ADVERTISEMENT

അച്ഛന്റെ സ്ഥാനത്തു കണ്ടിരുന്ന അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്തപ്പോൾ അന്നത് തിരിച്ചറിയാനുള്ള പ്രായമുണ്ടായിരുന്നില്ല റിസ്‌വാന്. ‘അവനൊരു ആൺകുട്ടിയല്ലേ, ഒന്നും പേടിക്കണ്ടല്ലോ’ എന്ന ചിന്ത പുലർത്തുന്ന സമൂഹത്തിൽ, കുടുംബത്തിൽ കാര്യങ്ങൾ തുറന്നു ചോദിക്കാൻ ആരുമുണ്ടായില്ല. അങ്ങനെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് റിസ്‌വാൻ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ട്. കാരണം തനിക്കുശേഷം എത്രയോപേര്‍ അയാളാൽ ലൈംഗിക ചൂഷണത്തിന് ഇരിയായിരിക്കാം. അതിൽ കൂടുതലും വിദ്യാർഥികളുമാവാം. ആ ചൂഷണമുണ്ടാക്കിയ മുറിവ് ജീവിതം തകർത്തു കളഞ്ഞവരുമുണ്ടാകും. ‘നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ, ആരെങ്കിലും മോശമായി പെരുമാറിയോ’ എന്ന് അന്ന് ആരെങ്കിലും തന്നോടു ചോദിച്ചിരുന്നെങ്കിൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായേനേ എന്നു റിസ്‌വാൻ വിശ്വസിക്കുന്നു. 

പലതരത്തിൽ വിധി റിസ്‌വാന്റെ ജീവിതം കലുഷിതമാക്കി. എങ്കിലും അതിനോടെല്ലാം കരുത്തോടെ പോരാടിയ റിസ്‌വാൻ ഇന്നൊരു സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ആണ്. താനൊരു ഗേ ആണെന്ന് അടുത്തിടെ അയാൾ ലോകത്തോട് വിളിച്ചു പറഞ്ഞു. എൽജിബിടി കമ്യൂണിറ്റി അഭിമാന മാസം (Pride Month) ആഘോഷിക്കുമ്പോൾ റിസ്‌വാൻ തിരക്കിലാണ്. ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന അവഗനണനയ്ക്കെതിരെയും കുട്ടികൾ നേരിടുന്ന ലൈംഗിക ചൂണഷണത്തിനെതിരെയും അയാൾ സാധ്യമായ മാർഗത്തിലൂടെയെല്ലാം ലോകത്തോട് സംവദിക്കുന്നു. റിസ്‌വാൻ മനോരമ ഓൺലൈനോട് സംസാരിക്കുകയാണ്:

‘‘കോഴിക്കോടാണ് എന്റെ സ്വദേശം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിലാണ് ഗേ ആണെന്നു ഞാൻ വെളിപ്പെടുത്തിയത്. നാട്ടുകാരെയും ബന്ധുക്കളെയും പേടിച്ച് ഇത്രയും കാലം എന്റെ സ്വത്വം മറച്ചുവച്ചു. പക്ഷേ ഇനിയും അങ്ങനെ മുന്നോട്ടു പോകാനാകില്ലെന്നു മനസ്സിലായി. എനിക്ക് 25 വയസ്സാകുന്നു. ഉമ്മയ്ക്ക് കാര്യങ്ങൾ അറിയാം. മറ്റൊരാളായി അഭിനയിച്ച് ഇനിയും ജീവിക്കാനാകില്ല. അതാണ് ഗേ ആണെന്നു തുറന്നു പറയാനുള്ള തീരുമാനത്തിനു പിന്നിൽ.

വേദനകൾ എന്റെ ജീവിതത്തിൽ തുടർക്കഥയായിരുന്നു. ജനിച്ച് രണ്ടു മാസമുള്ളപ്പോള്‍ ഉപ്പ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും ഇല്ലാതെയാണ് വളർന്നത്. ഉമ്മ തയ്യൽ ജോലി ചെയ്താണ് എന്നെ വളർത്തിയത്. ഞാന‍ും ചെറുപ്പം മുതലേ ജോലിക്ക് പോയി. പ്ലസ് ടുവിന് ശേഷം ഫാഷൻ ഡിസൈനിങ് പഠിച്ചു. മേക്കപ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ യഥാസ്ഥിതിക കുടുംബ ചുറ്റുപാടിൽ കടുത്ത എതിര്‍പ്പ് നേരിട്ടു. അതോടെ ഫാഷന്‍ ഡിസൈനിങ് തിരഞ്ഞെടുത്തു. എങ്കിലും പിന്നീട് മേക്കപ്പിലേക്കു തന്നെ എത്തി. നിരവധി സെലിബ്രിറ്റികൾക്കൊപ്പം വർക് ചെയ്തു. നിരവധി ബ്രൈഡൽ വർക്കുകളും കിട്ടുന്നുണ്ട്.

rizwan-with-stars
നടിമാരായ ശ്രുതി രാമചന്ദ്രൻ, നമിത പ്രമോദ് എന്നിവരോടൊപ്പം റിസ്‌വാൻ

