‘അപമാനിച്ചാല്‍ ചാടി അടിക്കും’; ഹസ്ബുല്ല ‘കുട്ടി’യല്ല, ഫോളോവേഴ്സ് 33 ലക്ഷം!
Mail This Article
റസ്‌ലിങ് ചാംപ്യൻഷിപ്പിലെ ഫൈറ്റർമാരെ അനുകരിച്ചും അവരെ തന്നോടു മത്സരിക്കാന്‍ വെല്ലുവിളിച്ചും എത്തിയ ‘കുട്ടി’ പെട്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ താരമായത്. ചെറിയ വായിലെ വലിയ വർത്തമാനവും ആക്രമണോത്സുക മനോഭാവവും കുട്ടിത്തം നിറഞ്ഞു തുളുമ്പുന്ന മുഖവും ശബ്ദവും കാഴ്ചക്കാരെ രസിപ്പിച്ചു. കോവിഡ് ലോക്ഡൗൺ ലോകത്തെ വരിഞ്ഞു മുറുക്കിയ സമയത്തായിരുന്നു അത്. അവന്റെ വിഡിയോകൾ ആളുകളെ ചിരിപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ ഹസ്ബുല്ല മാഗോമെദോവിന് നിരവധി ഫോളോവേഴ്സിനെ ലഭിച്ചു. എന്നാൽ അവൻ ഒരു കുട്ടിയല്ല എന്ന് പിന്നീടാണ് ലോകം മനസ്സിലാക്കിയത്. ഹസ്ബുല്ലയ്ക്ക് 19 വയസ്സുണ്ട്. വളർച്ചാ ഹോർമാണിന്റെ കുറവാണ് ഈ അവസ്ഥയ്ക്ക് (ഡ്വാർഫിസം) കാരണം. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹസ്ബുല്ല. മികച്ച വരുമാനവും ലഭിക്കുന്നു.
∙ മല്ലന്മാരുടെ നാട്ടിൽ
വിവിധ തരം ആയോധനകലകള്‍ സംഗമിക്കുന്ന മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സിലേക്ക് (എംഎംഎ) നിരവധി ഫൈറ്റര്‍മാരെ സംഭാവന ചെയ്ത സ്ഥലമാണ് റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡാഗെസ്താന്‍. ഈ മല്ലൻമാരുടെ നാട്ടിലാണ് ഹസ്ബുല്ലയുടെ ജനനം. വളർച്ചാ ഹോർമാണിന്റെ കുറവ് കാരണം ഉയരം വച്ചില്ല. ശബ്ദത്തിലും രൂപത്തിലുമെല്ലാം ഒരു ഹസ്ബുല്ല ഒരു ‘കുട്ടി’യായി തുടർന്നു. ഇപ്പോള്‍ 3 അടി 3 ഇഞ്ച് ആണ് ഉയരം. ഭാരം 16 കിലോഗ്രാം.
ഉയരം കുറവാണെന്നു ചിന്തിച്ച് ഒന്നിൽനിന്നും മാറി നിൽക്കുന്ന ശീലം ഹസ്ബുല്ലയ്ക്ക് ഇല്ലായിരുന്നു. ലോക്ഡൗണിലായതോടെ റീൽസും ടിക്ടോക്കും ചെയ്യാൻ തുടങ്ങി. പ്രിയ വിനോദമായ റസ്‌ലിങ് ആയിരുന്നു ടിക്ടോക്കിലും പ്രധാന ഇനം. ധൈര്യമുണ്ടെങ്കിൽ തന്നെ നേരിടാൻ റസ്‌ലർമാരെ വെല്ലുവിളിക്കുക, പ്രമുഖ റസ്‌ലർമാരുടെ ആക്‌ഷനുകൾ അനുകരിക്കുക എന്നിങ്ങനെ നീളുന്ന ഹസ്ബുല്ലയുടെ കുറുമ്പുകൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തി. അതിരുകടന്ന ആത്മവിശ്വാസവും ശൗര്യവും ആക്രമണോത്സുകതയും ചേരുന്ന ആ ആ കുട്ടി കാഴ്ചക്കാരുടെ പ്രിയങ്കരനായി.
∙ ഇൻസ്റ്റഗ്രാമിൽ 33 ലക്ഷം
എംഎംഎ ഫൈറ്ററും നാട്ടുകാരനുമായ ഖബീബ് നുര്‍മഗോമെദോവുമായുള്ള സൗഹൃദം ഹസ്ബുല്ലയുടെ പ്രശസ്തി കൂട്ടി. യുണൈറ്റഡ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പിലെ ഖബീബിന്‍റെ ഒരു ഇന്‍ട്രോ സീന്‍ അനുകരിച്ച് ഹസ്ബുല്ല ചെയ്ത വിഡിയോ വൈറലായിരുന്നു. ഇതിന് ശേഷം ‘മിനി ഖബീബ്’ എന്ന വിളിപ്പേരും ഹസ്ബുല്ലയ്ക്ക് ലഭിച്ചു. ഖബീബിന്‍റെ മകനാണ് ഹസ്ബുല്ല എന്ന തരത്തില്‍ പ്രചാരണങ്ങളും ആദ്യ കാലത്ത് ഉണ്ടായിരുന്നു. എന്നാല്‍ അതു തെറ്റാണെന്ന് പിന്നീട് വ്യക്തമായി. തുടക്കത്തിൽ ഖബീബിന്റെ പ്രശസ്തി ഹസ്ബുല്ലയെ സഹായിച്ചു. എന്നാലിപ്പോൾ ഹസ്ബുല്ല ഖബീബിനേക്കാൾ പ്രശസ്തനായിരിക്കുന്നു. വൻകരകൾ താണ്ടി ഹസ്ബുല്ല വിഡിയോകൾ സഞ്ചരിച്ചതോടെ സന്തതസഹചാരിയായ ഖബീബിനെയും കൂടുതൽ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.
