ADVERTISEMENT

കനമുള്ള ഒരു നോട്ടം കൊണ്ട്, ഇരുത്തിയുള്ളൊരു മൂളൽകൊണ്ട് ഭർത്താവിനെ അനുസരിപ്പിക്കുന്ന ഭാര്യ, അനുനയ തന്ത്രം കൊണ്ട് ചൂടൻ വൈസ്പ്രസിഡന്റിനെ പാട്ടിലാക്കി മാമച്ചനെന്ന പൊതു ശത്രുവിനെതിരെ പോരാടുന്ന അസ്സൽ രാഷ്ട്രീയക്കാരി. 2014 ൽ ജിബു ജേക്കബ് സംവിധാനം ചെയ്ത് ബിജുമേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊളിറ്റിക്കൽ സറ്റയർ ചിത്രം ‘വെള്ളിമൂങ്ങ’യിൽ പല മുഖങ്ങളുള്ള ഷോളി മാത്യു എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ചുകൊണ്ടാണ് വീണാ നായർ എന്ന അഭിനേത്രി മലയാളസിനിമയിൽ അരങ്ങേറിയത്. എണ്ണം പറഞ്ഞ ഹാസ്യകഥാപാത്രങ്ങളിലൂടെ, ക്യാരക്ടർ റോളുകളിലൂടെ വെള്ളിത്തിരയിലും മിനിസ്ക്രീനിലും ഒരുപോലെ ചുവടുറപ്പിക്കാൻ കഴിഞ്ഞ ചുരുക്കം അഭിനേത്രികളിലൊരാളാണ് നർത്തകിയും വ്ലോഗറും കൂടിയായ വീണാ നായർ. കെപിഎസി ലളിത, മഞ്ജു പിള്ള തുടങ്ങിയ കലാകാരികളിൽ നിന്നാണ് കയ്യടക്കത്തോടെ ഹാസ്യം അവതരിപ്പിക്കാൻ പഠിച്ചതെന്ന് തെല്ലും മടിയില്ലാതെ തുറന്നു പറഞ്ഞുകൊണ്ടാണ് വീണ തന്റെ പുതിയ വിശേഷങ്ങൾ മനോരമ ഓൺലൈൻ വായനക്കാരോട് പങ്കുവയ്ക്കുന്നത്.

