുടെ സീരിയലായിരുന്നു. എന്റെ നൃത്താധ്യാപകൻ വഴിയായിരുന്നു ആ അവസരം ലഭിച്ചത്. ആകസ്മികമായിരുന്നു അത്. അഭിനയിക്കാൻ താൽപര്യവും കഴിവുമുള്ള കുട്ടികളുണ്ടോ എന്ന് അന്വേഷിച്ച് എന്നെ നൃത്തം അഭ്യസിപ്പിച്ചിരുന്ന മാഷിന് ഒരു ഫോൺ കോൾ വരികയായിരുന്നു. ആ സമയം ഞാൻ അദ്ദേഹത്തിന്റെ മുൻപിലുണ്ടായിരുന്നു. അങ്ങനെയാണ് ആദ്യ അവസരം ലഭിച്ചത്. എനിക്ക് അന്ന് 12 വയസാണ്. അതിനു ശേഷം വീണ്ടും അവസരങ്ങൾ തേടിയെത്തി. പിന്നീട് ഞാൻ തിരുവനന്തപുരത്തേക്ക് താമസം മാറ്റി. നിലവിൽ കൂടെവിടെ, കയ്യെത്തും ദൂരത്ത് എന്നീ സീരിയലുകളിൽ അഭിനയിക്കുന്നു.
∙ വനിതയുടെ മുഖചിത്രമായപ്പോൾ
ചലച്ചിത്രതാരം ദിവ്യ ഉണ്ണിയും ഞാനും എറണാകുളത്ത് ഒരേ ഡാൻസ് സ്കൂളിലാണ് പഠിച്ചിരുന്നത്. ആ സമയത്ത് ഡാൻസിന്റെ ഒരു കലണ്ടർ ഷൂട്ട് ഉണ്ടായിരുന്നു. അന്ന് ദിവ്യയ്ക്കൊപ്പം ഫോട്ടോഷൂട്ടിൽ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഫൊട്ടോഗ്രാഫർ രാജൻ പോളിനെ പരിചയപ്പെടുന്നത്. പിന്നീട്, ആർഎംകെവിയുടെ സാരിയുടെ പരസ്യത്തിനും ഞാൻ മോഡലായി. രാജൻ പോൾ തന്നെയായിരുന്നു ഫൊട്ടോഗ്രാഫർ. ആ ചിത്രത്തിലൊന്ന് വനിതയുടെ മുഖചിത്രമാവുകയായിരുന്നു. 1997, 1998, 2000, 2001 എന്നീ നാലു വർഷങ്ങളിലും വനിതയുടെ മുഖചിത്രമാകാനുള്ള ഭാഗ്യം ലഭിച്ചു. അതിലൊരിക്കൽ മോഹൻലാലിനൊപ്പമായിരുന്നു ഫോട്ടോഷൂട്ട്. ഒരു ക്യാംപസ് സ്പെഷൽ എഡിഷനു വേണ്ടിയായിരുന്നു അത്. സോഷ്യൽ മീഡിയയിൽ ആ പഴയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അന്നത്തെ വനിതയുടെ ലക്കങ്ങൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് പലരും പറയാറുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ വലിയ സന്തോഷമുള്ള ഓർമകളാണ് അവ.
∙ ചെറുതെങ്കിലും പ്രേക്ഷകർ ഓർക്കുന്ന രംഗങ്ങൾ
അഭിനയം അന്നൊന്നും ഗൗരവമായി എടുത്തിരുന്നില്ല. നിറയെ നൃത്ത പരിപാടികൾ ഉണ്ടായിരുന്നു. ക്ലാസിക്കൽ നൃത്തത്തോടായിരുന്നു താൽപര്യം. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി എന്നിവയെല്ലാം അഭ്യസിച്ചിട്ടുണ്ട്. അന്ന് ഉത്സവങ്ങളിൽ ഗാനമേളകൾ അത്രയധികം ഉണ്ടായിരുന്നില്ല. നൃത്ത പരിപാടികളായിരുന്നു അധികവും. പഠനവും നൃത്തവും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോയി.
ഡിഗ്രിക്ക് ശേഷം വിവാഹം ചെയ്തു. അതിനുശേഷവും പഠനം തുടർന്നു. എം.കോം പൂർത്തിയാക്കി. പിന്നീട് ബാങ്കിൽ ജോലി ചെയ്തു. അതിനൊപ്പം അഭിനയവും മുന്നോട്ടു കൊണ്ടുപോയി. അധികം സിനിമകൾ ചെയ്തിട്ടില്ല. ചെറിയ സീനുകളിലാണെങ്കിലും ചെയ്തവ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹലോ എന്ന സിനിമയിൽ അശോകന്റെ ഭാര്യയായി വരുന്ന രംഗം ഇപ്പോഴും പലരും എടുത്തു പറയുന്ന ഒന്നാണ്. ആകാശഗംഗ, പാണ്ടിപ്പട, ചൈനാടൗൺ, റിങ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവസരങ്ങൾ അന്വേഷിച്ചു പോകാറില്ല. വരുന്നത് ചെയ്യും. അതാണ് എന്റെ രീതി. മൂന്നു വർഷം മുൻപാണ് ബാങ്കിലെ ജോലി രാജി വച്ചത്. ഇനിയെന്ത് എന്ന് ആലോചിച്ചപ്പോഴാണ് ഡബിങ് സീരിയലുകളുടെ തിരക്കഥ മൊഴിമാറ്റം നടത്തുന്നതിനുള്ള അവസരം കിട്ടിയത്. അഞ്ചാറു സീരിയലുകൾ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി. ഇപ്പോഴും അതു തുടരുന്നു. ഡിസി ബുക്സിനു വേണ്ടിയും മൊഴിമാറ്റം നടത്തുന്നുണ്ട്.
