ഇരട്ടസഹോദരന്റെ കല്ലറയിൽ പൂവുമായി പാച്ചു; വിഡിയോ പങ്കുവച്ച് ഡിംപിളിന്റെ അമ്മ
Mail This Article
ക്രിസ്തീയ വിശ്വാസപ്രകാരം സകല മരിച്ചവരുടെയും ദിനമായി ആചരിക്കുന്ന നവംബർ രണ്ടിന് ഇരട്ട സഹോദരന്റെ കല്ലറയിലെത്തിയ നടി ഡിംപിളിന്റെ മകൻ പാച്ചുവിന്റെ വിഡിയോ പങ്കുവച്ച് മുത്തശ്ശി ഡെൻസി ടോണി. തൃശൂരിലെ നടത്തറ പള്ളിയിലാണ് കെസ്റ്ററിനെ അടക്കിയിരിക്കുന്നത്. സകല മരിച്ചവരുടെയും ദിനത്തിൽ ബന്ധുക്കൾ സെമിത്തേരിയിലെത്തി കല്ലറ അലങ്കരിക്കും. മാമോദീസ ഡ്രസ്സ് അണിയിച്ചാണ് പാച്ചുവിനെ കൊണ്ടു പോയതെന്നും കെസ്റ്റർ കിടക്കുന്ന സ്ഥലം ഏതാണെന്ന് അവന് അറിയാമെന്നും ഡെൻസി പറയുന്നു.
‘‘ഡിംപിളും ഡിവൈനും ഡാഡിയും കൂടി പൂക്കളുമായി രാവിലെ തന്നെ പള്ളിയിലേക്ക് പോയി കല്ലറ അലങ്കരിച്ചു. സെമിത്തേരിയുടെ ഗേറ്റ് കടക്കുമ്പോൾ ഇടതു വശത്ത് ആദ്യമുള്ളതാണ് കെസ്റ്ററിന്റെ കുഴിമാടം. അതിൽ ഞങ്ങൾ പേരൊന്നും എഴുതിയിട്ടില്ല. അവന്റെ ഫോട്ടോ ഒന്നും വയ്ക്കാൻ പറ്റാത്തുകൊണ്ട് അതും വേണ്ടെന്നു വച്ചു. മാമോദീസ ഡ്രസ്സ് അണിയിച്ചാണ് പാച്ചുവിനെ കൊണ്ടു പോയത്. ഒരു മാലാഖക്കുട്ടിയായി അവൻ ആ മാലാഖക്കുട്ടിയെ കാണാൻ പോകാണെന്ന് തോന്നിയതിനാലാണ് അത്. എപ്പോൾ അവിടേക്ക് പോകുമ്പോഴും പാച്ചുവിന്റെ കയ്യിൽ ഒരു പൂവ് കൊടുത്താണ് അവനെ കയറ്റി വിടുക. അവന്‍ അതവിടെ വയ്ക്കും’’– ഡെൻസി പറഞ്ഞു.
ഡിംപിളിന് ഇരട്ടക്കുട്ടികളായിരുന്നു. മാസം തികയാതെയുള്ള പ്രസവത്തിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ മാസങ്ങൾ എടുത്തുതുമായ കാര്യങ്ങൾ താരം മുമ്പ് യുട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുടുംബ വിശേഷങ്ങളുമായി യുട്യൂബിൽ സജീവമാണ് ഡിംപിളും അമ്മ ഡെൻസിയും.