ദീപയെ എനിക്ക് തന്നത് ഡാൻസ്; എതിർപ്പുകൾ ഉണ്ടായിരുന്നു, പക്ഷേ; കുക്കുവിന്റെ പ്രണയകഥ
Mail This Article
മഴവിൽ മനോരമ പണം തരും പടം വേദിയിൽ പ്രണയകഥ പറഞ്ഞ് നർത്തകനും അവതാരകനുമായ സുഹൈദ് കുക്കുവും ഭാര്യ ദീപയും. ഷോയിൽ മത്സരാർഥികളായി ഇരുവരും എത്തിയിരുന്നു. നൃത്തത്തിലൂടെ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലെത്തിയത്. എതിർപ്പുകളെ മറികടന്നായിരുന്നു വിവാഹമെന്ന് ഇരുവരും പറയുന്നു.
ചാവക്കാട് അഞ്ചങ്ങാടിയിലുള്ള അക്കാദമിയിലാണ് കുക്കു ഡാന്‍സ് പഠിച്ചിരുന്നത്. അവിടേക്ക് ഒരു കൊറിയോഗ്രാഫിക്കായി ദീപ വരികയായിരുന്നു. മാസ്റ്റർ കൊറിയോഗ്രഫി ചെയ്യാൻ കുക്കുവിനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിയെ സൗഹൃദത്തിലായി. വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. ഇതിനിടയിൽ ദീപയ്ക്ക് വിവാഹാലോചനകൾ വരാൻ തുടങ്ങിയതോടെ കുക്കു തന്റെ പ്രണയം പറയുകയായിരുന്നു. എന്നാൽ പരസ്പരം മനസ്സിലാക്കുന്നവരാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ചേരാത്തവരാണെന്നും അതുകൊണ്ട് സുഹൃത്തുക്കളായി തുടരാമെന്നുമായിരുന്നു ദീപയുടെ മറുപടി. പിന്നീട് കുക്കുവിന്റെ പ്രണയത്തിന് ദീപ സമ്മതം മൂളി. കുറച്ചു നാൾ കഴിഞ്ഞ് ദീപ ഇക്കാര്യം വീട്ടില്‍ അവതരിപ്പിച്ചു. അവർ എതിർത്തു. ദീപ ഉറച്ചു നിന്നതോടെ സ്വന്തം ഉത്തരവാദിത്തത്തിൽ മുന്നോട്ടു പോകാമെന്നായി നിലപാട്. അങ്ങനെയാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം സ്വന്തം വിശ്വാസത്തിൽ തുടരുമെന്ന തീരുമാനം പ്രണയിക്കുമ്പോഴേ എടുത്തിരുന്നു. അതനുസരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കുക്കുവും ദീപയും പറയുന്നു.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. പിന്നീട് ഉടൻ പണം 3.0 യുടെ അവതാരകനായി. കുക്കുവും ദീപയും ചേർന്ന് കെ.സ്ക്വാഡ് ഡാൻസ് സ്റ്റുഡിയോ എന്ന പേരിൽ ഡാൻസ് സ്കൂള്‍ നടത്തുന്നുണ്ട്.