∙ വീട്ടിലെ സംവിധായകൻ
ശങ്കരൻ പോറ്റി എന്ന സംവിധായകനെയാണ് ഞാൻ വിവാഹം ചെയ്തത്. ‘ദ ഫയർ’ എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തതാണ്. സിദ്ദിഖ് ലാൽ, കലാധരൻ, വിജയകൃഷ്ണൻ എന്നിവരുടെ ഒപ്പം അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. ‘കളിയല്ല കല്യാണം’ എന്ന സീരിയൽ സംവിധാനം ചെയ്തിരുന്നു. അദ്ദേഹമാണ് സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് എനിക്കു പറഞ്ഞു തന്നിരുന്നത്. അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ ഏഴു വർഷം ആയി. ലിവർ സിറോസിസ് ആയിരുന്നു. ആറു വർഷത്തോളം അതിന്റെ ചികിത്സയുമായി നടന്നു. അദ്ദേഹം വർക്ക് ചെയ്തിരുന്നപ്പോൾ സിനിമയുടെ എല്ലാ കാര്യങ്ങളിലും എന്നെയും കൂട്ടും. എനിക്ക് അതിൽ താൽപര്യം ഉള്ളതുകൊണ്ട് അസിസ്റ്റന്റ് ഡയറക്ടറെപ്പോലെ ഞാന്‍ ഒപ്പം കൂടും. ചെറിയ പ്രായത്തിലാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്. നല്ല ഇച്ഛാശക്തിയുള്ള വ്യക്തിയായിരുന്നു. രോഗത്തെയൊന്നും ഒട്ടും കാര്യമാക്കിയിരുന്നില്ല. ഇടയ്ക്ക് ആരോഗ്യനില വഷളാകുമ്പോൾ ചികിത്സ തേടും. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിന് ഇടയിലായിരുന്നു മരണം.
∙ നൃത്തധ്യാപനത്തിലെ പരീക്ഷണങ്ങൾ
സീരിയലുകളിൽ സജീവമായപ്പോഴാണ് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്തത്. മകൾ ഇപ്പോൾ പത്തിലായി. ഭർത്താവ് മരിച്ചതിനു ശേഷം എന്റെ മാതാപിതാക്കളും സഹോദരനും തിരുവനന്തപുരത്തേക്ക് മാറി. നൃത്തം, അഭിനയം, മൊഴിമാറ്റം തുടങ്ങിയ പരിപാടികളുമായി മുന്നോട്ടു പോകുന്നു. കുറച്ചു കാലം മുൻപ് വീട്ടിൽ ഡാൻസ് ക്ലാസ് നടത്തിയിരുന്നു. ഇപ്പോൾ എല്ലാം ഓൺലൈനിൽ ആണല്ലോ. ഇനി കുറച്ചധികം കാലം ഓൺലൈൻ വഴി തന്നെയാകും പഠനമെല്ലാം. എന്റെ മകളും ഓൺലൈൻ വഴിയാണ് ഡാൻസ് ക്ലാസിൽ പങ്കെടുക്കുന്നത്. നേരിട്ട് പഠിക്കുന്നതുപോലെ ഒരു സംതൃപ്തി ഓൺലൈൻ വഴി കിട്ടുന്നില്ല എന്നു മകൾ പറയാറുണ്ട്. നൃത്തപഠനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുതുമയുള്ള ആശയങ്ങൾ അവതരിപ്പിക്കണം എന്നുണ്ട്. ഓഗ്മെന്റ് റിയാലിറ്റിയുടെ സാധ്യതകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. വൈകാതെ അത്തരമൊരു പ്രൊജക്ടുമായി വരണം എന്നാഗ്രഹിക്കുന്നു.
∙ ടെലിവിഷൻ സീരിയലുകൾ മാറുമോ?
മലയാളത്തിലെ ടെലിവിഷൻ പരമ്പരകൾക്ക് ബജറ്റ് ഒരു വലിയ പരിമിതിയാണ്. ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് മലയാളി പ്രേക്ഷകരും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത്. അതിൽ നിന്നു വേറിട്ടൊരു വിഷയം ചർച്ച ചെയ്യുന്ന ടെലിവിഷൻ പരമ്പരകൾ ക്ലിക്ക് ആകുന്നില്ല. റേറ്റിങ് ഇല്ലാതെ വരുമ്പോൾ ചാനലുകളും അത്തരം പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പുതിയ കാലത്ത് വസ്ത്രങ്ങളും ആഭരണങ്ങളും ശ്രദ്ധിക്കുന്ന പ്രേക്ഷകരാണ് കൂടുതലുള്ളത്. ഡബിങ് സീരിയലുകളാണ് അതിനു വഴിയൊരുക്കിയത്. വില കൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്ന 'കളർഫുൾ' കഥാപാത്രങ്ങളാണ് അത്തരം സീരിയലുകളിലുള്ളത്. അങ്ങനെ മലയാളത്തിലും അത്തരം ട്രെൻഡ് വന്നു. അതിലൊരു മാറ്റം വരണമെങ്കിൽ പ്രേക്ഷകർ കൂടി വിചാരിക്കണം. ചെറുപ്പക്കാർ ഇപ്പോൾ വിഡിയോ കാണുന്നത് ഒടിടി പ്ലാറ്റ്ഫോമിലാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളും പ്രായമായവരുമാണ് ടെലിവിഷൻ കാണുന്നത്. അതിനാൽ അവിടെയുള്ള പരീക്ഷണങ്ങൾ കുറവാണ്.