ADVERTISEMENT

കലാ വേദികളിലൂടെയും സിനിമ–സീരിയലുകളിലൂടെയും രണ്ടു പതിറ്റാണ്ടിലേറെയായി ദേവി ചന്ദന മലയാളികൾക്ക് മുമ്പിലുണ്ട്. ഈ കാലഘട്ടത്തിനിടിയിൽ പല രൂപത്തിൽ ദേവിയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ശരീരഭാരം കുറച്ച് അമ്പരപ്പിച്ചു. മറ്റു ചിലപ്പോൾ മേക്കോവറിലൂടെ അസൂയപ്പെടുത്തി. ഇത്തരം മാറ്റങ്ങള്‍ക്കു പിന്നിലെ രഹസ്യവും 16 വർഷം പിന്നിട്ട ദാമ്പത്യവും യുട്യൂബറായുള്ള അനുഭവങ്ങളും പ്രിയതാരം പങ്കുവയ്ക്കുന്നു.  

∙ പല രൂപത്തിൽ ദേവി ചന്ദനയെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ രൂപത്തിൽ മാറ്റം വരുത്തുന്നു. എന്താണ് ഇതിനു പിന്നിലെ രഹസ്യം ?

മാറ്റം ഞാൻ വരുത്തുന്നു എന്നതിനേക്കാൾ അത് സംഭവിക്കുന്നു എന്നു പറയുന്നതാകും ശരി. രണ്ടര വർഷം മുമ്പാണ് വെയിറ്റ് ലോസ് മേക്കോവർ ചെയ്തത്. ഇപ്പോൾ ഹെയർസ്റ്റൈൽ ഒന്നു മാറ്റി. അങ്ങനെ അതെല്ലാം ഒരോ സാഹചര്യത്തിന് അനുസരിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. അല്ലാതെ നാളെ രൂപത്തിൽ മാറ്റം വരുത്തിയേക്കാം എന്ന കരുതി ഒന്നും ചെയ്യാറില്ല. കോവിഡും ലോക്ഡൗണും കാരണം വീട്ടിലിരുന്നപ്പോൾ സ്വയം ശ്രദ്ധിക്കാന്‍ സമയം കിട്ടി. അതാണ് ഇപ്പോഴുള്ള മാറ്റത്തിനു കാരണം. നമ്മൾ നമ്മളെ ശ്രദ്ധിക്കുമ്പോൾ മാറ്റം സ്വാഭാവികമാണ്. പിന്നെ ഇപ്പോൾ യൂട്യൂബ് ചാനലുണ്ട്. അതിനുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതും ഒരു തരത്തിൽ ഇതിനു കാരണമാണ്. 

devi-chandana-2

∙ ദേവിയുടെ ഫിറ്റ്നസ് ചാലഞ്ച് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും അതുപോലെ കഠിനമായ വ്യായാമ രീതിയാണോ പിന്തുടരുന്നുന്നത് ?

ആറു മാസം മുമ്പ് കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. അതോടെ വ്യായാമത്തിന് ചെറിയ ഇടവേള നൽകേണ്ടി വന്നു. ഞാനിപ്പോൾ കുറച്ച് വണ്ണം വച്ചിട്ടുണ്ട്. അതിനു കാരണമിതാണ്. ഇപ്പോൾ ഡയറ്റും ചില അടിസ്ഥാന വ്യായാമങ്ങളും മാത്രമാണ് ചെയ്യുന്നത്. പിന്തുടർന്നിരുന്നിരുന്ന വ്യായാമ രീതി മാറ്റേണ്ടി വന്നതിൽ സങ്കടം ഉണ്ട്. രണ്ടു മാസം കഴിഞ്ഞാൽ എല്ലാം പഴയതു പോലെ ചെയ്യാമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട്.

∙ ഏതാണ് പ്രിയപ്പെട്ട വസ്ത്രം? വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ എന്തിനാണ് പ്രാധാന്യം നൽകുന്നത് ?

