വളരെയേറെ പൗരുഷമുള്ള ഒരാള്‍; രുദ്രൻ എന്നാണ് എന്നെ വിളിച്ചിരുന്നത്: ഷാനവാസ്
Mail This Article
അന്തരിച്ച നടൻ ജി.കെ.പിള്ളയെ കുറിച്ചുള്ള ഓർമകൾ നടൻ ഷാനവാസ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
‘‘കുങ്കുമപ്പൂവിലാണ് ഞാൻ പിള്ള സാറിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. എന്റെ തുടക്കകാലമായിരുന്നു അത്. അദ്ദേഹത്തോടൊപ്പമുള്ള നിരവധി സീനുകൾ ആ സീരിയലിൽ ഉണ്ടായിരുന്നു. ഉയരം, ശാരീരിക ഘടന, ശബ്ദം എന്നിവയെല്ലാം ചേർന്ന് വളരെയേറെ പൗരുഷമുള്ള ഒരാളായിരുന്നു അദ്ദേഹം. അത്രയേറെ സ്ഫുടതയോടെയാണ് ഡയലോഗ് പറയുക. എല്ലാത്തിനും വ്യത്യസ്തമായ ശൈലിയുള്ള ഒരാള്‍.
കുങ്കുമപ്പൂവിൽ ഞാൻ രുദ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. എന്നെ എപ്പോൾ കണ്ടാലും ആ പേരാണ് അദ്ദേഹം വിളിക്കുക. ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. പ്രശസ്തനാകുമ്പോൾ ആകുമ്പോൾ ഒരിക്കലും നിലമറക്കരുത്, മറ്റുള്ളവരോട് ഭവ്യതയോടെ പെരുമാറണം എന്നിങ്ങനെ പലതും അതിൽ ഉൾപ്പെടുന്നു.
അദ്ദേഹത്തിന്റെ രൂപം കാണുമ്പോൾ വലിയ ഗൗരവക്കാരനാണ് എന്നു തോന്നും. പക്ഷേ അതിൽനിന്നു തികച്ചും വ്യത്യസ്തനായ, ഒരുപാട് തമാശകൾ പറയുകയും ചിരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് സിനിമാ കാലഘട്ടത്തെക്കുറിച്ചും പഴയ പട്ടാള ജീവിതത്തെക്കുറിച്ചും ഒരുപാട് സംസാരിക്കുമായിരുന്നു. പട്ടാളത്തിലെ കഥകൾ പറയുമ്പോൾ ‘നിങ്ങൾ പട്ടാളക്കാരെല്ലാം ഇങ്ങനെ ഭയങ്കര തള്ളാണല്ലേ’ എന്നു പറഞ്ഞ് ഞങ്ങൾ കളിയാക്കും. അപ്പോൾ അത് ആസ്വദിച്ച് അദ്ദേഹം പൊട്ടിച്ചിരിക്കും. ആശ ചേച്ചി (ആശ ശരത്ത്) അദ്ദേഹത്തെ അച്ഛാ എന്നു തന്നെയാണ് വിളിച്ചിരുന്നത്. അങ്ങനെ ഞങ്ങളുടെ അച്ഛനും മുത്തച്ഛനും കാരണവരുമൊക്കെയായിരുന്നു അദ്ദേഹം.
കുങ്കുമപ്പൂവ് കഴിഞ്ഞതിനുശേഷം പിന്നെ താമരത്തുമ്പി എന്ന സീരിയലിൽ അഭിനയിക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അതിൽ ഒരു അതിഥി കഥാപാത്രമായാണ് അദ്ദേഹം എത്തിയത്. അന്ന് എന്നെ കണ്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. പിന്നെ ഞങ്ങൾ കണ്ടിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ വിയോഗ വാർത്തയാണ് തേടിയെത്തിയത്. വളരെ വേദനിപ്പിക്കുന്ന ഒന്നാണിത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’