ADVERTISEMENT

ഹോളിവുഡ് ചിത്രങ്ങളെക്കാൾ ആകാംക്ഷയുണർത്തുന്ന സംഭവവികാസങ്ങൾക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതിമുറി സാക്ഷ്യം വഹിക്കുന്നത്. ഹോളിവുഡിലെ സൂപ്പർ താരങ്ങളും മുൻ ദമ്പതിമാരുമായ ജോണി ഡെപ്പും ആംബർ ഹേർഡുമാണ് കോടതിയിൽ മുറിയിൽ ‘മത്സരിച്ച് അഭിനയിക്കുന്നത്’. ആംബറിനെതിരെ ഡെപ് നൽകിയ മാനനഷ്ടക്കേസിലെ വിചാരണയ്ക്കിടെയാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ ദിനംപ്രതി അരങ്ങേറുന്നത്. പരസ്പരം പഴിചാരിയും ആരോപണം ഉന്നയിച്ചും ഇരുവരും സ്വയം നാണം കെട്ടും പരസ്പരം നാണംകെടുത്തിയും മുന്നേറുമ്പോൾ ഒരുകാലത്ത് ഹോളിവുഡിലെ ഹിറ്റ് പ്രണയജോഡികളായിരുന്ന ഡെപ്പിനും ആംബറിനും ഇതെന്തുപറ്റി എന്നാലോചിച്ച് തലപുകയ്ക്കുകയാണ് ഇരുവരുടെയും ആരാധകർ.

∙ പ്രണയം മൊട്ടിട്ട വഴി

2009ൽ ജോണി ഡെപ് നി‍ർമിച്ച് ബ്രൂസ് റോബിൻസൻ സംവിധാനം ചെയ്ത ദ് റം ഡയറി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പൈററ്റ്സ് ഓഫ് ദ് കരീബിയൻ സീരീസ് ഉൾപ്പെടെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകനുമായിരുന്ന ഡെപ്പിനൊപ്പം ഒരു തുടക്കക്കാരിയുടെ പരിഭ്രമത്തോടെയാണ് താൻ അഭിനയിച്ചതെന്നും എന്നാൽ തന്നെ വളരെ നല്ല രീതിയിലാണ് ഡെപ് സെറ്റിൽ സ്വീകരിച്ചതെന്നും ആംബർ പിന്നീടൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ചിത്രത്തിൽ ഇരുവരും ഷവറിനടിയിൽ നിന്നു ചുംബിക്കുന്ന രംഗമുണ്ട്. ഈ രംഗമാണ് ഇവർക്കിടയിലുള്ള പ്രണയത്തിലേക്ക് വഴിവയ്ക്കുന്നത്. ‘ആ രംഗത്തിൽ ഞാൻ അഭിനയിക്കുയായിരുന്നില്ല, ജീവിക്കുകയായിരുന്നു’ എന്നാണ് ഡെപ് ഈ രംഗത്തെ പിന്നീട് വിശേഷിപ്പിച്ചത്. ആ ചുംബന രംഗത്തിൽ തനിക്ക് വല്ലാത്തൊരു കെമിസ്ട്രി അനുഭവപ്പെട്ടതായി ആംബറും സമ്മതിച്ചിട്ടുണ്ട്. ഈ സമയം ഇരുവർക്കും വേറെ കമിതാക്കൾ ഉണ്ടായിരുന്നതിനാൽ ഇവർ തമ്മിൽ പ്രണയത്തിലാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്നാൽ വിധി കരുതിവച്ചത് മറ്റൊന്നായിരുന്നു.

