പ്ലാസ്റ്റിക് കവറും കയറാകും, സാരിയും രൂപം മാറും; മോഹൻലാലിനെ കാണാൻ ഗോപി അപ്പൂപ്പൻ
Mail This Article
ഉച്ചയ്ക്ക് ചോറും കഴിച്ച് ഗോപിനാഥൻ വീടിന്റെ വരാന്തയിലെത്തും. ഒരു ചെറിയ കുന്നിന്റെ മുകളിലുള്ള ആ വീട്ടുവരാന്തയിലിരുന്ന് കുറച്ചു നേരം കാഴ്ചകളൊക്കെ കാണും. പിന്നെ അകത്തേക്കൊരു പോക്കാണ്. പോയി വരുമ്പോൾ കയ്യിൽ ഭാര്യ ശാന്തയുടെ പഴയ രണ്ടു മൂന്നു സാരികളുണ്ടാകും. പിന്നെ മണിക്കൂറുകൾ അതും വച്ചിരിപ്പാണ്. സാരികൊണ്ട് എഴുപത്തിനാലുകാരനായ ഗോപിനാഥന് എന്തു കാര്യമെന്നല്ലേ, ഇതുവരെ ആരും അങ്ങനെ ശ്രമിക്കാത്ത ഒരു പുതിയ പരിപാടിയാണത്; കയറുണ്ടാക്കാനുള്ള ശ്രമം. പ്ലാസ്റ്റിക് കൊണ്ടും ചകിരി കൊണ്ടുമൊക്കെ പലരും കയറുണ്ടാക്കുന്നത് കണ്ടിട്ടുണ്ടാകും. എന്നാൽ ഗോപി അപ്പൂപ്പൻ ആള് കുറച്ച് വെറൈറ്റിയാണ്. തന്റെ കയ്യിൽ കിട്ടുന്ന സാധനങ്ങളെല്ലാം കൊണ്ട് പുള്ളി നല്ല ഉറപ്പുള്ള കയറുകളുണ്ടാക്കും. ഒഴിവു സമയം കളയാൻ വേണ്ടി തുടങ്ങിയ ചെറിയൊരു ഹോബികൊണ്ട് ഒരു വലിയ സ്വപ്നമാണ് ഗോപിനാഥൻ കാണുന്നത്– ഭൂമിയെ സംരക്ഷിക്കണം. തിരുവന്തപുരത്തെ വീട്ടിലിരുന്ന് നല്ല അസ്സല് കയറുണ്ടാക്കുന്നതിനിടയിലേക്കാണ് കയറിച്ചെന്നത്. കയറുണ്ടാക്കുന്നതിനിടെ അപ്പൂപ്പൻ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി.
ഒന്നും പാഴാക്കിക്കളയുന്നത് എനിക്കിഷ്ടമല്ല.
‘‘ഹൃദ്രോഗിയായി പണിക്കു പോവാൻ പറ്റാതായതോടെയാണ് ഞാൻ ഒറ്റയ്ക്കിരിപ്പിന്റെ മടുപ്പ് അനുഭവിച്ചു തുടങ്ങിയത്. ഭാര്യ ശാന്ത രാവിലെ ജോലിക്കു പോകും. പിന്നെ തിരിച്ചു വരുമ്പഴ്ത്തേക്ക് ഉച്ചയൊക്കെ ആവും. അതുവരെ ഞാനൊറ്റയ്ക്കിങ്ങനെ വീട്ടിലിരിക്കണം. ആടും പശുവും ഒക്കെ ഉണ്ടെങ്കിലും അതിനെയെല്ലാം പരിപാലിച്ച് കഴിഞ്ഞാലും കുറച്ച് സമയം ബാക്കിയുണ്ടാവും. ടിവി കണ്ടിരിക്ക്യാന്ന് പറഞ്ഞാ അതിപ്പരം മടുപ്പ് വേറെയില്ല. അങ്ങനെയിരിക്കുമ്പഴാ ഒരു ദിവസം പുറത്തുപോയപ്പോ, ഈ പഴയ സാരിയൊക്കെ ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിഞ്ഞതു കണ്ടത്. എന്തിനാണ് ഇങ്ങനെ ഈ മനുഷ്യൻമാര് ഭൂമിയെ നശിപ്പിക്കുന്നതെന്നാണ് ചിന്തിച്ചത്. അപ്പോഴാണ് നമ്മടെ വീട്ടിലും ഇങ്ങനെ പഴയ സാധനങ്ങളൊക്കെ വലിച്ചെറിയാറുണ്ടെന്നു ചിന്തിച്ചത്. വെറുതെ കളയുന്ന സാധനങ്ങൾ എന്തെങ്കിലും ഉപയോഗത്തിന് പറ്റിയാൽ നന്നായിരിക്കുമെന്ന് കരുതിയാണ് സാരി ഉപയോഗിച്ച് കയറുണ്ടാക്കാൻ തുടങ്ങിയത്. പക്ഷേ, അത് സൂപ്പറായി.’’
