ADVERTISEMENT

2015ൽ, വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായി ആയിരുന്നു ഷാഹിദ് കപൂർ–മിറാ രജ്പുത് വിവാഹം. ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ഷാഹിദ് കപൂർ അറേഞ്ചഡ് മാരിജിന് ഒരുങ്ങിയതും മിറയുമായുള്ള 13 വയസ്സിന്റെ വ്യത്യാസവും പാപ്പരാസികൾ അന്നു ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. പതിവു പോലെ വിവാഹമോചന പല്ലവികളും പ്രശ്നങ്ങളാൽ സങ്കീർണമായ ദാമ്പത്യവും പ്രവചിക്കപ്പെടുകയും ചെയ്തു. എന്നാൽ ഊഷ്മളമായ ദാമ്പത്യം കൊണ്ടാണു ഷാഹിദും മിറയും ഇതിനു മറുപടി നൽകിയത്. എല്ലാവർക്കും മാതൃകയാക്കാവുന്ന ചിലത് ഈ താരദമ്പതികളുടെ ജീവിതത്തിലുണ്ട്. അതെന്തൊക്കെയാണെന്നു നോക്കാം. 

∙ പരസ്പര ബഹുമാനം

പല അഭിമുഖങ്ങളിലും ഷാഹിദും മിറ രജ്പുത്തും പരസ്പര ബഹുമാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. വ്യക്തികൾ എന്ന നിലയിൽ പരസ്പരം വിയോജിപ്പുകൾ ഉള്ളപ്പോഴും അതു രണ്ടു പേരുടെയും വ്യക്തിത്വത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഈ ദമ്പതികൾ ശ്രദ്ധിക്കുന്നു.

∙ ആദ്യം പങ്കാളി 

മറ്റെന്തിനെക്കാളും പ്രാധാന്യം പങ്കാളിക്ക് നൽകുക എന്നതാണ് ഷാഹിദ്-മിറ ദമ്പതികളുടെ രീതി. ജീവിതത്തിൽ ഏതു ഘട്ടത്തിലും ആദ്യ പ്രധാന്യം പങ്കാളിക്കാണ്. ഞങ്ങൾ പരസ്പരം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് രണ്ടുപേർക്കും അറിയാം എന്നാണ് ഷാഹിദ് ഇതേക്കുറിച്ച് പറയുന്നത്.

∙ അഭിപ്രായങ്ങൾ

എല്ലാ വ്യക്തികൾക്കും അവരവരുടേതായ അഭിപ്രയങ്ങൾ ഉണ്ടാവാം. ഈ വ്യത്യാസങ്ങൾ തിരിച്ചറിയുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതു ദാമ്പത്യ ബന്ധത്തിൽ അനിവാര്യമാണ്. ‘ഞങ്ങൾ രണ്ടു പേർക്കും ശക്തവും വ്യത്യസ്തവുമായ അഭിപ്രായങ്ങൾ ഉണ്ട്. പക്ഷേ ഓരോ തവണയും യോജിക്കാനും വിയോജിക്കാനുമുള്ള കൃത്യമായ രീതി ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു’ –എന്നാണ് ഇതേക്കുറിച്ച് ഷാഹിദിന്റെ വാക്കുകൾ.

∙ ഒന്നിച്ചിരിക്കാൻ സമയം

ജോലി, തിരക്കുകൾ എന്നിവയൊക്കെ കഴിഞ്ഞശേഷം പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാം എന്നു വിചാരിക്കരുത്. യാത്രകൾ പോവാനും ഒന്നിച്ചിരിക്കാനും സമയം കണ്ടെത്തണം. ഷാഹിദും മിറയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. സന്തോഷകരമായ ദാമ്പത്യം സൃഷ്ടിക്കാൻ ഒന്നിച്ചുള്ള സമയങ്ങൾ സഹായിക്കും.

∙ ഞങ്ങൾ 

ഷാഹിദും മിറയും സംസാരിക്കുമ്പോൾ ‘ഞാൻ’ എന്ന വാക്കിനേക്കാൾ ‘ഞങ്ങൾ’ എന്ന വാക്കാണ് ഉപയോഗിക്കാറുള്ളതെന്നു കാണാം. പങ്കാളികൾ ഒന്നാണ് എന്ന മനോഭാവം സൃഷ്ടിക്കാൻ ഈ പ്രയോഗത്തിലൂടെ കഴിയും.

∙ പിന്തുണ 

പരസ്പരം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക ബന്ധങ്ങളിൽ അനിവാര്യമാണ്. പങ്കാളികളുടെ കരിയർ വളർച്ചയ്ക്ക് ഇത് അനിവാര്യമാണ്. പുതിയ സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എത്തുമ്പോഴെല്ലാം മിറ നൽകുന്ന പിന്തുണയെക്കുറിച്ച് ഷാഹിദ് വാചാലനാകാറുണ്ട്. 

English Summary : Relationship lessons to learn from Mira Rajput and Shahid kapoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com