johnny-depp-1
Image Credits: Andrea Raffin/ Shutterstock.com

∙ ഒറ്റയ്ക്കാണ് ഞാൻ

‘ദി റം ഡയറി’ പുറത്തിറങ്ങിയശേഷം 2 വർഷത്തോളം ഇരുവരും ഉറ്റ സുഹൃത്തുക്കളായി തുടർന്നു. പൊതുപരിപാടികളിലും മറ്റും ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങി. എന്നാൽ ഇരുവരും ഔദ്യോഗികമായി ഡേറ്റിങ് ആരംഭിക്കുന്നത് 2012ലാണ്. ഇതിന് ഒരു പരിധിവരെ കാരണമായതാവട്ടെ ഡെപ്പിന്റെ മാതാപിതാക്കളും. 2012ൽ ചില കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഡെപ്പ് തന്റെ മാതാപിതാക്കളെ വിട്ട് ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങി. നിലവിൽ ഉണ്ടായിരുന്ന പ്രണയബന്ധങ്ങളും ഇതിനോടകം തകർന്നിരുന്നു. അതോടെ ഡെപ്പ് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. ഈ സമയത്താണ് ഒരു ആശ്വാസമായി ആംബർ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ‘സ്നേഹിക്കാൻ അറിയാവുന്ന, മനസ്സിലും കണ്ണിലും കരുണയുള്ള, പ്രണയാർദ്രമായ മനസ്സുള്ളവൾ’ എന്നായിരുന്നു ആംബറിനെ ഡെപ്പ് അന്ന് വിശേഷിപ്പിച്ചത്. ഒറ്റപ്പെടലിന്റെ വേദനയിൽ നിന്ന് തന്നെ കരകയറ്റിയത് ആംബർ ആണെന്നും അതോടെയാണ് 2012 മുതൽ തങ്ങൾ ഡേറ്റിങ് ആരംഭിച്ചതെന്നും ഡെപ്പ് വെളിപ്പെടുത്തിയിരുന്നു.

∙ ആ മന്ത്രമോതിരം

2014ൽ ഒരു ഫിലിം ഫെസ്റ്റിവലിൽ മനോഹരമായ ഒരു എൻഗേജ്മെന്റ് മോതിരം അണിഞ്ഞെത്തിയ ആംബറിനെ കണ്ടതോടെ പാപ്പരാസികൾ ഉറപ്പിച്ചു, ഇത് ഡെപ്പ് ഇട്ടുകൊടുത്തു തന്നെ. മോതിരത്തെക്കുറിച്ച് ഡെപ്പിനോടും ആംബറിനോടും മാറിമാറി ചോദിച്ചെങ്കിലും ഇരുവരും പ്രതികരിക്കാൻ തയാറായില്ല. എന്നാൽ ഒരു സ്വകാര്യ ബീച്ചിൽ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്നും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തതെന്നും വാർത്ത പരന്നു. ഇതിനെ ശരിവയ്ക്കുന്ന ചില ചിത്രങ്ങളും ആ സമയത്തു പ്രചരിച്ചു. ഇതിനിടെ ഡെപ് അണിയിച്ച മോതിരത്തിന് 25 ലക്ഷം രൂപയിൽ അധികം വിലവരുമെന്നും അത് പ്രത്യേകതരം കല്ലിൽ ചെയ്തെടുത്തതാണെന്നുമെല്ലാം ഗോസിപ്പുകൾ ഇറങ്ങി.

johnny-depp-3
Image Credits: Matteo Chinellato/ Shutterstock.com

∙ ഇനി കല്യാണം

ഡെപ്പ്– ആംബർ പ്രണയജോഡികളുടെ കല്യാണം ഉടൻ ഉണ്ടാകുമെന്ന് സുഹൃത്തുക്കളിൽ ചിലർ സ്ഥിരീകരിച്ചു. അതോടെ മോതിരം ഡെപ്പ് അണിയിച്ചതുതന്നെയെന്ന് ഇരുവരും സമ്മതിച്ചു. അങ്ങനെ മൂന്ന് വർഷത്തെ ഡേറ്റിങ്ങിനു ശേഷം 2015ൽ ഇരുവരും വിവാഹിതരായി. വിവാഹസമയത്ത് തന്റെ ഉറ്റ സുഹൃത്തിനോട് ഡെപ്പ് ഒരു കമന്റടിച്ചു. പിന്നീടിങ്ങോട്ടുള്ള അവരുടെ ജീവിതത്തെ മാറ്റി മറിച്ചത് ഈ കമന്റായിരുന്നു എന്നു വിശ്വസിക്കുന്നവർ നിരവധിയാണ്. ‘ ഇനി എനിക്കവളെ എല്ലാ അധികാരത്തോടും കൂടി തല്ലാമല്ലോ’ എന്നായിരുന്നു ഡെപ്പ് തന്റെ സുഹൃത്തിനോട് കല്യാണ ദിവസം പറഞ്ഞത്.