∙ കരിയറിലെ കൃത്യമായ ട്രാക്കിലേക്ക് വഴിതിരിച്ചു വിട്ടത് തട്ടീമുട്ടീം ടീം

‘സന്മസ്സുള്ളവർക്ക് സമാധാനം’ എന്ന പരിപാടിയിലൂടെയാണ് മിനിസ്ക്രീനിൽ ആദ്യമായി കോമഡി ചെയ്തു തുടങ്ങിയത്. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ ആയിരുന്നു ഹാസ്യരംഗങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ എന്നെ പഠിപ്പിച്ച സ്കൂൾ എന്നു പറയാം. മലയാള സിനിമയിലെ മികച്ച താരങ്ങളായ ലളിതാമ്മയെയും മഞ്ജു ചേച്ചിയെയും (കെപിഎസി ലളിത, മഞ്ജുപിള്ള) പോലുള്ള പ്രതിഭകളുടെയൊപ്പം അഭിനയിച്ച്, അവരുടെ നിർദേശമനുസരിച്ച് തെറ്റുകളും കുറവുകളുമൊക്കെ തിരുത്തിയാണ് ഹാസ്യരംഗങ്ങൾ അഭിനയിച്ചു ഫലിപ്പിക്കാൻ പഠിച്ചത്. തട്ടീം മുട്ടീം പ്രോഗ്രാമിന്റെ സംവിധായകൻ ആദ്യം ഉണ്ണിക്കൃഷ്ണനായിരുന്നു അതിനുശേഷം വന്ന മനോജേട്ടനും ആ ടീമിലുള്ള മിഥുൻ, സുകിൽ തുടങ്ങിയവരും ഗൈഡൻസ് നൽകിയിരുന്നു. കോമഡി ക്യാരക്ടേഴ്സിലേക്ക് ചുവടുമാറാനുള്ള ആത്മവിശ്വാസം നൽകിയത് ആ ടീമാണ്. ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചപ്പോഴാണ് കോമഡി ട്രാക്കുള്ള കാരക്ടർ റോളുകളാണ് മലയാളസിനിമയിൽ ഞാൻ ചെയ്യാൻ പോകുന്നത് എന്ന കൃത്യമായ ധാരണ എനിക്ക് ലഭിച്ചത്. അതായിരുന്നു എന്റെ ആദ്യ ചിത്രവും. എന്റെയൊപ്പമുള്ള കലാകാരന്മാരാണ് ഇതിനെല്ലാം കാരണമായത് എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. മുൻകൂർ ഒരുക്കത്തോടെയല്ല കഥാപാത്രങ്ങളെ സമീപിക്കുന്നത്. ഇന്ന സീനാണ് എടുക്കുന്നത് എന്ന് മനസ്സിലായാൽ ആ സീനിൽ ഇങ്ങനെ ചെയ്താൽ നന്നാവും എന്നൊക്കെ തോന്നാറുണ്ട്. ഷോട്ടിൽ നിൽക്കുമ്പോൾ സഹതാരങ്ങളും ടെക്നീഷ്യൻസുമൊക്കെ നന്നായി പിന്തുണയും നൽകാറുണ്ട്. 

∙ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്

മുൻപ് കോസ്റ്റ്യൂംസിലൊന്നും അത്രകണ്ട് ശ്രദ്ധിക്കാറില്ലായിരുന്നു. ഇപ്പോൾ മോഡേൺ, നാടൻ തുടങ്ങി എല്ലാത്തരം കോസ്റ്റ്യൂംസും ഞാൻ ട്രൈ ചെയ്തു തുടങ്ങി. ഇപ്പോൾ സ്ഥിരമായിട്ടെനിക്കൊരു സ്റ്റൈലിസ്റ്റുണ്ട്. നിഥിൻ സുരേഷ് എന്നാണ് പേര്. എലീന പടിക്കലുൾപ്പടെ നിരവധി സെലിബ്രിറ്റികളുടെ കല്യാണമൊക്കെ ചെയ്തയാളാണ്. അനവധി സെലിബ്രിറ്റികളുടെ സ്റ്റൈൽ ചെയ്യുന്നുണ്ട്. വിവാഹം, പ്രോഗ്രാം, ഷോകൾ തുടങ്ങിയവയ്ക്കൊക്കെ എനിക്കു സ്റ്റൈൽ ചെയ്യുന്നത് നിഥിനാണ്. മേക്കപ് ചെയ്യുന്നത് രോഷ്നി റോസ്, മഞ്ജു കലൂണ, രാജേഷ് കൊടുങ്ങല്ലൂർ എന്നിവരാണ്. പണ്ടൊക്കെ ഏറ്റവും കംഫർട്ടബിളായ വസ്ത്രം ചുരിദാറും സാരിയുമൊക്കെയായിരുന്നു. ഇപ്പോൾ സ്ഥിരമായി ദീർഘദൂരയാത്രകളൊക്കെ തനിയെ ഡ്രൈവ് ചെയ്യാറുണ്ട്. അപ്പോൾ കംഫർട്ടബിൾ ജീൻസും ഷർട്ടും ടോപ്പുമൊക്കെയാണ്. ഏറ്റവുമിഷ്ടമുള്ള നിറം ബ്ലാക്കാണ്. ഡാർക്ക് റെഡ്, മെറൂൺ പോലെ ഡാർക്ക് ഷേഡിലുള്ള എല്ലാ നിറങ്ങളും എനിക്കിഷ്ടമാണ്. വാഡ്രോബ് നിറയെ ബ്ലാക്ക് ഡ്രസ്സുകളാണ്.