സാരിയാണ് എനിക്ക് പ്രിയപ്പെട്ട വസ്ത്രം. ഞാൻ അതിൽ വളരെ കംഫർട്ടബിള്‍ ആണ്. സാരിയിൽ ‍ഡാൻസ് കളിക്കാൻ പറഞ്ഞാലും യാതൊരു ബുദ്ധിമുട്ടുമില്ല. 10–ാം ക്ലാസ് കഴിഞ്ഞതു മുതൽ സാരി ഉടുക്കുന്നുണ്ട്. കോളജിൽ നൃത്തം പഠിക്കുമ്പോൾ യൂണിഫോമായി സാരിയാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ അതൊരു ശീലമായി. പിന്നെ സീരിയലിലും സിനിമയിലും സാരി തന്നെയായിരുന്നു പ്രധാന വേഷം. വളരെ പെട്ടെന്ന് വൃത്തിയായി സാരിയുടുക്കാൻ സാധിക്കും. അമ്പലങ്ങളിൽ വളരെയധികം പോകുന്ന ഒരാളാണു ഞാൻ. അത്തരം സന്ദർഭങ്ങൾക്ക് സെറ്റ് സാരി ആണല്ലോ അനുയോജ്യമായ വസ്ത്രം. അങ്ങനെ പല കാരണങ്ങൾ കൊണ്ട് സാരി പ്രിയപ്പെട്ടതും കംഫർട്ടബിളുമായ വസ്ത്രമായി. 

∙ യൂട്യൂബ് ചാനൽ തുടങ്ങിയല്ലോ. ആ തീരുമാനത്തിനു പിന്നിൽ ? 

യുട്യൂബ് ചാനൽ തുടങ്ങാനായി ഓൺലൈൻ പ്രെമോട്ടർമാർ വളരെ മുമ്പേ ബന്ധപ്പെട്ടിരുന്നു. വേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ കോവിഡ് പ്രതിസന്ധി എന്ന അവസാനിക്കും എന്ന വ്യക്തയില്ലാതെ നീളാൻ തുടങ്ങി. 2020 മാർച്ച് മാസത്തോടെ ആർട്ടിസ്റ്റുകൾക്ക് വേദികൾ ഇല്ലാതായതാണ്. ഈ അടച്ചു പൂട്ടലിന്റെ സമയത്ത് യൂട്യൂബ് ചാനല്‍ ആരംഭിച്ച നിരവധി സഹപ്രവർത്തകർ ഉണ്ട്. ഞാൻ അവരുടെ വിഡിയോകളുടെ ഭാഗമാകുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രമോഷന് സഹായിക്കുകയുമൊക്കെ ചെയ്തിരുന്നു. യുട്യൂബ് ചാനൽ തുടങ്ങുന്നില്ലേ എന്ന് അവരിൽ പലരും എന്നോട് ചോദിച്ചു. ഭാര്യയും ഭർത്താവും ആർട്ടിസ്റ്റുകൾ ആയതുകൊണ്ട് കണ്ടന്റിന് ക്ഷാമം ഉണ്ടാവില്ല എന്നും അവർ പറഞ്ഞു. എങ്കിലും ഞാൻ ആശയക്കുഴപ്പത്തിലായിരുന്നു. ആർട്ടിസ്റ്റുകൾ തമ്മിലുള്ള ഒരു മത്സരം പോലെ ഇത് തോന്നിക്കുമോ, കഥാപാത്രങ്ങളിലൂടെ മാത്രം പ്രേക്ഷകർക്ക് പരിചിതയായ ഞാൻ ഇത്ര വലിയ പ്ലാറ്റ്ഫോമിലേക്ക് വരണമോ എന്നെല്ലാം ചിന്തിച്ചു. പിന്നെ വിജിൽ എന്ന എന്റെ സുഹൃത്ത് വളരെയധികം നിർബന്ധിച്ചു. അങ്ങനെ ശ്രമിച്ചു നോക്കാം എന്ന ധാരണയിലെത്തി. ഓഗസ്റ്റ് 20ന് ഓണത്തിന്റെ സമയത്താണ് ആദ്യ വിഡിയോ ചെയ്യുന്നത്. കണ്ടന്റ് നന്നായിട്ടുണ്ട് എന്നു പലരും പറഞ്ഞു. കൂടുതൽ വിഡിയോ ചെയ്യാൻ തുടങ്ങി. പതിയെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം വർധിച്ചു. 

devi-chandana-56

∙ കണ്ടന്റ് സ്വന്തമായി ചെയ്യുമ്പോഴുളള വ്യത്യാസം ?

