മുറപ്പെണ്ണിനോടു പറഞ്ഞു: ‘നിനക്ക് വേണമെങ്കിൽ തിരിച്ചു പോകാം’; 8 വർഷം ഒപ്പം സബിത, പിന്നെ മാംഗല്യം!
Mail This Article
എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നു ശിവദാസന് അത്. പതിവു പോലെ ജോലിക്കെത്തി. പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിലേക്ക് ഏണിയിലൂടെ മണൽച്ചാക്ക് ചുമന്നുകയറ്റണം. ഒരു ചാക്ക് മണൽ മുകളിലെത്തിച്ച് തിരിച്ചിറങ്ങി അടുത്ത ചാക്കുമായി വീണ്ടും കയറി. പക്ഷേ ആ മരയേണിയുടെ ചവിട്ടുപടികളിലൊന്നിൽ വിധി അയാൾക്കായി കെണിയൊരുക്കിയിരുന്നു. പടി കെട്ടിയിരുന്ന കയർ പൊട്ടി ശിവദാസൻ നിലത്തുവീണു. ശരീരം വേദനിക്കുന്നു, അനങ്ങാനാവുന്നില്ല. തലകറങ്ങുന്നു. എന്താണു സംഭവിച്ചതെന്ന് അയാൾക്കു മനസ്സിലായില്ല. തലയിലുണ്ടായിരുന്ന മണൽച്ചാക്ക് അരക്കെട്ടിലാണു വീണത്. കൂടെയുണ്ടായിരുന്നവർ ശിവദാസനെ പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനു ശസ്ത്രക്രിയ വേണം. സാമ്പത്തിക ബുദ്ധിമുട്ടുള്ളതുകൊണ്ട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ വച്ചായിരുന്നു ശസ്ത്രക്രിയ. എന്നാൽ ജീവിതം സാധാരണരീതിയിലേക്ക് തിരിച്ചെത്തുക എളുപ്പമല്ലെന്ന് ശിവദാസന്റെ ബന്ധുക്കളോട് ഡോക്ടർമാർ വെളിപ്പെടുത്തി. അയാളുടെ അരയ്ക്കു താഴോട്ട് തളർന്നിരിക്കുന്നു.
ഊർജസ്വലതയോടെ എവിടെയും ഓടിയെത്തിയിരുന്ന, ഏതു ഭാരവും ഉയർത്താൻ കരുത്തുണ്ടായിരുന്ന ആ യൗവനം കട്ടിലിലേക്കും ചക്രക്കസേരയിലേക്കും ചുരുങ്ങി.
∙ സ്വപ്നങ്ങളുടെ ഭാരം
വയനാട് വെങ്ങപ്പള്ളി ലാൻഡ്‌ലസ് കോളനിയിലാണ് ശിവദാസൻ താമസിക്കുന്നത്. അച്ഛനും അമ്മയും ജ്യേഷ്ഠന്റെ മക്കളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം അയാളായിരുന്നു. അപകടം സംഭവിക്കുമ്പോൾ 26 വയസ്സ്. മുറപ്പെണ്ണ് സബിതയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസമേ ആയിരുന്നുള്ളൂ. പ്രണയത്തിലായിരുന്ന ഇവരെ ഒന്നിപ്പിക്കാൻ കുടുംബങ്ങൾ തീരുമാനിക്കുകയായിരുന്നു. വിവാഹസ്വപ്നങ്ങളും വീടെന്ന ആഗ്രഹവുമായിരുന്നു അപ്പോൾ ശിവദാസന്റെ മനസ്സിൽ. അതിനായി കൂടുതൽ കഷ്ടപ്പെടാന്‍ തയാറായിരുന്നു. പക്ഷേ വിധി കരുതി വച്ചത് വേദനയുടെയും നിരാശയുടെയും നാളുകൾ.
ശസ്ത്രക്രിയ കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. ഏറെ വൈകാതെ സബിത എത്തി. എപ്പോഴും ഒപ്പം നിന്ന് പരിചരിച്ചു. ധൈര്യം നൽകി. എഴുന്നേറ്റു നിൽക്കാനോ നടക്കാനോ സാധിക്കില്ലെങ്കിലും പുതിയ സാഹചര്യവുമായി പെരുത്തപ്പെടാൻ പതിയെ ശിവദാസനായി. ‘‘എന്റെ ജീവിതം ഇനി ഇങ്ങനെയായിരിക്കും. നിനക്ക് വേണമെങ്കിൽ തിരിച്ചു പോകാം. അതാണു നല്ലത്.’’ ഒരു ദിവസം സബിതയോട് ശിവദാസൻ പറഞ്ഞു. ‘‘ഇല്ല, ഞാൻ ഒരിടത്തേക്കും പോകുന്നില്ല’’. തന്റെ ഉറച്ച തീരുമാനം അവൾ അറിയിച്ചു. ശിവദാസന്റെ മനസ്സിൽ സന്തോഷം അണപൊട്ടിയൊഴുകി. സബിതയുടെ സ്നേഹത്തിൽ വേദനകളെയും പരിമിതികളെയും അയാൾ മറന്നു.
