‘ഔട്ട്ഡേറ്റഡ് ബോഡി സങ്കൽപ്പങ്ങൾ’, ക്ലീഷേ പൊളിച്ചെഴുതി സൂസനും ശീതളും
Mail This Article
സിനിമാ താരം ശീതൾ സക്കറിയ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ സൂസൻ എബ്രഹാം എന്നിവരുടെ പുത്തൻ ഫോട്ടോഷൂട്ട് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുന്നുണ്ട്. ഇതുവരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത രീതിയിൽ പലരുടെയും മനസ്സിലെ മോഡലിങ് സങ്കൽപ്പങ്ങൾ മാറ്റി മറയ്ക്കുകയാണ് ഇരുവരും. മെലിഞ്ഞവർക്ക് മാത്രമേ മോഡലിങ്ങും ഫോട്ടോഷൂട്ടും പറ്റു എന്ന് ഇന്നും കരുതുന്നവർക്കുള്ള ഒരു മറുപടിയാണ് എറണാകുളംകാരി അനിജ ജലാന്റെ ഈ ഫോട്ടോകൾ. ആരുടെയും അഴക് ശരീരത്തിനല്ലെന്ന് സമൂഹത്തിന് മുന്നിൽ പറയുകയാണ് അനിജ. വനിതദിനത്തിൽ സ്ത്രീ സൗന്ദര്യത്തിന്റ മാനങ്ങൾ ഇതുവരെ കണ്ടു പരിചയിച്ച പലതുമല്ലെന്ന് അനിജ ജലാൻ കാട്ടിത്തരുന്നു.
ഫോട്ടോഷൂട്ട് വന്ന വഴി
‘മെലിഞ്ഞെന്നും തടിച്ചെന്നുമെല്ലാം പറഞ്ഞ് ഒരുപാട് പേര് കളിയാക്കിയിട്ടുണ്ട്. തമാശയായി അവർ പറയുന്ന പല വാക്കുകളും അത്ര എളുപ്പത്തിൽ മനസ്സിൽ നിന്ന് പോകില്ല. അതിങ്ങനെ മനസ്സിൽ കിടക്കും’ പലപ്പോഴായി അനുഭവിച്ച ബോഡിഷെയിമിങ് അനിജ ജലാന്റെ മനസ്സിൽ ഇപ്പോഴും മായാതെയുണ്ട്. ഒരു വനിതാ ഫോട്ടോഗ്രാഫറായി മാറി ജീവിതത്തെ കരുത്തോടെ നേരിടാൻ തുടങ്ങിയിട്ടും ആളുകളുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ല. ഈ ചിന്തയിൽനിന്നു തന്നെയാണ് പുത്തൻ ഫോട്ടോഷൂട്ടിനെ പറ്റി ചിന്തിച്ചത്. ‘ബോഡി ഷെയിമിങ്ങിനെതിരെ വിഡിയോകളും ഷോർട് ഫിലിമുകളുമെല്ലാം ചെയ്യുന്നവരാണ് സൂസനും ശീതളും. തടിച്ചിയെന്ന് പറഞ്ഞ് അവരെ കളിയാക്കുന്നവരുമുണ്ട്. പക്ഷേ, അതിലൊന്നും പെടാതെ ജീവിക്കുന്നവരാണവർ. അവരെ വെച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു.
’ തടിച്ചവർ ഫോട്ടോഷൂട്ട് ചെയ്താലും അടിപൊളിയാണെന്ന് കാണിക്കാനായിരുന്നു അനിജയുടെ ശ്രമം. ‘പലപ്പോഴും ശരീരം ഒളിപ്പിക്കാനായി വണ്ണമുള്ളവർ ലൂസായ വസ്ത്രങ്ങൾ ധരിക്കാറുണ്ട്. സാരി നല്ല ബോഡി ഷെയ്പ്പുള്ളവർക്കാണെന്ന ഒരു തെറ്റിധാരണയുമുണ്ട്. പക്ഷേ, അങ്ങനെ സാരിയുടുക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമൊന്നും ശരീരം ഒരു തടസ്സമല്ല...ഇവരെ രണ്ടുപേരെയും സെലക്ട് ചെയ്തപ്പോൾ തന്നെ ഉറപ്പിച്ചതാണ് സാരിയിലായിരിക്കണം ഫോട്ടോഷൂട്ടെന്നത്. അങ്ങനെ പലരും മനസ്സിൽ കരുതികൂട്ടിയ സാരി സങ്കൽപ്പങ്ങൾക്കെല്ലാം ഒരടി കൊടുത്തു കൊണ്ട് ഞാനെന്റെ ഫോട്ടോസ് എടുത്തു.’ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്ത ഇരുവരുടെയും ചിത്രങ്ങൾ വൈറലാവുകയാണ്. ഇതുവരെ കാണാത്ത ലുക്കിലാണ് രണ്ടുപേരും ചിത്രത്തിലുള്ളത്. ഏറ്റവും കരുത്തരായ രണ്ട് സ്ത്രീകൾ ആ ചിത്രങ്ങളിലും കരുത്തിന്റെ പര്യായമായി.
ചിത്രങ്ങളുടെ പിന്നിൽ എല്ലാം വനിതകളാണ്...