Veena Nair

∙ ഒരു ജീവിതം, പല റോളുകൾ

ഒരു വീട്ടിലെ സർവജോലികളും ചെയ്തശേഷം ജോലിക്കു പോയിരുന്നവരായിരുന്നു നമ്മുടെയൊക്കെ അമ്മമാർ. പണ്ടത്തെ അമ്മമാർ ചെയ്തിരുന്ന ജോലിയുടെ നാലിലൊന്നുപോലും ജോലി ഞാനടക്കമുള്ള പുതുതലമുറ ചെയ്യുന്നില്ലല്ലോ. ജീവിതം ഒന്നല്ലേയുള്ളൂ. നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിനുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ കഷ്ടപ്പാടായി കരുതേണ്ട ആവശ്യമില്ല. ജോലിയും മാതൃത്വവും വ്ലോഗിങ്ങും തുടങ്ങിയ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റാൻ കഴിയുന്നുണ്ട്. കുഞ്ഞിന്റെ  കാര്യം പറയുകയാണെങ്കിൽ, ക്ലാസ് ഓൺലൈൻ ആയതിനാൽ യാത്രയിലൊക്കെ അവനെ ഒപ്പം കൂട്ടും. യാത്രയ്ക്കിടെ അവന്റെ ക്ലാസ് മുടങ്ങാതെ അറ്റൻഡ് ചെയ്യാനാവുന്നുണ്ട്. 

∙ യുട്യൂബ് കണ്ടന്റില്‍ ഇടവേള

വ്ലോഗിനായി വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അങ്ങനെ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. ഞാൻ സഞ്ചരിക്കുന്നതിനു പിന്നാലെ ക്യാമറ സഞ്ചരിക്കുമ്പോൾ അതിൽ പതിയുന്ന കാഴ്ചകളാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്നതാണ് സത്യം. ഞാൻ സ്ഥിരമായി ചെയ്യുന്ന സൗന്ദര്യ പരിചരണങ്ങളെക്കുറിച്ചും ബ്യൂട്ടി ട്രീറ്റ്മെന്റിനെക്കുറിച്ചുമുള്ള കാര്യങ്ങളാണ് ബ്യൂട്ടി ടിപ്സ് കണ്ടന്റായി ഉൾപ്പെടുത്തുന്നത്. മറ്റുള്ളവർക്ക് പ്രയോജനപ്രദമാകുമെന്നു കൂടി കരുതിയിട്ടാണ് അങ്ങനെ ചെയ്യുന്നത്. പലപ്പോഴും ഷൂട്ടിങ് തിരക്കുകൾ കൊണ്ടും മറ്റും കൃത്യമായ ഇടവേളകളിൽ യുട്യൂബ് കണ്ടന്റുകൾ പങ്കുവയ്ക്കാൻ കഴിയാറില്ല. സമയത്തിന്റെ പ്രശ്നം നന്നായിട്ടുണ്ട്. ചിലപ്പോൾ കണ്ടന്റുകൾ ഫോണിൽ ഞാൻ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാറുണ്ട്. അപ്പോൾ പുതിയ കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യാൻ വൈകാറുണ്ട്. ചില കണ്ടന്റുകൾ ഒരുപാട് ആളുകൾ കാണില്ല എന്ന് അറിയാമെങ്കിലും ഞാൻ ചാനലിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. അതുപോലെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ പകർത്തിയ ദൃശ്യങ്ങളും ഞാൻ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അതൊക്കെ അധികമാളുകൾ കണ്ടില്ലെങ്കിലും എക്കാലവും ആ ദൃശ്യങ്ങൾ അവിടെത്തന്നെ ഉണ്ടാകുമല്ലോ എന്നു കരുതി മാത്രമാണ് അങ്ങനെ ചെയ്യുന്നത്.

