ചേർത്തലയിൽനിന്നു ന്യൂയോർക്കിലേക്ക്, കേരളപ്പെരുമ മെറ്റ്ഗാലയിലെത്തിച്ച മാന്ത്രികപ്പരവതാനി
Mail This Article
ഫാഷൻ അദ്ഭുതം തീർക്കുന്ന വേദി– മെറ്റ്ഗാലയെ പറ്റി ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. ലോകത്തെ എല്ലാ ഫാഷനുകളും സ്റ്റൈലുകളും സംഗമിക്കുന്ന ആ വേദിയിലേക്ക് മലയാളികൾ അങ്ങനെ എത്തിയിട്ടില്ല. ഇന്ത്യയിൽനിന്നു വളരെ ചുരുക്കം സെലിബ്രിറ്റികൾ മാത്രമെത്തുന്ന വേദി. എന്നാൽ 2023 ലെ മെറ്റ്ഗാലയ്ക്ക് കേരളവുമായി ഒരു ചെറിയ ബന്ധമുണ്ട്. ഫാഷന്റെ ആ വിസ്മയവേദിയിലേക്ക് ലോകമെമ്പാടും നിന്നുള്ള സൂപ്പർ മോഡലുകളും സെലിബ്രിറ്റികളും ഇത്തവണ ചുവടുവച്ച റെഡ് കാർപറ്റ് നെയ്തത് മലയാളികളുടെ കൈകളാണ്; ചേർത്തലയിൽ.
ന്യൂയോർക്കിലെ സ്വപ്നവേദിയിൽ ഇത്തവണ റെഡ്കാർപെറ്റ് ഒരുക്കിയത് ശിവൻ സന്തോഷ് എന്ന മലയാളിയും അദ്ദേഹത്തിന്റെ സംഘവുമാണ്. പാരമ്പര്യമായി കയ്യിലെത്തിയ തൊഴിലിനെ കൈവിടാതെ ശിവനും ഭാര്യ നിമിഷ ശ്രീനിവാസും ‘നെയ്ത്ത് ബൈ എക്സട്രാവീവ്സിനെ’ മുന്നോട്ട് നയിച്ചപ്പോൾ അത് കേരളത്തിന്റെ പേരും പെരുമയും അങ്ങ് ന്യൂയോർക്ക് വരെയെത്തിച്ചു. മെറ്റ്ഗാല വിശേഷങ്ങളും പരവതാനി നിർമാണ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് നെയ്ത്തിന്റെ സാരഥി ശിവൻ സന്തോഷ്.
പരവതാനി ഫ്രം ചേർത്തല
കേരളത്തിന് കയറെന്നാൽ ആലപ്പുഴയാണ്. ആലപ്പുഴയിലെ ചേർത്തലയിലാണ് ‘നെയ്ത്ത് ബൈ എക്സട്രാവീവ്സും’ പിറവി കൊള്ളുന്നത്. 106 വർഷത്തെ പാരമ്പര്യമുള്ള കമ്പനിക്ക് രാജ്യാന്തരതലത്തിൽ കിട്ടിയ അംഗീകാരമാണ് മെറ്റ്ഗാലയിലെ റെഡ്കാർപെറ്റ് വേദി. ‘‘വർഷങ്ങൾക്കു മുമ്പ് മുത്തച്ഛനാണ് പരവതാനി നിർമാണത്തിനു തുടക്കമിടുന്നത്. പാരമ്പര്യമായി കയ്യിലെത്തിയ തൊഴിലിനെ കൈവിടാൻ ഞാനും തയ്യാറായില്ല. അങ്ങനെയാണ് ഈ ബിസിനസിന്റെ ഭാഗമാകുന്നത്. നെയ്ത്ത് എന്ന ബ്രാൻഡ് ഞാനും ഭാര്യ നിമിഷയും കൂടിയാണ് ആരംഭിച്ചത്. വർഷങ്ങളായി റഗ്ഗ് നിർമാണ മേഖലയിലുണ്ടെങ്കിലും കയറ്റുമതിയിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘ഫൈബർ വർക്സ്’ എന്ന അമേരിക്കൻ കമ്പനിയുമായുള്ള ബന്ധമാണ് മെറ്റ്ഗാല വേദി വരെ ഞങ്ങളുടെ പ്രോഡക്ടിനെ എത്തിച്ചത്. റഗ്ഗ് നിർമാണത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ച ചെയ്യാത്ത ഞങ്ങൾ കിട്ടിയ അവസരം ഉപയോഗിച്ചു.’’.
