ഷീന ഷുക്കൂർ പറയുന്നു: സഹോദരങ്ങളെ ഭയന്നല്ല ‘രണ്ടാം’ വിവാഹം, ഇത് വേണമോ എന്നു ചോദിച്ചവരുണ്ട്’
Mail This Article
‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്’’– എംജി സർവകലാശാല മുൻ പ്രൊ-വൈസ്-ചാൻസലർ ഡോ. ഷീന ഷുക്കൂറിന്റേതാണ് ഈ വാക്കുകൾ. ഷുക്കൂറിനും ഷീനയ്ക്കും ഇതു രണ്ടാം വിവാഹം. 28 വർഷം മുൻപ് വിവാഹിതരായ സി.ഷുക്കൂറും ഷീനയും കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് റജിസ്ട്രാർ ഓഫിസ് റജിസ്റ്റർ ബുക്കിൽ ഒപ്പിട്ട് ഒരിക്കൽ കൂടി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിരിക്കുകയാണ്. ‘‘ഈ വിവാഹം രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ്. അല്ലാതെ സ്വത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല. ഞങ്ങളുടെ സഹോദരങ്ങൾ സ്വത്തു കൊണ്ടുപോകും എന്നതല്ല വിഷയം. അത്തരം ഒരു അവസ്ഥയേ ഇല്ല. പക്ഷേ ഇതിലൂടെ നൽകുന്ന സന്ദേശമാണ് പ്രസക്തം.’’–മഹാത്മാഗാന്ധി സർവകലാശാലാ മുൻ പ്രൊ–വൈസ്– ചാൻസലറും കണ്ണൂർ സർവകലാശാലാ നിയമ വകുപ്പ് മേധാവിയുമാണ് ഷീന ഷുക്കൂർ. ‘ന്നാ താൻ കേസ് കൊട്’ സിനിമയിലൂടെ താരമായി മാറിയ അഡ്വ. സി.ഷുക്കൂർ കാസർകോട് ജില്ല മുൻ പബ്ലിക് പ്രോസിക്യൂട്ടറാണ്. 1984 ഒക്ടോബർ ആറിനായിരുന്നു ഷീനയുടെയും ഷുക്കൂറിന്റെയും മതാചാരപ്രകാരമുള്ള വിവാഹം. ഇപ്പോൾ ഈ ദമ്പതികളുടെ രണ്ടാം വിവാഹം സമൂഹത്തിന് നൽകുന്നത് ഒരു സന്ദേശമാണ്. നിയമം പഠിച്ച് നിയമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഇരുവരും. ഷുക്കുറിനും ഷീനയ്ക്കും 3 പെൺകുട്ടികളാണ്. മുസ്‌ലിം മതാചാരപ്രകാരം വിവാഹം കഴിച്ചതിനാൽ മരണശേഷം സ്വത്തു മുഴുവനും പെൺമക്കൾക്കു നൽകാനാകില്ല. ആൺമക്കളുണ്ടെങ്കിൽ മാത്രമേ ഇതുപ്രകാരം മുഴുവൻ സ്വത്തും കൈമാറാനാകൂ. പെൺമക്കളായതിനാൽ സ്വത്തിന്റെ 3ൽ 2 ഓഹരി മാത്രമാണ് മക്കൾക്ക് കിട്ടുക. ബാക്കി സഹോദരങ്ങൾക്ക് അവകാശപ്പെട്ടതാണ്. ഈയൊരു പ്രതിസന്ധി ഒഴിവാക്കാനാണ് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വീണ്ടും വിവാഹം കഴിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത്? നിലവിലെ നിയമത്തിൽ അപര്യാപ്തതകളുണ്ടോ? സഹോദരങ്ങൾ സ്വത്തുകൊണ്ടു പോകുമെന്ന ഭയത്താലാണ് വീണ്ടും വിവാഹം ചെയ്യുന്നതെന്ന ആരോപണത്തെക്കുറിച്ച് എന്താണു പറയാനുള്ളത്? ഈ തീരുമാനത്തിനു നേരെ ഉയർന്ന വെല്ലുവിളികൾ എന്തെല്ലാമാണ്? ‘രണ്ടാം’ വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റി സംസാരിക്കുകയാണ് ഡോ. ഷീന ഷുക്കൂർ.