∙ നെഗറ്റീവിനോട് പ്രതികരിക്കാൻ തീരെ സമയമില്ല

ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയ്ക്ക് ശേഷം ഒരുപാട് നെഗറ്റീവ് കമന്റ്സും ട്രോളുകളും ഒക്കെ വന്നിരുന്നു. അതൊക്കെ കണ്ട് അന്ന് മാനസികമായി ഒരുപാട് ബുദ്ധിമുട്ടു തോന്നിയിരുന്നു. പക്ഷേ അതൊന്നും ശ്വാശ്വതമല്ല എന്ന് നമ്മൾ മനസ്സിലാക്കുന്ന ഒരു സമയമുണ്ട്. അന്നുവരെ മാത്രമേ ആ നെഗറ്റീവ് കമന്റ്സിന് ആയുസ്സുണ്ടാകൂവെന്നാണ് അനുഭവത്തിൽനിന്നു ഞാൻ പഠിച്ചത്. നമ്മൾ നമ്മുടെ കാര്യം നോക്കുക എന്നതാണ് പ്രധാനം. സമൂഹമാധ്യമങ്ങളിൽ ചില കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ലൈക്കുകൾ ശ്രദ്ധിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി എനിക്ക് കമന്റ് ചെയ്യുന്ന ആളുകൾക്ക് മറുപടി നൽകാറുണ്ട്. നെഗറ്റീവ് കമന്റ്സിനെ അവഗണിക്കുകയാണ് പതിവ്. നെഗറ്റീവ് കമന്റ്സിനോട് പ്രതികരിക്കാൻ എനിക്ക് സമയമില്ല. സിനിമ, പുതിയ പ്രോജക്റ്റുകൾ, യാത്ര, പൂർത്തീകരിക്കാനാഗ്രഹിക്കുന്ന ഒരുപാട് സ്വപ്നങ്ങൾ ഇവയുമായി ജീവിതം സുന്ദരമായി മുന്നോട്ടു പോകുമ്പോൾ നെഗറ്റീവ് കമന്റിനെ ശ്രദ്ധിച്ചാൽ ജീവിതം അവിടെ സ്റ്റക്കായിപ്പോകും. നെഗറ്റീവ് പറയണമെന്നാഗ്രഹിക്കുന്നവർ എല്ലായിടത്തുമുണ്ടാകും. പണ്ടുള്ളവർ പറയാറില്ലേ മാങ്ങയുള്ള മാവിലേ കല്ലെറിയൂവെന്ന്. അവരങ്ങനെ കല്ലെറിയട്ടെ, നമ്മളത് ശ്രദ്ധിക്കാൻ പോകണ്ട. നെഗറ്റീവ്സ് കേട്ടു തകർന്നു പോകുന്ന ഒരുപാട് സുഹൃത്തുക്കളെനിക്കുണ്ട്. അവരോടും പറയാറുണ്ട് പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരാണ് ദിവസവും ഇങ്ങനെ മിനക്കെട്ട് നെഗറ്റീവ് കമന്റുകളിടുന്നതെന്ന്. ഒരുപാടു കാര്യങ്ങൾ ചെയ്തുതീർക്കാനുള്ളപ്പോൾ അതൊന്നും ശ്രദ്ധിക്കരുതെന്ന്. ജീവിതം വളരെ ഹ്രസ്വമല്ലേ. സ്വപ്നങ്ങളൊന്നും ബാക്കിവച്ച് ജീവിതത്തോട് വിടപറയാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. അതുകൊണ്ട് പറ്റാവുന്നത്രയും സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിനിടയിൽ ഇത്തരം കമന്റുകളെക്കുറിച്ചൊക്കെ ചിന്തിക്കാൻ എവിടെയാണ് നേരം. അതൊന്നും എന്നെ ബാധിക്കാനനുവദിക്കാതെ വിട്ടുകളയാറാണ് പതിവ്.