എനിക്ക് ആൺകുട്ടികളോടാണ് ആകർഷണമെന്ന് കൗമാരത്തിലേ തിരിച്ചറിഞ്ഞു. കടുത്ത ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ് അതെന്നെ എത്തിച്ചത്. ചുറ്റിലും നോക്കുമ്പോൾ ആൺകുട്ടികള്‍ പെൺകുട്ടികളെ പ്രണയിക്കുന്നു. പക്ഷേ എനിക്ക് അതിനാവുന്നില്ല. എങ്കിലും സമൂഹത്തിന്റെ സമ്മര്‍ദവും ഉമ്മ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ആലോചിച്ച് ഒരു പെൺകുട്ടിെയ പ്രണയിക്കാൻ ശ്രമിച്ചു. എന്നാൽ യാതൊരുവിധത്തിലും പൊരുത്തപ്പെടാനാവില്ലെന്നു മനസ്സിലായി. അതോടെ ആ ബന്ധം അവസാനിപ്പിച്ചു. വീട്ടുകാരെയും നാട്ടുകാരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ച് ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നതില്‍ അർഥമില്ലല്ലോ. 

ഒരാൾ ലൈംഗിക ന്യൂനപക്ഷമാണെങ്കില്‍ അയാളെ ഒറ്റപ്പെടുത്തുന്നതാണ് സമൂഹത്തിന്റെ ശീലം. അവരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും സന്തോഷം കണ്ടെത്തുന്നവർ ധാരാളം. നാട്ടിലൂടെ ഞാൻ നടന്നു പോകുമ്പോൾ കളിയാക്കുന്ന എന്തെങ്കിലുമൊരു പേരു വിളിച്ച് ബൈക്കിൽ പാഞ്ഞു പോകുന്നവർ ഇപ്പോഴുമുണ്ട്. ഏതെങ്കിലും പരിപാടിക്കു പോയാൽ നമ്മളെ മാറ്റി നിർത്തും. നമ്മുടേത് എന്തോ രോഗമാണെന്നും അതല്ല തല്ലിന്റെ കുറവാണെന്നുമാണ് പലരും കരുതുന്നത്. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ഇതൊന്നും മനസ്സിലാക്കാൻ തയാറല്ലാത്തവോരട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. നിങ്ങള്‍ക്ക് ഉപദ്രവമില്ലാത്ത പക്ഷം മറ്റുള്ളവരെ ‌അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അനുവദിക്കണം. അവരുടെ അവകാശങ്ങളെ നിഷേധിക്കാതിരിക്കാനുള്ള മാന്യത കാണിക്കണം. എല്ലാവർക്കും ഈ ഭൂമിയിൽ തുല്യ അവകാശമാണുള്ളത്.

ചെറുപ്പത്തിൽ ഞാന്‍ ലൈംഗിക ചൂഷണം നേരിട്ടിരുന്നു. അതും എന്റെ ഒരു അധ്യാപകനിൽനിന്ന്. വീട്ടുകാരുമായി അയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഉപ്പയുടെ സ്ഥാനത്തായിരുന്നു ഞാൻ അയാളെ കണ്ടത്. പക്ഷേ ലൈംഗിക ചൂഷണം എന്താണെന്നു പോലും മനസ്സിലാക്കാനാവാത്ത പ്രായത്തിൽ ഞാൻ അയാളുടെ വൈകൃതങ്ങൾക്ക് ഇരയായി. 6 വർഷത്തോളം ഇത് തുടർന്നു. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ മുൻകരുതലെടുക്കാനാണ് ഇക്കാര്യം ഞാനിപ്പോൾ തുറന്നു പറയുന്നത്. ആൺകുട്ടി ആയതുകൊണ്ട് കുഴപ്പമില്ല, പെൺകുട്ടിയെ മാത്രം ശ്രദ്ധിച്ചാൽ മതി എന്നു വിശ്വസിക്കുന്നവരുണ്ട്. അതു തെറ്റാണ്. ആൺകുട്ടികളും ധാരാളമായി ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. മറ്റൊന്ന്, മാതാപിതാക്കൾ മക്കളോട് സംസാരിക്കാനും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാനും സമയം കണ്ടെത്തണം. മക്കൾക്കു കാര്യങ്ങൾ തുറന്നു പറയാനുള്ള ‘ഓപ്പൺ സ്പേസ്’ വീട്ടിലുണ്ടാകണം. എന്റെ ഉമ്മ ഒരിക്കലെങ്കിലും അങ്ങനെ എന്തെങ്കിലും അന്ന് ചോദിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ. എനിക്കുശേഷം പലരും അയാളാൽ ചൂഷണം നേരിട്ടിട്ടുണ്ടായിരിക്കാം. അതൊഴിവാക്കാൻ ആ ചോദ്യം ഒരുപക്ഷേ സഹായിച്ചേനേ. ‘നീ ഓകെ അല്ലേ? എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്ന് മാസത്തിൽ ഒരിക്കലെങ്കിലും മക്കളോട് ചോദിക്കണം. അവർക്ക് മനസ്സ് തുറന്നു സംസാരിക്കാനുള്ള ധൈര്യം നൽകണം. സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് അതു കാരണമാകും.’’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com