ആറാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവിൽ നിന്നും ദുരനുഭവം; അനുപയെ ചേർത്തു പിടിച്ച് മണികണ്ഠൻ
Mail This Article
ചെറുപ്രായത്തിൽ ബന്ധുവിൽ നിന്നുണ്ടായ ദുരനുഭവം വേട്ടയാടിയ അനുപയുടെ ജീവിതം. അവിടെ താങ്ങായും തണലായും മണികണ്ഠൻ. ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചവളെ സ്നേഹം കൊണ്ട് അയാൾ ചേർത്തു പിടിച്ചു. ഇപ്പോഴവരുടെ ജീവിത യാത്ര 19 വർഷം പിന്നിട്ടു. പുതുമ നഷ്ടപ്പെടാതെ അവരിപ്പോഴും പ്രണയിക്കുന്നു. മഴവിൽ മനോരയിലെ സൂപ്പർഹിറ്റി റിയാലിറ്റി ഷോ ഉടൻ പണത്തില്‍ മത്സരാർഥികളായി എത്തിയപ്പോഴാണ് ഇവർ തങ്ങളുടെ കഥ പറഞ്ഞത്. കണ്ണു നിറയ്ക്കുന്ന, ഹൃദയം തൊടുന്ന അവരുടെ ജീവിതം ഇങ്ങനെ.
ആറാം ക്ലാസിൽ പഠിക്കുമ്പോൾ അനുപയ്ക്ക് ഒരു ബന്ധുവിൽ നിന്നും ദുരനുഭവം ഉണ്ടായി. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നായിരുന്നു ഇത്. വീട്ടുകാർ ബന്ധു വീട്ടിൽ കൊണ്ടു നിർത്തിയതായിരുന്നു. അനുപ ഇത് ആരോടും പറഞ്ഞില്ല. വളരുംതോറും ജീവിതത്തിൽ എന്തോ തെറ്റായതായി സംഭവിച്ചെന്ന തോന്നൽ ശക്തമായി. മുതിരുംതോറും ജീവിതത്തിൽ എന്തോ തെറ്റ് സംഭവിച്ചെന്ന തോന്നൽ ശക്തമായി. ഇതോടെ മാനസികമായി തളർന്നു. പല ദിവസങ്ങളിലും ക്ലാസിൽ ബോധം നഷ്ടപ്പെട്ടു വീഴുന്ന അവസ്ഥയിലെത്തി. പഠനത്തിൽ മോശമായി. അങ്ങനെ ഒൻപതാം ക്ലാസിൽവച്ച് പഠനം അവസാനിപ്പിച്ചു. പിന്നീട് പതിനേഴാം വയസ്സിൽ ഓപ്പൺ സ്കൂളിലൂടെയാണ് എസ്എസ്എൽസി ചെയ്യുന്നത്. ആ സമയത്താണ് മണികണ്ഠന്റെ ആലോചന വരുന്നത്. വീട്ടുകാർ വിവാഹം നടത്തി. എന്നാൽ വിവാഹശേഷം പ്രശ്നങ്ങൾ രൂക്ഷമായി. തനിക്കുണ്ടായ ദുരനുഭവം സൃഷ്ടിച്ച കുറ്റബോധം ദാമ്പത്യത്തിൽ പ്രതിസന്ധിയായി. അനുപയ്ക്ക് മണികണ്ഠനോട് സംസാരിക്കാനോ, മുഖത്തു നോക്കാനോ സാധിക്കാത്ത അവസ്ഥ. മനസ്സു നിറയെ പേടിയും വെറുപ്പുമായിരുന്നുവെന്ന് അനുപ പറയുന്നു.
അനുപ തന്റെ ജീവിതത്തിൽ നിന്നും മാറി നിൽക്കുന്നുവെന്നു മനസ്സിലാക്കിയ മണികണ്ഠൻ ഇതിന്റെ കാരണം കണ്ടെത്താൻ ഡോക്ടറെ കാണാമെന്നു തീരുമാനിച്ചു. തുടർന്ന് അനുപയെ കൗൺസിലിങ്ങിന് വിധേയയാക്കി. കുട്ടിക്കാലത്തുണ്ടായ ദുരനുഭവം മനസ്സിലാക്കിയ ഡോക്ടർ ഇക്കാര്യം മണികണ്ഠനോട് തുറന്നു പറയാൻ നിർദേശിച്ചു. എല്ലാം തുറന്നു പറഞ്ഞ അനുപ സ്വയം തെറ്റുകാരിയാണെന്ന് തോന്നുന്നുവെന്നും മണികണ്ഠനെ സ്നേഹിക്കാൻ സാധിക്കുന്നില്ലെന്നും വെളിപ്പെടുത്തി. അനുപ തെറ്റുകാരിയല്ലെന്നു പറഞ്ഞ് ആശ്വസിപ്പിച്ച മണികണ്ഠൻ, തന്നെ സ്നേഹിക്കാൻ പറ്റുന്നില്ലെങ്കില്‍ വേണ്ടെന്നും താൻ സ്നേഹിച്ചോളാം എന്നും അനുപയോട് പറഞ്ഞു. എന്നെങ്കിലും തിരിച്ച് അനുപ സ്നേഹിക്കും എന്ന പ്രതീക്ഷയോട് അവരുടെ ജീവിതം തുടങ്ങി. പരസ്പരം താങ്ങായും തണലായും ഇപ്പോൾ 19 വർഷങ്ങൾ പിന്നിട്ടു. ഇന്ന് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് മണികണ്ഠനെ ആണെന്ന് അനുപ പറയുന്നു.