∙ ഓർമയിലെ നിറപ്പകിട്ടാർന്ന ക്രിസ്മസ് കാലം

എന്റെ അച്ഛനമ്മമാർക്കൊപ്പം ആഘോഷിച്ച ക്രിസ്മസ് കാലമാണ് ഓർമയിലെ ഏറ്റവും നിറപ്പകിട്ടാർന്ന ക്രിസ്മസ്. അന്ന് ഞങ്ങൾ ഒളശ്ശ, പരിപ്പ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു താമസം. കുട്ടിക്കാലത്തെ ഓർമകൾക്ക് ഒത്തിരിയൊത്തിരി ഭംഗിയുണ്ടായിരുന്നുവെന്ന് മുതിരുമ്പോഴല്ലേ നമുക്ക് മനസ്സിലാവുന്നത്. അച്ഛനും അമ്മയും ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു ഏറ്റവും മനോഹരം. ക്രിസ്മസ് രാവിൽ മാലപ്പടക്കങ്ങളും ഓലപ്പടക്കങ്ങളുമൊക്കെ കൂട്ടുകാരുമൊത്ത് പൊട്ടിക്കും, പൊട്ടാത്ത പടക്കങ്ങളിലെ, അല്ലെങ്കിൽ നനഞ്ഞ പടക്കങ്ങളിലെ മരുന്നെടുത്ത് പേപ്പറിൽ ശേഖരിച്ച് അതിനു തീകൊളുത്തുന്നതിലായിരുന്നു അന്നു ഹരം. ക്രിസ്മസ് കാരളിൽ പാട്ടുപാടാനൊക്കെ പോയതാണ് അക്കാലത്തെക്കുറിച്ചോർക്കുമ്പോൾ ഏറം രസം പകരുന്ന ഓർമ. നാട്ടുമ്പുറത്തെ വീടുകളിലൊക്കെ കാരൾസംഘത്തിനൊപ്പം കയറിയിറങ്ങിയ കാലമൊക്കെ ഓർക്കാറുണ്ട്. ഇപ്രാവശ്യത്തെ ക്രിസ്മസ് ആഘോഷം എന്റെ അച്ഛന്റെ കുടുംബ വീട്ടിലാണ്. അച്ഛന്റെ സഹോദരി സഹോദരന്മാരുടെ കുടുംബാംഗങ്ങളെല്ലാവരുമെത്തും. എല്ലാവർക്കും അവധിയൊക്കെ കിട്ടുന്ന സമയമായതുകൊണ്ട് ഈ ക്രിസ്മസ് അടിച്ചു പൊളിക്കാനാണ് തീരുമാനം. എന്റെ മകൻ അമ്പൂച്ചനും മറക്കാനാകാത്ത ക്രിസ്മസ് ആയിരിക്കുമത്. അവനെ കാത്ത് ഒരുപാട് കൂട്ടുകാരൊക്കെയുണ്ടവിടെ.

∙ സൗഹൃദങ്ങളാണ് ശക്തി

ഇൻഡസ്ട്രിക്കകത്തും പുറത്തും ഒരുപാട് സൗഹൃദങ്ങളുണ്ട്. പേരെടുത്തു പറഞ്ഞാൽ വിട്ടുപോയാൽ സങ്കടമാകും. കുട്ടിക്കാലം മുതൽ എനിക്കൊപ്പമുള്ള ഒരുപാട് കൂട്ടുകാർ ഇൻഡസ്ട്രിക്കു പുറത്തുണ്ട്. എപ്പോഴും വിളിക്കാറൊന്നുമില്ലെങ്കിലും നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട്. അജു, അലീന, രഞ്ജിത, ഗ്ലോറി, മീനു, റീന, സീത, കവിത, വിഷ്ണു, ലിജു, മഞ്ജു ചേച്ചി, അഖിൽ, അമൽ, അച്ചു അങ്ങനെ വലിയൊരു സുഹൃദ്‌വലയം തന്നെയുണ്ട്. എന്തിനും ഏതിനും ഓടിയെത്തുന്ന ആത്മാർഥ സുഹൃത്തുക്കളാണവർ. ഞങ്ങൾക്കൊരു വാട്സാപ് ഗ്രൂപ്പുണ്ട്. സൗഹൃദം എന്നെ ഏറെ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഒരിക്കലും വിട്ടുകളയാനാകാത്ത സൗഹൃദങ്ങളാണവയൊക്കെ. 

