'വലിയൊരു വിശേഷമുണ്ട്': സന്തോഷം പങ്കുവച്ച് സ്നേഹയും ശ്രീകുമാറും; വിഡിയോ
Mail This Article
ഗർഭിണിയാണെന്ന് വെളിപ്പെടുത്തി സീരിയൽ താരം സ്നേഹ ശ്രീകുമാർ. ഭർത്താവും നടനുമായ ശ്രീകുമാറിനൊപ്പമുള്ള വിഡിയോയിലൂടെയാണ് താരം സന്തോഷവാർത്ത പങ്കുവച്ചത്. ഗർഭിണിയായിട്ട് ഏതാനും മാസങ്ങളായെന്നും ഇപ്പോൾ അത് എല്ലാവരെയും അറിയിക്കാമെന്നു തോന്നിയെന്നും ദമ്പതികൾ പറഞ്ഞു.
'ഡോക്ടറെ കണ്ടു പരിശോധനകൾ പൂർത്തിയാക്കി ആരോഗ്യവതിയാണെന്ന് ഉറപ്പാക്കിയശേഷം വിശേഷം പങ്കുവയ്ക്കാമെന്നു കരുതി. ഇപ്പോൾ 5 മാസമായി. പിസിഒഡിയുടെ പ്രശ്നം ഉള്ളതുകൊണ്ട് പിരീഡ്സിന്റെ തീയതിയൊന്നും കൃത്യമല്ലായിരുന്നു. മറിമായത്തിന്റെ സെറ്റിൽ ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചെരിച്ചിൽ തോന്നി. പിറ്റേന്ന് ദുബായിൽ പോകേണ്ട ആവശ്യമുണ്ട്. അവിടെ പോയാൽ പട്ടിണി കിടക്കേണ്ടി വരുമല്ലോ എന്നതുകൊണ്ട് ഡോക്ടറെ പോയി കാണാം എന്നു വിചാരിച്ചു. ഡോക്ടർ പരിശോധനകൾ നടത്തി ഞാൻ ഗർഭിണിയാണെന്ന് അറിയിച്ചു. അപ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു'- സ്നേഹ പറയുന്നു.
മറിമായം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലാണ് സ്നേഹ ഇപ്പോൾ അഭിനയിക്കുന്നത്. രണ്ടു സീരിയലിന്റെയും സഹപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന കരുതലും സ്നേഹവും വളരെ വലുതാണ്. അതുകൊണ്ടാണ് സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതെന്ന് സ്നേഹ.
2019 ഡിസംബറിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം. മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ഓട്ടൻത്തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ, അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മറിമായത്തിലെ ലോലിതൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചക്കപ്പഴം സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.
Content Summary: Marimayam Fame Couple Sneha and Sreekumar Announces Pregnancy, Says 'Our little one is on it’s way'