ADVERTISEMENT

‘പൊന്നിയൻ സെൽവൻ’ എന്ന സിനിമ ഇറങ്ങിയതിന് പിന്നാലെ പല തരത്തിലുള്ള വിഡിയോകളും ഫോട്ടോകളും സമൂഹമാധ്യമത്തിൽ നിറയുന്നുണ്ട്. തൃഷയായും ഐശ്വര്യ റായിയുമായെല്ലാം അണിഞ്ഞൊരുങ്ങി ഫോട്ടോയെടുക്കാൻ പലരും തമ്മിൽ ഇടിയാണെന്ന് തന്നെ പറയാം. പക്ഷേ, സിനിമയിൽ പൊന്നിയൻ സെൽവന്റെ ഭാര്യയാണെങ്കിലും ശോഭിത അവതരിപ്പിച്ച ‘വാനതി’ എന്ന കഥാപാത്രത്തിന് സിനിമയില്‍ സ്പേസ് അൽപ്പം കുറവാണ്. തൃഷയുടെയും ഐശ്വര്യ റായിയുടെയും അതിമനോഹര കാഴ്ചകളിൽ പലരും ശോഭിതയെ കണ്ടില്ലെന്നും പറയാം. പക്ഷേ, അതി മനോഹരമായ ലുക്കിലാണ് സിനിമയിൽ ശോഭിത എത്തിയത്. തഞ്ചാവൂരിൽ കണ്ടു മറന്ന് ആ വാനതിയുടെ ചിത്രങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരൊറ്റ കാഴ്ചയിൽ വാനതിയെന്ന് തോന്നുമെങ്കിലും അത് പൊന്നിയൻ സെൽവന്റെ വാനതിയല്ല. കൊല്ലംകാരി ആർദ്ര ഉണ്ണിയാണ്. 

‘വാനതി’യായുള്ള ആർദ്രയുടെ പകർന്നാട്ടത്തിന് 5 മില്യണിലധികം കാഴ്ചക്കാരാണ് സോഷ്യൽ മീഡിയയിൽ. ഒപ്പം കസിനായ പൊന്നുവും ഫോട്ടോഷൂട്ടിലുണ്ട്. തൃഷയായാണ് പൊന്നു മേക്കോവർ ചെയ്തത്. അധികമാരും ചെയ്യാത്ത ഒരു മേക്കോവർ അങ്ങ് സോഷ്യൽ മീഡിയയിൽ ഹിറ്റായതിന്റെ സന്തോഷത്തിലാണ് ആർദ്ര. വിദേശത്ത് പഠിക്കുന്ന ആർദ്ര നാട്ടിൽ ലീവിനെത്തിയപ്പോൾ ചെയ്ത ഫോട്ടോഷൂട്ടാണ് തരംഗമായി കൊണ്ടിരിക്കുന്നത്. മേക്കോവറിലൂടെ ആർദ്ര താരമായെങ്കിലും പണ്ടേ സോഷ്യൽ മീഡിയയിൽ ആർദ്രയ്ക്ക് ഒരുപാട് ഫാൻസുണ്ട്. നൃത്ത വിഡിയോകളിലൂടെ സബ്സ്ക്രൈബേഴ്സിനെ വാരിക്കൂട്ടിയ ആർദ്ര മേക്കോവർ വിശേഷങ്ങളും റീൽസ് വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു. 