2020 ന്റെ അവസാനത്തിലാണ് ഹസ്ബുല്ല സമൂഹമാധ്യമങ്ങളിൽ വിഡിയോ ചെയ്യാൻ തുടങ്ങിയത്. ടിക്ടോക്കിലാണ് തുടങ്ങിയതെങ്കിലും ഇൻസ്റ്റഗ്രാമിലായിരുന്നു വളർച്ച. നിലവിൽ ഇന്‍സ്റ്റാഗ്രാമില്‍ 33 ലക്ഷവും ടിക്ടോക്കിൽ 5 ലക്ഷവും ഫോളോവേഴ്സാണുള്ളത്. റിപ്പബ്ലിക് ഓഫ് ഡാഗെസ്താന്റെ ആകെ ജനസംഖ്യ 31 ലക്ഷമാണ് എന്നറിയുമ്പോഴാണ് ഹസ്ബുല്ലയുടെ ‘വലുപ്പം’ മനസ്സിലാവുക.
∙ അബ്ദു റോസിക്കിനെ കിട്ടണം
ഹസ്ബുല്ല നിരവധിപ്പേരെ വെല്ലുവിളിച്ചിട്ടുണ്ട്. എങ്കിലും അബ്ദു റോസിക്കുമായുള്ള വെല്ലുവിളിയാണ് കൂടുതൽ ചൂടുപിടിച്ചത്. ഹസ്ബുല്ലയെപ്പോലെ ഡ്വാർഫിസം ബാധിച്ച വ്യക്തിയാണ് റോസിക്ക്. സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിച്ച ഇരുവരും ഒരിക്കൽ നേരിട്ടു കണ്ടു. അന്ന് വെല്ലുവിളി മാത്രമല്ല പരസ്പരം ആക്രമിക്കാനുള്ള ശ്രമങ്ങളും നടന്നു. ആരാണ് കൂടുതൽ കരുത്തൻ എന്നു തെളിയിക്കാൻ ഒരു മത്സരം സംഘടിപ്പിക്കാമെന്ന തീരുമാനത്തിലാണ് അവർ എത്തിയത്. എന്നാൽ റഷ്യയിലെ ഉയരക്കുറവുള്ളവരുടെ സ്പോർട്സ് അസോസിയേഷൻ അനുമതി നിഷേധിച്ചു.
ഐറിഷ് മാർഷ്യൽ ആർട്ട്സ് ഫൈറ്റർ കോണോർ മക്ഗ്രികോറിനെ ഹസ്ബുല്ല വെല്ലുവിളിച്ചതും വാർത്തയായി. ‘എനിക്ക് ഇവനെ അടിക്കണം. കാരണം അവൻ അനാവശ്യമായി സംസാരിക്കുന്നു’ എന്നാണ് മക്ഗ്രിഗോറിന്റെ ചിത്രം പങ്കുവച്ച് ഹസ്ബുല്ല കുറിച്ചത്. ഇത് ശ്രദ്ധിച്ച മക്ഗ്രിഗോർ മറുപടിയുമായി എത്തി. ‘ആ ചെറിയ സാധനത്തിനെ തൊഴിച്ച് ഗോൾ പോസ്റ്റിലേക്ക് എത്തിക്കാൻ ഞാനും ഇഷ്ടപ്പെടുന്നു. അവനെ ഒരു തവണ അടിച്ചു പറത്താൻ എത്ര പണം തരണം’ എന്നായിരുന്നു മക്ഗ്രിഗോറിന്റെ പരുഷമായ മറുപടി. ഇതിന് മറുപടിയായി ഹസ്ബുല്ല എത്തി. അങ്ങനെ അധിക്ഷേപിച്ചും പരിഹസിച്ചും ഇവരുടെ വൈരാഗ്യം പിന്നെയും മുന്നോട്ടു പോയി.
∙ ഒരു ലക്ഷം ഡോളർ
എന്തായാലും സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിയിലൂടെ ഒരു ലക്ഷം ഡോളറിന്‍റെ ആസ്തി ഇക്കാലയളവിൽ ഹസ്ബുല്ലയ്ക്ക് ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ഓസ്ട്രേലിയയിലായിരുന്നു. അവിടെ നാല് പരിപാടികളിൽ പങ്കെടുക്കുകയും ആരാധകരെ കാണുകയും ചെയ്തു. അതിന് മുമ്പ് ദുബായ് സന്ദർശനം നടത്തിയിരുന്നു.
അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖം നിരവധി കാഴ്ചക്കാരെ നേടി. ആരെങ്കിലും തന്നെ അപമാനിച്ചാല്‍ താന്‍ അവരെ ചാടി അടിക്കുമെന്നും അത് പിന്നെ ശത്രുതയ്ക്ക് കാരണമാകുമെന്നും അഭിമുഖത്തില്‍ ഹസ്ബുല്ല പറയുന്നു. ഡാഗെസ്താനിലെ ആഭ്യന്തര മന്ത്രിയാകണമെന്നതാണ് ആഗ്രഹം. മന്ത്രിയായാൽ ആദ്യം തന്‍റെ ഹേറ്റേഴ്സിനെ വിരട്ടുമെന്നും പിന്നീട് നഗരത്തിനുള്ളിലെ കാറുകളുടെ വേഗപരിധി കുറച്ച് ഹൈവേകളില്‍ അത് കൂട്ടുമെന്നും ഹസ്ബുല്ല പറയുന്നു. സ്പീഡ് ക്യാമറകൾ മാറ്റി വയ്ക്കുമെന്നും ഹസ്ബുല്ല ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു.
English Summary: Life of tiktok star Hasbulla Magomedov