ADVERTISEMENT

2002, ഒക്ടോബർ 29. നല്ല മഴയുള്ളൊരു രാത്രിയായിരുന്നു അത്. പതിവുപോലെ വൈകിട്ട് ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു പോകാൻ നിൽക്കുമ്പോഴാണ് കണ്ണിന് വല്ലാത്തൊരു വേദന തോന്നിയത്. കുറെ നേരം കണ്ണ് കഴുകിയും തിരുമ്മിയും ഒക്കെ നോക്കി. പക്ഷേ, വേദന കുറഞ്ഞില്ല. കണ്ണുമടച്ച് ഓട്ടോയിൽ കുറച്ചു നേരമങ്ങ് കിടന്നു. ഒരുപാട് വൈകിയപ്പോഴാണ് കൂട്ടുകാരൻ വന്നു തട്ടിവിളിച്ചത്. ‘വീട്ടിൽ പോകണ്ടേ, ഒരുപാട് നേരമായി.’ എഴുന്നേറ്റപ്പോഴാണ് സമയം പോയതറിഞ്ഞത്. ഓട്ടോയെടുത്ത് വീട്ടിലേക്കിറങ്ങി. പക്ഷേ, കണ്ണിന്റെ വേദന അപ്പോഴും മാറിയിരുന്നില്ല. കുറച്ചു ദൂരം ഓട്ടോയുമായി പോയപ്പോൾ വേദന അസഹനീയമായി. ആരോ കണ്ണിൽ കയറിയിരുന്ന് എന്തൊക്കെയോ വലിച്ച് പൊട്ടിക്കുന്നതു പോലെ തോന്നി. പിന്നെ കണ്ണ് മുഴുവൻ ഇരുട്ടായിരുന്നു. ഒാട്ടോ പോയി ഒരു പോസ്റ്റിലിടിക്കുന്നത് മാത്രമാണ് ഓർമ. പിന്നെ ഞാൻ ഒന്നും കണ്ടിട്ടില്ല. 26 വർഷം കണ്ട കാഴ്ചകൾ മാത്രം മനസ്സിൽ കൂട്ടിനിട്ടാണ് എന്റെ നടത്തം. കോട്ടയം കറുകച്ചാൽ സ്വദേശി സജിമോൻ 21 വർഷം മുമ്പ് നടന്ന അപകടം ഇന്നലെയെന്ന പോലെ ഓർത്തെടുക്കുകയാണ്. അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ട സജി മോൻ പക്ഷേ, വിധിക്ക് മുന്നിൽ തളർന്നിരിക്കാൻ തയാറായിരുന്നില്ല. പൊരുതാൻ തന്നെയായിരുന്നു തീരുമാനം. ആ പൊരുതലിന്റെ ഉത്തരമാണ് കൂത്രപ്പള്ളിയിലെ സജിമോന്റെ പലചരക്കുകട. കാഴ്ചകളുടെ ലോകം ഇന്ന് സജിക്ക് സ്വന്തമല്ലെങ്കിലും അകക്കണ്ണുകൊണ്ട് ലോകത്തെ അറിഞ്ഞ് ജീവിക്കുകയാണ് സജി. സജിയുടെ വിശേഷങ്ങളറിയാം.

 

പലചരക്കു കടയാണ് എല്ലാം

 