ardra-unni1
വാനതിയായി ആർദ്ര

∙ ‘വാനതി’യായ കഥ

ലാഷ് മേക്കോവർ കമ്പനിയാണ് ഇങ്ങനൊരു മേക്കോവറിനെ പറ്റി പറഞ്ഞത്. അവിടുത്തെ ചേച്ചി തന്നെ കുറച്ച് റഫറൻസ് ഞങ്ങൾക്ക് അയച്ചു തന്നു. ഞാനും എന്റെ കസിൻ പൊന്നുവും കൂടിയാണ് മേക്കോവർചെയതത്. ഫോട്ടോ കണ്ടപ്പോള്‍ തന്നെ ശോഭിതയുെട ക്യാരക്റ്റർ ചെയ്യാമെന്നാണ് കരുതിയത്. കാരണം എന്റെ മുഖവുമായി ഏകദേശം സിമിലറായത് ശോഭിതയുടെ കഥാപാത്രമായ ‘വാനതിയാണ്’. പൊന്നു തൃഷയുടെ കഥാപാത്രമാണ് തിരഞ്ഞെടുത്തത്. ഫോട്ടോഷൂട്ടിന് ഓകെ പറഞ്ഞെങ്കിലും അതുവരെ സിനിമ ഞാൻ കണ്ടിരുന്നില്ല. മേക്കോവറിനെ പറ്റി ചിന്തിച്ച് തുടങ്ങിയതിന് പിന്നാലെ പെട്ടെന്ന് തീയറ്ററിൽ പോയി പടം കണ്ടു. കഥാപാത്രത്തിനെ വ്യക്തമായി മനസ്സിലാക്കിയാലേ, ബോഡിലാങേജും സ്റ്റൈലുമെല്ലാം ശരിയാവു എന്നെനിക്ക് തോന്നി. ചുമ്മാ മേക്കപ്പ് ചെയ്ത് ഫോട്ടോ എടുത്താൽ മേക്കോവറിന് ഒരു പൂർണത വരില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ സിനിമ കണ്ടതിന് ശേഷമാണ് ‘വാനതിയെ’ പറ്റി മനസ്സിലാക്കിയതും ഫോട്ടോഷൂട്ട് ചെയ്യാൻ തയ്യാറായതും. കൊല്ലത്ത് തന്നെയാണ് ഫോട്ടോഷൂട്ട് നടത്തിയത്. രണ്ട് ഡ്രസിലുള്ള കുറച്ചു ഫോട്ടോസ് എടുക്കാമെന്നാണ് കരുതിയത്. പക്ഷേ, ഞാനും പൊന്നുവും ഡാൻസ് ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. അത്രയും നല്ല കോസ്റ്റ്യൂമൊക്കെ ഇട്ടിട്ട് ഡാൻസ് ചെയ്യാതെ എങ്ങനെ തിരിച്ചു പോരാൻ എന്ന ചിന്തയിൽ നിന്നാണ് എന്നാൽ ഒരു ഡാൻസ് വിഡിയോ എടുക്കാമെന്ന് കരുതിയത്. ആദ്യത്തെ കോസ്റ്റ്യൂം മാറ്റുന്നതിന് ഇടയിൽ കിട്ടിയ ചുരുങ്ങിയ സമയം കൊണ്ടാണ് ഡാൻസ് ചെയ്തത്. സ്പോട്ട് കൊറിയോഗ്രഫിയായിരുന്നു. പക്ഷേ, ഫോട്ടോസിനേക്കാളും കൂടുതൽ റീച്ച് വിഡിയോയ്ക്കായി. അത് ശരിക്കും അതിശയിപ്പിച്ചു. 

∙ ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ മാനേജ് ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു

വിഡിയോസും മേക്കോവറുമൊക്കെ പണ്ടേ ചെയ്യുമായിരുന്നെങ്കിലും ഇത്രയും ഹെവി ആഭരണങ്ങളൊക്കെ ധരിച്ച് നിൽക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കമ്മലിനും മാലയ്ക്കുമെല്ലാം ഗംഭീര വെയ്റ്റായിരുന്നു. അതുമാത്രമല്ല, രണ്ട് സാരി വെച്ചാണ് കോസറ്റ്യൂം സെറ്റ് ചെയ്തത്. അത് മാനേജ് ചെയ്യാൻ നന്നായി ബുദ്ധിമുട്ടി. ഏകദേശം രാവിലെ 6 മണിക്ക് തുടങ്ങിയതായിരുന്നു ഫോട്ടോഷൂട്ട് കഴിയാൻ വൈകുന്നേരം 7 മണിയൊക്കെയായി. അത്രയും നേരം അതെല്ലാം മാനേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ, റിസള്‍ട്ട് വന്നപ്പോള്‍ ഹാപ്പിയായി. നമ്മൾ അത്രയധികം കഷ്ടപ്പെട്ടെങ്കിലും നാട്ടുകാർക്കെല്ലാം അതിഷ്ടപ്പെട്ടല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷം. ഒരുപാട് വിഡിയോ ഞാൻ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം ഷെയർ ചെയ്യപ്പെട്ട മറ്റൊരു വിഡിയോ എനിക്കില്ല. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. ശരിക്കും വാനതിയെ പോലെയുണ്ടെന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണ്. 

ardra-unni2
ആർദ്രയും പൊന്നുവും

മേക്കോവറിനെ പറ്റി പറഞ്ഞപ്പോൾ ഐശ്വര്യ റായിയുടെ ലുക്ക് ചെയ്യണമെന്നാണ് ആദ്യം കരുതിയത്. കാരണം സിനിമയിലെ പ്രധാന കഥാപാത്രം ‘നന്ദിനി’ ആണല്ലേ, പക്ഷേ, എന്റെ ലുക്ക് ഐശ്വര്യ റായിയുമായി അത്ര സിമിലാറിറ്റി തോന്നാത്തതുകൊണ്ടാണ് ശോഭിതയുടെ കഥാപാത്രം എടുത്തത്. പക്ഷേ, ആളുകളുടെ കമന്റ് കേട്ട് തുടങ്ങിയപ്പോൾ എനിക്ക് തോന്നി ‘വാനതിയെ’ തിരഞ്ഞെടുത്തത് നന്നായി എന്ന്. കാരണം ഐശ്വര്യ റായിയുടെ ലുക്കാണെങ്കിൽ എനിക്ക് ചിലപ്പോൾ ഇത്രയധികം അപ്രിസിയേഷൻ കിട്ടില്ലായിരുന്നു. 