actress-veena-nair-life-and-career-special-interview

∙ സന്തുഷ്ട കുടുംബം, യാത്രയും കുക്കിങ്ങും ഏറെയിഷ്ടം 

ഇപ്പോൾ ഞങ്ങൾ കൊച്ചിയിലേക്ക് താമസം മാറി. ഭർത്താവ് കണ്ണൻ വിദേശത്താണ്. കണ്ണന്റെ കുടുംബം കോട്ടയത്താണ്. ഞങ്ങളുടെ മകൻ അമ്പൂച്ചൻ എന്റെയൊപ്പം കൊച്ചിയിലുണ്ട്. എന്റെ സഹോദരനും കുടുംബവും തിരുവനന്തപുരത്തുണ്ട്. എല്ലാവരും സുഖമായിട്ടിരിക്കുന്നു. പുതിയ ചിത്രങ്ങളുടെ ഷൂട്ടിനു വേണ്ടിയുള്ള തിരക്കിലാണ് ഞാനിപ്പോൾ. ട്രാവൽ ചെയ്യാൻ ഏറെയിഷ്ടമുള്ള ഒരാളാണ് ഞാൻ. സ്വിറ്റ്‌സർലൻഡ്, പാരിസ് ഇവയൊക്കെയാണ് എന്റെ ഡ്രീം പ്ലേസുകൾ. എന്റെ ബക്കറ്റ് ലിസ്റ്റിലുള്ള രാജ്യങ്ങളാണ് ഇവയൊക്കെയും. സ്കൈഡൈവിങ്, ബൻകീ ജംപിങ് അങ്ങനെയൊരുപാട് കാര്യങ്ങൾ ബക്കറ്റ്ലിസ്റ്റിലുണ്ട്. ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്ന് ആഗ്രഹമുണ്ട്. അഡ്വഞ്ചറസ് യാത്രകളേറെയിഷ്ടമാണ്. കാടാണ് ഏറെ പ്രിയങ്കരം. വയനാട്ടിൽ സ്ഥിരമായി പോകുന്ന ചില സ്ഥലങ്ങളുണ്ട്. എത്ര സുന്ദരങ്ങളായ സ്ഥലങ്ങളാണ് നമുക്കു ചുറ്റുമുള്ളത്. കണ്ടത് ഇത്രയും മനോഹരമാണെങ്കിൽ കാണാത്ത സ്ഥലങ്ങൾ എത്ര മനോഹരമായിരിക്കും.

വർക്കുകളുടെ ഇടവേളകളിൽ ഞാൻ യാത്ര പോകാറുണ്ട്. അത്തരം യാത്രകൾ ജീവിതത്തിൽ വളരെ അനിവാര്യം തന്നെയാണ്. യാത്രകളിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ കിട്ടും, നല്ല അറിവുകൾ കിട്ടും. മനസ്സ് ഫ്രഷ് ആകാനും യാത്രകൾ വളരെ നല്ലതാണ്. ഒരു യാത്ര കഴിഞ്ഞെത്തുമ്പോഴെടുക്കുന്ന തീരുമാനങ്ങൾ പോലും ചിലപ്പോൾ വളരെ നല്ലതാവും. ചെറിയ സോളോ ട്രിപ്പുകൾ പോകുമെന്നല്ലാതെ സോളോ ട്രിപ് അത്രയൊന്നും എക്സ്പ്ലോർ ചെയ്തിട്ടില്ല. കുടുംബം, കൂട്ടുകാർ ഇവരൊത്തുള്ള യാത്രകൾ സമ്മാനിക്കുന്നത് വേറൊരു വൈബ് ആണ്. കുടുംബവുമൊത്തുള്ള യാത്രകളിൽ നമ്മൾ കംഫർട്ട് സോണിലാണെന്ന് തോന്നും. സുഹൃത്തുക്കളുമായിട്ടുള്ള യാത്രകൾ സമ്മാനിക്കുന്നത് മറ്റൊരു അനുഭവമാണ്. മൂന്നും സമ്മാനിക്കുക മൂന്നു തരത്തിലുള്ള അനുഭവമാണ്. പുതിയ രുചികൾ പരീക്ഷിക്കാനും ഭക്ഷണം പാകം ചെയ്യാനും ഏറെയിഷ്ടമാണ്. ഫുഡ് ഹണ്ടർ സാബുവിനെ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. ഫുഡ് ക്രേസാണ്. വെറൈറ്റി ഫുഡികൾ പരീക്ഷിക്കാനിഷ്ടമാണ്. കുക്കിങ് പരീക്ഷണത്തിൽ ഇടയ്ക്കൊക്കെ മകൻ അമ്പൂച്ചനും പങ്കാളിയാകാറുണ്ട്. ചില നിർദേശങ്ങളൊക്കെ നൽകി ആളങ്ങനെ ഒപ്പം കൂടും.