മെറ്റ്ഗാല പരവതാനിയുടെ മലയാളി കണക്‌ഷനെ പറ്റി എല്ലാവരും അറിയുന്നത് ഇത്തവണത്തെ മെറ്റ്ഗാലയ്ക്കു ശേഷമാണെങ്കിലും കഴിഞ്ഞ തവണയും മനോഹരമായ പരവതാനി മെറ്റ്ഗാലയ്ക്ക് ഒരുക്കിയത് ‘നെയ്ത്ത് ബൈ എക്സ്ട്രാവീവ്സ്’ തന്നെയാണ്. മനോഹരമായ അന്നത്തെ റെഡ്കാർപെറ്റാണ് മെറ്റ്ഗാല ടീമിനെ വീണ്ടും ചേർത്തലയിലെത്താൻ പ്രേരിപ്പിച്ചതും.
റെഡ് കാർപറ്റ് ബൈ നെയ്ത്ത്
‘‘ലോകത്തെ തന്നെ മികച്ച ഫാഷൻ വേദികളിലൊന്നിനായി റെഡ് കാർപെറ്റ് ഒരുക്കുന്നതിൽ അതീവ സന്തോഷമുണ്ടായിരുന്നു. അതേസമയം ഭയവും. ഏറ്റവും മികച്ചതാണ് ഞങ്ങളുടെ കമ്പനി എല്ലാവർക്കും ഓഫർ ചെയ്യുന്നത്. അത് അങ്ങനെ തന്നെയാവണമെന്ന് ഞങ്ങൾക്ക് നിർബന്ധവുമുണ്ടായിരുന്നു. ഏകദേശം 700 ചതുരശ്ര മീറ്റർ പരവതാനിയാണ് മെറ്റ്ഗാലയ്ക്കായി നിർമിച്ചത്. അഗാബ എന്ന ചെടിയുടെ തൊലിയിൽ നിന്നെടുത്ത ഫൈബറുകളാണ് അതിന് ഉപയോഗിച്ചത്. മഡഗാസ്കറിൽ നിന്നാണ് ഏറ്റവും മികച്ച നാരുകൾ എത്തിച്ചത്. ചേർത്തലയിലെ ഞങ്ങളുടെ യൂണിറ്റിൽ വച്ചാണ് നിർമാണ പ്രവൃത്തികളെല്ലാം നടന്നത്. 60 ദിവസത്തോളം തൊഴിലാളികൾ കഷ്ടപ്പെട്ടാണ് പരവതാനി നിങ്ങൾ കാണുന്ന രൂപത്തിലാക്കിയത്. നിർമാണത്തിനു ശേഷം അത് ന്യൂയോർക്കിലെത്തിച്ച് അവിടുത്തെ കലാകാരൻമാരാണ് അതില്‍ ഡിസൈൻ വർക്കുകൾ ചെയ്തത്. ഒരുപാട് പേർ ഇതിന് വേണ്ടി കഷ്ടപ്പെട്ടു. വർഷങ്ങളായി ഒപ്പമുള്ള ചേർത്തലയിലെ ഞങ്ങളുടെ തൊഴിലാളികൾക്കു കിട്ടിയ ഭാഗ്യം കൂടിയാണ് മെറ്റ്ഗാല വേദി. ഇവിടെയിരുന്ന് അവർ നിർമിച്ച റെഡ്കാർപറ്റിലല്ലേ സെലിബ്രിറ്റീസൊക്കെ പോസ് ചെയ്തത്. അതൊക്കെ അവർക്ക് വലിയ സന്തോഷമായിരുന്നു.’’
