‘മോദിക്ക് ചൂലെടുക്കാം അപ്പോൾ നമുക്കും’; വെള്ളായണിയുടെ കാവലാൾ!
Mail This Article
കടയിൽനിന്നു വാങ്ങിയ മിനറൽ വാട്ടർ കുടിച്ചു തീർത്തതിനു ശേഷം ഒരൊറ്റ ഏറ്. എന്നിട്ട് വെള്ളായണിയിലെ വെള്ളത്തെ തള്ളിമാറ്റിപ്പായുന്ന ആ ബോട്ടിലങ്ങനെ ഗമയോടെ കിടന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളത്തിനോട് പരിഭവം മാറാതെ ആ കുപ്പിയങ്ങനെ പൊങ്ങിക്കിടക്കുകയാണ്. ഇങ്ങനെ തിരുവനന്തപുരത്തെ വെള്ളായണിക്കായലിൽ ഓരോ തവണയും ഉയർന്നു വന്നത്, ആവശ്യം കഴിഞ്ഞ കുപ്പികളും പ്ലാസ്റ്റിക്കുമെല്ലാമായിരുന്നു. ആരും എടുത്തുമാറ്റാനില്ലാതെ, ശാപമോക്ഷം കാത്ത് അവയങ്ങിനെ കിടന്നു. പക്ഷേ അതെടുത്തു മാറ്റി കായലിനെ ഭംഗിയാക്കാൻ ഒരാളുണ്ടായിരുന്നു. ബിനു. തിരുവനന്തപുരം പുഞ്ചക്കിരി സ്വദേശി. കായലിനെ കണ്ടാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിനു കുടിവെള്ളം തന്നതും ആ കായലാണ്. അതിനെ മരണത്തിലേക്ക് തള്ളിവിടാൻ ബിനുവിന് മനസ്സു വന്നില്ല. ഒരു വർഷത്തോളമായി കായലിനെ വിഷരഹിതമാക്കാനുള്ള ബിനുവിന്റെ ശ്രമം തുടങ്ങിയിട്ട്. ഇന്നും അയാൾ അത് തുടർന്നു കൊണ്ടേയിരിക്കുന്നു. തിരുവനന്തപുരത്തെ പാർവതീപുത്തനാർ പോലെ, മാലിന്യം മാത്രം വഹിക്കുന്ന ജലാശയമായി വെള്ളായണിയും സമീപപ്രദേശങ്ങളും മാറേണ്ടതായിരുന്നു. എന്നാൽ അതു സംഭവിക്കാതെ കാത്തത് ബിനുവിന്റെ ഒറ്റയാൾ പോരാട്ടമാണ്. ജലത്തോടൊപ്പം വളർന്ന് ജലത്തെ ഏറെ സ്നേഹിച്ച ബിനുവിന് ജീവവായുവാണിന്ന് വെള്ളായണി കായൽ. കായലിൽ ബിനുവിന്റെ കണ്ണെത്തുന്ന ഇടങ്ങളെല്ലാം അദ്ദേഹത്തിന്റെ സംരക്ഷണതയിലാണ്. കായലിനെ എന്നും ഇഷ്ടപ്പെട്ട, കായലിന് ജീവശ്വാസം നൽകിയ ബിനുവിന്റെ ആ ജീവിതത്തിലൂടെ ഒരു യാത്ര... എങ്ങനെയാണ് വെള്ളായണി കായലുമായി ബിനു ആത്മബന്ധം സൃഷ്ടിച്ചത്? എന്താണ് കായലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? കായലിനെ എങ്ങനെയാണ് ബിനു രക്ഷിക്കുന്നത്? ആ ജീവിതത്തിലൂടെ, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...