പിരിഞ്ഞിട്ടും പിരിയാതെ പ്രണയം; ബ്രേക്കപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം
Mail This Article
ഒരു ബന്ധത്തിൽ വേദനയോടെ തുടരുന്നതിലും നല്ലത് വേർപിരിയുന്നതാണ്. ഇഷ്ടമില്ലാത്ത ഒരാളെ പിരിയുന്നത് പോലും ഒരുപക്ഷേ നമ്മളെ വേദനിപ്പിച്ചേക്കാം. അപ്പോൾ പിന്നെ പ്രിയപ്പെട്ട ഒരാളെ പിരിയേണ്ടി വരുന്നത് അത്രയേറെ കഠിനമായിരിക്കുമല്ലോ. ബ്രേക്കപ്പിനുശേഷമായിരിക്കും ചിലർക്ക് തീരുമാനം തെറ്റായിരുന്നോ എന്ന സംശയം ഉണ്ടാവുക. കുറ്റബോധം അലട്ടുന്നവരും നിരവധിയാണ്. അത്രയേറെ സങ്കീർണമാണ് വേർപിരിയൽ. എന്നാൽ പലപ്പോഴുമത് അനിവാര്യതയുമായിരിക്കും. ബ്രേക്കപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
∙ പിരിയുന്നതിന് മുൻപ്
- വീണ്ടും ചിന്തിക്കുക
ഒരു നിമിഷം പിറകോട്ട് സഞ്ചരിച്ച് നിങ്ങളുടെ സംശയങ്ങൾ എന്തെല്ലാമാണെന്ന് വീണ്ടും ആലോചിക്കുക. വേർപിരിയുന്നതിനെക്കുറിച്ച് നിങ്ങളെ ചിന്തിപ്പിച്ചത് ഏതെങ്കിലും ഒരു കാരണമാണോ, അതോ നിരവധി കാരണങ്ങൾ ഉണ്ടോ? ഈ ചിന്ത നിങ്ങളിൽനിന്നു തന്നെ ഉടലെടുത്തതാണോ, അതോ മറ്റെവിടെ നിന്നെങ്കിലുമോ ?
ബന്ധങ്ങൾക്കിടയിൽ സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സംശയം മെല്ലെ മെല്ലെ വ൪ധിക്കുകയും വലിയ സ്വാധീനം ചെലുത്തി നിങ്ങളെ അലോസരപ്പെടുത്തകയും ചെയ്യുന്നുണ്ടെങ്കിൽ ആ ബന്ധം അതിന്റെ കാലാവധി പൂ൪ത്തിയാക്കിയെന്നു വേണം മനസിലാക്കാൻ.
– സ്നേഹം മാത്രം മതിയാകില്ല
ബന്ധത്തിൽ നിങ്ങളെ സഹായിക്കുന്ന ഘടകങ്ങളും വേദനിപ്പിക്കുന്ന കാര്യങ്ങളും സംസാരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് കുട്ടികൾ വേണമോ എന്ന വിഷയം മുതൽ തുട൪ന്ന് ഒന്നിച്ചുണ്ടാകണമോ എന്ന വിഷയം വരെ ഇക്കൂട്ടത്തിൽ പെടും. ഇത്തരം കാര്യങ്ങൾ ബന്ധങ്ങളെ വലിയ രീതിയിൽ സ്വാധീനിക്കുന്നതിനാൽ ഇവ സംസാരിച്ച് തന്നെ പരിഹരിക്കുക.
പ്രണയം മാത്രം മതിയാകാത്ത ഘട്ടത്തിൽ പരസ്പരം സത്യസന്ധത പുല൪ത്തുകയാണ് ചെയ്യേണ്ടത്. രണ്ടാളും പരസ്പരം മനസ്സിലാക്കുന്നവരല്ലെങ്കിൽ വികാരങ്ങളെ മാറ്റി നി൪ത്തി അവരവരുടെ വഴി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ബുദ്ധിമുട്ടാണെങ്കിൽ തന്നെയും അത് മികച്ച തീരുമാനമായിരിക്കും.
– അതു പൂ൪ത്തിയാക്കൂ
നിങ്ങൾ പിരിയാൻ തീരുമാനിച്ചെങ്കിൽ അതു വേഗം ചെയ്യുക. വെറുതെ വലിച്ചു നീട്ടേണ്ടതില്ല. ഇച്ഛാശക്തിയോടെ ആ പ്രക്രിയ പൂ൪ത്തിയാക്കൂ. ഒരു തീരുമാനം കൈക്കൊണ്ടാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല.
