ADVERTISEMENT

താൻ വിവാഹമോചിതയായി എന്ന വ്യാജവാർത്തയ്ക്കെതിരെ നടിയും കോമഡി ഷോ താരവുമായ രശ്മി അനിൽ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഴവിൽ മനോരമയിലെ പണം തരും പടം റിയാലിറ്റി ഷോയിൽ രശ്മിയും ഭർത്താവ് അനിലും മത്സരാർഥികളായി എത്തിയിരുന്നു. ഇതിനിടയിൽ ദാമ്പത്യ ജീവിതത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞു. മുൻപ് ഭർത്താവ് വളരെ കണിശക്കാരനായിരുന്നു. ആ സമയത്ത് വിവാഹമോചനത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം വളരെയേറെ മാറിയെന്നും തനിക്ക് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും രശ്മി വെളിപ്പെടുത്തി. എന്നാൽ ഇതിനെ രശ്മി വിവാഹമോചിതയായി എന്ന രീതിയിലാണ് ചിലർ പ്രചരിപ്പിച്ചത്.

 

‘‘ഞങ്ങൾ പിരിഞ്ഞില്ല സുഹൃത്തുക്കളേ. വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാൻ തീരെ താൽപര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞ് ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി’’– രശ്മി സമൂഹമാധ്യമത്തിൽ കുറിച്ചു. ഭർത്താവിനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘ഇതെന്തൊരു ലോകം’ എന്നാണ് നടി മാലാ പാർവതി കുറിപ്പിന് കമന്റ് ചെയ്തത്. ‘വിവാഹമോചിതയായോ എന്നു ചോദിച്ച് പലരും വിളിച്ചു ചേച്ചി’ എന്ന് രശ്മി ഇതിനു മറുപടി നൽകി. വളരെ കഷ്ടമാണെന്നും മൂന്നു ദിവസമായി ഇത്തരം പ്രചാരണം തുടങ്ങിയിട്ടെന്നും മറ്റൊരു കമന്റിന് മറുപടിയായി രശ്മി കുറിച്ചു.

 

തുടർച്ചയായി രണ്ടു തവണ ഹാസ്യ നടിക്കുള്ള ടെലിവിഷൻ പുരസ്കരം നേടിയ താരമാണ് രശ്മി. 3ാം ക്ലാസിൽ മോണോ ആക്ടിലൂടെ കലാരംഗത്ത് അരങ്ങേറ്റം കുറിച്ച രശ്മി പിന്നീടു നാടകം എഴുതിയും അഭിനയിച്ചും സംവിധാനം ചെയ്തും സ്കൂൾ യുവജനോത്സവങ്ങളിൽ താരമായി. കെപിഎസിയുടെ തമസ്സ്, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. ഇതിനിടെ ബിഎഡും പാസായി. 2006ൽ വിവാഹശേഷം അഭിനയരംഗത്തു നിന്ന് അധ്യാപനത്തിലേക്കു വഴിമാറി. കൈക്കുഞ്ഞായിരുന്ന മകൻ ശബരീനാഥിന് സീരിയലിൽ അവസരം ലഭിച്ചത് രശ്മിക്കു വീണ്ടും അഭിനയത്തിലേക്കു വഴിതുറന്നു. തുടർന്ന് ടെലിവിഷൻ രംഗത്ത് സജീവമാകുകയായിരുന്നു.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com