പലവിധത്തിലുള്ള ജോലികൾ ചെയ്യുമായിരുന്നു സജി മോൻ. 26 വയസ്സു വരെ ഓട്ടോ ഓടിക്കാനും സാധനങ്ങൾ കടകളിലെത്തിക്കാനുമെല്ലാം നാട്ടിൽ സജി മോനായിരുന്നു മുന്നിൽ. ജീവിതം സൂപ്പർഫാസ്റ്റ് ബസ് പോലെ മുന്നോട്ട് പോകുമ്പോഴാണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്നത്. കണ്ണിന് പ്രഷർ കൂടി ഞരമ്പ് പൊട്ടിപ്പോയതാണ്. കോട്ടയം മെഡിക്കൽ കോളജിലും മധുരയിലെ ചില ആശുപത്രികളിലുമെല്ലാം ചികിത്സിച്ചെങ്കിലും കാഴ്ച തിരിച്ചു കിട്ടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഓടി നടന്ന് ലോകത്തെ കണ്ട ചെറുപ്പക്കാരന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ, യാഥാർഥ്യം അംഗീകരിച്ചേ പറ്റൂ. ഇനി ഈ ലോകത്തെയോ എനിക്കിഷ്ടപ്പെട്ടവരേയോ കാണാൻ കണ്ണുകളില്ലെന്ന ആ സത്യം പല സ്വപ്നങ്ങളുമായി നടന്ന ആ ചെറുപ്പക്കാരൻ പതുക്കെ മനസ്സിലാക്കിത്തുടങ്ങി. കുറച്ചുകാലം വീട്ടിൽ തനിയെ ഇരുന്നെങ്കിലും അത് തനിക്ക് പറ്റിയതല്ല എന്ന് സജിമോൻ മനസ്സിലാക്കി. പലരുടെയും സഹായത്തോടെ പുറത്തിറങ്ങി. പക്ഷേ, അധികകാലം ആരെയും ബുദ്ധിമുട്ടിക്കാൻ സജിക്ക് ഇഷ്ടമായിരുന്നില്ല. അങ്ങനെ സജി ഒറ്റയ്ക്കു നടന്നു തുടങ്ങി. 26 വർഷം കണ്ട കാഴ്ചകൾ മനസ്സിലുറപ്പിച്ചെടുത്ത് വഴികളോർത്ത് നടന്നു തുടങ്ങി. 

 

saji-mon-shop
സജിമോൻ പലചരക്കുകടയിൽ

വീട്ടിൽ ഒറ്റയ്ക്കായപ്പോൾ അനുജന്റെ മക്കളായിരുന്നു സജിക്ക് കൂട്ട്. പള്ളിയിൽ പോകാനും ചുമ്മാ പുറത്തിങ്ങനെ ഇരിക്കാനും അവരൊപ്പം കാണും. ആയിടയ്ക്കാണ് സജിയോട് ഒരിക്കൽ അനുജൻ ഒരു കട തുടങ്ങുന്നതിനെപറ്റി സംസാരിക്കുന്നത്. ആദ്യം കേട്ടപ്പോൾ വേണോ എന്ന് തോന്നിയെങ്കിലും അതാണ് നല്ലതെന്ന് സജി മോന് തോന്നി. മടുപ്പില്ലാതെ ജീവിക്കാൻ അത് അനിവാര്യമാണെന്നയാൾ ഉറപ്പിച്ചു. അങ്ങനെ വീടിനടുത്ത് സജി ഒരു പലചരക്കുകട തുടങ്ങി. ‘കണ്ണ് കാണാത്തൊരാൾ കട തുടങ്ങാൻ പോകുന്നെന്ന് പറയുമ്പോൾ ആളുകൾക്കൊക്കെ ഒരു പുച്ഛമല്ലേ, ഇവനൊക്കെ വല്ല പറ്റുന്ന പണിക്കും പോയാൽ പോരെ എന്നല്ലേ ചോദ്യം. അതൊക്കെ എനിക്കും ഒരുപാട് കേൾക്കേണ്ടി വന്നിട്ടുണ്ട്. അവർക്കുള്ള മറുപടിയാണ് 17 വർഷമായി എനിക്ക് എല്ലാം തരുന്ന എന്റെ കട.’ കാഴ്ചയുടെ ലോകത്ത് നിന്ന് മാറിയെങ്കിലും ഒരിക്കൽ തൊട്ടും കണ്ടും അറിഞ്ഞ സാധനങ്ങളെല്ലാം സജിയുടെ മനസ്സിൽ ഉറച്ചിരുന്നു. കയ്യിലെടുത്തും മണത്തും പിടിച്ചുമെല്ലാം സാധനം അതു തന്നെയെന്ന് ഉറപ്പു വരുത്തി. ‘കട തുടങ്ങിയപ്പോൾ മുതൽ എനിക്കൊരു വാശിയായിരുന്നു. എന്നെക്കൊണ്ട് ഒന്നും പറ്റില്ലെന്നു പറഞ്ഞവരുടെ മുന്നിൽ ജീവിച്ച് കാണിക്കണമെന്ന്. ഒറ്റയ്ക്കാണ് ഞാൻ കട തുടങ്ങിയത്. ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത്’. ഇതുവരെ കടയിലെത്തിയ ആരും വേണ്ട സാധനം കിട്ടാതെ മടങ്ങിയിട്ടില്ല. സജിമോൻ കൃത്യമായി എല്ലാം എടുത്ത് നൽകും. കടയിലെ സാധനങ്ങൾ എടുത്തു കൊടുക്കുക മാത്രമല്ല, കടയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതും, കട വൃത്തിയാക്കുന്നതും സാധനങ്ങളെല്ലാം സൂക്ഷിച്ചു വയ്ക്കുന്നതെല്ലാം സജി ഒറ്റയ്ക്കാണ്. 