യുട്യൂബിലൂടെ ലഭിക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം വളരെയധികം ആസ്വദിക്കുന്നുണ്ട്. നമുക്ക് ഇഷ്ടമുള്ള വിഡിയോ ചെയ്യാം. വ്യൂവേഴ്സിന്റെ കമന്റുകളില്‍നിന്നു കിട്ടുന്ന ആശയങ്ങളും വിഡിയോ ആക്കാറുണ്ട്. സാരി–ആഭരണ കലക്‌ഷനുകൾ, ജീവിതത്തിലെ ഒരു ദിവസം, മേക്കപ് എന്നിവ അങ്ങനെ ചെയ്തതാണ്. ആളുകളുടെ അഭിപ്രായം വളരെ വേഗം അറിയാനുള്ള അവസരവും യൂട്യൂബിലൂടെ ലഭിക്കുന്നു. നമ്മളെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് നമ്മളെ കൂടുതൽ മനസ്സിലാക്കാനും അടുക്കാനും സാധിക്കുന്നു. ഇതെല്ലാം ‌രസകരവും സന്തോഷകരവുമായ കാര്യങ്ങളാണ്. 

∙ ഇക്കാര്യങ്ങളിലെല്ലാം ഭർത്താവിന്റെ പിന്തുണയും സ്വാധീനവും എങ്ങനെയാണ് ?

ഞങ്ങൾ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാറില്ല. കരിയറുമായി ബന്ധപ്പെട്ടതാകട്ടെ, വ്യക്തി ജീവിതത്തിലേതാകട്ടെ, ഞാനും കിഷോറും ചർച്ച ചെയ്യും. അതിനുശേഷമാണ് തീരുമാനത്തിലേക്ക് എത്തുക. അവസാന തീരുമാനം അവരവരുടെ തന്നെയായിരിക്കും. അതായത് കിഷോർ ഏത് ഷോയിൽ പാടണമെന്ന് ഞാനോ, ഞാൻ ഏതു സീരിയലിൽ അഭിനയിക്കണമെന്ന് കിഷോറോ അല്ല തീരുമാനിക്കുക. അതു ചെയ്യല്ലേ, ഇതു ചെയ്യൂ എന്നൊന്നും പറയാറില്ല. ഇങ്ങനെ ‌പരസ്പര ബഹുമാനവും സ്വാതന്ത്ര്യവുമൊക്കെ നിലനിർത്തിയാണ് ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഞാൻ യുട്യൂബ് ചാനൽ തുടങ്ങാൻ തീരുമാനിച്ചെന്ന് പറഞ്ഞപ്പോൾ അതിനു വേണ്ടി ഒരുപാട് സ്ട്രെയിൻ എടുക്കുകയോ വിഷമിക്കുകയോ ചെയ്യല്ലേ എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. മോശം കമന്റുകൾ വന്നാൽ പെട്ടെന്നു തളരുന്ന ആളാണു ഞാൻ. ചാനൽ തുടങ്ങുമ്പോൾ അതെല്ലാം നേരിടാന്‍ തയാറാകണമെന്നും കിഷോർ ഓർമിപ്പിച്ചു. ചാനല്‍ തുടങ്ങിയതിനുശേഷം എല്ലാത്തിനും അദ്ദേഹം ഒപ്പമുണ്ട്. ഞങ്ങൾ ഒന്നിച്ച് കവർ സോങ് ചെയ്തിരുന്നു. ഇന്റർവ്യൂ ആയാലും ട്രാവൽ വ്ലോഗ് ആയാലും കിഷോറും ഒപ്പമുണ്ടാകും.

∙ 16 വർഷം പിന്നിട്ട ദാമ്പത്യ ജീവിതം എന്തെല്ലാം പഠിപ്പിച്ചു ?

ദാമ്പത്യം എന്നെ പലതും പഠിപ്പിച്ചു. സന്തോഷങ്ങളും ദുഃഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ചേർന്നതാണ് ദാമ്പത്യം. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ അതിനെ എങ്ങനെ നേരിടുന്നു എന്നത് പ്രധാനമാണ്. അവ നീണ്ടു പോകാതെ എത്രയും പെട്ടെന്നു പരിഹരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. മനസ്സു തുറന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളില്ല. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ വരെ സംസാരിച്ച് തീർക്കുന്നു. അപ്പോൾ മനുഷ്യർക്ക് അതിന് എത്ര എളുപ്പം സാധിക്കും. ദാമ്പത്യത്തിലും ഒരു സ്പേസ് വേണം. പങ്കാളിയുടെ മനോവികാരങ്ങളെ ബഹുമാനിക്കാൻ സാധിക്കണം. പരസ്പരം ആത്മാർഥത ഉണ്ടാകണം. അങ്ങനെ ആണെങ്കിൽ ദാമ്പത്യം വളരെ സുഖമമായി മുന്നോട്ടു പോകും.

devi-chandana-653

∙ കോവിഡ് കാലത്തെ പ്രതിസന്ധികളെ എങ്ങനെയാണ് നേരിട്ടത് ? 