– ധൈര്യത്തോടെയിരിക്കുക
ബ്രേക്കപ്പ് ഏറെ ശ്രമകരമാണ്. അത് നമ്മളെ വിഷാദരോഗത്തിലേക്ക് തള്ളിവിടാൻ കെൽപുള്ള വിഷമകരമായ പ്രക്രിയയാണ്. ചിലപ്പോൾ ഒരു തെറാപ്പിസ്റ്റിനോട് സംസാരിക്കേണ്ടി വന്നേക്കാം. മാനസിക വിഷമമാണ് ശാരീരിക വേദനയേക്കാൾ കഠിനമെന്ന് ചില൪ പറയുന്നത് കേട്ടിട്ടില്ലേ. സാഹചര്യം എന്താണെങ്കിലും തയാറായിരിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. വേദനകൾക്കിടയിലും വേ൪പിരിയൽ ഒരു ശാന്തമായ പ്രക്രിയയാരിക്കണം.
∙ ബ്രേക്കപ്പിനിടയിൽ
– നേരിൽ കണ്ട് പിരിയുക
നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ പങ്കാളിയെ നേരിൽ കണ്ട് പിരിയുന്നതാണ് നല്ല തീരുമാനം. രണ്ടുപേ൪ക്കും സമാധാനത്തോടെയും ശാന്തമായും സംസാരിക്കാൻ സാധിക്കുന്ന ഒരു സ്ഥലം കണ്ടെത്തുക. ഒരു മെയിലോ മെസേജോ അയക്കുന്നതിലും നല്ലതാണിത്.
ധൈര്യത്തോടെ പങ്കാളിയെ കേൾക്കുക. അത് എളുപ്പമായിരിക്കില്ലെങ്കിലും അത്യാവശ്യമാണ്. നേരിൽ കണ്ട് വേ൪പിരിയുന്നത് പെട്ടെന്നുള്ള പരിഹാരത്തിനും പരസ്പര ബഹുമാനത്തിനും ഇട നൽകും.
– സത്യസന്ധതയും തുറന്ന് സംസാരിക്കലും
അവരുടെ പ്രതികരണത്തിന് തയാറായിരിക്കുക. പ്രതികരണം എന്തു തന്നെയായാലും തുറന്ന മനസ്സോടെയും സത്യസന്ധമായും അഭിമുഖീകരിക്കുക. പങ്കാളിക്ക് ചിലപ്പോൾ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാകും. ‘എന്തുകൊണ്ട്? എങ്ങനെ? എപ്പോൾ? എന്ത്?’ ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകുന്നത് പ്രധാനമാണ്. നിങ്ങളുടെ മനസ്സിനെ ശൂന്യമാക്കുന്ന ഈ പ്രക്രിയയിലൂടെ സമാധാനവും, അവസാനിപ്പിക്കുമ്പോൾ സാധ്യമായതെല്ലാം ചെയ്തുവെന്ന ആത്മവിശ്വാസവും ലഭിക്കും.
∙ ബ്രേക്കപ്പിനു ശേഷം
– മനസ്സിനെ സംരക്ഷിക്കുക
ബ്രേക്കപ്പ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പരസ്പരം ഉണ്ടായിരുന്ന വികാരങ്ങൾ എല്ലാം നശിച്ചുവെന്ന് അ൪ഥമില്ല. ചിലപ്പോൾ പങ്കാളിയെ വിളിക്കാൻ തോന്നും, ഒരു വട്ടം കൂടി അവരുടെ ശബ്ദം കേൾക്കാൻ തോന്നും. ഈ സാഹചര്യങ്ങൾ പൂ൪ണമായി മനസ്സിലാക്കിയെടുക്കാൻ ഒരുപാട് സമയം വേണ്ടി വരും. അനിശ്ചിതത്തിലും വേദനയിലും കഷ്ടപ്പെടുന്ന മനസ്സിനെ പരിപാലിക്കാനും ശ്രമിക്കണം. ഒപ്പം പഴയ പങ്കാളിക്ക് സമയവും അവരുടേതായ ഇടവും നൽകണം.
- സഹായം തേടുക
ബ്രേക്കപ്പിന് ശേഷം പലരുടേയും പിന്തുണ ആവശ്യമായി വരും. കുടുംബത്തെ ഒപ്പം നി൪ത്താനും പഴയ കൂട്ടുകാരുമായി ചങ്ങാത്തം പുതുക്കാനും ശ്രമിക്കാം. സാഹചര്യം കൂടുതൽ വഷളാവുകയാണെങ്കിൽ ഒരു തെറാപ്പിസ്റ്റിനെ കാണുക. സഹായം ചോദിക്കാൻ മടിക്കേണ്ട കാര്യമില്ല. ഒരു പുതിയ ഹോബി തിരഞ്ഞെടുക്കുന്നതിലൂടെ മനസ്സിന്റെ ശ്രദ്ധ തിരിച്ചുവിടാം. എന്തു സംഭവിച്ചാലും മുന്നോട്ട് തന്നെ നീങ്ങാൻ ശ്രദ്ധിക്കുക.
Content Summary : Keep In Mind These Things Before And After Breakup