∙ നൃത്തം എന്റെ ജീവനാണ്

എനിക്ക് ഏറ്റവും അധികം സന്തോഷം ലഭിക്കുന്നത് നൃത്തം ചെയ്യുമ്പോഴാണ്. അത് കുഞ്ഞുനാൾ മുതല്‍ അങ്ങനെയാണ്. മേക്കോവർ ചെയ്യാനും റീൽസ് ചെയ്യാനുമൊക്കെ എനിക്ക് പ്രചേദനമായത് നൃത്തം തന്നെയാണ്. എന്റെ അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥരാണ്. വീട്ടിൽ എന്നെ നോക്കാൻ വേറെ ആരും ഇല്ലാത്തതുകൊണ്ട് മൂന്നു വയസ്സു മുതൽ അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോള്‍ വീടിനടുത്തുള്ള ഡാൻസ് ക്ലാസിൽ എന്നെയിരുത്തിയാണ് പോവുക. ആദ്യമാദ്യം വേറെ സ്ഥലമില്ലാത്തതു കൊണ്ടായിരുന്നു. എന്നാൽ പിന്നീടത് എന്റെ ഇഷ്ടമായി മാറി. മൂന്നുവയസ്സു മുതൽ തുടങ്ങിയതാണ് ഞാൻ ഡാൻസ് പഠിക്കാൻ. സ്കൂൾ പഠനകാലത്ത്  യുവജനോത്സവങ്ങളിലെല്ലാം പങ്കെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ റീൽസ് വിഡിയോകൾ ചെയ്യാനും എനിക്ക് പ്രചോദനമായത് ഡാൻസ് തന്നെയാണ്. ഞാൻ എന്റെ ജീവനെപ്പോലെ നൃത്തത്തെ ഇഷ്ടപ്പെടുന്നുണ്ട്. കൊവിഡ് കാലത്താണ് ഞാൻ റീൽസിൽ സജീവമാകുന്നത്. ഞങ്ങളൊരു ആറുപേർ‍ കസിൻസുണ്ട്. എല്ലാവരും നല്ല സുഹൃത്തുക്കളുമാണ്. കൊവിഡ് കാലത്ത് കോളജ് അവധിയായി വീട്ടിലെത്തിയപ്പോൾ എന്റൊരു കസിനാണ് റീൽസ് വിഡിയോ ചെയ്യാൻ പറയുന്നത്. അവളുടെ നിർബന്ധപ്രകാരമാണ് ചെയ്ത് തുടങ്ങിയതെങ്കിലും പിന്നീട് എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. നൃത്തമാണ് എനിക്കറിയുന്നത് അതുകൊണ്ട് തന്നെ നൃത്ത വിഡിയോകളാണ് കൂടുതലായും ചെയ്യാറുള്ളത്. 

പല വിഡിയോ ഞാൻ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും റീച്ചിനെ പറ്റിയൊന്നും ചിന്തിച്ചിട്ടില്ല. എന്റെ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ വിഡിയോ ചെയ്യുന്നത്. അത് മറ്റുള്ളവർ കാണുന്നു എന്നതു മാത്രമാണ് എന്റെ സന്തോഷം. ഒരുപാട് പേര്‍ കണ്ടാൽ കൂടുതൽ സന്തോഷം. ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് ചെയ്ത വിഡിയോ ആണ് ഏറ്റവുമധികം പേര്‍ കണ്ട ആദ്യ വിഡിയോ. 

∙ എന്തിനാണ് ആളുകൾ ഇങ്ങനെ വിമർശിക്കുന്നത്

സോഷ്യൽ മീഡിയയിൽ ഇന്ന് സജീവമായ എല്ലാവർക്കും ഒരിക്കലെങ്കിലും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടാകും. പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് ഇവരിങ്ങനെ വിമര്‍ശിക്കുന്നതെന്ന്. ചില വിമർശനങ്ങൾ നമുക്ക് മനസ്സിലാകും, പക്ഷേ, ഈ വൾഗർ കമന്റൊക്കെ എന്തിനാണ് ഇടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ആദ്യമാദ്യമൊക്കെ വിഡിയോയ്ക്ക് താഴെയുള്ള മോശം കമന്റുകൾ കാണുമ്പോൾ സങ്കടം വരുമായിരുന്നു. അപ്പോൾ വീട്ടുകാരാണ് പറഞ്ഞത് അതൊന്നും സാരമില്ല എന്ന്. അവരൊക്കെ അത് തമാശയായി എടുക്കും. ഇപ്പം ഞാനും അതേപോലെയാണ്. ഒന്നും മൈന്റ് ചെയ്യാറില്ല. എന്റെ സബ്സ്ക്രൈബേഴ്സിൽ ചെറിയ കുട്ടികളൊക്കെ ഒരുപാടുണ്ട്, അതുകൊണ്ട് മോശം കമന്റ് വന്നാല്‍ ഞാൻ അപ്പോൾ തന്നെ അത് ഡിലീറ്റ് ചെയ്യും. 