∙ അടി, ഇടി, അവസാനം

ഒരു വർഷം നീണ്ടുനിന്ന വിവാഹ ജീവിതം അവസാനിപ്പിച്ച് 2016ൽ ഇരുവരും പിരിയാൻ തീരുമാനിച്ചപ്പോൾ ഒരായിരം കുറ്റങ്ങളാണ് ഇരുവർക്കും പരസ്പരം ആരോപിക്കാനുണ്ടായിരുന്നത്. ഡെപ്പ് മദ്യപിച്ചെത്തി തന്നെ തല്ലുന്നത് പതിവായിരുന്നു. ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിക്കാറുണ്ടായിരുന്നു. ഓറൽ സെക്സ് ഉൾപ്പെടെ ചെയ്യാൻ നിർബന്ധിച്ചിരുന്നു. എന്തെങ്കിലും എതിർത്തു സംസാരിച്ചാൽ ക്രൂരമായി മർദിക്കും എന്നിങ്ങനെ ആംബർ തന്റെ പരാതിപ്പെട്ടി തുറന്നപ്പോൾ ഡെപ്പും നിശബ്ദനായി ഇരുന്നില്ല. തന്നെ മാനസികമായും ശാരീരികമായും ആംബർ ഉപദ്രവിച്ചിരുന്നതായി ഡെപ്പ് ആരോപിച്ചു. തന്റെ ആരോപണത്തെ സാധൂകരിക്കുന്ന ചില ചിത്രങ്ങളും ഡെപ് അന്ന് പുറത്തുവിട്ടു. അങ്ങനെ ഇരുവർക്കും കോടതി ഡിവോഴ്സ് അനുവദിച്ചു. ആംബറിന് 8 മില്യൻ ഡോളർ ജീവനാംശം നൽകാനും ഡെപ്പിനോട് കോടതി ആവശ്യപ്പെട്ടു.

johnny-depp-2
Image Credits: Tinseltown / Shutterstock.com

∙ വീണ്ടും വിവാദം

ബന്ധം വേർപിരിഞ്ഞ ശേഷം ഇരുവർക്കുമിടയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2018ൽ ഗാർഹിക പീഡനങ്ങളെക്കുറിച്ച് വാഷിങ്ടൻ പോസ്റ്റിൽ ആംബർ ഒരു ലേഖനം എഴുതി. അതിൽ ഡെപ്പിനെക്കുറിച്ചും അയാളിൽ നിന്നു നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും വിശദമായി പറയുന്നുണ്ടായിരുന്നു. ഇതോടെയാണ് വിവാദങ്ങൾ വീണ്ടും തലപൊക്കുന്നത്. ആംബറിന്റെ ആരോപണങ്ങൾ ഡെപ്പിന്റെ കരിയർ തകർത്തു. ഓഫർ ചെയ്ത പല ചിത്രങ്ങളിൽ നിന്നും ഡെപ്പിനെ പുറത്താക്കി. ഇതോടെ ആംബറിനെതിരെ 50 മില്യൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് കേസ് നൽകി. ആംബർ ആകട്ടെ ഇതിനെതിരെ 100 മില്യൻ ഡോളർ നാശനഷ്ടം ആവശ്യപ്പെട്ട് കൗണ്ടർ കേസ് നൽകി. അതോടെ ഇരുവരും തമ്മിലുള്ള പോരാട്ടം വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി.

∙ തുടരുന്ന പോരാട്ടം

ഇരുവരും തമ്മിലുള്ള നിയമപോരാട്ടം കോടതിയിൽ തുടരുകയാണ്. വാദത്തിന്റെ ലൈവ് സ്ട്രീമിങ് ഉള്ളതിനാൽ ഒരു വെബ് സീരീസ് കാണുന്ന ലാഘവത്തെടെയാണ് പലരും ഇതിനെ സമീപിക്കുന്നത്. ഒരു വശത്ത് ഡെപ്പിന്റെ ചില ചേഷ്ടകളും മറുപടികളും കാണികളെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. മറുവശത്ത് ആംബറിന്റെ അതിവൈകാരിക പ്രകടനം കാണികളെ കണ്ണീരണിയിക്കുന്നു. അതുകൊണ്ടുതന്നെയാവാം വാദം കാണാനുള്ളവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. എന്നാൽ ഒരു സ്ത്രീക്കെതിരായ ലൈംഗിക ക്രൂരതകളും ഗാർഹിക പീഡനങ്ങളും ഇത്തരത്തിൽ നിസാരവൽക്കരിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനെതിരെ പ്രതിഷേധവുമായി ചില വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com