ADVERTISEMENT

തന്നെ മനസ്സിലാക്കുന്ന, തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളികളുടെ പ്രിയതാരം ചന്ദ്ര ലക്ഷ്മൺ. ആ കാത്തിരിപ്പ് കുറച്ചു നീണ്ടു പോയെങ്കിലും അങ്ങനെയൊരാളെ കണ്ടെത്താൻ ചന്ദ്രയ്ക്കു കഴിഞ്ഞു. സീരിയിലിൽ നായകനായി വന്ന ടോഷ് ക്രിസ്റ്റി ജീവിതനായകനായ കഥ ചന്ദ്ര ലക്ഷ്മൺ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.

 

∙ സോള്‍മേറ്റ്

chandra-lakshman-tosh-christy-01

സ്വന്തം സുജാത സീരിയലിന്റെ നൂറാം എപ്പിസോഡിന്റെ ആഘോഷവേളയിലാണ് ഞാനും ടോഷേട്ടനും കണ്ടുമുട്ടുന്നത്. കുറച്ചു സമയമെടുത്ത് സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്ന സ്വഭാവക്കാരിയാണ് ഞാൻ. എന്നാൽ ടോഷേട്ടൻ അങ്ങനെയല്ല. എല്ലാവരും പെട്ടെന്ന് ഇഷ്ടപ്പെടുന്ന, ആളുകളുമായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ്. അങ്ങനെ എന്തുകാര്യവും തുറന്നു സംസാരിക്കാവുന്ന എന്റെ ഒരു നല്ല സുഹൃത്തായി അദ്ദേഹം മാറി. പ്രേക്ഷകർ പറഞ്ഞു പറഞ്ഞാണ് ജീവിതകാലം മുഴുവൻ തുണയായിക്കൂടേ എന്ന ചിന്ത ഞങ്ങളിൽ ഉണ്ടാകുന്നത്. എന്നെയും എന്റെ തൊഴിലിനെയും വളരെയധികം ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹമാണ് എന്റെ സോൾമേറ്റ് എന്ന തോന്നൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

 

∙ മറക്കാനാവാത്ത മാണിക്യ ചെമ്പഴുക്ക

കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാഹക്കാര്യം ഉറപ്പിച്ചത്. നവംബറിൽ വിവാഹിതരാകാനും തീരുമാനിച്ചു. അതിന് ഇടയിലുള്ള രണ്ടു മാസമായിരുന്നു പരസ്പരം അറിഞ്ഞത്. 100–ാം എപ്പിസോഡിന്റെ ആഘോഷ വേളയിൽ ഡയറക്ടർ അൻസാർ ഇക്ക ഞങ്ങൾ രണ്ടു പേരെയും ഒന്നിച്ച് പാട്ടുപാടാൻ നിർബന്ധിച്ചിരുന്നു. അന്ന് ഞങ്ങൾ തമ്മിൽ അത്ര പരിചയമില്ല. പാട്ട് പരിശീലിക്കുന്ന സമയത്ത് അദ്ദേഹം എനിക്കു നൽകിയ ബഹുമാനം ഹൃദ്യമായിരുന്നു. ‘ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക’ എന്ന ഗാനമാണ് ഞങ്ങളിരുവരും ചേർന്നു പാടിയത്. പാടിക്കഴിഞ്ഞപ്പോൾ സീരിയൽ ടീമിൽനിന്നു കുറേ ട്രോളുകളും കളിയാക്കലുമൊക്കെ ഉണ്ടായി. ഞങ്ങൾ തമ്മിൽ നല്ല കെമിസ്ട്രി ഉണ്ടെന്ന് അന്നേ അവർക്കു തോന്നിക്കാണും. പക്ഷേ ആ സമയത്ത് അങ്ങനെയൊരു ചിന്ത ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. എല്ലാം തമാശയായിട്ടാണു കണ്ടത്.

chandra-lakshman-tosh-christy-05

 

∙ എല്ലാം മനസ്സിലാക്കിയ കോവിഡ് 

കോവിഡ് പോസിറ്റീവ് ആയ സമയത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്. കോവിഡ് ആണെന്ന് അറിയാതെ ഞാൻ സെറ്റില്‍ പോയിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനിടയിൽ ടോഷേട്ടന് പകർന്നു. കോവിഡ് കാരണം സംസാരിക്കാൻ പോലും ആവാത്ത വിധം ഞാൻ ബുദ്ധിമുട്ടി. അപ്പോൾ പരസ്പരം മെസേജ് അയച്ച് വിവരങ്ങൾ തിരക്കുമായിരുന്നു. വയ്യാതിരിക്കുമ്പോഴും പരസ്പരം സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. സുഹൃത്ത് എന്ന നിലയിൽ കൂടുതൽ മനസ്സിലാക്കാനായത് അപ്പോഴാണ് എന്നു പറയാം.

chandra-lakshman-tosh-christy-03

 