റെഡിൽ നിന്ന് വൈറ്റിലേക്ക്
അന്തരിച്ച ജർമൻ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡിനോടുള്ള ആദരസൂചകമായി ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നതായിരുന്നു മെറ്റ്ഗാലയിലെ ഇത്തവണത്തെ തീം. അതുകൊണ്ടുതന്നെ ചുവപ്പു പരവതാനിക്കു പകരം വെള്ള നിറത്തിലുള്ള പരവതാനി വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നു. സന്തോഷിനും സംഘത്തിനുമുള്ള ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയായിരുന്നു. ‘‘പരമ്പരാഗത കളറിൽനിന്ന് മാറി വൈറ്റ് കളറിൽ പരവതാനി നെയ്തെടുക്കുമ്പോൾ എക്സ്ട്രാ കെയർ ആവശ്യമാണ്. ചെറിയ ഡിഫക്ട് വന്നാൽ പോലും വെളുത്ത പരവതാനിയിൽ കണ്ടുപിടിക്കപ്പെടും. അതുകൊണ്ട് കൂടുതൽ എഫര്‍ട്ടെടുക്കേണ്ടി വന്നു. കൂടാതെ പരമ്പരാഗത ശൈലിയിൽനിന്നു മാറി ഡിസൈനിലും ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. സാധാരണഗതിയിൽ പാരലൽ ലൈൻ ആണ് പരവതാനിക്ക് നൽകാറുള്ളത്. എന്നാൽ ഇത്തവണ പരവതാനിക്ക് ഒരു ലൈഫ് കൊണ്ടുവരാനായി വളഞ്ഞ ലൈനുകളാണ് നൽകിയത്.’’
സൗത്ത് ഇന്ത്യൻ റഗ്ഗ് പ്രിയമുള്ളതാക്കണം
റഗ്ഗുകൾ ഇന്ന് ലോകം മുഴുവൻ വലിയ രീതിയിൽ പ്രചാരത്തിലുള്ളതാണ്. കേരളത്തിൽ നിർമിക്കുന്ന ഈ റഗ്ഗുകൾ കേരളത്തനിമയുള്ളതാക്കാനുള്ള ശ്രമത്തിലാണ് സന്തോഷും സംഘവും. ‘‘റഗ്ഗിൽ വ്യത്യസ്തമായൊരു ഡിസൈൻ നൽകിയാൽ ആ റഗ്ഗ് എത്തുന്ന സ്ഥലത്തുള്ളവരെല്ലാം ആ ഡിസൈനിനെ പറ്റി സംസാരിക്കും. ഞങ്ങളുടെ റഗ്ഗുകൾ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ റഗ്ഗിൽ കേരളത്തിന്റേതു മാത്രമായ ചില ഡിസൈനുകൾ കൊണ്ടുവരാനാണ് ശ്രമം. നെഹ്റുട്രോഫി വള്ളം കളിയുടെ ഒരു തീം ബേസ്ഡ് റഗ്ഗ് വിപണിയിൽ എത്തിച്ചു കഴിഞ്ഞു. അതുവഴി വള്ളംകളിയും ലോകമെമ്പാടും എത്തും. ആറന്മുളക്കണ്ണാടിയുടെ ഡിസൈനോടു കൂടിയ റഗ്ഗുകളുടെ നിർമാണമാണ് ഇപ്പോള്‍ നടക്കുന്നത്. അതും കേരളത്തിന്റെ ഒരു പ്രതീകമാണ്.’’
മെറ്റ്ഗാലയിൽ മാത്രമല്ല, പല രാജ്യങ്ങളിലേക്കും പരവതാനികൾ നൽകി ഈ ചേർത്തല ടീംസ് കേരളത്തിന്റെ അഭിമാനമുയർത്തിയിട്ടുണ്ട്. വൈറ്റ് ഹൗസിലെ ഒരു പരിപാടിക്ക് വേണ്ടിയും ഇവർ പരവതാനി നെയ്തുനൽകിയിട്ടുണ്ട്. കേരളത്തിന്റെ സാംസ്കാരികത്തനിമയ്ക്ക് ലോകത്തിനു മുമ്പിലേക്കൊരു ചുവപ്പുപരവതാനി വിരിക്കുകയാണ് ചേർത്തലയിലെ ഈ കലാകാരസംഘം.
Content Summary: Met Gala carpet was made by Neytt by Extraweave in Kerala