എല്ലാവരെയും പോലെ ഞങ്ങളും വളരെയധികം ബുദ്ധിമുട്ടിയ സമയമായിരുന്നു അത്. ഞങ്ങൾ രണ്ടാളും സ്റ്റേജ് ആർട്ടിസ്റ്റുകൾ ആയതുകൊണ്ട് ആ ബുദ്ധിമുട്ട് കുറച്ച് കൂടി എന്നു പറയാം. സെപ്റ്റംബർ മുതൽ ഫ്രെബുവരി വരെയുള്ള മാസങ്ങളിലാണ് സ്റ്റേജുകൾ സജീവമാകുക. അതുകഴിഞ്ഞ് പിന്നെയുള്ള മാസങ്ങളിൽ പരിപാടികൾ ഉണ്ടാവില്ല. അതുകൊണ്ട് സീസൺ സമയത്ത് പരമാവധി പരിപാടികളിൽ പങ്കെടുക്കും. ഒരു ദിവസം രണ്ടും മൂന്നും പ്രോഗ്രാമുകൾ ചെയ്യേണ്ടി വരും. ആ സമയത്തു ലഭിക്കുന്ന വരുമാനം കൊണ്ടാണ് വർഷം മുഴുവൻ പിടിച്ചു നിൽക്കേണ്ടത്. ലോക്ഡ‍ൗണ്‍ ആയതോടെ ഷോകളെല്ലാം ഇല്ലാതായി. ഷൂട്ടുകൾ നിലച്ചു. ഡാൻസ് ക്ലാസുകൾ നിർത്തേണ്ടി വന്നു. അങ്ങനെ എല്ലാ വരുമാന മാർഗവും അടഞ്ഞു. വരുമാനം ഇല്ലെങ്കിലും ചെലവുകൾ ഉണ്ടാകുമല്ലോ. കയ്യിലുണ്ടായിരുന്നതെല്ലാം വച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോയി. എങ്കിലും അതിനും പരിധിയില്ലേ. ഇത്ര നാൾ ഇതിങ്ങനെ നീളുമെന്ന് കരുതിയില്ല. സാമ്പത്തികമായി മാത്രമല്ല മാനസികമായും കടുത്ത ബുദ്ധിമുട്ടുകളാണ് കോവിഡ് നല്‍കിയത്. എങ്കിലും അതിജീവിക്കുക എന്നത് നമ്മുടെ ആവശ്യമാണ്. നമ്മളേക്കാൾ കഷ്ടപ്പെടുന്ന നിരവധിപ്പേര്‍ ചുറ്റിലുമുണ്ട്. അന്നന്നത്തെ ആഹാരത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുന്നവർ. അവരെയെല്ലാം വച്ചു നോക്കുമ്പോൾ നമ്മൾ ഭാഗ്യവാന്മാരാണ് എന്നറിയാം. അതുകൊണ്ട് ഈ ബുദ്ധിമുട്ടുകൾ മാറും എന്ന വിശ്വാസത്തിലാണ് ഓരോ ദിവസവും പിന്നിട്ടത്. 

∙ പുതുവർഷ പ്രതീക്ഷകൾ

ഈ സീസണിൽ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകും എന്നാണ് പ്രതീക്ഷ. പഴയതു പോലെ വേദികളും ആൾക്കൂട്ടങ്ങളും ഉണ്ടാകണം. കാരണം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന നിരവധി ആർട്ടിസ്റ്റുകൾ ചുറ്റിലും ഉണ്ട്. ഒരുപാട് പേരുടെ നിലനിൽപ്പിനായി എല്ലാം പഴയതു പോലെ ആകേണ്ടതുണ്ട്. ഈ വർഷം എല്ലാവർക്കും നല്ല വർഷമായി മാറട്ടേ.

English Summary : Actress Devi Chandana on her make over and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com