ഗോപിനാഥന്റെ വീട്ടിലെ കിണറിന് ആഴം കൂടുതലാണ്. ദിവസവും വെള്ളം കോരി കൈക്കു വേദന പതിവായിരുന്നു. അങ്ങനെയൊരു ദിവസം, നീളം കൂടിയ സാരി ഉപയോഗിച്ച് ഉണ്ടാക്കിവച്ചിരുന്ന കയറ് എടുത്ത് ഗോപി വെള്ളം കോരി. സാരിക്കയറിന്റെ ശക്തി ശരിക്കും മനസ്സിലായത് അപ്പോഴാണ്. അത്രയും താഴ്ചയിൽ പോയി ഉഷാറായി വെള്ളവുമായി കയറെത്തും. ഒരുപാട് വർഷമായി അതേ സാരിക്കയർ തന്നെയാണ് ഗോപിയുടെ വീട്ടിൽ വെള്ളം കോരാൻ ഉപയോഗിക്കുന്നത്. അതോടെ പുള്ളിക്ക് ആവേശം കൂടി. സാരി കൊണ്ടു പറ്റുമെങ്കിൽ പിന്നെ മറ്റു പലതുകൊണ്ടും കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ചു. അങ്ങനെ കയ്യിൽ കിട്ടുന്നതെല്ലാം എടുത്ത് കയറ് നിർമിക്കാൻ തുടങ്ങി. പിന്നെ അതൊരു ആവേശമായി. പ്രായത്തിന്റെ ചെറിയ പ്രശ്നങ്ങളുണ്ട്, കണ്ണടയില്ലാതെ വലിയ തോതിൽ കാണാനൊന്നും പറ്റില്ല, പക്ഷേ, പ്രായത്തെ തോൽപിച്ച് ആ ആവേശത്തിൽ വർഷങ്ങളായി കയറുണ്ടാക്കുകയാണ് ഗോപി.
