‘മീടു ക്യാംപെയ്ൻ ഫെമിനിസ്റ്റുകളുടെ ഇരയെയാണ് സ്വീകരിച്ചത്’; പ്രതികരണവുമായി മെൻസ് അസോസിയേഷൻ
Mail This Article
സവാദിന് മെൻസ് അസോസിയേഷൻ പൂമാലയിട്ട് സ്വീകരിച്ചത് ശരിയായില്ലെന്ന റിട്ട.എസ്പി ജോർജ് ജോസഫിന്റെ പ്രതികരണത്തിന് വിമർശനവുമായി മെൻസ് അസോസിയേഷൻ. അസോസിയേഷൻ ആദ്യമായി പൂമാലയിട്ട് സ്വീകരിക്കുന്ന നിരപരാധിയല്ല സവാദെന്നും മാധ്യമങ്ങൾ അറിയാതിരുന്നത് കൊണ്ടാണ് നേരത്തെ നടന്ന സംഭവങ്ങളൊന്നും അറിയാതെ പോയതെന്നും മെന്‍സ് അസോസിയേഷൻ പ്രസിഡണ്ട് വട്ടിയൂർക്കാവ് അജിത്ത് കുമാർ. ‘ജോർജ് ജോസഫ് സ്ത്രീകൾക്ക് വേണ്ടി മാത്രം സംസാരിച്ച് പാവാടയാകരുത്. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് തന്നെ ഒരു കാര്യം വ്യക്തമാണ് അദ്ദേഹം ജോലിചെയ്ത സ്റ്റേഷനുകളിലൊന്നും പുരുഷൻമാർക്ക് നീതി കിട്ടിയിട്ടുണ്ടാവില്ല. സ്ത്രീകൾക്ക് മാത്രമായിരിക്കും അദ്ദേഹം നീതി നടപ്പിലാക്കിയതെന്നും’ അജിത് കുമാർ പറഞ്ഞു.
രാഷ്ട്രീയക്കാർ ജയിലിൽ നിന്നു പുറത്തിറങ്ങുമ്പോഴും സിനിമാതാരങ്ങള്‍ പുറത്തിറങ്ങുമ്പോഴുമെല്ലാം പൂമാലയിട്ട് സ്വീകരിക്കാറുണ്ട്. അന്നൊന്നുമില്ലാത്ത പ്രശ്നമാണ് ജോർജ് ജോസഫിനെന്നും, മീടു ക്യാപെയ്ൻ ഫെമിനിസ്റ്റുകളുടെ ഇരയെയാണ് മാലയിട്ട് സ്വീകരിച്ചതെന്നും അജിത് കുമാർ പറഞ്ഞു.
‘സവാദിന്റെ കേസ് റദ്ദ് ചെയ്ത് കളയണം. എല്ലാത്തിനും മസ്താനി ഇപ്പോൾ സങ്കടപ്പെടുന്നുണ്ട്. അവരുടെ സമൂഹ മാധ്യമത്തിലെ സ്റ്റാറ്റസുകളെല്ലാം വളരെ സങ്കടകരമാണ്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ആ പെൺകുട്ടി ഇന്ന് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ശരിക്കും പെൺകുട്ടിയുടെ അവസ്ഥ കാണുമ്പോൾ സങ്കടം വരുന്നു’. അജിത് പറഞ്ഞു.