∙ പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും 8 വര്‍ഷങ്ങൾ
സബിതയുടെ തീരുമാനത്തെ ആരും എതിർത്തില്ല. വീട്ടുകാർ പരിപൂർണ പിന്തുണ നൽകി. ശിവദാസന് സബിതയെ ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയമായിരുന്നു അതെന്നും മനസ്സു കൊണ്ട് എന്നേ വിവാഹിതരായ അവരെ വേർപിരിക്കാൻ സാധിക്കില്ലെന്നും വീട്ടുകാർക്ക് അറിയാമായിരുന്നു. സബിതയും ശിവദാസനും ഒന്നിച്ച് പോരാടി. ആ പോരാട്ടം ഇപ്പോൾ എട്ടു വർഷം പിന്നിട്ടിരിക്കുന്നു. ഒന്നും പ്രതീക്ഷിക്കാതെ, ഒന്നും വാഗ്ദാനം ചെയ്യാതെ അവർ പ്രണയിച്ചു. പരസ്പരം തുണയായി ഒപ്പം നിന്നു. തങ്ങളുടെ കുഞ്ഞു ലോകത്തു സന്തോഷം നിറച്ചു. നല്ലവരായ നാട്ടുകാരും മറ്റ് അഭ്യുദയകാംക്ഷികളും കൂടെ നിന്നു.
‘‘നിങ്ങളുടെ വിവാഹം നടത്തിയാലോ?’– തരിയോട് സെക്കൻഡറി പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തകരുടെ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. വിവാഹത്തെക്കുറിച്ച് സബിതയും ശിവദാസനും ഇക്കാലയളവിൽ ഒരിക്കൽപോലും ആലോചിച്ചിരുന്നില്ല. അവർ ഒന്നിച്ചായിരുന്നു എപ്പോഴും. ഇനിയും അങ്ങനെതന്നെ. അതുകൊണ്ട് ഇനി വിവാഹമൊന്നും വേണ്ട എന്നായിരുന്നു ഇരുവരുടെയും നിലപാട്. എന്നാൽ പാലിയേറ്റിവ് കെയർ അംഗങ്ങളും സുഹൃത്തുക്കളുമൊക്കെ നിർബന്ധിച്ചതോടെ ഇരുവരും വഴങ്ങി. ഓഗസ്റ്റ് 28ന് ആയിരുന്നു വിവാഹം. അവരെ സ്നേഹിക്കുന്നവരെല്ലാം ഒത്തു ചേർത്തു. നാട്ടിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.
∙ പ്രതീക്ഷയോടെ മുന്നോട്ട്
കൂലിപ്പണിക്കാരനായ അച്ഛന്റെയും മൂത്ത ജ്യേഷ്ഠന്റെ മകന്റെയും വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോകുന്നത്. ഈ പ്രായത്തിലും അച്ഛൻ കഷ്ടപ്പെടേണ്ടി വരുന്നത് ശിവദാസനെ വേദനിപ്പിക്കുന്നു. എല്ലാ പണിയും തീർന്ന ഒരു കൊച്ചു വീട് എന്ന സ്വപ്നം ബാക്കിയാണ്. ഒരിക്കൽ താൻ പൂർണാരോഗ്യവാനായി മാറുമെന്ന് ശിവദാസൻ വിശ്വസിക്കുന്നു. മാസത്തിൽ ഒരിക്കൽ പാലിയേറ്റിവ് കെയർ മുഖേന ഫിസിയോ തെറാപ്പി നൽകുന്നുണ്ട്. ഗ്രാമപഞ്ചായത്ത് മുഖേനെ നഴ്സുമാർ ഹോം കെയറിന് വരാറുണ്ട്. എല്ലാത്തിനുമുപരി സബിതയുടെ സ്നേഹവും പരിചരണവുമുണ്ട്. എന്തുകൊണ്ടാണ് ശിവദാസന്റെ കാര്യങ്ങൾ നോക്കി ജീവിക്കാം എന്നു തീരുമാനിച്ചത് എന്ന ചോദ്യത്തിന് ഒരു വാചകം മാത്രമായിരുന്നു സബിതയുടെ മറുപടി. ‘‘എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്’’. കൂടുതലൊന്നും പറഞ്ഞില്ല. അതിൽ കൂടുതലൊന്നും പറയാനുമില്ലല്ലോ.