അനിജ എടുത്ത ഫോട്ടോയ്ക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെല്ലാം മറ്റ് ചില പ്രത്യേകതകൾ കൂടിയുണ്ട്. പൂർണമായും വനിതകളാണ് ഫോട്ടോഷൂട്ടിന്റെ പിന്നിൽ. വസ്ത്രം മുതൽ എല്ലാ കാര്യങ്ങളും ഒരുക്കിയത് സ്ത്രീകളാണ്. സാരി എന്നൊരു കൺസെപ്റ്റ് അനിജയ്ക്കുണ്ടായിരുന്നെങ്കിലും അതിന് പൂർണത നൽകിയത് തസ്നിയാണ്. മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയത് തസ്നിയാണ്. സിമ്പിളായ സാരിയാണ് രണ്ടുപേരും ധരിച്ചത്. പക്ഷേ, ഇരുവരുടെയും ബോൾഡ്നെസ് വ്യക്തമായി ആ സാരിയിലൂടെ മനസ്സിലാക്കാം. ഏറ്റവും മികച്ചതാക്കി ഇരുവരെയും അണിയിച്ചൊരുക്കിയതും സ്ത്രീകൾ തന്നെയാണ്. സൂസന്ന് മേക്കപ്പ് ചെയ്തത് സറീനയും ശീതളിന് മേക്കപ്പ് ചെയ്തത് അഞ്ജലിയുമാണ്. പിന്നെ ചിത്രങ്ങൾ പകർത്തിയത് അനിജയും. ക്യാമറയ്ക്ക് മുന്നിൽ സൂന്നൻ, ശീതൾ അങ്ങനെ ആകെ മൊത്തം ഒരു വനിതാ സ്പെഷലാണ് ഫോട്ടോഷൂട്ട്...
അനിജയ്ക്ക് ഇനിയും ഐഡിയ ഉണ്ട്.
വനിത ദിനത്തിൽ മറ്റൊരു സൂപ്പർ ഐഡിയയായിരുന്നു അനിജയ്ക്കുണ്ടായത്. കുറച്ചധികം സ്ത്രീകളെ വെച്ചൊരു ഫോട്ടോഷൂട്ട്. അതിൽ വണ്ണമുള്ളവരും ഇല്ലാത്തവരും പൊക്കമുള്ളവരും പൊക്കമില്ലാത്തവരും, കറുത്തവരും വെളുത്തവരും എല്ലാം ഉൾപ്പെടുത്തണം. എല്ലാ മനുഷ്യരും തുല്യരാണെന്നും ഇതാണ് ലോകമെന്നും സമൂഹത്തിന് കാണിച്ച് കൊടുക്കണം. ഇനി അത്തരത്തിലൊരു ഫോട്ടോഷൂട്ട് എടുക്കാനുള്ള ശ്രമത്തിലാണ് അനിജ. വെഡ്ഡിങ് ഫോട്ടോഗ്രഫിയും സിനിമ സ്റ്റിൽ ഫോട്ടോഗ്രഫിയുമാണ് അനിജയുടെ ജോലി. കിട്ടുന്ന സമയത്ത് ഇനി ഈ ആശയം വിപുലീകരിക്കണമെന്നാണ് ആഗ്രഹം.
സൂസനും ശീതളിനും ഇനിയും ഫോട്ടോ എടുക്കണം
‘ആദ്യമായാണ് ഞാൻ സാരി ധരിക്കുന്നത്. അതിന്റെ എല്ലാവിധ അസ്വസ്ഥതകളും ഉണ്ടായിരുന്നു. സംഗതി വിളിച്ചറിയിച്ചപ്പോൾ സമ്മതം നൽകിയെങ്കിലും ഒരുപാട് മേക്കപ്പൊന്നും ജീവിതത്തിൽ ഇതുവരെയും ഇട്ടിട്ടില്ല.’ സൂസനെ ഇതുവരെ ആരും സാരിയിൽ കണ്ടിട്ടില്ല. പക്ഷേ, ആദ്യത്തെ ശ്രമം തന്നെ അടിപൊളിയായി. സാരിയിൽ ബാഹുബലിയിലെ രമ്യ കൃഷ്ണയെ പോലയുണ്ടെന്നെല്ലാമാണ് കമന്റുകൾ. നിമിഷ സജയന്റെ ഫോട്ടോഷൂട്ടുകളുടെയൊക്കെ ഒരുപാട് ഇഷ്ടമാണ് സൂസന്. നല്ല യുവത്വം തോന്നുന്ന ഫോട്ടോകളുടെ ഭാഗമാകാനാണ് ഏറ്റവും ഇഷ്ടം. അതിന് ഇനി ആരു വിളിച്ചാലും പോകും.
ജയ ജയ ജയ ഹേ സിനിമയിലും അല്ലാതെയുമൊക്കെ ശീതൾ സാരി ധരിച്ചിട്ടുണ്ട്. അതുകൊണ്ട് സാരിയിൽ കംഫർട്ട് ആയിരുന്നു. ‘ഇപ്പോഴും തടിയുള്ളവരെ ഫോട്ടോഷൂട്ടിനൊന്നും പറ്റില്ലെന്ന മനോഭാവമാണ് പലർക്കും. അതൊക്കെ മാറിയാലേ ഞങ്ങൾക്കൊക്കെ ഇനിയും അവസരങ്ങൾ ലഭിക്കുകയുള്ളു. ഞങ്ങളെ കൊണ്ടും ഇതൊക്കെ പറ്റും എന്ന് കാണിച്ച് കൊടുക്കാനായി.’
ഇനിയും ഫോട്ടോഷൂട്ടുകൾ വേണ്ടേ എന്ന് ചോദിച്ചാൽ രണ്ടുപേർക്കും ഒരൊറ്റ ഉത്തരമേ ഉള്ളു ‘നമ്മുടെ കുറെ ഫോട്ടോ എടുക്കുന്നത് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ?’
Content Summary: Story behaind viral photoshoot of susan and sheethal