പച്ച നെറ്റ്, സാമ്പ്രാണിത്തിരിയുടെ കവർ, പ്ലാസ്റ്റിക് ചാക്ക്.... കയർ റെഡി
കയ്യിൽ കിട്ടിയ എന്തുകൊണ്ടും കയറുണ്ടാക്കാമെന്ന് മനസ്സിലുറപ്പിച്ചപ്പോൾ പിന്നീടു പരീക്ഷിച്ചത് പച്ച നെറ്റിന്റെ നൂലാണ്. ‘‘വീടിന്റെ ഉമ്മറത്തിരുന്നാണ് ഞാൻ കയറുണ്ടാക്കാറ്. അതാവുമ്പം പുറത്തുള്ള കാഴ്ചയൊക്കെ കണ്ട് അങ്ങനെയിരിക്കാലോ, അങ്ങനെ ചുമ്മാ പുറത്തോട്ട് നോക്കിയിരുന്നപ്പോഴാണ് കിണറിന്റെ മുകളിലിട്ട പച്ച നെറ്റ് കാണുന്നത്. എന്നാൽ അതുവച്ചൊരു കയറുണ്ടാക്കിയാലോ എന്നു തോന്നി. അങ്ങനെ അതിന്റെ രണ്ടു മൂന്നു കഷ്ണം പറിച്ചെടുത്തു. ചുമ്മാ വലിച്ചപ്പം പൊട്ടി കയ്യിൽ പോന്നു. അങ്ങനെ വിട്ടു െകാടുക്കാൻ പറ്റില്ലല്ലോ, പത്തിരുപതെണ്ണം എടുത്ത് നന്നായി അങ്ങ് മുറുക്കി നോക്കി. സംഭവം കലക്കി. എത്ര നോക്കിയിട്ടും അത് പൊട്ടിക്കാൻ പറ്റിയില്ല. പലരെയും വിളിച്ച് പൊട്ടിക്കാൻ പറ്റുമോ എന്ന് നോക്കി. പക്ഷേ, കയ്യ് വേദനിച്ചതല്ലാതെ ആരെ കൊണ്ടും പറ്റിയില്ല. ഞാൻ തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. ആരെ കൊണ്ടും ഇതങ്ങനെയൊന്നും പൊട്ടിക്കാൻ പറ്റില്ല. നിങ്ങളിരുന്ന് ശ്രമിച്ചാലും നടക്കില്ല.’’ സംഗതി കേൾക്കുമ്പോൾ ഇതൊക്കെ ശരിയാണോ എന്നു തോന്നും. പക്ഷേ, അപ്പൂപ്പന്‍ പറയുന്നതൊക്കെ ശരിയാണ്. പത്തിരുപത് മിനിറ്റെടുത്ത് വലിച്ച് നോക്കിയിട്ടും കയ്യ് വേദനിച്ചതല്ലാതെ അതിന്റെ ഒരു ചെറിയ കഷ്ണം പോലും പൊട്ടിക്കാൻ എന്നെക്കൊണ്ടും കഴിഞ്ഞിട്ടില്ല.
പച്ച നെറ്റ് കയർ വിജയം കണ്ടതോടെ പിന്നെ സാമ്പ്രാണിത്തിരിയുടെ കവറിലായി പരീക്ഷണം. വലിച്ചു നീട്ടി നീട്ടി അതിനെ നല്ല ഉറപ്പുള്ള കയറാക്കി. അതു മാത്രമല്ല, പ്ലാസ്റ്റിക് ചാക്കിന്റെ നൂലും റോഡരികിൽനിന്നു കിട്ടിയ കമ്പി പൊതിഞ്ഞ തുണിയുമെല്ലാം ഗോപിനാഥനു കയറുണ്ടാക്കാനുള്ള വസ്തുക്കളാണ്.
ആർക്കെങ്കിലും വേണമെങ്കിൽ കൊടുക്കാം. പക്ഷേ, വിൽക്കാനൊന്നും പറ്റൂല.
ഗോപിനാഥൻ ഉണ്ടാക്കിയ കയറിന് നല്ല ഉറപ്പാണ്. വീട്ടിൽ വെള്ളം കോരാൻ മാത്രമല്ല, എരുമയെ കെട്ടാനും ആടിന് തീറ്റയെടുക്കാൻ പോകുമ്പോൾ കെട്ടാനും, മുറ്റത്തേക്ക് ചാഞ്ഞ മരം വലിച്ചു നിർത്താനും തുടങ്ങി വീട്ടിലെ എല്ലാ ആവശ്യത്തിനും ഗോപിയുടെ കയർ തന്നെയാണ് ഉപയോഗിക്കുന്നത്. സംഭവം സക്സസ് ആണെങ്കിലും വിൽക്കാനൊന്നും പുള്ളിക്ക് താൽപര്യമില്ല. പക്ഷേ, വീടിനടുത്തുള്ളവരൊക്കെ ഇടയ്ക്ക് ഗോപിയുടെ കയർ ചോദിച്ച് വരും. അവർക്കെല്ലാം കയർ കൊടുക്കാൻ സന്തോഷം മാത്രമേയുള്ളൂ. പക്ഷേ, ഒരു ഡിമാൻഡുണ്ട്, കയർ വാങ്ങിപ്പോയാൽ ഒരു പഴയ സാരി കൊണ്ടുതരണം. എന്നാലല്ലേ അടുത്തയാൾ ചോദിച്ചു വരുമ്പോ പുത്തൻ കയറുണ്ടാക്കി നൽകാൻ പറ്റൂ. കയർ മാത്രമല്ല, വലയും ഉണ്ടാക്കാനും ഗോപി കുട്ടിക്കാലത്തു തന്നെ പഠിച്ചിട്ടുണ്ട്. ആളുകളുടെ ആവശ്യാനുസരണം ഇപ്പോൾ വലയും ഉണ്ടാക്കുന്നുണ്ട്.