ardra-unni3
ആർദ്ര ഉണ്ണി

∙ പഠനവും വിഡിയോ ക്രിയേഷനും ഭയങ്കരപാടാണ്

ഞാൻ ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. ഇപ്പോൾ നാലാം സെമസ്റ്ററായി. അതുകൊണ്ട് പഠിക്കാനൊക്കെ ഒരുപാടുണ്ട്. അതിന്റെ ഇടയിൽ കണ്ടന്റ് ക്രിയേഷനൊക്കെ ഭയങ്കര പാടാണ്. കൂടുതലായും ലീവിന് വീട്ടിൽ പോകുമ്പോഴാണ് കൂടുതലായി വിഡിയോ എടുക്കാറുള്ളത്.  കുറെ വിഡിയോ ഒക്കെ ഒരുമിച്ച് എടുത്തു വെക്കും. ഇവിടെ ആഴ്ചയിൽ ഒരു ദിവസം ലീവ് കിട്ടും. അന്ന് വിഡിയോയ്ക്കായി മാറ്റിവെക്കാറുണ്ട്. 

ഞാൻ ഉക്രൈനിലാണ് ആദ്യം എംബിബിഎസ് പഠിച്ചത്. അവിടെ യുദ്ധമായതിന് ശേഷമാണ് ജോർജിയയിലേക്ക് മാറിയത്. യുദ്ധം തുടങ്ങിയ സമയത്തൊക്കെ ഓൺലൈൻ ക്ലാസായിരുന്നു. അന്നൊക്കെ വിഡിയോ എടുക്കാൻ ഒരുപാട് സമയം കിട്ടിയിരുന്നു. പിന്നീട് യുദ്ധം കൂടിയപ്പോഴാണ് ഒന്നും എടുക്കാൻ പറ്റാതായത്. ഉക്രൈനിൽ നിന്ന് രക്ഷപ്പെട്ട് ആദ്യം എത്തിയത് ഹംഗറിയിലായിരുന്നു. അവിടെ നിന്നും ഒന്നു രണ്ട് വിഡിയോ എടുക്കാൻ പറ്റി. അതെല്ലാം നല്ല സന്തോഷമായിരുന്നു.

ardra-unni4
ആർദ്ര ഉണ്ണി

∙ ഫ്യൂച്ചർ പ്ലാൻ‌

പഠനം അതിനോടൊപ്പം തന്നെ നൃത്തം. ഇതാണ് ഇപ്പോഴത്തെ പ്ലാൻ. എന്റെ അമ്മ നഴ്സാണ്. അമ്മയോടൊപ്പം ഹോസ്പിറ്റലിൽ പോയിപ്പോയി ആണ് എനിക്ക് മെഡിക്കൽ പ്രൊഫഷനോട് ഇഷ്ടം തോന്നി തുടങ്ങിയത്. അതുകൊണ്ട് തന്നെ നല്ലൊരു ഡോക്ടറാകണം. പിന്നെ എന്റെ ഇഷ്ടമായ നൃത്തത്തെ എപ്പോഴും നെഞ്ചോടു ചേർത്തു പിടിക്കണം. 

ഒന്നു രണ്ട് മേക്കോവർ പ്ലാൻ കൂടി മനസ്സിലുണ്ട്. ഞാന്‍ വലിയൊരു ദീപിക ഫാനാണ്. അതുകൊണ്ട് റോയൽ ലുക്കിൽ ദീപിക അഭിനയിച്ച ചില കഥാപാത്രങ്ങൾ റീക്രിയേറ്റ് ചെയ്യണം. അതോടൊപ്പം നമ്മുടെ ശോഭന ചേച്ചിയുടെ മണിച്ചിത്രത്താഴിലെ ലുക്ക് കൂടി ചെയ്യണം. നെറ്റ്ഫ്ലിക്സ് സീരിസായ ‘വെനസ്ഡേ’യിലെ ലുക്ക് റീക്രിയേഷൻ ചെയ്തിട്ടുണ്ട്. അത് എഡിറ്റ് ചെയ്ത് പുറത്തിറക്കണം. പഠനത്തിനിടയിൽ ഇതിനെല്ലാം സമയം കണ്ടെത്തണമെന്നതാണ് വലിയ വെല്ലുവിളി...

Content Summary: Ponniyin Selvan 2: Viral Makeover Photoshoot by Youtuber Ardra Unni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com