 

പറ്റിക്കാറൊക്കെയുണ്ട്, അവർക്കത് രസമാണേല് അങ്ങനെ ചെയ്യട്ടെ

 

‘കണ്ണ് കാണാത്ത ഒരു മനുഷ്യൻ ഒറ്റയ്ക്ക് കടയിൽനിന്ന് സാധനങ്ങളൊക്കെ കൊടുക്കുന്നത് ചിലർക്കൊക്കെ അദ്ഭുതമാണ്. ഒന്ന് പരീക്ഷിക്കാം എന്നു കരുതി പറ്റിക്കുന്നവരൊക്കെയുണ്ട്. പൈസ തരാതെ ചിലപ്പോ സാധനൊക്കെ എടുത്ത് പോകുന്നവരുമുണ്ട്. അവരോടൊക്കെ എന്ത് പറയാനാ. അതുകൊണ്ട് അവർക്ക് സുഖം കിട്ടുമെങ്കിൽ അവരങ്ങ് ജീവിക്കട്ടേന്നേ...’ 2000 രൂപ നോട്ട് സജിക്ക് വല്ലാതെ പണി കൊടുത്തിട്ടുണ്ട്. ‘2000 രൂപ നോട്ടും 20 രൂപ നോട്ടും പിടിച്ച് നോക്കിയാ ഏതാണ്ട് ഒരുപോലെയാണ്. ചിലർക്ക് ബാക്കി പൈസ കൊടുക്കുമ്പോ 20 രൂപയ്ക്ക് പകരം 2000 ഒക്കെ എടുത്ത് നൽകും. ചിലരൊക്കെ അത് തിരിച്ച് തരും. പക്ഷേ, ഭൂരിഭാഗം പേരും കിട്ടിയ പൈസ കൊണ്ട് സ്ഥലം വിടാറാണ് പതിവ്. കട അടയ്ക്കാൻ നേരത്ത് പൈസ നോക്കുമ്പോഴാണ് പലപ്പോഴും ഞാനത് അറിയാറുള്ളത്.’ കടയിലെ എല്ലാ സാധനങ്ങളും തൊട്ട് നോക്കിയാൽ സജിക്ക് മനസ്സിലാകും. ഓരോ സാധനത്തിന്റെ കവറും വ്യത്യസ്തമാണ്. അതുകൊണ്ട് അത് തൊട്ട് നോക്കിയാൽ മനസ്സിലാകുമെന്നാണ് സജി പറയുന്നത്. ‘പുതിയ സാധനങ്ങൾ വല്ലതും വന്നാൽ പാടുപെടും. അത് കുറെ നേരമിരുന്ന് പിടിച്ച് പഠിച്ചാലേ മനസ്സിൽ പതിയൂ...’