∙ ആദ്യത്തെ ‘ഐ ലൗവ് യു’ 

വിവാഹം എന്ന തീരുമാനത്തിലേക്ക് പരസ്പര ബഹുമാനത്തോടെ എത്തിയവരാണ് ഞങ്ങൾ. വിവാഹത്തിനുശേഷമാണ് പ്രണയിക്കാൻ തുടങ്ങിയത് എന്നും പറയാം. സത്യം പറഞ്ഞാൽ ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് പരസ്പരം ‘ഐ ലവ്‌ യു’ പറഞ്ഞിട്ടില്ല. എന്നാൽ വിവാഹത്തിനുശേഷം എന്നും പറയുന്നുമുണ്ട്. എപ്പോഴാണ് പരസ്പരം ഇഷ്ടം തോന്നിത്തുടങ്ങിയത് എന്നു കൃത്യമായി പറനാവില്ല. ഒരു നിയോഗം പോലെ ഒന്നായവരാണ് ഞങ്ങൾ. 

 

chandra-lakshman-tosh-christy-02

ഒരിക്കൽ, സെറ്റിൽ ബാക്കിയുള്ളവരെല്ലാം ഷൂട്ടിന്റെ തിരക്കിലായിരുന്നു. ഞങ്ങള്‍ രണ്ടു പേർ മാത്രം വെറുതെയിരിക്കുന്നു. പെട്ടെന്ന് എന്തിനോ ടോഷേട്ടനെ ശ്രദ്ധിച്ചപ്പോള്‍ കക്ഷി എന്നെ നോക്കിയിരിക്കുന്നു. അത് എന്നിൽ ഒരു തിരിച്ചറിവുണ്ടാക്കി. സെറ്റിൽനിന്നു റൂമിലേക്കുള്ള യാത്രയ്ക്കിടയിൽ തിരഞ്ഞെടുക്കുന്ന പാട്ടുകളിൽ പോലും ഒരു ഐക്യം തോന്നിയിരുന്നു. ഒരു ദിവസം ഞങ്ങൾക്കിരുവർക്കും ഇഷ്ടപ്പെട്ട പാട്ടുകേട്ട് യാത്ര ചെയ്യുകയായിരുന്നു. എന്റെ ഫ്ലാറ്റ് എത്താറായി. ‘അയ്യോ ഫ്ലാറ്റ് എത്താറായല്ലോ’ എന്ന് ഒന്നും ചിന്തിക്കാതെ പെട്ടെന്നു ഞാൻ പറഞ്ഞു പോയി. പറഞ്ഞത് അബദ്ധമായോ എന്നൊരു തോന്നൽ. ‘സോറി ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്ന്’ ടോഷേട്ടനോട് പറഞ്ഞിട്ട് ഫ്ലാറ്റിലേക്ക് പോയി. ആ സമയം അദ്ദേഹം ഒന്നു ചിരിക്കുക മാത്രം ചെയ്തു.

∙ വിവാഹത്തിനു മുമ്പുള്ള ആ രണ്ടു മാസം

പരസ്പരം മനസ്സിലാക്കാനുള്ള സമയമായിരുന്നു വിവാഹത്തിനു മുമ്പുള്ള രണ്ടു മാസക്കാലം. രണ്ടു പേരും രണ്ടു സംസ്കാരത്തിൽ നിന്നുള്ളവരാണ്. അതൊക്കെ മനസ്സിലാക്കാനും വീട്ടുകാർ തമ്മിൽ യോജിക്കാനുമൊക്കെയുള്ള സമയമായിരുന്നു ആ രണ്ടു മാസം. ശരിക്കും വിവാഹശേഷമാണ് പ്രണയം ആരംഭിച്ചത്. ഇപ്പോൾ ഒരു ദിവസം പോലും കാണാതിരിക്കാനാവില്ല. ഏതു സാഹചര്യത്തിലും ടോഷേട്ടൻ കൂടെയുണ്ടെന്നുള്ള വിശ്വാസമാണ് എന്നെ സംബന്ധിച്ച് പ്രണയം. അദ്ദേഹം എന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്നു ഞാൻ മനസ്സിലാക്കുന്നു. അതല്ലേ പ്രണയം. ഇപ്പോൾ ഞങ്ങൾ പ്രണയകാലത്തിലൂടെ കടന്നു പോകുകയാണ്.

 

∙ എന്നും എന്റെ ഇഷ്ടം

വളരെ കരുതലുള്ള നല്ലൊരു സുഹൃത്താണ് അദ്ദേഹം. എനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അർപ്പണ മനോഭാവത്തോടെ കലയെ സ്നേഹിക്കുന്ന കലാകാരനാണ്. അദ്ദേഹം അഭിനയത്തോട് പുലര്‍ത്തുന്ന ആത്മാർഥതയോട് എനിക്ക് എന്നും ബഹുമാനവും ഇഷ്ടവുമാണ്.