∙ പുതിയ ചിത്രങ്ങൾ

അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ. സിനു സംവിധാനം ചെയ്യുന്ന തേര് എന്ന ചിത്രത്തിൽ രണ്ട് സീനാണ് അഭിനയിച്ചിരിക്കുന്നത്. ബാബുരാജ് ചേട്ടന്റെ ജോഡിയായാണ് അഭിനയിച്ചത്. ജനുവരി അവസാനത്തോടെ ആ ചിത്രം റിലീസ് ചെയ്യും. എംഐ 12, വെള്ളരിക്കാപ്പട്ടണം എന്നിവയാണ് മറ്റു രണ്ട് പുതിയ പ്രോജക്ടുകൾ. അങ്ങനെ മൂന്നു ചിത്രങ്ങളാണ് റിലീസ് ആകാനുള്ളത്. ലിയോ തദേവൂസ് ഷൈൻ ടോം ചാക്കോയെ നായകനാക്കി സംവിധാനം ചെയ്യുന്ന പന്ത്രണ്ട് എന്ന ചിത്രത്തിൽ നായകന്റെ സഹോദരിയുടെ വേഷമാണ് ഞാൻ ചെയ്യുന്നത്. മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത് മഞ്ജുവാരിയർ, സൗബിൻ ഷാഹിർ, ശബരീഷ്, ശ്രീകുമാർ, സുരേഷ് കൃഷ്ണ, സജിസെബാൻ എന്നിങ്ങനെ വമ്പൻ താരനിരയുള്ള ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ ഭാഗമാകാൻ അവസരം ലഭിച്ചു. നല്ലൊരു ക്യാരക്ടർ റോൾ ആണ് ആ ചിത്രത്തിൽ. സൗബിന്റെ ഡയലോഗിന് കൗണ്ടർ ഡയലോഗൊക്കെ പറയുമ്പോൾ ചില സമയത്ത് അത് നന്നായി വരാറുണ്ട്. ചില ഡയലോഗ് കൈയിൽനിന്നു പോകാറുമുണ്ട്. അതൊക്കെ ഷൂട്ടിങ് സമയത്ത് സ്പൊണ്ടേനിയസ് ആയി സംഭവിക്കുന്നതാണ്. ഷൂട്ടിന് മുൻപ് കഥാപാത്രത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. വെള്ളരിക്കാപ്പട്ടണമാണ് ഏറ്റവും പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്ന ചിത്രം. നല്ല രീതിയിൽ വരുമെന്ന് വിശ്വസിക്കുന്നു. എന്റെ സ്വന്തം പ്രൊഡക്‌ഷൻ കമ്പനി റോ മോഷൻ പിക്ചേഴ്സ് ജനുവരിയിൽ ലോഞ്ച് ചെയ്യും.

English Summary : Actress Veena Nair's special interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com