 

എനിക്കൊരു വലിയ കട പണിയണം

 

നോട്ടുനിരോധനവും കൊറോണയുമെക്കെ വന്നതോടെ സജിമോന് കച്ചവടം ബുദ്ധിമുട്ടാണ്. ‘‘പക്ഷേ, ജീവിച്ച് പോകാൻ ഈ കട കൂടിയേ തീരൂ. കയ്യിൽ പണമുണ്ടെങ്കിലല്ലേ സാധനങ്ങളൊക്കെ വാങ്ങാൻ പറ്റൂ...ഇപ്പോഴൊക്കെ എല്ലാവരും ഓൺലൈനിലാണല്ലോ സാധനങ്ങൾ വാങ്ങുന്നത്. അതുകൊണ്ട് ഈ ചെറിയ പലചരക്കു കടയൊന്നും പറ്റൂല. മോടി പിടിപ്പിക്കണം. നിറയെ സാധനങ്ങളൊക്കെയായി ആളുകൾ ഒഴുകണം. അപ്പോ പിന്നെ എനിക്ക് ഒറ്റയ്ക്കായില്ലെങ്കിൽ ഒരാളെ കൂടി ജോലിക്കും നിർത്തണം’’ –സജിമോൻ പറയുന്നു.

 

‘‘കണ്ണ് കാണുന്നില്ലെങ്കിലും എനിക്ക് അതില് സങ്കടമൊന്നുമില്ല. കാരണം കണ്ണ് കാണുന്ന ഒരാള് ചെയ്യുന്ന എല്ലാ കാര്യവും ഞാനിപ്പം ചെയ്യുന്നുണ്ട്. എന്നോടാരെങ്കിലും അത് ചെയ്യാൻ എന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞാ പിന്നെ എനിക്കൊരു ആവേശമാണ് ആ കാര്യം ചെയ്യാൻ. പിന്നെ മനുഷ്യൻമാർക്ക് കൊറച്ച് അഹങ്കാരൊക്കെ ആവാം. മറ്റുള്ളവർക്ക് ദോഷമില്ലാതെ എന്തെങ്കിലും കാര്യം ചെയ്താൽ അതിനെ അഹങ്കാരം എന്ന് പറഞ്ഞാ അത് കേട്ടങ്ങ് ആസ്വദിച്ചോളണം.’’ അതാണ് സജിയുടെ പോളിസി.

 

എല്ലാം ചെയ്യുന്നുണ്ടെങ്കിലും ചില സമയങ്ങളില്‍ സജിയുടെ മനസ്സിൽ വല്ലാത്തൊരു നീറ്റലാണ്. കാടും മലയും കുന്നുമെല്ലാം കയറിപ്പോകുന്നത് ഒരുപാടിഷ്ടമുള്ള ആളാണ് സജി മോൻ. പക്ഷേ, കാഴ്ച 21 വർഷം മുമ്പ് വിട്ട് പോയപ്പോൾ മുതൽ അത് നഷ്ടമായി. ‘‘ഇനി എനിക്ക് അതൊന്നും കാണാൻ കഴിയില്ലല്ലോ. പല മാറ്റങ്ങളുമുണ്ടാകുന്ന ഈ ലോകത്ത് ആ മാറ്റങ്ങളെന്തെന്ന് അറിയാൻ കഴിയുന്നില്ലല്ലോ. പക്ഷേ, അപ്പോഴും ഞാൻ ഭാഗ്യവാനാണ്. എനിക്ക് 26 വർഷം ഈ ലോകത്തെ അറിയാൻ കഴിഞ്ഞു. പക്ഷേ, അതുപോലും പറ്റാത്ത എത്ര പേരുണ്ട്....’’

 

Content Summary: Blind man Sajimon succesfully running a shop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com