വഴക്കൊന്നും പറയൂല, അത്രയ്ക്ക് സ്നേഹമാണ്.
‘‘ഭാര്യയുടെ പഴയ സാരിയൊന്നും വീട്ടിൽ കാണില്ല. അവൾ ജോലി ചെയ്യുന്ന സ്ഥലത്തെ ഡോക്ടർ മാഡം അവൾക്കു പുതിയ സാരിയൊക്കെ വാങ്ങി കൊടുക്കും. സാരി പഴയതാകുമ്പഴേക്ക് ഞാൻ അതെടുത്ത് കയറാക്കി മാറ്റും. പക്ഷേ, സാരിയെടുക്കുന്നതിന് അവളെന്നെ വഴക്കൊന്നും പറയില്ല. അത്രയ്ക്ക് സ്നേഹമാണ്. എന്റെ മാമന്റെ മോളാണ്. എന്നോട് അത്ര പെട്ടന്നൊന്നും പിണങ്ങാൻ പറ്റില്ല. ഇപ്പം എനിക്ക് കൂട്ടിന് അവളാണുള്ളത്. ഞങ്ങള് രണ്ടുപേരും കൂടി കഥയും കയറ് നിർമാണവുമായൊക്കെ അങ്ങനെ ഭേഷാ ജീവിച്ച് പോകുന്നു’’. ഭാര്യയെ പറ്റി പറയുമ്പോൾ ഗോപിനാഥന് നൂറു നാവാണ്. എപ്പോഴും ഭാര്യ ശാന്ത ഗോപിയുടെ ഒപ്പം കാണും. മാസങ്ങൾ കഷ്ടപ്പെട്ട് രണ്ടുപേരും കൂടിയാണ് വീടുണ്ടാക്കിയത്. ആ വീട്ടിലിങ്ങനെ സുഖമായി ജീവിക്കണം, ഇനിയുള്ള കാലം. അത്രയേ രണ്ടുപേർക്കും ആഗ്രഹമുള്ളൂ.
പറഞ്ഞു നിർത്തിയപ്പോൾ, ഗോപി അപ്പൂപ്പൻ പതുക്കെ ഒരു കാര്യം പറഞ്ഞു. ‘‘അതേ, എനിക്കീ മോഹൻലാലിനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്.’’ ഒരുപാട് ഇഷ്ടമാണ് ഗോപി അപ്പൂപ്പന് മോഹൻലാലിനെ. പണ്ടു സിനിമയൊക്കെ കാണാൻ പോകുമായിരുന്നു. അന്നൊരിക്കൽ ‘ഗുരു’ സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് വച്ച് നടന്നപ്പോൾ ഒന്നു കണ്ടതാണ്, പക്ഷേ, രൂചിയുള്ള ഒരു സാധനം കഴിച്ചാൽ വീണ്ടും അത് കഴിക്കാൻ തോന്നുന്നതുപോലെ, ഇനിയും ഒന്ന് മോഹൻലാലിനെ കാണണമെന്നുണ്ട്. പറഞ്ഞു നിർത്തിയപ്പോൾ ഒന്നു കൂടി പറഞ്ഞു, ‘‘നടന്നാൽ സൂപ്പറായേനേ....’’എന്നിട്ടൊരു പൊട്ടിച്ചിരിയും...
Content Summary: Gopinathan make coir with saree and plastic materials