പോൺ താരമായി തിളങ്ങി; ജീവിതം മടുത്തു; പാസ്റ്ററായി: ജീവിതം പറഞ്ഞ് ജോഷ്വ
Mail This Article
പ്രശ്സത പോൺ താരമായിരുന്നു ജോഷ്വ ബ്രൂം. അഞ്ചു വർഷം നീണ്ട കരിയറിൽ ആയിരത്തിലേറെ നീലച്ചിത്രങ്ങളിലാണ് അഭിനയിച്ചത്. എന്നാൽ നിരവധി ആരാധകരെ സൃഷ്ടിച്ച, നേട്ടങ്ങളുണ്ടാക്കിയ ജോഷ്വ ഈ മേഖലയിൽനിന്നു പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷനായി. 2012ല്‍ ആയിരുന്നു ഇത്. ജോഷ്വ എവിടെപ്പോയതായിരുന്നു? വർഷങ്ങൾക്കപ്പറും ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ജോഷ്വ അതേക്കുറിച്ച് മനസ്സ് തുറന്നു.
നടനാവുക എന്ന ലക്ഷ്യത്തോടെ തന്റെ ഇരുപതുകളിലാണ് ജോഷ്വ ലൊസാഞ്ചലസിൽ എത്തിയത്. ചിലരുടെ ഉപദേശപ്രകാരം നീലച്ചിത്രങ്ങളുടെ ഭാഗമാകാൻ തുടങ്ങി. ഇതുവഴി ഹോളിവുഡില്‍ എത്താനാകും എന്നായിരുന്നു ജോഷ്വ കരുതിയത്. നീലച്ചിത്രങ്ങളിലൂടെ പ്രശസ്തനാകാൻ ജോഷ്വയ്ക്ക് സാധിച്ചു.
‘‘പണം സമ്പാദിച്ചാൽ സന്തോഷം ലഭിക്കുമെന്ന നുണ ഞാനും വിശ്വസിച്ചിരുന്നു. ഒരു മില്യൺ ഡോളറിൽ അധികം സമ്പാദിച്ചു. ആഗ്രഹിച്ച ഇടങ്ങളിലെല്ലാം സഞ്ചരിച്ചു. സ്വപ്നം കണ്ടതു പോലെയുള്ള ലൈംഗിക ജീവിതം ആസ്വദിച്ചു. പക്ഷേ അതെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ എന്റെ ജീവിതം തകർന്നു. കാരണം ഹൃദയത്തിനുള്ളിൽ അനുഭവിച്ചിരുന്ന സങ്കടവും ശൂന്യതയും വർധിക്കാൻ തുടങ്ങി’’– ജോഷ്വ പറഞ്ഞു.
ഒടുവില്‍ കരിയർ അവസാനിപ്പിക്കാൻ ജോഷ്വ തീരുമാനിച്ചു. പുതിയൊരു ജീവിതം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. തുടർന്ന് രണ്ടു വർഷം ഒരു ജിമ്മിൽ ജോലി ചെയ്തു. 2014ൽ ഹോപ് എന്നു പേരുള്ള യുവതിയെ പരിചയപ്പെട്ടു. ജോഷ്വയുടെ ജീവിതം മാറിമറിഞ്ഞ നിമിഷമായിരുന്നു അത്. ഹോപ്പിനൊപ്പം ജോഷ്വ പള്ളിയിലേക്ക് പോകാൻ തുടങ്ങി. ബൈബിൾ പഠനം ആരംഭിച്ചു. 2016ൽ ഇവർ വിവാഹിതരായി.
അമേരിക്കയിലെ ഐവോയിലുള്ള ഗുഡ് ന്യൂസ് ബാപിസ്റ്റ് ചർച്ചിലെ പാസ്റ്റർ ആണ് ജോഷ്വ ഇപ്പോൾ. കൂടാതെ രാജ്യമാകെ സഞ്ചരിച്ച് ബൈബിൾ പ്രഭാഷണം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പോഡ്കാസ്റ്റിലൂടെയും ഇൻസ്റ്റഗ്രാം പേജിലൂടെയും ദൈവവചനം പങ്കുവയ്ക്കുന്നു. ജോഷ്വാ–ഹോപ്പ് ദമ്പതികൾക്ക് മൂന്നുമക്കളുണ്ട്. ജീവിതം ഇപ്പോൾ സംതൃപ്തവും സന്തുഷ്ടവുമാണെന്ന് ജോഷ്വ പറയുന്നു.
English Summary: A Porn Star To Pastor; life of Joshua Broome