 

∙ റൊമാൻസ്

സ്നേഹം പ്രകടനത്തിൽ ടോഷേട്ടനാണ് മുമ്പിൽ. സർപ്രൈസ് സമ്മാനങ്ങളും മറ്റും നൽകുമെങ്കിലും സ്നേഹം വാക്കുകളിൽ പ്രകടിപ്പിക്കുന്നതിൽ ഞാൻ അദ്ദേഹത്തോളം വരില്ല.

 

∙ വിവാഹത്തിനു മുന്നേ പരസ്പരം ആ വാക്ക്  

പിണക്കവും ദേഷ്യവും കുഞ്ഞു വഴക്കുകളും ജീവിതത്തിന്റെ ഭാഗമാണല്ലോ. പിണക്കമോ പരിഭവമോ ഉണ്ടായാൽ രാത്രി ഉറങ്ങുന്നതിനു മുന്നേ അതു പരിഹരിക്കണം എന്ന തീരുമാനം വിവാഹത്തിനു മുമ്പേ ഞങ്ങൾ എടുത്തിരുന്നു. പിറ്റേന്ന് അതുമായി ബന്ധപ്പെട്ട് വഴക്കിടേണ്ടി വരരുത്. അത് ഇതുവരെ പാലിക്കാൻ ഞങ്ങൾക്കായി. പിണക്കം അവസാനിപ്പിക്കാൻ മുൻകൈ എടുക്കുന്നത് മിക്കവാറും ഞാനായിരിക്കും. കാരണം എനിക്കു പെട്ടെന്ന് ദേഷ്യം വരും. അതുപോലെ തണുക്കുകയും ചെയ്യും. ടോഷേട്ടന് ദേഷ്യം വരാറേയില്ല. എങ്ങാനും വന്നു കഴിഞ്ഞാൽ അത് ഒന്നൊന്നര ദേഷ്യമായിരിക്കും.

 

∙ കരിയർ ലൈഫ്

ജോലിയും വ്യക്തിജീവിതവും സുഗമമായി കൊണ്ടു പോകാൻ സാധിക്കുന്നുണ്ട്. ജോലിയുടെ ഭാഗമായാണ് കൊച്ചിയിൽ തങ്ങുന്നത്. ബ്രേക്ക് കിട്ടുമ്പോൾ കുന്നംകുളത്തോ ചെന്നൈയിലോ പോകും. വെളുപ്പിന് ഷൂട്ട് ഉള്ള ദിവസങ്ങളിൽ ടോഷേട്ടന് ചായയെങ്കിലും ഇട്ടു കൊടുത്തിട്ടേ പോകാറുള്ളൂ. പിന്നെ വീട്ടു ജോലികളിലും മറ്റും ടോഷേട്ടന്റെ സഹായം പറയാതിരിക്കാൻ വയ്യ.

 

∙ വാലന്റൈൻസ് ഡേ

എന്നും വലന്റൈൻസ് ഡേ എന്നു കരുതാനാണിഷ്ടം. ടോഷേട്ടനെ പോലെ തന്നെ ഞാൻ കുടുംബത്തെയും സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിൽ അച്ഛൻ, അമ്മ, ചേട്ടൻ, അനിയത്തി എന്നിവരുൾപ്പടെ 11 അംഗങ്ങളുണ്ട്. അവരുടെ ആ ഒത്തൊരുമ ഞങ്ങളുടെ ജീവിതത്തിലും പ്രവർത്തികമാക്കണം എന്നാണ് ആഗ്രഹം. പ്രണയം എന്നത് പരസ്പരം ബഹുമാനിക്കുമ്പോഴും മനസ്സിലാക്കുമ്പോഴും ഉണ്ടാകുന്നതാണ്. പ്രണയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഒരാളെ ജീവിതത്തിന്റെ ഭാഗമാക്കുക എന്നത് തമാശയല്ല. അവിടെ പക്വത കാണിക്കണം. ഒരുപാട് തയാറെടുപ്പുകൾ വേണമെന്നല്ല ഉദ്ദേശിച്ചത്. എന്റെയും ടോഷേട്ടന്റെയും കാര്യമെടുത്താൽ, ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു. കരിയറിന്റെ വളർച്ചയ്ക്കായി പരസ്പരം സഹായിക്കുന്നു. പങ്കാളിയെ നമ്മുടെ രീതിക്ക് മാറ്റാൻ ശ്രമിക്കാതെ, അദ്ദേഹം എന്താണോ അതിൽ മികച്ചതാക്കാൻ ശ്രമിക്കുക എന്നതാണ് പ്രധാനം. ഞങ്ങൾക്ക് പരസ്പരം അംഗീകരിക്കാൻ സാധിക്കുന്നത് ഒരു അനുഗ്രഹമായി കാണുന്നു.

 

English Summary : Actress Chandra Lakshman and Actor Tosh Christy Love Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com